നിഷേധിയായി വന്ന എം ടിയുടെ മമ്മൂട്ടി

നിഷേധിയായി വന്ന എം ടിയുടെ മമ്മൂട്ടി

സിനിമ അങ്ങനെയാണ്. ചിലർക്കത് അത്ഭുതങ്ങൾ കരുതിവെക്കുന്നു; മറ്റു ചിലർക്ക് തീരാവേദനകളും

മദ്യലഹരിയിൽ നിലത്തുറയ്ക്കാത്ത കാലുകളുമായി ഗേറ്റിലേക്ക് ചാഞ്ഞുനിന്ന് മേലേപ്പറമ്പിൽ മാധവൻകുട്ടി ഉറക്കെ വിളിച്ചു ചോദിക്കുന്നു: "എനിക്ക് അകത്തുവരാൻ തമ്പുരാന്റെ സമ്മതം ഉണ്ടാവ്വോ?"

"വരണം" എന്ന് തമ്പുരാൻ.

സ്വയം പരിചയപ്പെടുത്തിയ ശേഷം ധാർഷ്ട്യം കൈവിടാതെ മാധവൻകുട്ടി: "ഞാനല്പം കുടിച്ചിട്ടുണ്ട്..."

"ഞാനും" എന്ന് തമ്പുരാന്റെ മറുപടി.

കലഹിക്കാൻ ഒരുമ്പെട്ടു വന്ന മാധവൻകുട്ടിയെ "നിവർന്നു നിൽക്കാൻ കഴിയുന്ന നേരത്ത് വന്നാൽ നമുക്ക് നോക്കാം" എന്ന് പറഞ്ഞു തമ്പുരാൻ യാത്രയാക്കുന്നിടത്ത് തീരേണ്ടതായിരുന്നു ആ സീൻ.

പക്ഷെ സംഭവിച്ചത് മറിച്ചാണ്. സീൻ അവിടെ അവസാനിച്ചില്ലെന്ന് മാത്രമല്ല പിന്നീടങ്ങോട്ടുള്ള കഥ ആധുനിക മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. മമ്മുട്ടി യുഗം എന്ന് വിളിക്കാം നമുക്കതിനെ.

കാഴ്ചക്കാരനായ എന്റെ കഥയോ?

ആരാധനാപാത്രമായ "തമ്പുരാനെ" (സുകുമാരൻ) കാണാൻ തിയേറ്ററിൽ പോയ പ്രീഡ്രിഗ്രിക്കാരൻ ഒടുവിൽ മാധവൻകുട്ടിയുടെ കൂടി ആരാധകനായി വീട്ടിൽ തിരിച്ചെത്തി; ശുഭം.

"മേള"യും പിന്നാലെ മുന്നേറ്റവും തൃഷ്ണയും കൂടി വന്നതോടെ മമ്മൂട്ടിയുഗത്തിന് തിരശ്ശീല ഉയരുകയായി

കോഴിക്കോട് ഡേവിസണിൽ നിന്ന് "വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ" കണ്ടത് ഗോപിയേട്ടനും പാർവതിയേടത്തിക്കും ഒപ്പമാണ്. ആരാധനാപുരുഷനായ സുകുമാരനെ കാണുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഓതിരം കടകം ഡയലോഗ് വീശി എതിരാളികളെ നിലംപരിശാക്കിക്കൊണ്ട് സുകുമാരൻ മുന്നേറുന്ന സമയം. സുകുമാരന്റെ തീക്ഷ്ണമായ നോട്ടത്തിനും അർത്ഥഗർഭമായ മൂളലിനും ഒക്കെയുണ്ടായിരുന്നു അന്ന് ആരാധകർ. പോരാത്തതിന് പഴയ ഇഷ്ടതാരം സുധീർ, തുടക്കക്കാരനായ ശ്രീനിവാസൻ, ശ്രീവിദ്യ.. അങ്ങനെ പലരുമുണ്ട് സിനിമയിൽ. സർവോപരി എം ടിയുടെ കഥയും.

പിന്നീടങ്ങോട്ടുള്ള കഥ ആധുനിക മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറി. നമുക്കതിനെ മമ്മുട്ടി യുഗം എന്ന് വിളിക്കാം

പടത്തിന്റെ അന്തിമ ഘട്ടത്തിൽ മുഴുക്കുടിയനായി അവതരിച്ച മാധവൻകുട്ടിയാണ് പക്ഷേ ഞെട്ടിച്ചുകളഞ്ഞത്. വെള്ളിത്തിരയിലെ സ്ഥിരം മദ്യപാനികളുടെ വാർപ്പുമാതൃകകളിൽ ഒതുങ്ങാത്ത ഒരു നാട്ടിൻപുറക്കുടിയൻ. എന്തോ ഒരിഷ്ടം തോന്നി അയാളോട്; എതിർഭാഗത്ത് പ്രിയതാരം സുകുമാരനെങ്കിൽ കൂടി. "ഗോപ്യേട്ടാ ഇയാള് ഇനിം കൊറേക്കൂടി സിനിമേല് അഭിനയിക്കും ട്ടോ.." -- തിയേറ്ററിൽ തൊട്ടടുത്തിരുന്ന ഏട്ടനെ തോണ്ടി പറഞ്ഞത് ഓർമ്മയുണ്ട്.

നിഷേധിയായി വന്ന എം ടിയുടെ മമ്മൂട്ടി
കാലത്തിനൊപ്പം നടന്ന എം ടി

എം ടി കഥയെഴുതി എം ആസാദ് സംവിധാനം ചെയ്ത "വിൽക്കാനുണ്ട് സ്വപ്‌നങ്ങ"ളിൽ മാധവൻകുട്ടിയായി വന്നുപോയ നടന്റെ പേരറിയില്ല അന്ന്. അതറിഞ്ഞത് അടുത്തയാഴ്ചത്തെ കലാകൗമുദി ഫിലിം മാഗസിനിൽ നിന്നാണ്. പടത്തിന്റെ ശീർഷകങ്ങളിൽ അനേകരിലൊന്നായി മിന്നിമറഞ്ഞ പേരായിരുന്നല്ലോ മമ്മൂട്ടി. പ്രേംജി - കുഞ്ഞാണ്ടിമാർക്കും ഭാസ്കരക്കുറുപ്പ് - ചന്ദ്രന്മാർക്കും ഇടയിൽ ഞെരുങ്ങിക്കിടന്ന ആ പേര് പിൽക്കാലത്ത് എങ്ങനെ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായി മാറി എന്നോർക്കുമ്പോൾ വിസ്മയം. വിധി നമുക്കും മമ്മുട്ടിക്കും വേണ്ടി കരുതിവെച്ച അത്ഭുതങ്ങൾ അങ്ങനെ എത്രയെത്ര.

മമ്മുട്ടിയെ മമ്മുട്ടിയായിത്തന്നെ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ഹൃദയത്തോട് ചേർത്തുവെക്കുകയും ചെയ്തു മലയാളം

അനുഭവങ്ങൾ പാളിച്ചകൾ, കാലചക്രം എന്നീ സിനിമകളിലെ മിന്നിമറയലും വെളിച്ചം കാണാത്ത "ദേവലോക"ത്തിന്റെ ഭാഗ്യദോഷവും കടന്ന് "വിൽക്കാനുണ്ട് സ്വപ്‌നങ്ങ"ളിലെത്തിയതോടെയാവണം മമ്മൂട്ടിയുടെ രാശി തെളിഞ്ഞത്. 1980 മേയ് 16 നായിരുന്നു പടത്തിന്റെ റിലീസ്. ആ വർഷം ഡിസംബറിൽ "മേള"യും പിന്നാലെ മുന്നേറ്റവും തൃഷ്ണയും കൂടി വന്നതോടെ മമ്മൂട്ടിയുഗത്തിന് തിരശ്ശീല ഉയരുകയായി. ഇടയ്ക്ക് "സ്ഫോടന"ത്തിൽ സജിൻ ആയി വേഷപ്പകർച്ച നടത്തിനോക്കിയെങ്കിലും ഗുണമുണ്ടായില്ല. മമ്മുട്ടിയെ മമ്മുട്ടിയായിത്തന്നെ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ഹൃദയത്തോട് ചേർത്തുവെക്കുകയും ചെയ്തു മലയാളം.

അദ്ദേഹത്തെ പരിചയപ്പെടും മുൻപു തന്നെ എം ടി കൃതികളിലെ കഥാപാത്രമായി ഞാൻ മാറിയിട്ടുണ്ട്

മമ്മൂട്ടി

നിരവധി എം ടി കഥാപാത്രങ്ങളെ അസൂയാർഹമായ കയ്യൊതുക്കത്തോടെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പിൽക്കാലത്ത് മമ്മൂട്ടി. ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, അടിയൊഴുക്കുകൾ, അനുബന്ധം, ഇടനിലങ്ങൾ, കൊച്ചുതെമ്മാടി, ഒരു വടക്കൻ വീരഗാഥ, മിഥ്യ, സുകൃതം, കേരളവർമ്മ പഴശ്ശിരാജ.... "എം ടിയുമായുള്ള ബന്ധം എനിക്ക് വിശദീകരിക്കാൻ പറ്റാത്ത ഒന്നാണ്. അദ്ദേഹത്തെ പരിചയപ്പെടും മുൻപു തന്നെ എം ടി കൃതികളിലെ കഥാപാത്രമായി ഞാൻ മാറിയിട്ടുണ്ട്. അദ്ദേഹം എഴുതിയ കഥാപാത്രങ്ങളെ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. എന്റെ മഹാസാമ്രാജ്യത്തിലെ മനുഷ്യരായി അവരെ പ്രതിഷ്ഠിച്ച് ഒറ്റയാനായി ഞാൻ അഭിനയിച്ചു തീർത്തിട്ടുണ്ട്. എല്ലാ പുരസ്കാരങ്ങളും എം ടിയുടെ കാൽക്കീഴിൽ ഗുരുദക്ഷിണയായി ഞാൻ സമർപ്പിക്കുന്നു." -- എം ടിയ്ക്ക് നവതിപ്രണാമമായി നടത്തിയ പ്രസംഗത്തിൽ മമ്മൂട്ടി പറഞ്ഞു.

അസാമാന്യ പ്രതിഭാശാലിയായ ഒരു താരത്തിന്റെ ഉദയത്തിന് വഴിയൊരുക്കിയ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകളിൽ അതേ ചിത്രത്തിന്റെ സംവിധായകന്റെ "അസ്തമന"കഥ കൂടിയുണ്ട്. "വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ" പുറത്തിറങ്ങിയതിന്റെ പിറ്റേ വർഷം സ്വയം ജീവനൊടുക്കുകയിരുന്നു സംവിധായകൻ ആസാദ്. നൊമ്പരമുണർത്തുന്ന ഓർമ്മ.

സിനിമ അങ്ങനെയാണ്. ചിലർക്കത് അത്ഭുതങ്ങൾ കരുതിവെക്കുന്നു; മറ്റു ചിലർക്ക് തീരാവേദനകളും....

logo
The Fourth
www.thefourthnews.in