കണക്കിലെ പുരോഗതി ജീവിതത്തിലുണ്ടോ?

കോവിഡ് മഹാമാരിയുടെ കാലത്ത് സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും അവരുടെ സമ്പത്ത് പ്രതിദിനം 3608 കോടി വർദ്ധിക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ

ഇന്ത്യയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർന്നോ?

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അത് ഗണ്യമായി ഉയർന്നുവെന്ന വാദമാണ് ചിലർ ഉന്നയിക്കുന്നത്. അതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത് നാഷണൽ സ്റ്റാറ്റിറ്റിക്‌സിന്റെ അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടാണ്. ഇന്ത്യക്കാരുടെ പ്രതിശീർഷ വരുമാനം ഇരട്ടിയായി എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടുവെന്ന് ഇക്കൂട്ടർ പറയുന്നത്. യഥാർത്ഥത്തിൽ പ്രതിശീർഷ വരുമാനം വർധിച്ചു എന്നത് കൊണ്ട് എല്ലാവരുടെയും ജീവിത നിലവാരം ഉയർന്നുവെന്ന് പറയാൻ കഴിയുമോ?

എന്താണ് പ്രതിശീർഷ വരുമാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപോർട്ടിൽ എട്ട് വർഷത്തിനിടെ ഇന്ത്യൻ പൗരന്മാരുടെ പ്രതിശീർഷ വരുമാനത്തിന്റെ കണക്കാണ് പ്രധാനമായും പറയുന്നത്. അതനുസരിച്ച് 2022-23ൽ ഇന്ത്യക്കാരുടെ പ്രതിശീർഷ വരുമാനം 1,72,000 രൂപയാണ്. 2014-15നെ അപേക്ഷിച്ച് നോക്കുമ്പോൾ നൂറ് ശതമാനത്തിലധികം വർധയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ ജീവിത നിലവാരം മോദി ഭരണകാലത്ത് ഉയർന്നതായും ഈ കണക്കിനെ അടിസ്ഥാനമാക്കി ചിലർ വാദിക്കുന്നു. ശരിക്കും അങ്ങനെയാണോ കാര്യങ്ങളെന്ന് നമുക്കൊന്ന് നോക്കാം.

പ്രതിശീർഷ വരുമാനത്തിന്റെ കണക്കുകൾ കൂടുതലായി പരിശോധിക്കും മുൻപ് എന്താണ് പ്രതിശീർഷ വരുമാനം കൊണ്ട് അർത്ഥമാക്കുന്നത് എന്ന് മനസിലാക്കേണ്ടതുണ്ട്. വളരെ ലളിതമായി പറഞ്ഞാൽ, ഒരു പ്രദേശത്തെ ജനങ്ങളുടെ മൊത്ത വരുമാനത്തെ അവിടുത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതി ശീർഷ വരുമാനം കണക്കാക്കുന്നത്. അതായത് 100 പേരുള്ള ഒരു പ്രദേശത്തെ ജനങ്ങളുടെ മുഴുവൻ വരുമാനം 1,00,000 രൂപയാണെങ്കിൽ അവിടുത്തെ പ്രതിശീർഷ വരുമാനം 1,00,000ത്തെ 100 കൊണ്ട് ഭരിക്കുമ്പോൾ കിട്ടുന്ന 1000 രൂപയാണ്. എന്നാൽ ഈ അളവുകോൽ ഒരിക്കലും ഒരു രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ സാമ്പത്തിക ശേഷിയെ പ്രതിഫലിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ചും ഇന്ത്യ പോലെ സാമ്പത്തിക അസമത്വം നിലനിൽക്കുന്ന ഒരു രാജ്യത്ത്.

അത് കൂടുതൽ മനസിലാകാനായി വേറൊരു ഉദാഹരണം കൂടി നോക്കാം. ഒരു നഗരത്തിലെ മുഴുവൻ ജനസംഖ്യ 1050 ആണെന്ന് കരുതുക. അവിടെയുള്ള 50 പേർ ചേർന്ന് നേടുന്ന വരുമാനം 5,00,000 രൂപയാണെന്നും ബാക്കിയുള്ള 1000 പേരുടേത് 25000 രൂപയെന്നും കരുതുക. ഈ പ്രദേശത്തെ പ്രതിശീർഷ വരുമാനം കണക്കാക്കാനായി ഓരോ വിഭാഗത്തിന്റെയും വരുമാനത്തെ അതാത് ജനസംഖ്യയുമായി ഗുണിക്കണം.

അതായത് 50 പേരുടെ മൊത്ത വരുമാനമായ 5,00,000 രൂപയുമായും 1000 പേരുടെ വരുമാനമായ 25000 രൂപയുമായി തമ്മിൽ ഗുണിക്കണം. അങ്ങനെ ഗുണിക്കുമ്പോൾ കിട്ടുന്ന ഉത്തരങ്ങൾ തമ്മിൽ കൂട്ടിയ ശേഷം ലഭിക്കുന്ന സംഖ്യയെ ആ പ്രദേശത്തെ മുഴുവൻ ജനസംഖ്യയായ 1050 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നതാണ് അന്നാട്ടിലെ പ്രതിശീർഷ വരുമാനം.

പ്രതിശീർഷ വരുമാന കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ഒന്ന് മുതൽ അഞ്ച് ശതമാനം വരെ വരുന്ന എലൈറ്റ് വിഭാഗങ്ങളുടെ പുരോഗതി മാത്രമാണ്. അല്ലാതെ ചിലർ പറയുംപോലെ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിത നിലവാരത്തെയല്ല

സത്യത്തിൽ ആ നഗരത്തിലുള്ള 95 ശതമാനം ആളുകളുടെയും വരുമാനം 25 ,000 മാത്രമാണെങ്കിലും അഞ്ച് ശതമാനത്തിന്റെ വരുമാനം വളരെ കൂടുതലായതിനാൽ പ്രതിശീർഷ വരുമാനവും അധികമായിരിക്കും. അതുകൊണ്ട് തന്നെ ഈ ഡാറ്റ എല്ലായ്‌പ്പോഴും ജീവിത നിലവാരത്തിന്റെ കൃത്യമായ പ്രാതിനിധ്യമായിരിക്കില്ല നൽകുന്നത്. കൂടാതെ വരുമാന അസമത്വവും ഈ കണക്കെടുപ്പിനെ ബാധിക്കുന്ന വിഷയമല്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

ഇന്ത്യയിലെ സ്ഥിതി

ഓക്‌സ്ഫം ഇന്ത്യ അടുത്തിടെ പുറത്തുവിട്ട ഒരു കണക്ക് ഈ അവസരത്തിലാണ് കൂടുതൽ പ്രസക്തമാകുന്നത്. റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ അഞ്ച് ശതമാനം ധനികരാണ് രാജ്യത്തിന്റെ മുഴുവൻ വരുമാനത്തിന്റെ 60 ശതമാനവും കൈവശം വച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യയിലെ 70 കോടി സാധാരണക്കാരുടെ പക്കലുള്ള സ്വത്തിനേക്കാൾ കൂടുതൽ 21 ശതകോടീവരന്മാരുടെ കയ്യിലുണ്ടെന്നും ഇതേ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരിയുടെ കാലത്ത് സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും അവരുടെ സമ്പത്ത് പ്രതിദിനം 3608 കോടി വർദ്ധിക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ. അത്രത്തോളം സാമ്പത്തിക അസമത്വം നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ എന്നത് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.അതുകൊണ്ട് തന്നെ പ്രതിശീർഷ വരുമാന കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ഒന്ന് മുതൽ അഞ്ച് ശതമാനം വരെ വരുന്ന എലൈറ്റ് വിഭാഗങ്ങളുടെ പുരോഗതി മാത്രമാണ്. അല്ലാതെ ചിലർ പറയുംപോലെ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിത നിലവാരത്തെയല്ല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in