നോട്ട് നിരോധനം കോടീശ്വരനാക്കി, ഒടുവിൽ നടപടിക്രമത്തിൽ പിടിവീണു; പേടിഎമ്മിൻ്റെ വളർച്ചയും വീഴ്ചയും

നോട്ട് നിരോധനം കോടീശ്വരനാക്കി, ഒടുവിൽ നടപടിക്രമത്തിൽ പിടിവീണു; പേടിഎമ്മിൻ്റെ വളർച്ചയും വീഴ്ചയും

നോട്ട് നിരോധനം കൊണ്ട് ഗുണമുണ്ടായവരുടെ പട്ടികയില്‍ പ്രമുഖനാണ് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ
Published on

2016 നവംബര്‍ 9, നോട്ട് നിരോധന വാര്‍ത്തയ്‌ക്കൊപ്പം ഇന്ത്യയിലെ പ്രധാന പത്രങ്ങളുടെ ഒന്നാം പേജില്‍ ഒരു പരസ്യമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേര്‍ത്തുവച്ച്, നോട്ട് നിരോധനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്വകാര്യ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയുടെ പരസ്യം. ''ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ ഏറ്റവും ശക്തമായ തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍'' എന്നായിരുന്നു പരസ്യവാചകങ്ങള്‍. ''ഇനി എടിഎം ഇല്ല, പേടിഎം ചെയ്യൂ'' എന്നും പരസ്യവാചകത്തിലുണ്ടായിരുന്നു. നോട്ട് നിരോധനം കൊണ്ട് ഗുണമുണ്ടായവരുടെ പട്ടികയില്‍ പ്രമുഖനാണ് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ.

നോട്ട്നിരോധനം പേടിഎം അടക്കമുള്ള ഡിജിറ്റല്‍ സേവനദാതാക്കള്‍ക്ക് വേണ്ടിയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കമായിരുന്നു എന്ന പ്രതിപക്ഷ വിമര്‍ശനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു പിന്നീട് പേടിഎമ്മിന്റെ വളര്‍ച്ച. വിജയ് ശേഖര്‍ ശര്‍മ ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തെ പോസ്റ്റര്‍ ബോയി ആയി മാറി. 2010-ല്‍ ആരംഭിച്ച കമ്പനിക്ക് മോദി അധികാരത്തില്‍ വന്നതിന് ശേഷമാണ് ജീവന്‍ വെച്ചത്. അതേ മോദിയുടെ കാലത്തുതന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎമ്മിന്റെ കഴുത്തിനു പിടിക്കുകയാണ്.

മാധ്യമങ്ങളില്‍ പേടിഎം നല്‍കിയ പരസ്യം
മാധ്യമങ്ങളില്‍ പേടിഎം നല്‍കിയ പരസ്യം

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ് ആര്‍ബിഐ. ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ, വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും ഉപഭോക്താക്കളെ ചേര്‍ക്കരുത് എന്നുമാണ് പ്രധാന നിര്‍ദേശം. എന്താണ് പേടിഎമ്മിന് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചതെന്ന് പരിശോധിക്കാം.

എന്തിനൊക്കെയാണ് നിയന്ത്രണങ്ങള്‍?

ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ലെങ്കിലും അക്കൗണ്ടില്‍ നിലവിലുള്ള തുക പിന്‍വലിക്കാന്‍ സാധിക്കും. പേടിഎം സേവിങ്‌സ് അക്കൗണ്ട്, ഫാസ്ടാഗ്, കറന്റ് അക്കൗണ്ട്‌സ്, വാലറ്റ് എന്നിവയില്‍ പണം പിന്‍വലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ബാങ്കിന്റെ യുപിഐ സൗകര്യങ്ങള്‍ ഉപയോഗിക്കാനാകില്ല. ഫെബ്രുവരി 29-നോ അതിന് മുന്‍പോ തുടങ്ങിയ എല്ലാ ട്രാന്‍സാക്ഷനുകളും മാര്‍ച്ച് പതിനഞ്ചിനകം അവസാനിപ്പിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ എന്തിന്?

ആര്‍ബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ നടപടി. 2023-ന്റെ തുടക്കം മുതല്‍ ആര്‍ബിഐ പേടിഎമ്മിന് പിന്നാലെയുണ്ട്. നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പേടിഎം പേയ്‌മെന്റ് ബാങ്കിന് 5.39 കോടി രൂപ ആര്‍ബിഐ പിഴ ചുമത്തിയിരുന്നു. പുതിയ ഉപയോക്താക്കളെ ചേര്‍ക്കരുതെന്ന് 2022-ല്‍ ആര്‍ബിഐ പേടിഎമ്മിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് പാലിക്കാന്‍ കമ്പനി തയ്യാറായില്ല. സമഗ്രമായ സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ടിന്റേയും പുറത്തുനിന്നുള്ള ഓഡിറ്റര്‍മാരുടെ തുടര്‍ച്ചയായുള്ള പരാതികളും അടിസ്ഥാനത്തിലാണ് പേടിഎമ്മിന് എതിരെ നടപടിയെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. 1949-ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 35 എ വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

വിജയ് ശേഖര്‍ ശര്‍മ
വിജയ് ശേഖര്‍ ശര്‍മ

അതേസമയം, ആര്‍ബിഐ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നാണ് പേടിഎമ്മിന്റെ വിശദീകരണം. പുതിയ നിക്ഷേപങ്ങള്‍ സ്വകരിക്കുന്നതില്‍നിന്ന് ആര്‍ബിഐ തടഞ്ഞതിനെത്തുടര്‍ന്ന് വാര്‍ഷിക വരുമാനത്തില്‍ 300 കോടി മുതല്‍ 500 കോടി രൂപ വരെ കുറവ് സംഭവിച്ചേക്കുമെന്നാണ് പേടിഎം പ്രതീക്ഷിക്കുന്നത്. പേടിഎമ്മിന്റെ നഷ്ടം നികത്തി വരികയാണെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താനുള്ള വിജയ് ശേഖര്‍ ശര്‍മയുടെ പ്രയത്‌നങ്ങള്‍ക്ക് തിരിച്ചടിയാണ് ആര്‍ബിഐയുടെ പുതിയ നീക്കം.

നോട്ട് നിരോധനം കോടീശ്വരനാക്കി, ഒടുവിൽ നടപടിക്രമത്തിൽ പിടിവീണു; പേടിഎമ്മിൻ്റെ വളർച്ചയും വീഴ്ചയും
കശ്മീർ മുതല്‍ കേരളം വരെ; ഇ ഡി കണ്ണിലെ മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും

ആര്‍ബിഐ ഉത്തരവ് പേടിഎമ്മിന്റെ ഉപഭോക്താക്കളെ നിലനിര്‍ത്താനുള്ള കഴിവിനെ കാര്യമായി തടസപ്പെടുത്തും. പേയ്‌മെന്റ് ഉത്പന്നങ്ങളും വായ്പാ ഉത്പന്നങ്ങളും വില്‍ക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കും. ദീര്‍ഘകാലത്തേക്കുള്ള വരുമാനവും ലാഭവും തമ്മിലുള്ള അന്തരത്തെയും ഇത് ബാധിക്കും. പേടിഎം പേയ്‌മെന്റ് ബാങ്കുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്നും മറ്റു ബാങ്കുകളുമായുള്ള സഹകരണം തുടരുമെന്നും പേടിഎം വ്യക്തമാക്കി. വണ്‍ 97-ന്റെ മറ്റ് ബിസിനസുകളായ വായ്പ, ഇന്‍ഷുറന്‍സ് വിതരണത്തെയും ബാധിക്കില്ലെന്നും കമ്പനി അവകാശപ്പെടുന്നു. റെഗുലേറ്റര്‍മാരുമായുള്ള പ്രശ്‌നങ്ങള്‍ പേടിഎമ്മിന്റെ ഓഹരി വിലയിൽ 60 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.

ഒരു അക്കൗണ്ടിന് 2,00,000 രൂപയിൽ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് ആര്‍ബിഐ പേടിഎമ്മിന് നല്‍കിയിട്ടുള്ളത്. ചൈനീസ് വ്യവസായി ജാക് മാ സ്ഥാപിച്ച ആന്റ് ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതിനും പേടിഎമ്മിനെതിരെ വിമര്‍ശനം ശക്തമായിരിന്നു. കഴിഞ്ഞവര്‍ഷം, ആന്റ് ഗ്രൂപ്പില്‍നിന്ന് പേടിഎം ഓഹരികള്‍ പിന്‍വലിച്ചിരുന്നു.

റിസ്‌ക് മാനേജ്‌മെന്റില്‍ ഇന്ത്യയുടെ സാമ്പത്തിക മേഖല കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞമാസം പറഞ്ഞിരുന്നു. വായ്പകളുടെ കുതിച്ചു ചാട്ടം തടയാനുള്ള മാനദണ്ഡങ്ങളില്ലാതെയാണ് ചില ബാങ്കുകളും ബാങ്കിങ് ഇതര സ്ഥപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പേടിഎമ്മിന് എതിരെ ആര്‍ബിഐ നടപടിയെടുത്തത്.

logo
The Fourth
www.thefourthnews.in