വിമോചന പോരാളിയോ, ഭീകരനോ? ആരാണ് വേലുപ്പിള്ള പ്രഭാകരൻ?

സിംഹള പ്രതിഷേധത്തിന്റെ നിർണായക ഘട്ടത്തിൽ വേലുപ്പിള്ള പ്രഭാകരൻ ജനങ്ങൾക്ക് മുൻപിൽ വരുമെന്നാണ് നെടുമാരൻ കഴിഞ്ഞ ദിവസം പറഞ്ഞത്

എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരുപ്പുണ്ടെന്നുള്ള ലോക തമിഴ് ഫെഡറേഷന്‍ നേതാവ് നെടുമാരന്റെ അവകാശവാദം ഒരിടവേളയ്ക്ക് ശേഷം ശ്രീലങ്കയില്‍ നടന്ന ആഭ്യന്തര യുദ്ധത്തിലേക്ക് ജനശ്രദ്ധ കൊണ്ടുപോകുകയാണ്. ആഭ്യന്തര യുദ്ധത്തിന്റെ അവസാന ദിവസങ്ങളില്‍, അതായത് 2009 മാര്‍ച്ചില്‍, ശ്രീലങ്കന്‍ സൈന്യം പ്രഭാകരനെ വധിച്ചെന്നാണ് ലോകം അറിഞ്ഞത്. അതോടെ ശ്രീലങ്കയിലെ തമിഴ് വംശജരുടെ സായുധമായ ചെറുത്തുനില്‍പ്പ് അവസാനിക്കുകയും ചെയ്തതാണ്. ലോകത്തില്‍ ഏറ്റവും ശക്തമായ ഗറില്ലാ സൈനിക പോരാട്ടത്തിനൊടുവിലായിരുന്നു പ്രഭാകരന്‍ കൊല്ലപ്പെട്ടത്.

എന്തായിരുന്നു എല്‍ ടി ടി ഇ. ആരായിരുന്നു വേലുപ്പിള്ള പ്രഭാകരന്‍ ?

1950 മുതല്‍ ശ്രീലങ്കയില്‍ തമിഴര്‍ അനുഭവിച്ച് പോന്നിരുന്ന അരികുവത്കരണത്തിനും അവഗണനകള്‍ക്കും നിത്യ പരിഹാരം കാണണമെന്ന തമിഴരുടെ ആവശ്യങ്ങള്‍ക്കായാണ് 1976ല്‍ എല്‍ ടി ടി ഇ നിലവില്‍ വരുന്നത്. 1948ല്‍ ബ്രിട്ടീഷുകാര്‍ ഭരണം അവസാനിപ്പിച്ച് പോകുമ്പോഴേക്കും രാജ്യം വംശീയമായി വിഭജിക്കപ്പെട്ടിരുന്നു. തമിഴര്‍ക്ക് പൗരാവകാശങ്ങള്‍ പോലും അനുവദിക്കാത്ത സിംഹാളാധിപത്യം സ്ഥിതി ഗതികള്‍ സങ്കീര്‍ണമാക്കി.

സിംഹള ആധിപത്യത്തിന് മുന്നില്‍ തമിഴരുടെ അവകാശം സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു 1976ല്‍ നിലവില്‍ വരുമ്പോള്‍ തമിഴ് ഈളം വിടുതലൈ പുലികള്‍ എന്ന എല്‍ ടി ടി ഇയുടെ ലക്ഷ്യം. നിലവില്‍ വന്ന ആദ്യ വര്‍ഷങ്ങളില്‍ കാര്യമായി സമരമുഖത്ത് വന്നില്ലെങ്കിലും 1983 ജൂലൈയിലെ സര്‍ക്കാര്‍ ആക്രമണത്തിനെതിരായ ചെറുത്തുനില്‍പ്പിലൂടെയാണ് എല്‍ ടി ടി ഇ സജീവമാകുന്നത്. ബ്ലാക്ക് ജൂലൈ എന്നറിയപ്പെട്ട ഈ കലാപത്തില്‍ ജീവന്‍ നഷ്ടമായത് ആയിരകണക്കിന് തമിഴര്‍ക്കായിരുന്നു. ആയുധബലം കൊണ്ടും അംഗബലം കൊണ്ടും അവര്‍ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെപോയ തമിഴര്‍ അങ്ങനെ ഇന്ത്യയിലേക്കും മറ്റിടങ്ങളിലേക്കും അഭയം പ്രാപിച്ചു. തമിഴരായി എന്നതിനാല്‍ ജനിച്ച നാട് വിട്ട് കൊടുക്കാന്‍ തയ്യാറല്ലാതിരുന്ന ഒരു ജനതയുടെ പോരാട്ടങ്ങള്‍ക്ക് പിന്നീട് കൂടുതല്‍ കരുത്ത് ഉണ്ടായി. അതിന് കാരണമായതാവട്ടെ എല്‍ ടി ടി ഇയും പ്രഭാകരനും. ഇന്ത്യയില്‍ അഭയം തേടിയ പുലികള്‍ക്കും വേലുപ്പിള്ളക്കും അവരുടെ അസ്തിത്വം നേടിയെടുക്കാനുള്ള സഹായങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരും ചെയ്ത് നല്‍കാന്‍ ആരംഭിച്ചതോടെ പുലികള്‍ വര്‍ധിത വീര്യത്തോടെ ഉയിര്‍ത്തെഴുന്നേറ്റു.

പോരാട്ടങ്ങള്‍ക്ക് അവരെ സഹായിക്കുന്നതോടൊപ്പം നയതന്ത്ര തലത്തില്‍ തമിഴരുടെ അവകാശങ്ങള്‍ക്കായും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഇതിന്റെ ഭാഗമായി ശ്രീലങ്കന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി. ഒടുവില്‍ 1987 ജൂലൈ 29ന് അന്നത്തെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായിരുന്ന ജയവര്‍ധനെ തമിഴരുടെ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന ധാരണയിലെത്തി. ഇരു രാജ്യങ്ങളും ഇന്ത്യ ശ്രീലങ്ക ഉടമ്പടിയില്‍ ഒപ്പ് വച്ചു. ഉടമ്പടി പ്രകാരം നിരായുധരാക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ അവകാശങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറായ ശ്രീലങ്ക പകരം അവരെ നിരായുധരാക്കാനുള്ള ചുമതല ഇന്ത്യയോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം രാജീവ് ഗാന്ധി ഇന്ത്യന്‍ പീസ് കീപ്പിങ് ഫോഴ്‌സ് എന്ന പേരില്‍ സൈനിക വിഭാഗത്തെ ശ്രീലങ്കയിലേക്കയച്ചു. എന്നാല്‍ കരാറില്‍ തൃപ്തനല്ലാതിരുന്ന വെളുപ്പിള്ളിയുടെ പ്രവര്‍ത്തികള്‍ എല്‍ ടി ടി ഇയും ഇന്ത്യന്‍ പീസ് കീപ്പിങ് ഫോഴ്‌സും തമ്മിലുള്ള യുദ്ധത്തിലേക്കാണ് ചെന്നെത്തിയത്.

പുലികളും പീസ് കീപ്പിങ് ഫോഴ്സുമായി നടന്ന യുദ്ധത്തില്‍ ഇരു ചേരികളിലും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ സേനാവിഭാഗത്തെ ശ്രീലങ്കയിലേക്ക് അയച്ച രാജീവ് ഗാന്ധി പ്രഭാകരന്റെ പ്രഖ്യാപിത ശത്രുവായി. 89ല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇറങ്ങിയ രാജീവ് ഗാന്ധി വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പദവിയില്‍ തിരിച്ചെത്തിയാല്‍ അതിനോടകം പിന്‍വലിക്കപെട്ടിരുന്ന പീസ് കീപ്പിങ് ഫോഴ്‌സ് തങ്ങള്‍ക്ക് നേരെ വീണ്ടും വന്നേക്കാമെന്ന വേലുപ്പിള്ളയുടെ കണക്ക് കൂട്ടല്‍ കൊണ്ടെത്തിച്ചത് രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലാണ്. ഇതിന് പിന്നാലെ 1993ല്‍ മെയ് ദിന റാലിയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയും കൊല്ലപ്പെട്ടതോടെ കാര്യങ്ങള്‍ വേലുപ്പിള്ളക്കും എല്‍ ടി ടി ഇക്കും എതിരായി. ഇന്ത്യയടക്കം പല രാജ്യങ്ങളുടെയും പിന്തുണ എല്‍ ടി ടി ഇക്ക് നഷ്ടമായി.

സാമ്പത്തികമായും സംഘടനയെ ഇത് ബാധിക്കാന്‍ തുടങ്ങിയ നാളുകളാണ് പിന്നീട് വന്നത്. കൂടാതെ ഇതിനോടകം ഏകാധിപതിയെന്നോണം വളര്‍ന്ന പ്രഭാകരനോട് എല്‍ ടി ടി ഇ യില്‍ ഉള്‍പ്പെട്ടിരുന്നവരുടെ ഇടയില്‍ എതിര്‍പ്പുകള്‍ പരസ്യമാക്കാന്‍ തുടങ്ങി. പ്രഭാകരന്റെ നയങ്ങള്‍ ചോദ്യം ചെയ്യുന്നതിലേക്കും സംഘടനയില്‍ നിന്നുമുള്ള വലിയ കൊഴിഞ്ഞു പോക്കിലേക്കുമാണ് കാര്യങ്ങള്‍ നീങ്ങിയത്. ഈ അവസരം മുതലെടുത്ത ശ്രീലങ്കന്‍ സൈന്യം രാഷ്ട്രത്തിന് തലവേദനയായി മാറിയിരുന്ന പ്രഭാകരനെ വധിക്കണമെന്ന ലക്ഷ്യത്തോടെ ആക്രമണം കടുപ്പിക്കുകയായിരുന്നു. ഒടുവില്‍ 2009 മെയ് 18ന് ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യത്തിന്റെ വെടിയേറ്റ് വേലുപ്പിള്ള പ്രഭാകരന്‍ വധിക്കപ്പെട്ടു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂത്തമകനായ ചാള്‍സിനെ കൂടാതെ മറ്റ് രണ്ട് പേരെയും സൈന്യം വധിച്ചു. ഇളയ പുത്രനായ ബാലചന്ദ്രൻ കൊല്ലപ്പെടുമ്പോള്‍ 12 വയസായിരുന്നു പ്രായം.

ശ്രീലങ്കയില്‍ നടന്ന് കൊണ്ടിരുന്ന തമിഴ് ജനതയോടുള്ള മാറ്റി നിര്‍ത്തലിനെതിരെ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവില്ലാതെ തമിഴ് വികാരത്തെ ഉയര്‍ത്തിപിടിക്കാനായിരുന്നു വേലുപ്പിള്ള പ്രഭാകരന്‍ ശ്രമിച്ചത്. ശ്രീലങ്കയില്‍ ഭൂരിപക്ഷം വരുന്ന സിംഹള വിഭാഗത്തില്‍ നിന്ന് നേരിട്ട ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാനായി തമിഴ് വിഭാഗം കണ്ടെത്തിയ അവരുടെ നേതാവായിരുന്നു വേലുപ്പിള്ള പ്രഭാകരന്‍.

പ്രഭാകരനെയും തമിഴ് ചെറുത്തുനില്‍പ്പിനെയും അടിച്ചമര്‍ത്താന്‍ ശ്രീലങ്ക നടത്തിയത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ്. ഇതിനെ കുറിച്ച് അന്വേഷിക്കാനോ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനോ അധികാരികള്‍ ഒരിക്കലും തയ്യാറായിട്ടുമില്ല. തമിഴരുടെ സ്വയം നിര്‍ണായാവകാശം ഇപ്പോഴും നടക്കാത്ത രാഷ്ട്രീയ ആവശ്യമായി തുടരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in