മണ്ഡലപുനര്‍നിര്‍ണയവും വനിതാ സംവരണ ബില്ലും തമ്മിലെന്ത് ബന്ധം; പിന്നില്‍ ആരുടെ ബുദ്ധി?

മണ്ഡലപുനര്‍നിര്‍ണയവും വനിതാ സംവരണ ബില്ലും തമ്മിലെന്ത് ബന്ധം; പിന്നില്‍ ആരുടെ ബുദ്ധി?

മണ്ഡല പുനർനിർണയവുമായി ബില്ലിനെ ബന്ധിപ്പിക്കുന്നതിലൂടെ കൂടുതൽ സ്ത്രീകൾക്ക് സീറ്റ് ലഭിക്കും എന്നാണ് അവകാശവാദം

നിരവധി സംശയങ്ങളും ആശങ്കകളും ബാക്കിവച്ചുകൊണ്ടാണ്, സ്ത്രീകൾക്ക് 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബിൽ നടപ്പാക്കുന്നത് ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനുശേഷം മാത്രമായിരിക്കുമെന്നതാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുള്ളത്. മണ്ഡലങ്ങളുടെ പുനർനിർണയം നടക്കണമെങ്കിൽ ഇനിയും നടക്കാത്ത 2021 സെൻസസ് നടക്കണം.

സെൻസസ് കണക്കുകൾ പുറത്തുവന്നാലും പൂർണതോതിൽ മണ്ഡലങ്ങൾ നിർണയിക്കാൻ വീണ്ടും വർഷങ്ങൾ എടുക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ വലിയ ചുവടുവയ്പായി അവതരിപ്പിക്കപ്പെട്ട ബിൽ പൂർണാർഥത്തിൽ നടപ്പിലാകാൻ വർഷങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വരും. അതായത്, ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിൽ പ്രാവർത്തികമാകില്ലെന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

2026 നുശേഷം നടക്കുന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനിയൊരു പുനർനിർണയം നടത്താൻ പാടുള്ളൂവെന്നാണ് ഭരണഘടന അനുശാസിക്കുന്നത്

2010 ൽ രാജ്യസഭ പാസ്സാക്കിയ വനിതാ സംവരണ ബില്ലിൽ ഇത്തരത്തിലുള്ള വ്യവസ്ഥകളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ആ ബിൽ ലോക്സഭയിൽ പാസ്സാക്കാൻ കഴിയാതെ അസാധുവാവുകയായിരുന്നു. ബിൽ നടപ്പാക്കുന്നതിനെ മണ്ഡല പുനർനിർണ്ണനയവുമായി ബന്ധിപ്പിക്കുന്നതിലൂടെ രണ്ടു കാര്യങ്ങൾ ബിജെപി ഉദ്ദേശിക്കുന്നതായാണ് പ്രതിപക്ഷ പാർട്ടികൾ കരുതുന്നത്.

ഒന്ന്, വനിതാ സംവരണ ബില്ലിൽ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യിൽ വിള്ളലുണ്ടാകും ബിജെപി പ്രതീക്ഷിക്കുന്നു. രണ്ട്, സെൻസസ് പറ്റാവുന്നത്ര വൈകിപ്പിച്ച് വനിതാ സംവരണ ബില്ലിലൂടെ ജനങ്ങളെ വൈകാരികമായി സ്വാധീനിച്ച് 2024ൽ ജയിച്ചു കയറാമെന്നവർ കരുതുന്നു. എന്നാൽ ബിൽ അവതരിപ്പിച്ച് കഴിഞ്ഞ് പ്രത്യേകിച്ച് ഭിന്നസ്വരങ്ങളൊന്നും പ്രതിപക്ഷത്ത് നിന്നുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. മാത്രവുമല്ല പ്രതിപക്ഷ പാർട്ടികൾക്ക് കൃത്യമായ വിമർശനങ്ങളുമുണ്ട്.

മണ്ഡലപുനര്‍നിര്‍ണയവും വനിതാ സംവരണ ബില്ലും തമ്മിലെന്ത് ബന്ധം; പിന്നില്‍ ആരുടെ ബുദ്ധി?
ഭരണഘടനയിൽനിന്ന് 'മതേതരത്വം' പുറത്ത്: വിതരണം ചെയ്ത പുതിയ പതിപ്പിൽ സെക്യുലറും സോഷ്യലിസ്റ്റും ഇല്ലെന്ന് കോണ്‍ഗ്രസ്‌

മണ്ഡല പുനർനിർണയവുമായി ബില്ലിനെ ബന്ധിപ്പിക്കുന്നതിലൂടെ കൂടുതൽ സ്ത്രീകൾക്ക് സീറ്റ് ലഭിക്കുമെന്നാണ് ബിജെപി എംപിമാർ പറയുന്നത്. എന്നാൽ ഇനിയൊരു സെൻസസ് നടക്കാൻ എത്ര സമയമെടുക്കുമെന്ന് ഊഹിക്കാൻ പോലും സാധിക്കില്ല. 2027ലെങ്കിലും സെൻസസ് നടന്നാലേ 2029 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെങ്കിലും ഇത് പ്രാവർത്തികമാവുകയുള്ളൂ. ചിലപ്പോൾ 2031 സെൻസസും കൂടി ഒരുമിച്ച് നടക്കാനുള്ള സാധ്യതയുമുണ്ട്.

ഭരണഘടനയുടെ അനുച്ഛേദം 170 അനുസരിച്ച് പാർലമെന്റ്/നിയമസഭാ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിന് ഒരു എമ്പാർഗൊ നിശ്ചയിച്ചിട്ടുണ്ട്. അതായത്, 2026 നു ശേഷം നടക്കുന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനിയൊരു പുനർനിർണയം നടത്താൻ പാടുള്ളൂ. അതുകൊണ്ടു തന്നെ നേരത്തെ സെൻസസ് നടത്തിയാൽ അതിന്റെ അടിസ്ഥാനത്തിൽ പുനർനിർണയം സാധ്യമാകില്ല എന്നതുകൊണ്ട് തന്നെ 2026 നു ശേഷം മാത്രമേ അടുത്ത സെൻസസ് നടക്കാൻ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ ബിൽ സ്ത്രീകളോടുള്ള കൊടും ചതിയാണെന്നും രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളുടെ പ്രതീക്ഷയാണ് ഇല്ലാതാക്കുന്നതെന്നുമാണ് കോൺഗ്രസ് അഭിപ്രായപ്പെട്ടത്

ഈ എമ്പാർഗൊ ആദ്യം നിശ്ചയിച്ചത് 1976 ൽ ഇന്ദിരാ ഗാന്ധിയുടെ കാലത്താണ്. പിന്നീട് 2001 ൽ വാജ്‌പേയി സർക്കാരും എമ്പാർഗൊ നിശ്ചയിച്ചു. സെൻസസ് ഫലങ്ങൾ പുറത്തുവന്നാലും മണ്ഡല പുനർനിർണയം അത്രപെട്ടെന്ന് നടക്കില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സെൻസസ് ഫലങ്ങൾ വന്നാലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കും. അതുപോലെ ജനസംഖ്യ നിയന്ത്രണത്തിൽ ഒരു പരിധിവരെ വിജയം കൈവരിച്ച കേരളം, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങൾക്ക് പാർലമെന്റ് മണ്ഡലങ്ങളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറയുമെന്നതും ഒരു പ്രശ്നമായി നിലനിൽക്കുന്നുണ്ട്. ഇതിന് താത്കാലിക പരിഹാരമായാണ് എംബാർഗൊ സംവിധാനം ഏർപ്പെടുത്തിയത്. കഴിഞ്ഞ നാല് സെൻസസുകളും പരിശോധിച്ചാൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയതോതിൽ ജനസംഖ്യ വർധിക്കുകയും അവർ നേട്ടമുണ്ടാക്കുകയും ചെയ്തതായി കാണാൻ സാധിക്കും.

മണ്ഡലപുനര്‍നിര്‍ണയവും വനിതാ സംവരണ ബില്ലും തമ്മിലെന്ത് ബന്ധം; പിന്നില്‍ ആരുടെ ബുദ്ധി?
വനിതാ സംവരണ ബിൽ: ചർച്ച ഇന്ന്, കോൺഗ്രസിനെ സോണിയ ഗാന്ധി നയിക്കും

ഈ ബിൽ സ്ത്രീകളോടുള്ള കൊടുംചതിയാണെന്നും രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളുടെ പ്രതീക്ഷയാണ് ഇല്ലാതാക്കുന്നതെന്നുമാണ് കോൺഗ്രസ് അഭിപ്രായപ്പെട്ടത്. ജനസംഖ്യാനുപാതത്തിൽ മണ്ഡലങ്ങൾ നിർണയിക്കുന്നതിനെതിരെ തമിഴ്‌നാട്ടിൽനിന്ന് ഡിഎംകെയും കേരളത്തിൽനിന്ന് സിപിഎമ്മും നേരത്തെ തന്നെ രംഗത്തുവന്നിട്ടുണ്ട്. ആം ആദ്മി പാർട്ടി നേതാവ് അതിഷി മർലേനയും തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ വനിതാ ശിശു വികസന മന്ത്രിയുമായ ഷഷി പഞ്ചയും ബില്ലിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

"മമത ബാനർജി 1990കൾ മുതൽ ആവശ്യപ്പെടുന്ന കാര്യമാണ് ഈ ബില്ല്. അതുകൊണ്ടു തന്നെ ഞങ്ങൾ ബില്ലിനെ പൂർണ്ണമായും പിന്തുണയ്ക്കാൻ തയ്യാറായിരുന്നു. എന്നാൽ ഇത് മറ്റൊരു തിരഞ്ഞെടുപ്പ് തന്ത്രമായി മാത്രമേ കാണാൻ സാധിക്കൂ," ഷഷി പഞ്ച പറഞ്ഞു.

ബിൽ പാർലമെൻറിൽ ചർച്ചയ്‌ക്കെടുത്തിരിക്കുകയാണ്. ശക്തമായ വിയോജിപ്പുകളും പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നേരത്തെ കൊണ്ടുവന്നെ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ബില്ലിന്റെ അവസ്ഥയും സ്ത്രീ സംവരണം ഇന്ത്യയെ തകർക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ മുൻപ് പറഞ്ഞതുമുൾപ്പെടെ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന സംഭവങ്ങൾ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവരുന്ന സാഹചര്യത്തിൽ വനിതാ സംവരണ ബില്ലിലൂടെ വിചാരിച്ച നേട്ടമുണ്ടാക്കാൻ ഭരണപക്ഷത്തിന് സാധിക്കുമോയെന്നതാണ് ഇനി അറിയാനുള്ളത്.

logo
The Fourth
www.thefourthnews.in