മഹാത്മഗാന്ധി മുതൽ ഭിന്ദ്രന്‍വാല വരെ കവർ സ്റ്റോറിയായി; ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓർമയായിട്ട് 30 വർഷം 

മഹാത്മഗാന്ധി മുതൽ ഭിന്ദ്രന്‍വാല വരെ കവർ സ്റ്റോറിയായി; ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓർമയായിട്ട് 30 വർഷം 

ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രതിഫലനങ്ങൾ ഒരു നൂറ്റാണ്ട്  വായനക്കാർക്ക് പകർന്നുനൽകിയ ദി ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ അവസാന ലക്കം പുറത്തിറങ്ങിയത് 1993 നവംബർ 13 ന്

ഇന്ത്യയിലെ സെലിബ്രിറ്റികളുടെ മാസികയായിരുന്നു അത്; മാസികകളിലെ സെലിബ്രിറ്റിയും. ദി ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ: വരകളും വർണവും  സമർത്ഥമായി ഉപയോഗിച്ച് ലേഖനങ്ങളെ എങ്ങനെ മികവുറ്റതാക്കാമെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ച ആദ്യത്തെ പ്രസിദ്ധീകരണം. രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രതിഫലനങ്ങൾ ഒരു നൂറ്റാണ്ട്  വായനക്കാർക്ക് പകർന്നു നൽകിയ വാരിക അച്ചടി നിർത്തിയിട്ട് ഇന്ന് 30 വർഷം. 1993 നവംബർ 13 ന് ഇല്ലസ്ട്രേറ്റഡ് വീക്കിലി ഉടമകളായ ബന്നറ്റ് കോൾമാൻ കമ്പനിയുടെ ദയാവധത്തിനിരയായി.

മഹാത്മഗാന്ധി മുതൽ ഭിന്ദ്രന്‍വാല വരെ കവർ സ്റ്റോറിയായി വന്ന വാരിക. ഉപ്പ് സത്യാഗ്രഹം തൊട്ട്  മണ്ഡൽ കമ്മീഷൻ പ്രക്ഷോഭം വരെ വായനക്കാർ വായിച്ചറിഞ്ഞ വാരിക. സ്വാതന്ത്ര്യ സമരക്കാലത്തെ കഥകൾ, ഇന്ത്യ വിഭജനക്കാലത്തെ ഫോട്ടോ ഫീച്ചർ, ലേഖനങ്ങൾ എന്നിവയൊക്കെ ഇന്ത്യയിൽ ഒരു പ്രസിദ്ധീകരണവും നൽകാത്ത വിധം വൈവിധ്യത്തോടെ വായനക്കാരുടെ മുന്നിലെത്തിയത് ഇല്ലസ്ട്രേറ്റഡ് വീക്കിലിയിലൂടെയാണ്. ബോംബെ അധോലോകത്തെക്കുറിച്ച് ഏറ്റവും ആദ്യ ലേഖനങ്ങളൊക്കെ വന്ന വീക്കിലിയാണ്. വരദരാജ മുതലിയാർ തൊട്ട് ദാവൂദ് ഇബ്രാഹിം വരെയുള്ളവർ വീക്കിലിയിൽ പ്രത്യക്ഷപ്പെട്ടു. വിവാദ പുരുഷന്മാരായ ധീരേന്ദ്ര ബ്രഹ്മചാരിയെയും ഭഗവാൻ രജനീഷിനെയും പറ്റിയുള്ള ലേഖനങ്ങൾ വീക്കിലിയിൽ വന്നത് എറെ ചർച്ച ചെയ്യപ്പെട്ടു. ബോളിവുഡ് താരങ്ങളൊക്കെ കവർ ചിത്രമായി ആദ്യം വരാൻ ആരംഭിച്ചതും വീക്കിലിയിൽ തന്നെ. ഇന്തയിലെ ഏറ്റവും വായിക്കപ്പെട്ട ഖുഷ്വന്ത് സിങ്ങിന്റെ പംക്തി ഇല്ലസ്ട്രേറ്റഡ് വീക്കിലിയാണ് പ്രസിദ്ധീകരിച്ചത്.

ഓഷോ രജനീഷിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ച ലക്കത്തിന്റെ മുഖപ്പേജ്
ഓഷോ രജനീഷിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ച ലക്കത്തിന്റെ മുഖപ്പേജ്

ഇന്ത്യൻ പത്രലോകത്തെ പ്രഗൽഭരൊക്കെ വീക്കിലിയിൽ ഓരോ കാലത്ത് പ്രവർത്തിച്ചു. ഖുഷ്വന്ത് സിങ്, എം വി കാമത്ത്, പ്രിതിഷ് നന്ദി, ആർ കെ ലക്ഷ്മൺ, മറിയോ മിറാൻഡ എന്നിവരൊക്കെ വീക്കിലിയിലൂടെ  താരങ്ങളായവരാണ്.

ഇന്ത്യയിലെ ഇംഗ്ലീഷുകാരുടെ വിനോദോപാധികളെ സമൂഹത്തിൽ ചർച്ചാ വിഷയമാക്കാനും അവരുടെ  കലാ സാഹിത്യ സാംസ്കാരിക മികവുകളെ പ്രോത്സാഹിപ്പിക്കാനുമായി ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ അനുബന്ധമായി 1880 ജനുവരിയിലാണ് 'ടൈംസ് ഓഫ് ഇന്ത്യ ഇല്ലസ്ട്രേറ്റഡ് വീക്കിലി' എന്ന പേരിൽ ഞായറാഴ്ചകളിൽ മാത്രം അച്ചടിച്ചിറക്കുന്ന ഒരു പ്രസിദ്ധീകരണം ആരംഭിക്കുന്നത്. അന്നത്തെ വരേണ്യ സമൂഹത്തിലെ സ്ത്രീകളുടെ ഇഷ്ടവിഷയങ്ങളായ ഫാഷൻ, പാചകം, പുഷ്പാലങ്കാരം, ഗൃഹപരിചരണം, തുടങ്ങിയവയായിരുന്നു മാസികയുടെ ഉള്ളടക്കം. വിദൂരത്തുള്ള, തങ്ങളുടെ മാതൃരാജ്യമായ ഇംഗ്ലണ്ടിലെ സാംസ്‌കാരിക പൈതൃകം വീക്കിലി വായിക്കുമ്പോൾ അവർ അനുഭവിച്ചു. ബോംബെയിലെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ എഡിറ്റോറിയൽ സ്റ്റാഫായിരുന്നു ആദ്യ കാലങ്ങളിൽ വീക്കിലി എഡിറ്റ് ചെയ്ത് ഇറക്കിയിരുന്നത്. 

ടൈംസ് ഓഫ് ഇന്ത്യ ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ ഒരു ലക്കം
ടൈംസ് ഓഫ് ഇന്ത്യ ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ ഒരു ലക്കം

1928 മുതൽ വീക്കിലി സ്വതന്ത്ര പ്രസിദ്ധീകരണമായി. ‘ദി ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ’ എന്ന പേരിൽ പുനഃ നാമകരണം ചെയ്യപ്പെട്ട വാരികയ്ക്ക് ടൈംസ് കെട്ടിടത്തിൽ സ്വന്തമായി രണ്ട് മുറിയും എഡിറ്ററെയും സ്ഥിരം ജോലിക്കാരെയും ലഭിച്ചു. ആദ്യത്തെ  എഡിറ്ററായി ചുമതലയെടുത്ത സ്റ്റാൻലി ജെപ്സൺ പ്രതിഭാശാലിയായ പത്രപ്രവർത്തകനായിരുന്നു. വീക്കിലിയുടെ എഡിറ്റോറിയൽ നിലവാരം കുറെക്കൂടി ഉയർത്തുകയായിരുന്നു ജെപ്സൺ ആദ്യം ചെയ്തത്. ഇന്ത്യയിലെത്തിയ പുതിയ ഹൈ-സ്പീഡ് ഫിലിമുകൾ, പ്രത്യേക ലെൻസുകൾ, കാൻഡിഡ് ക്യാമറകൾ എന്നിവ  ജെപ്‌സൺ തന്റെ ഫോട്ടോഗ്രാഫർമാർക്ക് നൽകി. ഫോട്ടോഗ്രാഫുകൾ പുനഃനിർമിച്ച് പ്രസിദ്ധീകരണത്തിൽ കൊടുക്കുന്ന  സംവിധാനമുണ്ടാക്കിയ ഇന്ത്യയിലെ  ആദ്യത്തെ മാഗസീൻ എഡിറ്ററാണ് ജെപ്സൺ.

സ്റ്റാൻലി ജെപ്സൺ
സ്റ്റാൻലി ജെപ്സൺ

1935-ൽ വീക്കിലിയുടെ 55-ാം വാർഷികത്തിൽ ‘കോമൺസെൻസ് ക്രോസ്‌വേഡ്‌സ്’ എന്ന പദപ്രശ്ന മത്സരം ആരംഭിച്ചു. ഇന്ത്യയിലെ ഇംഗ്ലീഷ് മാസികകളിലെ പദപ്രശ്ന മത്സരങ്ങളുടെ തുടക്കം അതായിരുന്നു

ആധുനിക സാങ്കേതിക വിദ്യയായ ഗ്രാവൂർ പ്രിന്റിങ് ഉപയോഗിക്കാൻ തുടങ്ങിയതോടെ വീക്കിലിയിലെ കളർ പേജുകൾ ഇംഗ്ലണ്ടിലും അമേരിക്കയിലും അച്ചടിക്കുന്ന വീക്കിലികളുടെ നിലവാരത്തിലേക്കുയർന്നു. ഈ സംവിധാനത്തിലച്ചടിക്കുന്ന ഏഷ്യയിലെ ഒരേയൊരു പ്രസിദ്ധീകരണം ‘ദി ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ’ യായിരുന്നു.

1935-ൽ വീക്കിലിയുടെ 55-ാം വാർഷികത്തിൽ ‘കോമൺസെൻസ് ക്രോസ്‌വേഡ്‌സ്’ എന്ന പദപ്രശ്ന മത്സരം ആരംഭിച്ചു. ഇന്ത്യയിലെ ഇംഗ്ലീഷ് മാസികകളിലെ പദപ്രശ്ന മത്സരങ്ങളുടെ തുടക്കം അതായിരുന്നു. ‘അമ്പതിനായിരം രൂപ’ യായിരുന്നു സമ്മാനത്തുക! 1935 ലെ 50,000 രൂപ! എറെ  ജനപ്രീതി നേടിയ ഈ മത്സരത്തിൽ ഉഗാണ്ട, കെനിയ, കുവൈറ്റ്, ബർമ, സിലോൺ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വരെ കൂപ്പണുകൾ വന്നു. പൂരിപ്പിച്ച മത്സര കൂപ്പണുകൾ നൽകാൻ ബോംബയിലെ ടൈംസ് ബിൽഡിങ്ങിനുമുന്നിൽ  മത്സരാർത്ഥികളുടെ നീണ്ട വരികൾ  രൂപം കൊണ്ടു.

വീക്കിലിയെ മികച്ചതാക്കിയ എഡിറ്റർ ജെപ്സൺ 1947 ൽ വിരമിച്ചു.  ഇന്ത്യ സ്വതന്ത്രമായി ഒരു വർഷം കഴിഞ്ഞ് 1948 സെപ്റ്റംബറിൽ സി ആർ മാണ്ഡി എഡിറ്ററായി ചുമതലയേറ്റു. ഹെർമ്മൻ ഹെസ്സെയുടെ വിശ്വപ്രസിദ്ധമായ ക്ലാസിക്ക് നോവൽ ‘ സിദ്ധാർത്ഥ’ മനോഹരമായ ചിത്രീകരണത്തോടെ അക്കാലത്ത് വീക്കിലിയിൽ ഖണ്ഡശ പ്രസിദ്ധികരിച്ചിരുന്നു. കാമാട്ടിപുരിയിലെ തെരുവിലെ ലൈംഗികത്തൊഴിലാളികളെക്കുറിച്ച് ‘ബോംബെയിലെ മറ്റൊരു മൃഗശാല‘ എന്ന ശീർഷകത്തിൽ  സചിത്ര ലേഖനം വന്നത് അക്കാലത്ത് വിവാദമായി. ഇന്ത്യൻ പ്രസിദ്ധീകരണങ്ങളിൽ  ഈ വിഷയത്തിൽ ആദ്യം വന്ന ലേഖനങ്ങളിലൊന്നായിരുന്നു ഇത്.

ഇല്ലസ്ട്രേറ്റഡ് വീക്കിലിയിലെ കോമിക്ക് പേജ്
ഇല്ലസ്ട്രേറ്റഡ് വീക്കിലിയിലെ കോമിക്ക് പേജ്

ആ വർഷം തന്നെ  വീക്കിലിയുടെ ഉടമയായ ബന്നറ്റ് കോൾമാൻ കമ്പനി ഇന്ത്യൻ വ്യവസായി രാമകൃഷ്ണ ഡാൽമിയ കൈകളിലേക്ക് എത്തിച്ചേർന്നു. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ കോമിക്ക് കഥാ പാത്രമായ ലീ ഫാക്കിന്റെ ‘ഫാന്റം’ ആദ്യമായി ഇന്ത്യൻ വായനക്കാർ വായിച്ചത്  ഇലസ്ട്രേറ്റഡ് വീക്കിലിയിലൂടെയാണ്. 1952 ഫെബ്രുവരി 24 ലക്കത്തിൽ ആദ്യ ഫാന്റം കോമിക്ക് സ്ട്രിപ്പ് വായനക്കാരുടെ മുന്നിലെത്തി. 1953 ൽ  ദി ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ’യുടെ ആദ്യത്തെ ഇന്ത്യക്കാരനായ എഡിറ്ററായി എ എസ് രാമൻ ചുമതലയേറ്റു. കുറെ കാലമായി 68,000 കോപ്പിയിൽ ഉറച്ചുനിന്നിരുന്ന വീക്കിലിയെ പ്രചാരത്തിൽ മുന്നോട്ടുനയിക്കാൻ പുതിയ എഡിറ്റർക്ക് കഴിഞ്ഞില്ല. ചിത്രകല തുടങ്ങിയ കലാഭിരുചികളിൽ വിദഗ്ധനായിരുന്ന രാമൻ വീക്കിലിയെ ഒരു ആർട്ട് മാസികയാക്കാനാണ് ശ്രമിച്ചത്. ഉദ്ദേശം നല്ലതായിരുന്നെങ്കിലും വായനക്കാർ അത് തിരസ്കരിച്ചു. കോപ്പികൾ കുറയാനാരംഭിച്ചു. പുതിയ  എഡിറ്റർ ഒരു ദുരന്തമായി. വീക്കിലിയിലെ കവർ ചിത്രങ്ങൾ വിറ്റ് പണം നേടിയെന്നുള്ള ആരോപണങ്ങൾ ഇതിനിടെ എഡിറ്റർക്ക് നേരെ ഉയർന്നു. ഏറെ താമസിയാതെ എഡിറ്റർ പദവിയിൽനിന്ന് അദ്ദേഹം നീക്കം ചെയ്യപ്പെട്ടു.

വീക്ക്‌ലിയുടെ ആദ്യ ഇന്ത്യൻ എഡിറ്ററായ എഎസ് രാമൻ മുൻ പ്രതിരോധമന്ത്രി വികെ കൃഷ്ണ മേനോനൊപ്പം
വീക്ക്‌ലിയുടെ ആദ്യ ഇന്ത്യൻ എഡിറ്ററായ എഎസ് രാമൻ മുൻ പ്രതിരോധമന്ത്രി വികെ കൃഷ്ണ മേനോനൊപ്പം

1969- ൽ വീക്കിലി എഡിറ്റായി എത്തിയ ഖുഷ്വന്ത് സിങ്ങ് ആദ്യം തന്നെ വീക്കിലിയിലെ പത്രാധിപ സമിതി അംഗങ്ങളോട് പറഞ്ഞു: “എനിക്ക് പത്രപ്രവർത്തനമോ എഡിറ്റിങ്ങോ അറിയില്ല എങ്കിലും ഇതൊരു വെല്ലുവിളിയായ് ഞാൻ ഏറ്റെടുക്കുന്നു”. 

ഇന്ത്യ൯ സമൂഹത്തിലെ കുലീനമായ അന്തരീക്ഷത്തെ പരിപോഷിക്കുന്ന ലേഖനങ്ങൾ, വിഖ്യാതരായ ചിത്രകാരന്മാരെക്കുറിച്ചും അവരുടെ ചിത്രങ്ങളെക്കുറിച്ചുമുളള സചിത്രലേഖനങ്ങൾ തുടങ്ങിയവ ആദ്യമായി ഖുഷ്വന്ത് സിങ്ങ് വാരികയിൽനിന്ന് നിഷ്കാസനം ചെയ്തു. പകരം എരിവും പുളിയുമുളള ചേരുവകൾ  ചേ൪ത്തു. അന്നുവരെ അച്ചടിക്കാത്ത പ്രധാനപ്പെട്ട ചേരുവയായ രാഷ്ട്രീയം ആദ്യമായി വീക്കിലിയിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിശകലനങ്ങൾ പലതും ഏറ്റവും മനോഹരമായി പ്രത്യക്ഷപ്പെട്ടത് വീക്കിലിയായിരുന്നു.

ഖുഷ്വന്ത് സിങ്ങ്
ഖുഷ്വന്ത് സിങ്ങ്

തന്റെ പത്രപ്രവ൪ത്തനത്തെക്കുറിച്ച് മറച്ചുവയ്ക്കാ൯ അദ്ദേഹത്തിന് ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹം എഴുതി, ''ഒരിക്കലും  കപടനാട്യക്കാരനാവരുത്. സത്യസന്ധനായിരിക്കുകയും കടിച്ചാൽ പൊട്ടാത്ത ഭാഷ ഉപയോഗിക്കാതിരിക്കുകയും വേണം.  ഉപന്യാസ ക൪ത്താവോ നോവലിസ്റ്റോ ആകട്ടെ, എഴുത്തുകാരന്റെ ഉത്തരവാദിത്വം വായനക്കാരനെ പ്രകോപിപ്പിക്കുകയോ രസിപ്പിക്കുകയോ ചെയ്യണം. അറിവ് നല്കുക,  വായനക്കാരന് അറിയാത്തെങ്കിലും നൽകുക എന്നതാണ് നിങ്ങളുടെ വെല്ലുവിളി. വായനക്കാരന്റെ നിലവാരത്തിൽ താഴ്ന്നതൊന്നും പറയരുത്. നി൪ഭയനായിരിക്കുകയും വേണം.''

ഇന്ത്യയിലെ ഏറ്റവും മികച്ച കാർട്ടുണിസ്റ്റായ മറിയോ മിറാൻഡയുടെ ആദ്യ വരകൾ വീക്കിലിയിലൂടെയാണ് വെളിച്ചം കണ്ടത്

പത്രാധിപന്മാ൪ അധമമെന്ന് കരുതിയ വിഷയങ്ങൾ തിരഞ്ഞെടുത്ത് വീക്കിലിയുടെ പേജുകളിൽ  അച്ചടിച്ചു. അദ്ദേഹത്തിന്റെ പംക്തികളിലും ഈ വ്യത്യസ്തത കാണാ൯ തുടങ്ങി. മദ്യപാനത്തിലെ സന്തോഷം, സിനിമാ താരങ്ങളുടെ രഹസ്യകഥകൾ തുടങ്ങിയവ രസകരമായ ഭാഷയിൽ പ്രത്യക്ഷപ്പെട്ടത് വായനക്കാരെ മയക്കി. വാരികയുടെ പ്രചാരം ഉയ൪ന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ഒരു ഇംഗ്ലീഷ് വാരിക ഒരു ലക്ഷം കോപ്പി അച്ചടിച്ചു.

വീക്കിലിയുടെ മാതൃപ്രസിദ്ധീകരണമായ ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്ററായ ശ്യാംലാൽ ഇതിനെക്കുറിച്ച് പറഞ്ഞത്. "എരുമച്ചാണകത്തെ ഒരു കലാരൂപമാക്കി" എന്നായിരുന്നു.  “എനിക്കത് രസിച്ച ഒരു മുഖസ്തുതിയായിരുന്നു"വെന്ന് ഖുഷ് വന്ത് എഴുതി. അദ്ദേഹത്തിന്റെ  എഴുത്ത് വായനക്കാരെ തന്നിലേക്കാക൪ഷിച്ചു. അദ്ദേഹത്തിന്റെ പംക്തികൾ വളരെ ജനപ്രീതി നേടി. വീക്കിലിയുടെ എഡിറ്ററുടെ പേജ് ഇന്ത്യയിൽ ഏറ്റവും അധികം വായിക്കപ്പെടുന്ന ഒന്നായി മാറി.

മറിയോ മിറാൻഡ
മറിയോ മിറാൻഡ

ഇന്ത്യയിലെ ഏറ്റവും മികച്ച കാർട്ടുണിസ്റ്റായ മറിയോ മിറാൻഡയുടെ ആദ്യ വരകൾ വീക്കിലിയിലൂടെയാണ് വെളിച്ചം കണ്ടത്. ഗോവയും ബോംബെയും  മറിയോയുടെ വീക്കിലിയിലെ വരകളിലൂടെ അനശ്വരമായി. ലളിതമായ ആ വരകൾ വായനക്കാരെ സന്തോഷിപ്പിക്കുകയും  വിസ്മയിപ്പിക്കുകയും ചെയ്തു. കോക്‌ടെയിൽ കുടിക്കുന്ന സ്ത്രീകൾ, തൊപ്പികൾ ധരിച്ച ഗോവൻ വിനോദസഞ്ചാരികൾ, സ്യൂട്ട്‌കേസുകൾ വലിച്ചിഴയ്ക്കുന്ന സ്ത്രീകൾ, ഫെനി കുടിക്കുന്ന, ഭക്ഷണശാലയ്ക്ക് ചുറ്റും കൂടിയിരിക്കുന്ന പ്രാദേശിക ഗ്രാമീണർ, ഒരു കൊട്ടയിലെ മത്സ്യമോ പൂക്കളോ ഏറ്റി നടക്കുന്ന നാടൻ സ്ത്രീകൾ -  ഇവയെല്ലാം വായനക്കാരുടെ മനസ്സിൽ അനശ്വരമായ ചിത്രങ്ങളായി ഇടം നേടി.

മറിയോ മിറാൻഡയുടെ ക്ലാസിക്ക് ചിത്രം
മറിയോ മിറാൻഡയുടെ ക്ലാസിക്ക് ചിത്രം

പ്രചാരം രണ്ട് ലക്ഷം കോപ്പി എത്തിയാൽ വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഖുഷ്വന്ത് പ്രചാരം രണ്ടും കടന്ന് മൂന്ന് ലക്ഷത്തിലെത്തിച്ചു. ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും പ്രചാരമുള്ള, അതിലും പരസ്യ വരുമാനമുള്ള പ്രസിദ്ധീകരണമായി ദി ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ

ആർ കെ നാരായൺ, നിസിം ഇസേക്കൽ, കമലാദാസ്, ഡോം മോറൈസ്, വിദേശ ഇന്ത്യൻ എഴുത്തുകാരായ വേദ് മേത്ത, വി എസ് നയ്പാൾ, വിക്രം സേഥ് തുടങ്ങിയ അക്കാലത്തെ എല്ലാ മികച്ച എഴുത്തുകാരും വീക്കിലിയിൽ എഴുതി. ഫാത്തിമ സഖറിയ, ആർ ജി കെ, രാജു ഭരതൻ എന്നീ മൂന്ന് പ്രതിഭാശാലികളായ അസിസ്റ്റന്റ് എഡിറ്റർമാരായിരുന്നു വീക്കിലിയുടെ ശിൽപ്പികൾ. 

പ്രചാരം രണ്ട് ലക്ഷം കോപ്പി എത്തിയാൽ വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഖുഷ്വന്ത് പ്രചാരം രണ്ടും കടന്ന് മൂന്ന് ലക്ഷത്തിലെത്തിച്ചു. ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും പ്രചാരമുള്ള, അതിലും പരസ്യ വരുമാനമുള്ള പ്രസിദ്ധീകരണമായി ‘ദി ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ’. പക്ഷേ പ്രസിദ്ധീകരണത്തിന്റെ കുലീനത്വം നഷ്ടമായെന്ന പരാതി വ്യാപകമായി പ്രചരിച്ചിരുന്നു. ബിക്കിനി ധരിച്ച മോഡലുകളും ലൈംഗിക പ്രസരമുള്ള ഗോസിപ്പുകളും വീക്കിലിയിൽ സ്ഥിരമായത് ക്ഷമിക്കാനുള്ള പക്വത ഇന്ത്യൻ സാമൂഹിക ലോകത്തിന് കുറവായിരുന്നു. “ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരണങ്ങളിൽ  ഏറ്റവും താഴെയുണ്ടായിരുന്ന വീക്ക്‌ലി ഒന്നാമതെത്തി. ഞാൻ ഇന്ത്യൻ മാഗസിൻ ജേണലിസത്തിന്റെ ലോകത്ത് ഒരു ആരാധനാപാത്രമായി മാറി, പലരും അഭിനന്ദിക്കുകയും എന്റെ സഹപ്രവർത്തകർ അസൂയപ്പെടുകയും വെറുക്കുകയും ചെയ്തു,”  ഖുഷ്വന്ത് സിങ് എഴുതി.

1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ സഞ്ജയ് ഗാന്ധിയുടെ ഭക്തി പ്രചരിപ്പിക്കാനുളള വ്യഗ്രതയിൽ ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ദിര ആൻഡ് സഞ്ജയ് ആയി മാറിയെന്ന് പലരും ആരോപിച്ചു. പക്ഷേ, അദ്ദേഹം കുലുങ്ങിയില്ല. “ഞാൻ ആരെയും ഗൗരവത്തിലെടുക്കാറില്ല. എന്നെപ്പോലും,” അദ്ദേഹം ഒരു ലേഖനത്തിൽ എഴുതി.

എന്നാൽ, 1977  അപമാനിതനായി ഖുഷ്വന്ത് സിങ് എഡിറ്റർ പദവിയിൽനിന്ന് പുറത്താക്കപ്പെട്ടു. ജൂലൈ 25 ന് രാവിലെ ഓഫീസിലെത്തിയ ഖുഷ്വന്തിന് ടൈംസ് ഗ്രൂപ്പിന്റെ ജനറൽ മാനേജർ രാം തർനേജ നൽകിയ ഹ്രസ്വമായ കത്തിൽ ‘ ഉടനടി ഓഫിസ് വിടാൻ’ നിർദേശിച്ചു. വർഷങ്ങളുടെ മികച്ച സേവനത്തിനുശേഷം ഖുഷ്വന്ത് സിങ്ങ് സ്വന്തം കുട ചൂടി  ഓഫീസിൽനിന്ന് റോഡിൽ മഴയത്തേക്ക് ഇറങ്ങുമ്പോൾ  ‘ദി ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ പ്രചാരം നാല് ലക്ഷം കോപ്പികൾ!’എന്ന ബോർഡ് ടൈംസ് ഓഫീസിലുള്ളത് അദ്ദേഹത്തെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിക്ക് അനഭിമതനായിരുന്നു ഖുഷ്വന്ത്  എന്നതായിരുന്നു തങ്ങളുടെ ഏറ്റവും മികച്ച എഡിറ്ററെ പുറത്താക്കാൻ കാരണം എന്ന് പറയപ്പെടുന്നു.

ഖുഷ്വന്ത് സിങ്ങിന്റെ എഡിറ്ററായിരിക്കെ ഇന്ത്യൻ സ്വീകരണ മുറികളിൽനിന്ന് പാടെ ഒഴിവാക്കപ്പെട്ട ഇല്ലസ്ട്രേറ്റഡ് വീക്കിലിയെ വീണ്ടും അവിടങ്ങളിൽ തിരികെയെത്തിച്ചു എന്നതായിരുന്നു കാമത്ത് എന്ന എഡിറ്റർ വീക്കിലിക്ക് നൽകിയ മികച്ച സംഭാവന

ടൈംസ് ഓഫ് ഇന്ത്യയുടെ വാഷിങ്ടൺ ലേഖകനും മുതിർന്ന പത്രപ്രവർത്തകനായ എം വി കാമത്താണ് പുതിയ എഡിറ്ററായി സ്ഥാനമേറ്റത്. അനുഭവ സമ്പത്തുള്ള എഡിറ്റായിരുന്നു കാമ്മത്ത്. വീക്കിലിയിൽ കഥകൾ, കവിതകൾ എന്നിവ കൈകാര്യം ചെയ്യാൻ അതതു മേഖലയിലെ പ്രഗൽഭരായ പാർട്ട് ടൈം എഡിറ്റർമാരെ നിയമിച്ചിരുന്നു. ചെറുപ്രായത്തിൽ അർബുദം ബാധിച്ച് മരിച്ച ഗീതാഞ്ജലിയെന്ന യുവ കവിയിത്രിയുടെ കവിതകൾ മരണശേഷം ആദ്യമായി വീക്കിലിയുടെ കവിതാ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചത് വായനക്കാർ ഹൃദയസ്പർശിയായി സ്വീകരിച്ചു. കവിതാ വിഭാഗം കൈകാര്യം ചെയ്ത പ്രതീഷ് നന്ദിയുടെ കുറിപ്പോടെ പ്രസിദ്ധീകരിച്ച കവിതകൾ വൻ സ്വീകാര്യത നേടി.

ഖുഷ്വന്ത് സിങ്ങിന്റെ എഡിറ്ററായിരിക്കെ ഇന്ത്യൻ സ്വീകരണ മുറികളിൽനിന്ന് പാടെ ഒഴിവാക്കപ്പെട്ട ഇല്ലസ്ട്രേറ്റഡ് വീക്കിലിയെ വീണ്ടും അവിടങ്ങളിൽ തിരികെയെത്തിച്ചു എന്നതായിരുന്നു കാമത്ത് എന്ന എഡിറ്റർ വീക്കിലിക്ക് നൽകിയ മികച്ച സംഭാവന. 1980 ൽ ഇല്ലസ്ട്രേറ്റഡ് വീക്കിലി നൂറ് വർഷം പിന്നിടുന്ന ശതാബ്ദിയാഘോഷിക്കുന്ന ആദ്യ ഇംഗ്ലീഷ് വാരികകളിലൊന്നായി. എം വി കാമത്ത് വിരമിച്ചപ്പോൾ ടൈംസ് ഓഫ് ഇന്ത്യയുടെ ബോംബെ പതിപ്പിന്റെ ചുമതലക്കാരൻ കെ സി ഖന്ന എഡിറ്ററായി.

വാരികയുടെ ചരിത്രത്തിലെ അടുത്ത വഴിത്തിരിവ് ബന്നറ്റ് കോൾമാൻ പുതിയ തലമുറക്കാർ ഏറ്റെടുത്തതായിരുന്നു. സമീർ ജെയിനും വിനീത് ജെയിനും നേതൃരംഗത്ത് വന്നു. ജെയിൻ സഹോദരങ്ങൾക്ക് ഒരു വ്യവസായ തത്വശാസ്ത്രമേയുള്ളൂ - വിജയിക്കുന്ന, ലാഭമുള്ള കച്ചവടം. ഇല്ലസ്ട്രേറ്റഡ് വീക്കിലി ടൈംസ് ഗ്രൂപ്പിന്റെ പുതിയ നയത്തിൽ വിജയിക്കുന്ന  ഒരു പ്രസിദ്ധീകരണമായിരുന്നില്ല. ഇന്ത്യാ ടുഡെ, സൺഡേ എന്നീ വാരികകൾ സാങ്കേതികമായും പുതിയ എഡിറ്റോറിയൽ ശൈലിയിലും വീക്കിലിയെ മറികടക്കാൻ തുടങ്ങി. വീക്കിലി നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

സാധാരണ ഗതിയിൽ  സമീർ ജെയിനിന്റെ കണക്ക് പുസ്തകത്തിൽ നഷ്ടത്തിന് സ്ഥാനമില്ലാത്തതാണെങ്കിലും അയാൾ ഒരു ശ്രമം കൂടി നടത്താൻ തീരുമാനിച്ചു. 1982 ൽ കമ്പനി അതിന്റെ എല്ലാ മാസികകളും കൈകാര്യം ചെയ്യാൻ ഒരു മിടുക്കനും പ്രതിഭാശാലിയുമായ ഒരു  എഡിറ്ററെ കൊണ്ടുവന്നു.  കവിയും എഴുത്തുകാരനുമായ പ്രിതിഷ്  നന്ദിയെ. ഇരുപത്തഞ്ചാം വയസ്സിൽ പത്മശ്രീ പുരസ്കാരം നേടിയ കവി കൂടിയായ അദ്ദേഹത്തിന്റെ നിരവധി കവിതാസമാഹാരങ്ങൾ അക്കാലത്ത്  ശ്രദ്ധ നേടിയിരുന്നു. പ്രിതിഷ് നന്ദിയെ ബെന്നറ്റ് കോൾമാൻ എല്ലാ പ്രസിദ്ധീകരണങ്ങളുടേയും പബ്ലിഷിങ് ഡയറക്ടറായാണ് നിയമിച്ചത്. പരമ്പരാഗത പത്രപ്രവർത്തകന്റെ രീതിയോ ശൈലിയോ പ്രിതിഷ് നന്ദിക്കുണ്ടായിരുന്നില്ല.

പ്രിതിഷ് നന്ദി
പ്രിതിഷ് നന്ദി

“മാഗസിൻ എഡിറ്റർ ആകാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അല്ലെങ്കിൽ ഒരു പത്രപ്രവർത്തകനാകാൻ  പോലും. എന്റെ മുൻഗണന കവിതക്കാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനം അതിന് തന്നെ. നാലാമത്തേത് ഒരു പ്രൊഫഷണൽ ബോക്സറാകാനും,” പ്രതീഷ് നന്ദി ഒരിക്കൽ പറഞ്ഞു. അത്തരമൊരാളെയാണ് സമീർ ജെയിൽ അത്ഭുതങ്ങൾ കാണിക്കാൻ തിരഞ്ഞെടുത്തത്. പ്രതീഷ് നന്ദി യെന്ന എഡിറ്ററുടെ തുടക്കം ഗംഭിരമായിരുന്നു. തകർപ്പൻ അന്വേഷണാത്മക കഥകൾ, പരിസ്ഥിതി, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സുദീർഘമായ ഗൗരവമേറിയ ലേഖനങ്ങൾ, കല, സംഗീതം, സിനിമകൾ എന്നിവയെ കുറിച്ചുള്ള പ്രത്യേക ഫീച്ചറുകൾ എന്നിവ വീക്കിലിയിൽ തുടരെ പ്രത്യക്ഷപ്പെട്ടു. തികഞ്ഞ ഒരു രാഷ്ട്രീയ മാസികയായി ഇല്ലസ്ട്രേറ്റഡ് വീക്കിലി മാറി. അപ്പോഴും പ്രസിദ്ധീകരണം 2 മുതൽ 2.5 കോടി വരെ വാർഷിക നഷ്ടത്തിലായിരുന്നു. അതിനിടയിലാണ് കോളിളക്കം സൃഷ്ടിച്ച ജെ ബി പട്നായിക് മാനനഷ്ട കേസ് ഇടിത്തീ പോലെ വീക്കിലിയിൽ വന്ന് പതിച്ചത്. 1986 ൽ ഒഡിഷ മുഖ്യമന്ത്രിയായ ജെ ബി പട്നായിക്കിനെക്കുറിച്ച് ഇല്ലസ്ട്രേറ്റഡ് വീക്കിലിയിൽ വന്ന രണ്ട് ലേഖനങ്ങൾ തനിക്ക് അപകീർത്തികരമാണെന്ന് കാണിച്ച് ഒരു കോടി രൂപ നഷ്ടപരിഹാരവും വാരികയുടെ മാപ്പപേക്ഷയും ആവശ്യപ്പെട്ട് പട്നായിക്ക് വക്കീൽ നോട്ടിസ് അയച്ചു.

ഒഡിഷ മുഖ്യമന്ത്രിയായ ജെ ബി പട്നായിക്കിനെക്കുറിച്ച് വന്ന വീക്കിലിയുടെ മുഖപ്പേജ്
ഒഡിഷ മുഖ്യമന്ത്രിയായ ജെ ബി പട്നായിക്കിനെക്കുറിച്ച് വന്ന വീക്കിലിയുടെ മുഖപ്പേജ്

പ്രത്യേക ലേഖകനായ എസ് എൻ എം അബ്ദി എഴുതിയ രണ്ട് ലേഖനങ്ങൾ - ‘The strange escapades of J.B. Patnaik' and ‘Why is J.B. Pathaik being allowed to gag the press'  1986 മെയ് 18-24, ഓഗസ്റ്റ് 3-9 എന്നീ ലക്കങ്ങളിലെ രണ്ട് ലേഖനങ്ങളാണ്  വീക്കിലി എഡിറ്ററെ കോടതി കയറ്റിയത്. മൂന്ന് വർഷം കേസ് നടന്നു. ബെന്നറ്റ് കോൾമാൻ കമ്പനി വക്കീൽമാർ  കോടതിയിൽ വാദിച്ചത് ഇങ്ങനെ’ നയം രൂപീകരിക്കാനും എന്ത് അച്ചടിക്കണമെന്ന് നിശ്ചിയിക്കാനുള്ള തീരുമാനം ബി ജി വർഗീസ് -ഹിന്ദുസ്ഥാൻ ടൈംസ് കേസിൽ സുപ്രീം കോടതി എഡിറ്റർക്ക് കൊടുത്തിട്ടുണ്ട്. അതനുസരിച്ച് മാനനഷ്ടത്തിന്റെ പണം നൽകാനുള്ള ബാധ്യത എസിറ്റർക്കാണ്. മാനേജ്മെന്റ് ഒരു കാര്യം അച്ചടിക്കരുതെന്ന് എഡിറ്റററോട് പറഞ്ഞാൽ സുപ്രീം കോടതി വിധിയുടെ ലംഘനമാകും. അതനുസരിച്ച് ബാധ്യത എഡിറ്ററായ പ്രിതിഷ് നന്ദിക്കാണ്. അങ്ങനെ ഉടമ ബന്നറ്റ് കോൾമാൻ കമ്പനി കേസിൽനിന്ന് തലയൂരി. അതോടെ വിധി പ്രതികൂലമായാൽ നഷ്ടപരിഹാരമായ ഒരു കോടി പ്രതിഷ് നന്ദി നൽകണമെന്ന അവസ്ഥ. ഉടമയുടെ പിന്തുണ ഇല്ലാതായതോടെ എഡിറ്റർ പ്രിതിഷ് നന്ദി കീഴടങ്ങി. കോടതി  വിധിവരും മുൻപ് സ്വതന്ത്ര ഇന്ത്യയിലെ ഒരു പ്രസിദ്ധീകരണം ചരിത്രത്തിലാദ്യമായി കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന്റെ ഭാഗമായി നിരുപാധികം മാപ്പ് പറഞ്ഞു.

1990 ൽ വീക്കിലി ടാബ്ലോയിഡ് രൂപം മാറ്റിബ്രോഡ് ഷിറ്റ് രൂപമായ  പുറത്ത് വന്നു. സൺഡേ ഒബ്‌സർവർ, സൺഡേ മെയിൽ, സാറ്റർഡേ ടൈംസ്, ദി ഇക്കണോമിക് ടൈംസിന്റെ സൺഡേ എഡിഷൻ എന്നി മാസികകളോട് മത്സരിക്കാർ വീക്കിലി അശക്തമായിരുന്നു. വീക്കിലിയുടെ അവസാന തകർച്ചയ്ക്കും ഇതും കാരണമായി

ഇല്ലസ്ട്രേറ്റഡ് വീക്കിലിയിൽ തങ്ങളുടെ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചു.

We, Bennett, Coleman and Company Ltd, Pritish Nandy, editor of the llustrated Weekly and S.N.M. Abdi, special correspondent of the lIlustrated Weekly, had published two articles under the captions 'The strange escapades of J.B. Patnaik' and Why is J.B. Patnaik being allowed to gag the press' in the issues dated 18-24 May 1986 and 3-9 August 1986 respectively, based on information available to us. Subsequently, we found that the information, on the basis of which these articles were written, was not true and was politically motivated. We regret the damage done to Mr Patnaik's reputation and offer our apologies to him."

ഈ മാപ്പപേക്ഷ ഇന്ത്യൻ പത്രലോകത്തെ മാനം കെടുത്തിയെന്ന് വ്യാപകമായ വിമർശനത്തിന് വിധേയമായി.

1990 ൽ വീക്കിലി ടാബ്ലോയിഡ് രൂപം മാറ്റിബ്രോഡ് ഷിറ്റ് രൂപമായ  പുറത്ത് വന്നു. സൺഡേ ഒബ്‌സർവർ, സൺഡേ മെയിൽ, സാറ്റർഡേ ടൈംസ്, ദി ഇക്കണോമിക് ടൈംസിന്റെ സൺഡേ എഡിഷൻ എന്നി മാസികകളോട് മത്സരിക്കാർ വീക്കിലി അശക്തമായിരുന്നു. വീക്കിലിയുടെ അവസാന തകർച്ചയ്ക്കും ഇതും കാരണമായി. ഇത്തരം  പ്രസിദ്ധീകരണങ്ങൾക്ക് താൻ ഇനി പണം മുടക്കില്ലെന്ന് സമീർ ജെയിൻ പ്രഖ്യാപിച്ചു. അതോടെ അവസാനമടുത്തെന്ന് തീരുമാനമായി. നവംബർ ആദ്യം സമീർ ജയിൻ വീക്കിലിയുടെ ഭാവി രണ്ട് വാക്കിലൊതുക്കി ’ അടച്ചു പൂട്ടുക’

logo
The Fourth
www.thefourthnews.in