ഓഹരി വിപണി കുതിച്ചുയർന്നിട്ടും സ്വർണവില വർധിക്കുന്നത് എന്തുകൊണ്ട്?

ഓഹരി വിപണി കുതിച്ചുയർന്നിട്ടും സ്വർണവില വർധിക്കുന്നത് എന്തുകൊണ്ട്?

സാധാരണനിലയിൽ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വർണവില കുതിക്കാറുള്ളത്. ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വർണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോള്‍

കുറച്ചു ദിവസമായി സ്വർണവിലയില്‍ സ്ഥിരതയോടെയുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്. പവന് അമ്പതിനായിരം കടന്ന സ്വർണവില വൈകാതെ അറുപതിനായിരം പിന്നിടുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. സാധാരണനിലയിൽ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വർണവില കുതിക്കാറുള്ളത്. എന്നാൽ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വർണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോള്‍. എന്താണിതിന് കാരണം?

ഓഹരി, സ്വർണ വിപണികൾ തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും രണ്ടും പ്രധാനപ്പെട്ട നിക്ഷേപ മാർഗങ്ങളാണ്. എന്നാൽ ഓഹരിവിപണിയിൽ ലാഭനഷ്ട സാധ്യതകൾ വലുതാണ്. അതുകൊണ്ടാണ് പലപ്പോഴും ഓഹരിവിപണി കുതിക്കുമ്പോൾ സ്വർണവില കുറയുകയും വിപണി താഴുമ്പോൾ സ്വർണവില കൂടുകയും ചെയ്യുന്നത്.

എന്നാൽ നിലവിൽ ഓഹരി, സ്വർണ വിപണികൾ ഒരേപോലെ കുതിക്കുന്നതിന് കാരണങ്ങളിലൊന്ന് യുഎസ് ഫെഡറൽ നിരക്ക് കുറയ്ക്കാനുള്ള സാധ്യത മുൻനിർത്തിയാണ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്നതിനിടെയാണ് യുഎസ് ഫെഡറൽ നിരക്ക് കുറയ്ക്കുമെന്നുള്ള വാർത്ത പുറത്തുവന്നത്. ജൂണോടെയായിരിക്കും ഫെഡറൽ നിരക്കിന്റെ ആദ്യഘട്ടത്തിലെ കുറവ് ഉണ്ടാവുകയെന്നാണ് വിലയിരുത്തുന്നത്. ഇതിന് പുറമെ ചൈന സ്വർണം വാങ്ങികൂട്ടുന്നതും ഇസ്രായേൽ - പലസ്തീൻ സംഘർഷവും റഷ്യ - യുക്രെയ്ൻ യുദ്ധവും സ്വർണവില വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.

ഓഹരി വിപണി കുതിച്ചുയർന്നിട്ടും സ്വർണവില വർധിക്കുന്നത് എന്തുകൊണ്ട്?
അദാനി ബന്ധമുള്ള കമ്പനിക്ക് ഭൂമിവിറ്റു, പണം ഇലക്ടറൽ ബോണ്ടാക്കി; ദളിത് കുടുംബത്തില്‍നിന്ന് ബിജെപി കൈക്കലാക്കിയത് 10 കോടി

തിങ്കളാഴ്ച ഡൽഹിയിൽ 24 കാരറ്റ് സ്വർണ വില 10 ഗ്രാമിന് 71,430 രൂപയിലെത്തി. മുംബൈയിൽ 10 ഗ്രാമിന് 71,280 രൂപയും ചെന്നൈയിൽ 10 ഗ്രാമിന് 72,150 രൂപയുമാണ് വില. ഫോറെക്‌സ് വിന്യാസത്തിന്റെ ഭാഗമായി ഇന്ത്യയും സ്വർണം ശേഖരിക്കുകയാണെന്ന് ഏപ്രിൽ അഞ്ചിന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.

ജനുവരിയിൽ ആർബിഐ 8.7 ടൺ സ്വർണം കരുതൽ ശേഖരത്തിലേക്ക് വാങ്ങിയിരുന്നു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ സ്വർണശേഖരം ജനുവരി അവസാനത്തോടെ 803.58 ടണ്ണിൽനിന്ന് 812.3 ടണ്ണിലെത്തി.

ഫെഡറൽ നിരക്ക് കുറഞ്ഞാൽ സ്വർണവില കുടുന്നത് എങ്ങനെ?

ഫെഡറൽ നിരക്ക് കുറയുന്നതോടെ ഡോളറിന്റെ നിരക്ക് കുറയും. ഇതോടെ സ്വർണവില വർധിക്കും. അതേസമയം യുഎസ് പൗരന്മാരുടെ സാമ്പത്തിക ബാധ്യതകളിൽ വലിയ കുറവുണ്ടാകും. പലിശ നിരക്ക് കുറയുകയും ചെയ്യും. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇത് വോട്ടായി പ്രതിഫലിക്കുമെന്ന പ്രതീക്ഷ ജോ ബൈഡനുണ്ട്.

അതേസമയം, പലിശ നിരക്ക് കുറയുന്നതോടെ സ്വർണത്തിന്റെ വില ഇനിയും ഉയരുമെന്ന വിലയിരുത്തലിലാണ് നിലവിൽ നിക്ഷേപകർ സ്വർണം വാങ്ങികൂട്ടുന്നത്. ഡോളറാണ് വിപണി വില നിരക്കിന് പ്രധാനമായും ഉപയോഗിക്കുന്ന കറൻസി. ഇതിനുപുറമെ വിവിധരാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകൾ, നിരക്കിൽ ഇളവ് വരുന്നതിന് മുമ്പായി സ്വർണം വാങ്ങി കറൻസി മൂല്യത്തകർച്ചയെ നേരിടാൻ ഒരുങ്ങുന്നുണ്ട്.

ഇതിനുപുറമെയാണ് ചൈന കരുതലായി സ്വർണം വാങ്ങികൂട്ടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവാൻ മുന്നിട്ടിറങ്ങുന്ന ചൈന സാമ്പത്തികമേഖലയിൽ ഉണ്ടായേക്കാവുന്ന തകർച്ചകളെ നേരിടാനാണ് സ്വർണം ശേഖരിച്ചുവെക്കുന്നത്. ഫെബ്രുവരി മുതൽ സെപ്തംബർ വരെ ഇന്ത്യയിൽ വിവാഹ വിപണി ശക്തമാകുന്നതും സ്വർണത്തിന്റെ വില കൂടുതലിന് കാരണമാണ്.

logo
The Fourth
www.thefourthnews.in