മോദിയല്ല, ദ്രൗപദി മുര്‍മുവാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് പറയുന്നതിന്റെ കാരണങ്ങള്‍

പാർലമെന്റ് എന്നത് ലോക്സഭയും രാജ്യസഭയും മാത്രമല്ല, അത് രാഷ്ട്രപതി കൂടി ഉൾപ്പെട്ടതാണെന്ന് ഭരണഘടന വ്യക്തമാക്കുന്നു

രാജ്യത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരം ഉണ്ടാകുമ്പോള്‍ അത് ഉദ്ഘാടനം ചെയ്യേണ്ടത് ആരാണ്, പ്രധാനമന്ത്രിയോ, അതോ രാഷ്ട്രപതിയോ?. ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്തിരത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണിത്.

ലോക്‌സഭ സെക്രട്ടറിയേറ്റ് ഈ മാസം 18-ാം തീയതി ഇറക്കിയ കുറിപ്പിലൂടെയാണ് രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത് എന്ന കാര്യം ജനങ്ങള്‍ അറിഞ്ഞത്. അപ്പോള്‍ ചില കേന്ദ്രങ്ങളില്‍നിന്നുണ്ടാക്കിയ മുറുമുറുപ്പ് ഇപ്പോള്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയപാര്‍ട്ടികളും ഭരണഘടന വിദ്ഗദരും ഏറ്റെടുത്തിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ തര്‍ക്കത്തിന്റെ അടിസ്ഥാനം

പാര്‍ലമെന്റ് എന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരം രാഷ്ട്രപതി കൂടി ചേര്‍ന്നതാണ്. രാഷ്ട്രപതിയാണ് ഇന്ത്യന്‍ ഭരണഘടന പ്രകാരം രാഷ്ട്രതലവന്‍. പ്രധാനമന്ത്രി എന്നത് എക്‌സിക്യൂട്ടീവിന്റെ തലവന്‍ ആണ്. രാഷ്ട്രത്തിന്റേതല്ല.

പുതിയ പാര്‍ലമെന്റ് മന്ദിരം ആര് ഉദ്ഘാടനം ചെയ്യണമെന്നതിലേക്ക് വരുമ്പോള്‍ എന്താണ് പാര്‍ലമെന്റ് എന്ന് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അത് ഒരു കെട്ടിടവും, കുറെ ജനപ്രതിനിധികളും മാത്രമല്ല. ലോക്സഭയും രാജ്യസഭയും മാത്രവുമല്ല. രാജ്യത്തിന്റെ ഭരണഘടനയുടെ 79-ാം ആര്‍ട്ടിക്കിള്‍ ഇങ്ങനെ പറയുന്നു. ' യൂണിയന് ഒരു പാര്‍ലമെന്റ് വേണം. അത് രാഷ്ട്രപതിയും രണ്ട് സഭകളും ചേര്‍ന്നതാണ്. ഒരു സഭ സംസ്ഥാനങ്ങളുടെ കൗണ്‍സിലും, രണ്ടാമത്തേത് ജനപ്രതിനിധി സഭയുമായിരിക്കും'. ഇങ്ങനെ ഭരണഘടന കൃത്യമായി പറയുന്നു, ഇന്ത്യന്‍ പാര്‍ലമെന്റ് എന്നത് രാഷ്ട്രപതി കൂടി ഉള്‍പ്പെട്ടതാണെന്ന്. ഭരണഘടനാപരമായി, പാര്‍ലമെന്റ് എന്നത് രാഷ്ട്രപതി കൂടി ഉള്‍പ്പെട്ടതാണ്. അതുകൊണ്ട് രാജ്യത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരം ഉണ്ടാകുമ്പോള്‍ അത് ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയല്ലേ എന്ന ചോദ്യം നിയമപരം കൂടി ആകുന്നത്.

പാര്‍ലമെന്റും രാഷ്ട്രപതിയുമായുള്ള ബന്ധം

രാഷ്ട്രപതിയാണ് സംയുക്ത സഭകളുടെ യോഗത്തെ അഭിസംബോധന ചെയ്യേണ്ടത്. അത് പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ യോഗമാകാം. ഓരോ വര്‍ഷത്തെയും ആദ്യത്തെ പാര്‍ലമെന്റ് യോഗമാകാം. ഇതാണ് ഭരണഘടനയുടെ 86, 87 വകുപ്പുകള്‍ പറയുന്നത്. എന്നുമാത്രമല്ല, ലോക്‌സഭയും രാജ്യസഭയും പാസ്സാക്കിയത് കൊണ്ട് മാത്രം ഒരു ബില്ല് നിയമമാവില്ല. അതില്‍ രാഷ്ട്രപതി ഒപ്പുവെയ്ക്കുമ്പോള്‍, അംഗീകാരം നല്‍കുമ്പോള്‍ മാത്രമാണ് ബില്ല് നിയമമായി മാറുന്നത്. ഇതെല്ലാം കാണിക്കുന്നത് പാര്‍ലമെന്റ് എന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരം രാഷ്ട്രപതി കൂടി ചേര്‍ന്നതാണ്. ഇന്ത്യന്‍ ഭരണഘടന പ്രകാരം രാഷ്ട്രപതിയാണ് രാഷ്ട്രതലവന്‍, പ്രധാനമന്ത്രിയല്ല. പ്രധാനമന്ത്രി എന്നത് എക്‌സിക്യൂട്ടീവിന്റെ തലവന്‍ ആണ്. രാഷ്ട്രത്തിന്റേതല്ല.

നേരത്തെ, 20 വര്‍ഷം മുമ്പ് പാര്‍ലമെന്റ് ലൈബ്രറി മന്ദിരം ഉദ്ഘാടനം ചെയ്തത് അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണനായിരുന്നു. ആ കീഴ് വഴക്കം പാലിച്ച് രാഷ്ട്രപതി ദ്രൗപുദി മര്‍മുവായിരിക്കണം പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്നും നിയമരംഗത്തെ വിദഗ്ദരും പ്രതിപക്ഷ പാര്‍ട്ടികളും പറയുന്നു.

രാംനാഥ് കോവിന്ദിനെ ഒഴിവാക്കി വാര്‍ മെമ്മോറിയല്‍ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു

എന്നാല്‍ ഇതാദ്യമായല്ല, രാഷ്ട്രപതി എന്ന സ്ഥാനത്തെ താഴ്ത്തി കെട്ടിയുള്ള സമീപനം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. 2019 ല്‍ ന്യൂഡല്‍ഹിയില്‍ നാഷണല്‍ വാര്‍ മെമ്മോറിയല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഭരണഘടനയുടെ 53 -ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് സൈനിക വിഭാഗങ്ങളുടെ സര്‍വ സൈനാധിപന്‍ രാഷ്ട്രപതിയാണ്. സ്വാഭാവികമായും രാഷ്ട്രപതി സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന സംഗതി ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുക. എന്നാല്‍ രാംനാഥ് കോവിന്ദിനെ ഒഴിവാക്കി വാര്‍ മെമ്മോറിയല്‍ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു.

മെയ് 28, ദിവസത്തിന്റെ പ്രത്യേകത!

ഇതുമാത്രമല്ല, പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ച ദിവസം - ഈ മാസം മെയ് 28 ഉം വിവാദമായിരിക്കുകയാണ്. ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന, ഹിന്ദുത്വത്തിന്റെ ആചാര്യന്‍ വിഡി സവര്‍ക്കറിന്റെ ജന്മദിനമാണ് മെയ് 28 എന്നതാണ് വിവാദത്തിന്റെ അടിസ്ഥാനം. സ്വാതന്ത്ര്യ സമരത്തിനിടെ നിരവധി തവണ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് മാപ്പപേക്ഷ എഴുതി നല്‍കി, പുറത്തുവന്ന ഒരാളുടെ ജന്മദിനം പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് കണ്ടെത്തിയത്് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷം ബഹിഷ്‌കരിച്ചാലും ഇല്ലെങ്കിലും പാര്‍ലമെന്റ് മന്ദിരവും നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. പുതിയ ട്രെയിന്‍ സര്‍വീസ് മുതല്‍ എല്ലാം ഉദ്ഘാടനം ചെയ്യുന്നതില്‍ വിട്ടൂവീഴ്ച കാണിക്കാത്ത പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തിന്റെ കാര്യത്തിലും ഇളവ് അനുവദിക്കുമെന്ന് തോന്നുന്നില്ല. അതു പോലെ ബ്രിട്ടീഷ്‌കാര്‍ക്ക് മാപ്പപേക്ഷ നല്‍കിയ സവര്‍ക്കര്‍ ജനിച്ച ദിവസം ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തതിലും മാറ്റമുണ്ടാവില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചാര്യം അതാണ് പറയുന്നത്. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കുമെന്ന കാള്‍ മാര്‍ക്‌സിന്റെ വാക്കുകള്‍ ഈ സാഹചര്യത്തിലും മുഴങ്ങി നില്‍ക്കുകയും ചെയ്യുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in