കൂടുതല്‍ സ്ത്രീകള്‍ സഭകളിലെത്തുമ്പോള്‍

കൂടുതല്‍ സ്ത്രീകള്‍ സഭകളിലെത്തുമ്പോള്‍

വനിതാ സംവരണ ബില്‍ പാസായാലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് നടപ്പില്‍ വരാന്‍ സാധ്യതയില്ല. എങ്കിലും, ഇന്ത്യയുടെ രാഷ്ട്രീയത്തെ, ജനാധിപത്യത്തെ അത് കൂടുതല്‍ സമഗ്രമാക്കും എന്നതില്‍ സംശയമില്ല.

മൂന്ന് പതിറ്റാണ്ടോളമായി രാജ്യം ചര്‍ച്ച ചെയ്യുന്ന ഒന്നാണ് വനിതാ സംവരണം. ഒരിക്കല്‍ കൂടി വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ എത്തിയിരിക്കുന്നു. ബില്‍ പാസായാലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് നടപ്പില്‍ വരാന്‍ സാധ്യതയില്ല. എങ്കിലും, ഇന്ത്യയുടെ രാഷ്ട്രീയത്തെ, ജനാധിപത്യത്തെ കൂടുതല്‍ സമഗ്രമാക്കും വനിതാ സംവരണം എന്നതില്‍ സംശയമില്ല.

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബില്‍. ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തോളം പഴക്കമുണ്ട് ഇന്ത്യയിലെ വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക്. സ്വാതന്ത്ര്യത്തിന് മുന്‍പ് തന്നെ വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വന്നിരുന്നു.1931-ല്‍ രാഷ്ട്രീയ സാമൂഹ്യ മേഖലയില്‍ സമത്വം ആവശ്യപ്പെട്ട് മൂന്ന് വനിതാ സംഘടനകളായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സമീപിച്ചത്. ബീഗം ഷാ നവാസ്, സരോജിനി നായിഡു എന്നിവരായിരുന്നു അതിന് പിന്നില്‍.

സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടന നിര്‍മ്മാണ സഭയിലും വനിതാ സംവരണമെന്ന ആവശ്യം ഉയര്‍ന്നുവെങ്കിലും അതിന് അംഗീകാരം കിട്ടിയില്ല. എന്നാല്‍ പില്‍ക്കാലത്ത് വനിത സംവരണ ബില്ലെന്ന ആശയം പലയിടങ്ങളില്‍ ആവര്‍ത്തിച്ച് ഉന്നയിക്കപ്പെട്ടു. സ്ത്രീകളെ പൊതു രംഗത്തേക്ക് കൊണ്ടുവരുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തുടക്കത്തില്‍ വിമൂഖതകാണിച്ചു. ഇതിന്റെ ഭാഗമായി പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ പ്രാതിനിധ്യം കുറഞ്ഞു.

പൗര സമൂഹത്തില്‍ നിന്നും ഇതുമായി ബന്ധപ്പെട്ടുണ്ടായ ആവശ്യത്തെ തുടര്‍ന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീ സംവരണത്തിന് തയ്യാറായി. ഇത് ഭരണഘടനയുടെ 73, 74 ഭേദഗതികളുടെ ചരിത്രപരമായ നിയമനിര്‍മ്മാണത്തിന് വഴിയൊരുക്കി. കാലക്രമേണെ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, കേരളം തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50% സംവരണം ഉറപ്പാക്കാന്‍ നിയമ വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

എന്താണ് വനിതാ സംവരണത്തോടുള്ള എതിര്‍പ്പ്

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33% സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതാണ് വനിതാ സംവരണ ബില്‍. 1996 സെപ്റ്റംബറില്‍ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് ഗവണ്‍മെന്റാണ് 81-ാം ഭേദഗതി ബില്ലായി ഇത് ആദ്യമായി ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്‍ സഭയുടെ അംഗീകാരം നേടുന്നതില്‍ പരാജയപ്പെടുകയും 1996 ഡിസംബറില്‍ ലോക്സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് റഫര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ലോക്സഭ പിരിച്ചുവിട്ടതോടെ ബില്‍ കാലഹരണപ്പെട്ടു.

1998ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 12-ാം ലോക്സഭയില്‍ ബില്‍ വീണ്ടും അവതരിപ്പിച്ചു.നിയമമന്ത്രി എം.തമ്പിദുരൈ ഇത് അവതരിപ്പിച്ചതിന് പിന്നാലെ ഒരു ആര്‍ജെഡി എംപി സഭയുടെ നടുത്തളത്തിലേക്കിറങ്ങിചെന്ന് ബില്‍ പിടിച്ച് വലിച്ച് കീറി. 1999, 2002, 2003 വര്‍ഷങ്ങളില്‍ ബില്‍ വീണ്ടും അവതരിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല.

2008ല്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുകയും 2010 മാര്‍ച്ച് 9-ന് 186-1 വോട്ടുകള്‍ക്ക് ബില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍ 15ാം ലോക്‌സഭ പിരിച്ചുവിട്ടതോടെ ബില്‍ തള്ളപ്പെട്ടു. അന്ന് ബില്ലിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തവരായിരുന്നു ആര്‍ജെഡി, ജെഡിയു, സമാജ്വാദി പാര്‍ട്ടി എന്നിവര്‍. സ്ത്രീകള്‍ക്കായുള്ള 33%സംവരണത്തില്‍ 33 % സംവരണം പിന്നോക്ക വിഭാകക്കാര്‍ക്ക് നല്‍കണമെന്നായിരുന്നു അവരുടെ വാദം. വനിതാ സംവരണത്തിനുള്ളില്‍ പിന്നാക്ക സംവരണം എന്ന ആവശ്യത്തിലാണ് ഈ പാര്‍ട്ടികള്‍ നേരത്തെ ബില്ലിനെ എതിര്‍ത്തത്.

നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകളുടെ എണ്ണം

നിലവിലെ ലോക്സഭയില്‍ 78 വനിതാ അംഗങ്ങള്‍ മാത്രമാണുള്ളത്. ഇത് മൊത്തം അംഗസംഖ്യയായ 543-ന്റെ 15 ശതമാനത്തില്‍ താഴെയാണ്. രാജ്യസഭയിലും സ്ത്രീകളുടെ പ്രാതിനിധ്യം ഏകദേശം 14 ശതമാനമാണ്. മൊത്തം ജനസംഖ്യയില്‍ സ്ത്രീകള്‍ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇടതുപക്ഷം ഭരണത്തിലുള്ള സംസ്ഥാനം. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭകളിലെ സ്ത്രീ പ്രാതിനിധ്യം 10 ശതമാനത്തില്‍ താഴെയാണ്.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ത്രിപുര, പുതുച്ചേരി, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്നാട്, തെലങ്കാന, തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ പുരോഗമന കേരളവും അവികിസതമെന്ന് പറയുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും തമ്മില്‍ വ്യ്ത്യാസമില്ലെന്നാണ് കണക്കുകള്‍ തെളിയുന്നത്.

logo
The Fourth
www.thefourthnews.in