മോദി വന്ന ശേഷം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത് നൂറിലധികം എംഎൽഎമാർ, ഭാരത് ജോഡോ അഭിമുഖീകരിക്കാത്ത രാഷ്ട്രീയ യാഥാർത്ഥ്യം

മോദി വന്ന ശേഷം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത് നൂറിലധികം എംഎൽഎമാർ, ഭാരത് ജോഡോ അഭിമുഖീകരിക്കാത്ത രാഷ്ട്രീയ യാഥാർത്ഥ്യം

പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങൾ മെനയുന്നുവെന്ന് പറയുമ്പോഴും അനൈക്യം ഒരിക്കൽ കൂടി വെളിവാക്കുന്നതായി ഗോവയിലെ രാഷ്ട്രീയ മാറ്റം

കോണ്‍ഗ്രസ് തിരിച്ചടികള്‍ക്കിടിയിലും ഉണര്‍വിന്റെ സൂചനകള്‍ നല്‍കിയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കന്യാകുമാരിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്ത യാത്രയ്ക്ക് തമിഴ്‌നാട്ടിലും കേരളത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത്. ഡിഎംകെ സഖ്യ കക്ഷിയെന്ന നിലയിലുള്ള സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ ജാഥയുടെ വിജയത്തിന് കാരണമായതെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. കേരളം കോണ്‍ഗ്രസിന് മികച്ച സംഘടനാ സംവിധാനം നിലനില്‍ക്കുന്ന സംസ്ഥാനമായതുകൊണ്ടാണ് ഇവിടെ യാത്ര വിജയിച്ചതെന്നും വിമര്‍ശകര്‍ പറയുന്നു. എങ്കിലും കഴിഞ്ഞ കുറെ വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്.

എന്നാല്‍, അതിനിടയിൽ ഗോവയില്‍നിന്നാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. രാജ്യത്തെ കൂട്ടിയോജിപ്പിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് എട്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ വാങ്ങല്‍ ശേഷിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള രാഷ്ട്രീയ ബോധമൊന്നും കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ക്കുണ്ടായില്ല. ഗോവയിലെ പ്രതിസന്ധി കോണ്‍ഗ്രസിനെ സംബന്ധിച്ച് ആദ്യത്തേതല്ല, അവസാനത്തേതുമാകില്ല.

2014ന് ശേഷം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ചെറുതും വലുതുമായ നിരവധി നേതാക്കളാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. പലപ്പോഴും സർക്കാരിനെ അട്ടിമറിച്ചുള്ള നീക്കങ്ങൾ പോലുമുണ്ടായി. 2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലായി 64 കോൺഗ്രസ് നേതാക്കളാണ് മറ്റ് പാർട്ടികളുടെ ടിക്കറ്റിൽ മത്സരിച്ചത്. ഇതിലേറെ പേരും ചേക്കേറിയത് ബിജെപിയിലേക്കും. ഇതേ കാലഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിലായി 553 കോൺഗ്രസ് എംഎൽഎമാരും 134 കോൺഗ്രസ് നേതാക്കളും മറ്റ് പാർട്ടികളുടെ ഭാഗമായി. ഇതിൽ നൂറിലധികം പേരും ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയം നേടി.

2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 11 എംഎൽഎമാരാണ് കോൺ​ഗ്രസ് ടിക്കറ്റിൽ ​ഗോവ നിയമസഭയിലെത്തിയത്. 2019ലെ അനുഭവമുള്ളതിനാൽ രാഷ്ട്രീയ കൂറുമാറ്റ സാധ്യത കോൺ‍​ഗ്രസ് നേതൃത്വം മണത്തു. പാർട്ടി വിടില്ലെന്ന് എംഎല്‍എമാരെ കൊണ്ട് രാഹുൽ ​ഗാന്ധിയുടെ സാന്നിധ്യത്തില്‍ ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യിപ്പിച്ചു. പക്ഷെ എട്ട് മാസങ്ങൾക്കിപ്പുറം 2022 സെപ്റ്റംബർ 14ന്, മുൻ മുഖ്യമന്ത്രി ദി​ഗംബർ കാമത്ത് ഉൾപ്പെടെ എട്ട് കോണ്‍ഗ്രസ് എംഎൽമാർ പാർട്ടി വിട്ടു.

ജനുവരിയിൽ ഒറ്റക്കെട്ടായി നിൽക്കുമെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്ത ശേഷം ​ദി​ഗംബർ കാമത്ത് പ്രതികരിച്ചത് 2019ലെ 'ഓപ്പറേഷൻ താമര' ജനാധിപത്യത്തെ കൊലചെയ്ത ബിജെപി നടപടിയായിരുന്നു എന്നാണ്. ബിജെപിക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിക്കാനും ദി​ഗംബർ കാമത്ത് മറന്നില്ല. എന്നാൽ സെപ്റ്റംബർ 14ഓടെ ചിത്രം ആകെ മാറി. സാഹചര്യം അനുസരിച്ച് തീരുമാനം മാറ്റേണ്ടിവരുമെന്നായിരുന്നു കൂറുമാറ്റത്തിന് ശേഷം ദി​ഗംബർ കാമത്തിന്റെ പ്രതികരണം. കോൺ​ഗ്രസ് നേതൃത്വം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നത്. മോദിയുടെ നേതൃത്വത്തെ രാജ്യമാകെ ബഹുമാനിക്കുകയാണ്. പ്രധാനമന്ത്രിയുടെ കരങ്ങൾക്ക് ശക്തിപകരാൻ സഹകരിക്കുമെന്നും കാമത്ത് പറഞ്ഞു. എട്ട് മാസത്തിനുള്ളിലുണ്ടായത് ചെറിയ ആശയവ്യത്യാസമല്ലെന്ന് സൂചിപ്പിക്കുന്ന പ്രതികരണം.

കോൺ​ഗ്രസിന്റെ എട്ട് അം​ഗങ്ങൾ കൂടി ചേർന്നതോടെ നാല്‍പതംഗ ​ഗോവ നിയമസഭയിൽ ഇപ്പോൾ ബിജെപി അം​ഗസംഖ്യ 33ലെത്തിയിരിക്കുന്നു. പ്രതിപക്ഷത്തുള്ളത് ഏഴുപേർ. ഇതിൽ കോൺ​ഗ്രസിന്റേത് മൂന്ന് അംഗങ്ങള്‍.

'ഓപ്പറേഷൻ താമര' 2014 മുതൽ

2014 മുതൽ 167 എംഎൽഎമാരും ഏഴ് എംപിമാരുമാണ് വിവിധ പാർട്ടികളിൽ നിന്നായി ബിജെപിയിലേക്ക് കൂറുമാറിയത്. ഇതിൽ നൂറിലധികം പേരും കോൺ​ഗ്രസ് അം​ഗങ്ങളാണ് എന്നത് പാർട്ടിയുടെ ദയനീയത പ്രകടമാക്കുന്നു.

2015ൽ ആസാമിലാണ് ആദ്യ അട്ടിമറിയുണ്ടായത്. കോൺ​ഗ്രസ് എംഎല്‍എ ആയിരുന്ന ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ 9 എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറി. ഹിമന്ത ബിശ്വ ശര്‍മ ഇപ്പോള്‍ ആസാമില്‍ ബിജെപി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയാണ്.

2016ൽ അരുണാചൽ പ്രദേശിലായിരുന്നു ബിജെപിയുടെ അടുത്ത നീക്കം. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ നേതൃത്വത്തിൽ 43 കോൺ​ഗ്രസ് എംഎൽഎമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. 2016ൽ മണിപ്പൂരിൽ മുൻ മുഖ്യമന്ത്രി ബിരൻ സിംഗ് അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ ബിജെപിയുടെ ഭാഗമായി. 2017ൽ ​ഗോവയിലും മണിപ്പൂരിലും കോൺ​ഗ്രസ് നേതാക്കളുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിച്ചു.

2019 ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ പ്രധാന നീക്കങ്ങളുടെ വര്‍ഷമായിരുന്നു. ആദ്യം കർണാടക സർക്കാരിനെ അട്ടിമറിച്ചു. 13 കോൺ​ഗ്രസ് എംഎൽഎമാരും 3 ജെഡിഎസ് എംഎൽഎമാരും കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ​ഇതിന് പിന്നാലെ ഗോവയിൽ 12 കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയുടെ ഭാ​ഗമായി. മഹാരാഷ്ട്രയിലും വമ്പൻ അട്ടിമറി നടന്നു. 21 കോൺ​ഗ്രസ് എംഎൽഎമാരും ഒരു എംപിയും പാർട്ടി വിട്ടു. എൻസിപിയുടെ മൂന്ന് അം​ഗങ്ങളും ബിജെപിയിലേക്ക് കൂറുമാറി. പശ്ചിമബം​ഗാളിലും കൂറുമാറ്റമുണ്ടായി. 8 തൃണമൂൽ കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ആന്ധ്രയിൽ നാല് ടിഡിപി എംഎൽഎമാരും ബിജെപിയിലെത്തി.

2020ൽ മധ്യപ്രദേശിൽ കമൽ നാഥ് സർക്കാരിനെ അട്ടിമറിച്ച രാഷ്ട്രീയ നീക്കം നടന്നു. ജോതിരാദിത്യ സിന്ധ്യയും 22 കോൺ​ഗ്രസ് എംഎൽമാരും പാർട്ടി വിട്ട് ബിജെപിയുടെ ഭാ​ഗമായി. ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസിന് ആ വർഷം വീണ്ടും തിരിച്ചടി നേരിടേണ്ടി വന്നു. സുവേന്ദു അധികാരി ഉൾപ്പെടെ അഞ്ച് എംഎൽഎമാരാണ് ബിജെപിയിലേക്ക് മാറിയത്. മണിപ്പൂരിലെ ജെഡിയുവിന്റെ ആറ് നിയമസഭാ അം​ഗങ്ങളും തൃണമൂലിന്റെ ഒരു അം​ഗവും പാർട്ടി വിട്ടു. ഏറ്റവും ഒടുവിലായി സെപ്റ്റംബർ 14ന് ​ഗോവയിൽ കോൺ​ഗ്രസിന് കനത്ത തിരിച്ചടി നൽകി എട്ട് എംഎൽഎമാരുടെ പാർട്ടി മാറ്റവും.

പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും രാജ്യത്തെ ഒന്നിപ്പിക്കാനുമെന്ന നിര്‍ണായക രാഷ്ട്രീയലക്ഷ്യം പങ്കുവയ്ക്കുമ്പോഴും രാഹുലിന്റെ ഭാരത് ജോഡോ യാത്ര മുന്നേറുന്നത് പതിവ് ആചാരങ്ങളുമായാണ്. പ്രവർത്തകരെ ചേർത്ത് പിടിക്കുന്ന രാഹുൽ, തട്ടുകടയിൽ കയറി ഭക്ഷണം കഴിക്കുന്ന രാഹുൽ, കുട്ടികളെ വാത്സല്യത്തോടെ സമീപിക്കുന്ന രാഹുൽ തുടങ്ങിയ ക്ലീഷെ റിപ്പോര്‍ട്ടുകളാണ് ഇത്ര വലിയൊരു രാഷ്ട്രീയ യാത്രയിലും പങ്കുവയ്ക്കപ്പെടുന്നത്. കോൺ​ഗ്രസിന്റെ ആശയമോ നിലപാടോ എടുത്തുപറയുന്ന ഒരു റിപ്പോർട്ട് പോലും യാത്ര കിലോമീറ്ററുകൾ പിന്നിട്ട ശേഷവുമുണ്ടായിട്ടില്ല. രാഹുലിന്റെ പ്രസം​ഗങ്ങളിൽ പോലും ബിജെപിക്കെതിരായ കടുത്ത ആക്രമണങ്ങളുണ്ടാകുന്നില്ല.

ജന മനസ് അറിഞ്ഞ് മുന്നേറുകയാണ് യാത്രയെന്ന് കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു. പക്ഷെ, ജനങ്ങളിലേക്ക് രാഷ്ട്രീയം പകരുക എന്ന ലക്ഷ്യം നിർവഹിക്കാൻ രാഹുലിനോ കോണ്‍ഗ്രസ് നേതൃത്വത്തിനോ സാധിക്കുന്നില്ല. സ്വന്തം നേതാക്കളിൽ പോലും പാർട്ടിയുടെ ആശയങ്ങളുറപ്പിച്ച് നിര്‍ത്താന്‍ സാധിക്കുന്നില്ല. അതാണ് 'ഭാരത് ജോ‍ഡോ'യ്ക്കിടയിലും 'കോണ്‍ഗ്രസ് ജോഡോ'ആദ്യം നടപ്പാക്കൂ എന്ന വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്.

logo
The Fourth
www.thefourthnews.in