മാത്യൂസ് വര്‍ഗീസ്, ജോസ് പനച്ചിപ്പുറം
മാത്യൂസ് വര്‍ഗീസ്, ജോസ് പനച്ചിപ്പുറം

മലയാള മനോരമയ്ക്ക് പുതിയ എഡിറ്റോറിയല്‍ ഡയറക്ടര്‍; നേതൃസംഘത്തിലേക്ക് കൂടുതല്‍ പുതുമുഖങ്ങള്‍

ഈ മാസം അവസാനം എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ് വിരമിക്കുന്ന ഒഴിവിലേക്ക് സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ആയ ജോസ് പനച്ചിപ്പുറം വരും

മലയാള മനോരമ ദിനപത്രത്തിന്റെ പുതിയ എഡിറ്റോറിയല്‍ ഡയറക്ടറായി ജോസ് പനച്ചിപ്പുറം ചുമതലയേല്‍ക്കും. ഈ മാസം അവസാനം നിലവിലെ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ് വിരമിക്കുന്ന ഒഴിവിലേക്ക് സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ആയ ജോസ് പനച്ചിപ്പുറത്തെ നിയമിക്കാന്‍ മനോരമ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതായി അറിയുന്നു.

പത്രാധിപ സ്ഥാനം ഉടമകളായ കണ്ടത്തില്‍ കുടുംബത്തിലെ ആരെങ്കിലും വഹിക്കുന്നതാണ് മലയാള മനോരമയിലെ പതിവ്. കെ എം മാത്യുവിന്റെ മക്കളായ മാമ്മന്‍ മാത്യു, ഫിലിപ്പ് മാത്യു, ജേക്കബ് മാത്യു എന്നിവരാണ് പത്രത്തിന്റെ ചീഫ് എഡിറ്റര്‍, എഡിറ്റര്‍, മാനേജിങ് എഡിറ്റര്‍ പദവികള്‍ നിലവില്‍ വഹിക്കുന്നത്. പത്രത്തിന്റെ എഡിറ്റോറിയല്‍ ടീമിനെ നയിക്കുന്നത് എഡിറ്റോറിയല്‍ ഡയറക്ടറാണ്, അദ്ദേഹത്തെ സഹായിക്കാന്‍ രണ്ട് അസോസിയേറ്റ് എഡിറ്റര്‍മാരും ഉണ്ടാകും.

മലയാള മനോരമ ന്യൂസ് റൂമില്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആണ് ദൈനംദിന പത്രാധിപ ചുമതല വഹിക്കുന്നത്. ആ പദവിയിലേക്കാണ് 72 വയസുള്ള ജോസ് പനച്ചിപ്പുറം കടന്നുവരുന്നത്. കഥാകൃത്തും ഹാസ്യ സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറം 1975-ല്‍ എഡിറ്റോറിയല്‍ ട്രെയിനി ആയാണ് മനോരമയില്‍ ചേരുന്നത്. നിലവില്‍ ഭാഷാപോഷിണി പത്രാധിപരുടെ ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്. വിരമിക്കുന്ന എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസും ഇതേ ബാച്ചില്‍ ട്രെയിനി ആയി ജോലി തുടങ്ങിയയാളാണ്.

കോട്ടയം വാഴൂര്‍ സ്വദേശിയായ ജോസ് പനച്ചിപ്പുറം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്റര്‍ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ആദ്യ പത്രപ്രവര്‍ത്തക ട്രെയിനി ബാച്ചിന് മലയാള മനോരമ അപേക്ഷ ക്ഷണിച്ചപ്പോള്‍ തനിക്ക് പ്രിയങ്കരമായ സാഹിത്യത്തോട് അടുത്തുനില്‍ക്കുന്ന കര്‍മ മണ്ഡലമായ പത്രപ്രവര്‍ത്തനത്തിലേക്ക് ചുവടുമാറാന്‍ അദ്ദേഹം തീരുമാനിച്ചു. ഡെസ്‌കിലെ ജോലിക്കൊപ്പം കഥയെഴുത്തും മുന്നോട്ടുകൊണ്ടുപോയ ജോസ് പനച്ചിപ്പുറം 'പനച്ചി' എന്ന തൂലിക നാമത്തില്‍ 'തരംഗങ്ങളില്‍' എന്ന പ്രതിവാര ആക്ഷേപ ഹാസ്യ പംക്തി മനോരമയില്‍ ആരംഭിച്ചു. 1979-ല്‍ ആരംഭിച്ച ഈ പംക്തി നിലവില്‍ ഇന്ത്യയിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴക്കമുള്ള പംക്തികളില്‍ ഒന്നാണ്.

മാത്യൂസ് വര്‍ഗീസ്, ജോസ് പനച്ചിപ്പുറം
ജനം വോട്ട് ചെയ്തത് കോൺഗ്രസ് പരിവാറിനാണ്, നെഹ്‌റു പരിവാറിനല്ല

പത്രപ്രവര്‍ത്തന ജീവിതവും എഴുത്തു ജീവിതവും ബാലന്‍സ് ചെയ്തുപോകുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഒരു പഴയ അഭിമുഖത്തില്‍ പനച്ചി മറുപടി പറഞ്ഞത്, ''പത്രപ്രവര്‍ത്തനത്തിന്റെ വെള്ളപ്പൊക്കത്തില്‍ മുങ്ങിച്ചാവാന്‍ തുടങ്ങുമ്പോഴും കഥയുടെ ഒരു കൈ വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍,'' എന്നായിരുന്നു. കുറെ വര്‍ഷം മുന്‍പുവരെ ആ ശ്രമം അദ്ദേഹം തുടര്‍ന്നുവെങ്കിലും പത്രാധിപ സമിതി അംഗങ്ങള്‍ മറ്റു പ്രസിദ്ധീകരങ്ങളില്‍ സര്‍ഗാത്മക രചനകളില്‍ ഏര്‍പ്പെടുന്നതിന് മാനേജ്മന്റ് വിലക്കേര്‍പ്പെടുത്തിയതോടെ എഴുത്ത് ഗണ്യമായി കുറച്ചു.

വിരമിക്കുന്ന എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസും 1975-ലാണ് മനോരമയില്‍ ചേരുന്നത്. അതിനു മുന്‍പ് തിരുവനന്തപുരത്ത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്‍സ് വിഭാഗത്തില്‍ സബ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. മനോരമ ദിനപത്രം നടപ്പാക്കിയ നിരവധി സാമൂഹിക സേവന പദ്ധതികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് 73-കാരനായ മാത്യൂസ് വര്‍ഗീസാണ്. സ്‌കൂള്‍ കുട്ടികളെ പത്രത്തിലേക്ക് ആകര്‍ഷിച്ച പഠിപ്പുര പോലുള്ള വൈവിധ്യമാര്‍ന്ന പല പദ്ധതികളും മാത്യൂസ് വര്‍ഗീസിന്റെ മുന്‍കൈയിലാണ് നടപ്പാക്കിയത്. തോമസ് ജേക്കബ് വിരമിച്ചതിനെ തുടര്‍ന്ന് 2017-ലാണ് മാത്യൂസ് വര്‍ഗീസ് മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആവുന്നത്.

പി ജെ ജോര്‍ജ്, പി ജെ ജോഷ്വ
പി ജെ ജോര്‍ജ്, പി ജെ ജോഷ്വ

ജോസ് പനച്ചിപ്പുറം എഡിറ്റോറിയല്‍ ഡയറക്ടര്‍ ആവുമ്പോള്‍ കോഴിക്കോട് എഡിഷനിലെ ചീഫ് ന്യൂസ് എഡിറ്റര്‍ ആയ പി ജെ ജോഷ്വ അസോസിയേറ്റ് എഡിറ്റര്‍ ആയി കോട്ടയത്തേക്ക് മാറും. നിലവില്‍ അസോസിയേറ്റ് എഡിറ്റര്‍ ആയ പി ജെ ജോര്‍ജിനൊപ്പം എഡിറ്റോറിയല്‍ നേതൃത്വത്തില്‍ അദ്ദേഹവും ഉണ്ടാകും. ഇപ്പോള്‍ കണ്ണൂരില്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആയ അനില്‍ രാധാകൃഷ്ണന്‍ കോഴിക്കോട് എഡിറ്റോറിയല്‍ മേധാവിയാവും. പകരം കോട്ടയത്ത് നിന്ന് മുഹമ്മദ് അനീസ് കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആയി കണ്ണൂരിലേക്കു മാറും.

logo
The Fourth
www.thefourthnews.in