പുതുപ്പള്ളിക്കാർ ആരെ പകരക്കാരനാക്കും?

പുതുപ്പള്ളിക്കാർ ആരെ പകരക്കാരനാക്കും?

ഇതുവരെ നിഴലായി നിന്ന ചാണ്ടി ഉമ്മൻ കര കയറുമോ? ഇരുത്തം വന്ന നേതാവിനെ പോലെയുള്ള പ്രതികരണങ്ങളും മാനറിസങ്ങളും കുറഞ്ഞ ദിവസങ്ങളില്‍ ചാണ്ടി സ്വായത്തമാക്കിയിട്ടുണ്ട്

അരനൂറ്റാണ്ടിന് ശേഷം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ നയിക്കാൻ പുതിയൊരാളെത്തും. പാലാ എന്നാല്‍ മാണി സാറെന്നും പുതുപ്പള്ളിയെന്നാല്‍ കുഞ്ഞൂഞ്ഞെന്നും പറഞ്ഞു പഠിച്ച കോട്ടയംകാർക്ക് പാലായ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും പകരക്കാരനെ തേടേണ്ടിയിരിക്കുന്നു. പുതുപ്പള്ളിക്കാർ ആരെ തിരഞ്ഞെടുക്കും. കേരളത്തിന്റെ ഏത് തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഉറപ്പിച്ച സീറ്റ്, അതിനൊരൊറ്റ കാരണമേയുണ്ടായിരുന്നുള്ളൂ. ഉമ്മൻ ചാണ്ടി...

ഒരു കാലത്തും കോൺഗ്രസ് ജയിക്കില്ലെന്നുറപ്പുള്ളൊരു സമയം പുതുപ്പള്ളിക്കുണ്ടായിരുന്നു. ദേശീയതലത്തിലെ കോൺഗ്രസിലെ പിളർപ്പ്, കേരള കോൺഗ്രസിന്റെ പിളർപ്പ്. രണ്ടിന്റെയും തളർച്ച അങ്ങേയറ്റമുള്ളപ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് ഗോദയിലേക്കുള്ള രംഗപ്രവേശവും.1970 ല്‍ 26ാം വയസില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെ നിയമസഭയിലെത്തി അദ്ദേഹം.പിന്നെ നാല് തവണ മന്ത്രിയായി..രണ്ട് തവണ മുഖ്യമന്ത്രിയായി.

അരുവിക്കരയിലെയും തൃക്കാക്കരയിലെയും സഹതാപതരംഗം എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്ന ബോധ്യമുണ്ടായിരുന്ന പാർട്ടിക്ക് പുതുപ്പള്ളിയിലും തെറ്റാൻ വഴിയില്ലല്ലോ

1987ല്‍91ലും വിഎൻ വാസവൻ, 1996ല്‍ റെജി സക്കറിയ, 2001ല്‍ ചെറിയാൻ ഫിലിപ്പ്, 2006ല്‍ സിന്ധു ജോയി,, 2011 സുജ സൂസൻ ജോർജ്... ഇപ്പോള്‍ തോല്‍പ്പിക്കുമെന്ന പ്രചാരണ ബഹളങ്ങളൊന്നും പുതുപ്പള്ളിയെ കുലുക്കിയിട്ടില്ല. 2016ലും 2021ലും ജെയ്ക് സി തോമസിനായിരുന്നു ആ ചുമതല. ഈ കാലയളവില്‍ ആകെ വന്നൊരു മാറ്റം 2016ലെ ഭൂരിപക്ഷത്തില്‍ നിന്ന് കാര്യപ്പെട്ടൊരു സംഖ്യ കുറയ്ക്കാൻ സിപിഎമ്മിനായി എന്നതാണ്. 27,092 ല്‍ നിന്ന് 9,044 ലേക്ക് ഭൂരിപക്ഷമെത്തി.

മറിയം ഉമ്മനെയോ അച്ചു ഉമ്മനെയോ അല്ല, ചാണ്ടി ഉമ്മനെ കണ്ണ് വെച്ചാണ് കോൺഗ്രസിന്റെ നീക്കമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാണ്. ഇവിടെയാണ് കോൺഗ്രസ് മുൻപ് പ്രയോഗിച്ച് വിജയിച്ച തന്ത്രത്തിന്റെ പ്രസക്തി, സഹതാപതരംഗം...

അരുവിക്കരയിലെയും തൃക്കാക്കരയിലെയും സഹതാപതരംഗം എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്ന ബോധ്യമുണ്ടായിരുന്ന പാർട്ടിക്ക് പുതുപ്പള്ളിയിലും തെറ്റാൻ വഴിയില്ലല്ലോ... ഉമ്മൻ ചാണ്ടിയുടെ വിയോഗത്തില്‍ കേരളത്തിന്റെ അങ്ങുമുതലിങ്ങ് വരെ ഒപ്പമുണ്ടായിരുന്നവരൊരു സൂചനയാണ്.

ഇത്തവണയും സിപിഎമ്മിന്റെ ജെയ്ക് സി തോമസ് തന്നെയാകുമോ മറുവശത്ത്. കെഎം രാധാകൃഷ്ണൻ, ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ്, റെജി സക്കറിയ... സജീവ പരിഗണനയില്‍ പലരുമുണ്ട്. സഹതാപ തരംഗം ആഞ്ഞടിക്കുമെന്ന് കരുതിന്നിടത്ത് മത്സരിക്കാനില്ലെന്ന് പരിഗണനയിലുള്ളവർ താത്പര്യക്കുറവ് അറിയിച്ചെന്നും വിവരങ്ങളുണ്ട്.

ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന ആവശ്യം പോലും ഉയരുമ്പോള്‍ അതിനെ പരമാവധി പ്രയോജനപ്പെടുത്തുന്ന പ്രതികരണങ്ങളേ പ്രതിപക്ഷ നേതാവ് മുതലിങ്ങോട്ട് ഉണ്ടായിട്ടുള്ളൂ. അങ്ങനെയെങ്കില്‍ ഇതുവരെ നിഴലായി നിന്ന ചാണ്ടി ഉമ്മൻ കര കയറുമോ? ഇരുത്തം വന്ന നേതാവിനെ പോലെയുള്ള പ്രതികരണങ്ങളും മാനറിസങ്ങളും കുറഞ്ഞ ദിവസങ്ങളില്‍ ചാണ്ടി സ്വായത്തമാക്കിയിട്ടുണ്ട്. മുൻപില്ലാത്ത ഈ ഭാവപകർച്ചയും സഹതാപതരംഗവും പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാക്കിയാല്‍, എല്‍ഡിഎഫിന് ഇത്തവണയും പുറത്തിരിക്കേണ്ടി വരും.

ഉമ്മൻ ചാണ്ടിയുടെ മരണ ശേഷമുള്ള തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന് ചില്ലറ വിജയം പോരായെന്നത് വെല്ലുവിളിയാണ്

രണ്ട് തവണയും തോല്‍വി രുചിച്ച , മൂപ്പ് പോരെന്ന് പുതുപ്പള്ളിക്കാർ പറയുന്ന ജെയ്ക്കിനുമുണ്ടാകുമോ സഹതാപ തരംഗം , കഴിഞ്ഞ രണ്ട് തവണയും തോറ്റതിന്റെ ക്ഷീണത്തിലുണ്ടാകുന്ന സഹതാപമെന്ന് വേണമെങ്കില്‍ പറയാം. ജെയ്ക്ക് പഴയ ജെയ്ക്കല്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്. എങ്കില്‍ സഹതാപ തരംഗത്തില്‍ വീഴ്ത്തി കളയാതെ അടുത്ത ലക്ഷ്യങ്ങളിലേക്ക് ജയ്ക്കിനെ നടത്തുന്നതാകുമോ സിപിഎമ്മിന് നല്ലത്. അത് സിപിഎം തിരിച്ചറിയുന്നെങ്കില്‍ ആർക്കാകും നറുക്ക് വീഴുക.

എല്ലാ കാലത്തും കോൺഗ്രസിനെയും കേരള കോൺഗ്രസിനെയും ഒപ്പം ചേർക്കുന്ന കോട്ടയത്തെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ട്രെൻഡ് മറ്റൊന്നായിരുന്നുവെങ്കിലും കോൺഗ്രസിന് വലിയ ആശങ്കകളൊന്നുമില്ല ഇതുവരെ. എന്നാല്‍, ഉമ്മൻ ചാണ്ടിയുടെ മരണ ശേഷമുള്ള തിരഞ്ഞെടുപ്പില്‍ ചില്ലറ വിജയം പോരായെന്നത് വെല്ലുവിളിയാണ്. 2016ല്‍ നിന്ന് 2021 എത്തിയപ്പോള്‍ കുറഞ്ഞ ഭൂരിപക്ഷം ഇരട്ടിയായി തിരിച്ചുപിടിക്കേണ്ടത് ഉത്തരവാദിത്വമാണ്. അതില്‍ കുറഞ്ഞൊരു വിജയം കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും ഒരു ദിനം മുൻപേ ബൂത്ത് കമ്മിറ്റി യോഗം വിളിച്ചതില്‍ നിന്ന് ഉള്‍ക്കൊള്ളാവുന്നതേയുള്ളൂ.

logo
The Fourth
www.thefourthnews.in