അഴിമതിക്കെതിരെ കോണ്‍ഗ്രസ് വിരുദ്ധനായി തുടക്കം; മോദി ഭയക്കുന്ന നേതാവിലേക്കുള്ള കെജ്‌രിവാളിന്റെ രാഷ്ട്രീയ പരിണാമം

അഴിമതിക്കെതിരെ കോണ്‍ഗ്രസ് വിരുദ്ധനായി തുടക്കം; മോദി ഭയക്കുന്ന നേതാവിലേക്കുള്ള കെജ്‌രിവാളിന്റെ രാഷ്ട്രീയ പരിണാമം

കോണ്‍ഗ്രസ് വിരുദ്ധത ആളിക്കത്തിക്കുന്നതിന് ബിജെപി കെജ്‌രിവാളിനെ ഉപയോഗിച്ചിരുന്നു

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പൊടുന്നനെ ഉദിച്ചുയര്‍ന്ന നേതാവാണ് അരവിന്ദ് കെജ്‌രിവാള്‍. സാധാരണക്കാരില്‍ സാധാരണക്കാരന്‍ എന്ന പരിവേഷം സൃഷ്ടിച്ച്, എഎപി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ പത്തു വര്‍ഷത്തിനുള്ളില്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന ശക്തിയാക്കി വളര്‍ത്തിയെടുത്ത നേതാവ്. അഴിമതിക്കെതിരെ പോരാട്ടം നടത്തി, അഴിമതിക്കേസില്‍ തന്നെ അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായപ്പോള്‍ ചോദ്യങ്ങള്‍ അനവധിയാണ്. ആം ആദ്മി പാര്‍ട്ടിയുടെ നിലനില്‍പ്പിനെ പറ്റി, ഇന്ത്യ മുന്നണിയുടെ നിലപാടിനെ പറ്റി, ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ് എന്നുറപ്പുണ്ടായിട്ടും കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാന്‍ ബിജെപിയെടുത്ത തീരുമാനത്തെക്കുറിച്ച്.

Summary

കെജ്‌രിവാളിന്റെ എഎപി പുതിയൊരു രാഷ്ട്രീയ ശക്തിയായി മാറുമെന്ന് നിരവധിപേര്‍ കണക്കുകൂട്ടി. പ്രമുഖരുടെ നീണ്ടനിരയും യുവാക്കളും വിദ്യാര്‍ഥികളും പാര്‍ട്ടിയില്‍ ചേര്‍ന്നു. അഴിമതി കണ്ടുമടുത്ത സാധാരണ ജനത, വലിയൊരു സാമൂഹിക മുന്നേറ്റമായി എഎപിയെ വിലയിരുത്തി

ഐഐടി ഖരഗ്‌പുരില്‍നിന്ന് ബിരുദമെടുത്ത, റവന്യു സര്‍വീസില്‍ ഉദ്യോഗസ്ഥനായിരുന്ന കെജ്‌രിവാള്‍ ആദ്യം ഉദ്യോഗസ്ഥനില്‍നിന്ന് ആക്ടിവിസ്റ്റായി. അവിടെനിന്ന് രാഷ്ട്രീയക്കാരനായി. ലോക്പാല്‍ ബില്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള 'ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍' എന്ന പ്രസ്ഥാനത്തിലൂടെയായിരുന്നു ദേശീയ ശ്രദ്ധാകേന്ദ്രമായത്. അന്ന് അദ്ദേഹത്തോടൊപ്പം അണ്ണാ ഹസാരെയുമുണ്ടായിരുന്നു. പിന്നീട് ബിജെപി നേതാവായ മുൻ ഐപിഎസ് ഓഫീസർ കിരൺ ബേദി തുടങ്ങിയവരും ഡൽഹി ജന്തർ മന്ദറിൽ നടത്തിയ സമരത്തിൽ മുൻനിരയിൽനിന്നു. സമരത്തിന് ആളുകളെ എത്തിക്കുന്നതിലടക്കം ആർഎസ്എസിന് വലിയ പങ്കാളിത്തമുണ്ടായിരുന്നുവെന്ന് അന്ന് തന്നെ വലിയ ആരോപണമുണ്ടായിരുന്നു. അത് പിന്നീട് പല രീതിയിൽ സ്ഥിരീകരിക്കപ്പെട്ടു.

2 ജി സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ടുണ്ടായ പർവതീകരിക്കപ്പെട്ട അഴിമതിക്കഥകളായിരുന്നു അന്നത്തെ പൊതുബോധത്തെ സ്വാധീനിക്കാൻ ഉപയോഗപ്പെടുത്തിയത്. അണ്ണാ ഹസാരെയുടെയും കെജ്‌രിവാളിൻ്റെയും നേതൃത്വത്തിൽ നടക്കുന്ന സമരം തങ്ങൾക്ക് രാഷ്ട്രീയമായി പ്രയോജനം ചെയ്യപ്പെടുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. അതിൽ അവർ വിജയിക്കുകയും ചെയ്തുവെന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചു.

എന്നാൽ പിന്നീട് കെജ്‌രിവാൾ ആം ആദ്മി പാർട്ടി രൂപീകരിച്ചതോടെ ബിജെപി അവരെ ശത്രുപക്ഷത്ത് നിർത്തി. തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എഎപി ഡല്‍ഹിയില്‍ അധികാരത്തിലെത്തി. കെജ്‌രിവാളിന്റെ എഎപി പുതിയൊരു രാഷ്ട്രീയ ശക്തിയായി മാറുമെന്ന് നിരവധിപേര്‍ കണക്കുകൂട്ടി. പ്രമുഖരുടെ നീണ്ടനിര തന്നെ എഎപിയില്‍ ചേരുകയുണ്ടായി. യുവാക്കളും വിദ്യാര്‍ഥികളും പാര്‍ട്ടിയില്‍ ചേര്‍ന്നു. അഴിമതി കണ്ടുമടുത്ത സാധാരണ ജനത, വലിയൊരു സാമൂഹിക മുന്നേറ്റമായി എഎപിയെ വിലയിരുത്തി. സൗജന്യ പദ്ധതികളിലൂടെ അരവിന്ദ് കെജ്‌രിവാള്‍ സാധാരണക്കാര്‍ക്കിടയില്‍ വേരുറപ്പിച്ചു.

മോദിയും കെജ്‌രിവാളും രണ്ടു ചേരിയിലാണെന് തോന്നലുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് വിരുദ്ധത ആളിക്കത്തിക്കുന്നതിന് ബിജെപി കെജ്‌രിവാളിനെ ഉപയോഗിച്ചിരുന്നു. എന്നാല്‍, കെജ്‌രിവാള്‍ അതിവേഗം വളര്‍ന്ന് പലയിടത്തും തങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുമെന്ന് ബിജെപി ധരിച്ചിരുന്നില്ല. അമിത് ഷായുടെയും കൂട്ടരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ച് എഎപി, പഞ്ചാബിലേക്കും ഗുജറാത്തിലേക്കും ഹരിയാനയിലേക്കും വളര്‍ന്നു. ബിജെപിയുടെ രാമനെ മുന്‍നിര്‍ത്തിയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന് മറുമരുന്നായി കെജ്‌രിവാള്‍, ഹനുമാനെ രംഗത്തിറക്കി. ഹനുമാന്‍ ചാലിസ ചൊല്ലിയും ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചും ബിജെപിക്ക് ചെക്ക് വച്ചു. ഇത് ഹിന്ദുത്വത്തില്‍ ഊന്നി രാഷ്ട്രീയ നേട്ടം കൊയ്യുന്ന ബിജെപിയെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. ഇതോടെ, കെജ്‌രിവാളിനെ ഇനിയും വളരാന്‍ വിടരുതെന്ന് ബിജെപി തീരുമാനിച്ചു.

അഭിപ്രായ ഭിന്നതകള്‍ ഏറെയുണ്ടെങ്കിലും പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന മുഖങ്ങളില്‍ ഒരാളാണ് ഇന്ന് കെജ്‌രിവാള്‍. രാഹുല്‍ ഗാന്ധിയെയും മമത ബാനര്‍ജിയെയും പോലെ ആളെക്കൂട്ടാന്‍ ശേഷിയുള്ള നേതാവ്. കോണ്‍ഗ്രസിനെ ഒതുക്കുന്നതുപോലെ പ്രധാനമാണ്, കെജ്‌രിവാളിനെ ഒതുക്കലെന്ന് ബിജെപി തിരിച്ചറിഞ്ഞു.

അഴിമതിക്കെതിരെ കോണ്‍ഗ്രസ് വിരുദ്ധനായി തുടക്കം; മോദി ഭയക്കുന്ന നേതാവിലേക്കുള്ള കെജ്‌രിവാളിന്റെ രാഷ്ട്രീയ പരിണാമം
സീറ്റില്ലെങ്കില്‍ കല്യാണം കഴിക്കും!; ഭാര്യയെ സ്ഥാനാര്‍ഥിയാക്കും, ഇത്‌ 'ഗ്യാങ്‌സ് ഓഫ് ബിഹാര്‍'

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലും ഡല്‍ഹിയിലും തിരിച്ചടി പ്രതീക്ഷിച്ചിട്ടു തന്നെയാകണം ബിജെപി ഇത്തരമൊരു നീക്കത്തിലേക്ക് കടന്നിട്ടുണ്ടാവുക. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നില്ല. ഡല്‍ഹിയില്‍ 2019-ല്‍ ഏഴ് സീറ്റിലും ബിജെപിയായിരുന്നു. കെജ്‌രിവാളിന്റെ അറസ്റ്റും അതിനു ശേഷമുള്ള ക്യാമ്പയിനും ബിജെപിക്ക് ഒരു ലോങ് ടേം ഇന്‍വസ്റ്റ്‌മെന്റാണ്. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്. എത്ര ചാക്കിട്ടു പിടിക്കാന്‍ ശ്രമിച്ചിട്ടും എഎപി എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ അമിത് ഷായ്ക്ക് കഴിഞ്ഞിട്ടില്ല.

കെജ് രിവാള്‍ അകത്താണെങ്കില്‍, എഎപിയെ തകർക്കുക എളുപ്പമാണെന്ന് ബിജെപിയിലെ അഭിനവ ചാണക്യന്മാർ കണക്കുകൂട്ടുന്നു. 10 വര്‍ഷം കേന്ദ്രം ഭരിച്ചിട്ടും ഡല്‍ഹി പിടിക്കാന്‍ സാധിക്കാത്തതിന്റെ കടുത്ത നിരാശ നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കുമുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍, ഡല്‍ഹി കീഴടക്കണമെന്ന് ബിജെപി പദ്ധതിയിടുന്നു.

കെജ്‌രിവാള്‍ കഴിഞ്ഞാല്‍, എഎപിക്ക് മറ്റൊരു പ്രധാന മുഖമില്ല. പാര്‍ട്ടിയുടെ ഏറ്റവും ജനകീയനായ, ആളെക്കൂട്ടാന്‍ ശേഷിയുള്ള ഏക നേതാവ് കെജ്‌രിവാളാണ്. ദേശീയ കണ്‍വീനര്‍ എന്ന നിലയില്‍, പാര്‍ട്ടിയുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും എല്ലാം തീരുമാനിക്കുന്നത് കെജ്‌രിവാളാണ്. അദ്ദേഹം അഴിക്കുള്ളിലായാല്‍, പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്നും എഎപിയുടെ പ്രതിരോധ ശേഷി കുറയുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. കെജ്‌രിവാളിന്റെ അറസ്റ്റും അതിനു പിന്നാലെയുള്ള നിയമ നടപടികളും എഎപിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രതികൂലമായി ബാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ നിലവിൽ ജയിലിലാണ്.

മറ്റൊന്ന്, ഇന്ത്യ മുന്നണിക്ക് ബിജെപി നല്‍കുന്ന ശക്തമായ സന്ദേശമാണ്. പ്രബലനായ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ മടിയില്ലെങ്കില്‍, ഭരണില്ലാത്ത നേതാക്കളെ അഴിക്കുള്ളിലാക്കാന്‍ അധികം സമയമൊന്നും വേണ്ടെന്ന് ബിജെപി ഇന്ത്യ മുന്നണി നേതാക്കളോട് പറയാതെ പറയുകയാണ്. രണ്ടു മാസത്തിനിടെ അറസറ്റിലാകുന്ന ഇന്ത്യ മുന്നണിയുടെ രണ്ടാമത്തെ നേതാവാണ് അരവിന്ദ് കെജ്‌രിവാള്‍. ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുന്‍പ് രാജി വച്ചതിനാല്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അറസ്റ്റിലാകേണ്ടിവന്നില്ല. അഴിമതിക്കാരായ നേതാക്കളാണ് പ്രതിപക്ഷ മുന്നണിയെ നയിക്കുന്നതെന്ന് ബിജെപി പ്രധാന പ്രചാരണ വിഷയമാക്കും. അഴിമതിക്കെതിരെ സംസാരിച്ച് വളര്‍ന്ന നേതാവ് അഴിമതി കേസില്‍ അറസ്റ്റിലായെന്ന പ്രചാരണം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ബിജെപിയുടെ 400 സീറ്റ് സ്വപ്‌നത്തിന് അത് കരുത്തേകും. മറിച്ച് അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റ് സഹതാപതരംഗം സൃഷ്ടിക്കുമെങ്കില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ബിഹാര്‍, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും.

അഴിമതിക്കെതിരെ കോണ്‍ഗ്രസ് വിരുദ്ധനായി തുടക്കം; മോദി ഭയക്കുന്ന നേതാവിലേക്കുള്ള കെജ്‌രിവാളിന്റെ രാഷ്ട്രീയ പരിണാമം
നിര്‍ണായകം ഈ 331 സീറ്റുകള്‍, രാജ്യത്തിന്റെ വിധി തീരുമാനിക്കുന്ന എട്ട് സംസ്ഥാനങ്ങള്‍

മറ്റു നേതാക്കള്‍ക്കെതിരെ കടുത്ത നീക്കവുമായി രംഗത്തുവന്ന ബിജെപി, എന്തുകൊണ്ട് കെജ്‌രിവാളിന്റെ വിഷയത്തില്‍ മാത്രം തണുപ്പന്‍ നിലപാട് സ്വീകരിക്കുന്നുവെന്ന ചോദ്യം ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായിരുന്നു. ഇതിനെ പ്രതിരോധിക്കാനും പുതിയ നീക്കത്തിലൂടെ ബിജെപിക്ക് സാധിക്കും. അഴിമതിക്കേസില്‍ കെജ്‌രിവാള്‍ അറസ്റ്റിലായാല്‍, പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തുവരാന്‍ ഇടയില്ലെന്നും ബിജെപി കണക്കുകൂട്ടുന്നു.

logo
The Fourth
www.thefourthnews.in