'ഞാൻ അറിഞ്ഞ നസീർ'; പ്രിയ നായകനെക്കുറിച്ച് ഷീല

'ഞാൻ അറിഞ്ഞ നസീർ'; പ്രിയ നായകനെക്കുറിച്ച് ഷീല

ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലെത്തിയ തനിക്ക് ആദ്യകാലത്ത് നസീറിനെയോ മധുവിനോ സത്യനെയോ എന്തിന് എംജിആറിനെപ്പോലും അറിയില്ലായിരുന്നുവെന്ന് ഷീല

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയജോഡികളാണ് നസീറും ഷീലയും. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ നായിക - നായികന്‍മാരായി അഭിനയിച്ച താരങ്ങളെന്ന ഗിന്നസ് റെക്കോര്‍ഡും ഇരുവരുടെയും പേരിൽ തന്നെ. 1963 ല്‍ പുറത്തിറങ്ങിയ 'നിണമണിഞ്ഞ കാല്‍പ്പാടുകളി'ലൂടെ വെളളിത്തിരയില്‍ ഒരുമിച്ച തങ്കച്ചനും അമ്മിണിയും കടത്തനാട്ടുമാക്കം (1978) വരെ 130ലേറെ ചിത്രങ്ങളിലാണ് ഒരുമിച്ച് അഭിനയിച്ചത്.

ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലെത്തിയ തനിക്ക് ആദ്യകാലത്ത് നസീറിനെയോ മധുവിനെയോ സത്യനെയോ എന്തിന് എംജിആറിനെപ്പോലും അറിയില്ലായിരുന്നുവെന്ന് തുറന്നുപറയുകയാണ് ഷീല. ഒപ്പം നസീറിനെക്കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവെക്കുന്നു.

നൂറിലേറെ ചിത്രങ്ങളില്‍ നസീറിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും അഗ്നിപുത്രിയാണ് ഞങ്ങൾ ഇരുവരുടെയും ഇഷ്ട ചിത്രം
ഷീല

ഷീല അറിയാത്ത എംജിആറും നസീറും

പതിമൂന്നാം വയസില്‍ ഞാന്‍ സിനിമയിലെത്തുമ്പോള്‍ ഇവരൊക്കെ (എംജിആര്‍, നസീര്‍, സത്യന്‍) വലിയ താരങ്ങളാണ്. പക്ഷേ എനിക്ക് ഇവരെ ആരെയും അറിയില്ല. ആദ്യ ചിത്രം എംജിആറിനൊപ്പമായിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ പോലും താരമെന്ന നിലയില്‍ അദ്ദേഹത്തിന്‌റെ വലുപ്പം എനിക്ക് മനസിലായിരുന്നില്ല. അതുപോലെ തന്നെയായിരുന്നു നസീറിനൊപ്പം അഭിനയിച്ചപ്പോഴും... അതുകൊണ്ട് നസീറിനൊപ്പമുള്ള നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ആദ്യ ചിത്രത്തെക്കുറിച്ച് പ്രത്യേകിച്ച് എന്തെങ്കിലും ഓര്‍മിക്കുന്നത് പോലുമില്ല. പിന്നീട് കേരളത്തിലേക്ക് വന്നശേഷം ചില സെറ്റുകളിലൊക്കെ ചെല്ലുമ്പോള്‍ ആരാധകരൊക്കെ പൊതിയുന്നത് കണ്ടപ്പോള്‍ മാത്രമാണ് ഇവരെക്കുറിച്ച് എനിക്ക് മനസിലായത്. മാത്രമല്ല ഇവരാരും തന്നെ സെറ്റില്‍ വലിയ താരങ്ങളാണെന്ന നിലയിലൊന്നുമല്ല ഇടപെട്ടിട്ടുള്ളത്. വളരെ എളിമയുള്ള കലാകാരന്‍മാരായിരുന്നു.

നസീറിന് ഇഷ്ടം അഗ്നിപുത്രി, എനിക്കും...

നൂറിലേറെ ചിത്രങ്ങളില്‍ നസീറിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും അഗ്നിപുത്രിയാണ് ഞങ്ങൾ ഇരുവരുടെയും ഇഷ്ട ചിത്രം. 1967 ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തില്‍ വലിയ നമ്പൂതിരി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കലക്ടറുടെ വേഷത്തിലാണ് നസീര്‍ അഭിനയിച്ചത്. ഞാന്‍ മോശം സാഹചര്യത്തില്‍ റെസ്‌ക്യൂ ഹോമിലെത്തിയ പെണ്‍കുട്ടിയുടെ വേഷത്തിലും... പിന്നീട് നസീര്‍ എന്നെ വിവാഹം കഴിക്കുന്നതൊക്കെയാണ് അതിന്‌റെ കഥ. കണ്ണുതുറക്കാത്ത ദൈവങ്ങളെ എന്ന പാട്ട് ചിത്രീകരിച്ചതൊക്കെ ഇപ്പോഴും നല്ല ഓര്‍മയുണ്ട്. എന്തുകൊണ്ടോ ആ സിനിമയാണ് ഇഷ്ടമെന്ന് നസീറും പലകുറി പറഞ്ഞിട്ടുണ്ട്.

സെറ്റിലെ നസീറും മധുവും സത്യനും

സിനിമയ്ക്കുപുറത്തുള്ള നസീറും അദ്ദേഹത്തിന്‌റെ മിക്ക കഥാപാത്രങ്ങളെ പോലെ തന്നെ സദ്ഗുണസമ്പന്നനായിരുന്നു. എല്ലാവരോടും വളരെ എളിമയോടെയും സ്‌നേഹത്തോടെയും ആദരവോടെയും മാത്രമേ നസീര്‍ പെരുമാറിയുള്ളൂ. ആരോടും ദേഷ്യമില്ല, പരിഭവമില്ല. രാവിലെ മുതല്‍ സെറ്റില്‍ വന്നിരുന്നിട്ടും ഒരു ഷോട്ട് പോലും എടുത്തില്ലെങ്കിലും പരാതി ഇല്ല... അങ്ങനെ ഒരാളെ മാത്രമേ ഞാന്‍ എന്‌റെ സിനിമാ ജീവിതത്തില്‍ കണ്ടിട്ടുള്ളൂ, അത് നസീറാണ്.

ഷൂട്ട് വൈകിയാല്‍ സത്യന്‍ എന്തെങ്കിലും കുത്തുവാക്കെങ്കിലും പറയുമായിരുന്നു. സത്യന്‍ സെറ്റിലെ ഒരു ഹെഡ് മാഷെപ്പോലെയാണ് പെരുമാറുക. മധുസാറും ഞാനും തമ്മില്‍ നല്ല വയസ് വ്യത്യാസമുണ്ടെങ്കിലും അദ്ദേഹം സുഹൃത്തിനെ പോലെയായിരുന്നു സെറ്റില്‍, എപ്പോഴും തമാശയും ചിരിയും ബഹളവുമൊക്കെയുണ്ടാകും. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ക്ലാസിലെ നിശബ്ദനായ കുട്ടിയെ പോലെയായിരുന്നു നസീര്‍. അദ്ദേഹം സെറ്റിലുണ്ടെന്ന് പോലും തോന്നുമായിരുന്നില്ല.

നസീറിന്‌റെ മറ്റൊരു പ്രത്യേക സെറ്റില്‍ എന്തുഭക്ഷണം കൊടുത്താലും കഴിക്കും. പക്ഷേ അദ്ദേഹം നോണ്‍വെജ് കഴിക്കുന്നതിനൊരു പ്രത്യേകതയുണ്ടായിരുന്നു. ചിക്കനൊക്കെ കഴിക്കുമ്പോള്‍ ചവച്ച് തുപ്പുകയായിരുന്നു ചെയ്തിരുന്നത്, നമ്മള്‍ മുരിങ്ങാക്കോലൊക്കെ കഴിക്കില്ലേ... അതുപോലെ. എല്ലാ നോണ്‍വെജ് ഭക്ഷണവും അങ്ങനെയാണ് കഴിച്ചിരുന്നത്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല , ഒരുപക്ഷേ അദ്ദേഹത്തിന് അതാകും ഇഷ്ടം.

'ഞാൻ അറിഞ്ഞ നസീർ'; പ്രിയ നായകനെക്കുറിച്ച് ഷീല
'പരീക്കുട്ടിക്ക് കറുത്തമ്മയുടെ ജന്മദിനാശംസ'; മധുവിനൊപ്പമുള്ള ഓർമകൾ പങ്കുവച്ച് ഷീല

നിയോഗം പോലെ

ആദ്യം ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നൂറിലേറെ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കും എന്നൊന്നും വിചാരിച്ചിരുന്നില്ല. ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടോ ഞങ്ങള്‍ ഒരുമിച്ച ചിത്രങ്ങളിലേറെയും ഹിറ്റായത് കൊണ്ടോയൊക്കെ സംഭവിച്ചുപോയതാണ്. പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ഇപ്പോള്‍ സന്തോഷം തോന്നുന്നു. പക്ഷേ അപ്പോഴും നസീര്‍ വിടപറഞ്ഞിട്ട് 35 വര്‍ഷമായി എന്ന് വിശ്വസിക്കാനാകുന്നില്ല.

logo
The Fourth
www.thefourthnews.in