പട്നയില്‍നിന്ന് ഷിംലയിലേക്ക്, മോദിയെ തളയ്ക്കാന്‍ പ്രതിപക്ഷത്തിന് കഴിയുമോ? ഇപ്പോഴത്തെ കണക്കുകള്‍ പറയുന്നതെന്ത്?

പട്നയില്‍നിന്ന് ഷിംലയിലേക്ക്, മോദിയെ തളയ്ക്കാന്‍ പ്രതിപക്ഷത്തിന് കഴിയുമോ? ഇപ്പോഴത്തെ കണക്കുകള്‍ പറയുന്നതെന്ത്?

പട്നയായാലും ഇനി യോഗം ചേരാനിരിക്കുന്ന ഷിംലയായാലും പ്രതിപക്ഷ മുന്നേറ്റത്തെ സംബന്ധിച്ച് പ്രാധാന്യമുള്ള ചരിത്ര സ്ഥലങ്ങളാണ്

ജൂണ്‍ 23 ന് ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ നടന്ന പ്രതിപക്ഷ കൂട്ടായ്മയില്‍ പങ്കെടുത്തത് 15 രാഷ്ട്രീയ പാര്‍ട്ടികളാണ്. അടുത്ത യോഗത്തിന് സ്ഥലം നിശ്ചയിച്ചാണ് പട്ന യോഗം പിരിഞ്ഞത്. ബിജെപിക്കെതിരെ സംയുക്തമായി മത്സരിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗത്തിന് ശേഷം പറഞ്ഞത്.

പട്നയായാലും ഇനി യോഗം ചേരാനിരിക്കുന്ന ഷിംലയായാലും പ്രതിപക്ഷ മുന്നേറ്റത്തെ സംബന്ധിച്ച് പ്രാധാന്യമുള്ള ചരിത്ര സ്ഥലങ്ങളാണ്. അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ജയപ്രകാശ് നാരായണ്‍ സമ്പൂര്‍ണ വിപ്ലവത്തിന് ആഹ്വാനം ചെയ്തത് പട്നയില്‍ വച്ചായിരുന്നു. പിന്നീട് അടിയന്തരാവസ്ഥാ പ്രഖ്യാപനവും ഇന്ദിരയുടെ പരാജയവുമുണ്ടായെന്നത് ചരിത്രം.

എ ബി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെ 2003 ല്‍ സോണിയാഗാന്ധി പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്തതും യുപിഎ യുടെ രൂപീകരണത്തിന് വഴിതെളിയിച്ചതും ഷിംലയില്‍ ചേര്‍ന്ന യോഗമായിരുന്നു. അതുകൊണ്ട് തന്നെ പ്രതിപക്ഷ മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിച്ച ഈ സ്ഥലങ്ങള്‍ മോദിക്കെതിരായ പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ക്കായി കണ്ടെത്തിയതിലും ചരിത്രപരമായ തുടര്‍ച്ചയുണ്ട്.

15 പാര്‍ട്ടികള്‍ പങ്കെടുത്തെങ്കിലും ഇതില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി, കെ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി, വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, തെലുഗുദേശം പാർട്ടി എന്നീ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

കോണ്‍ഗ്രസ്, ആര്‍ ജെ ഡി, സിപിഎം, സിപിഐ എം എല്‍, സിപി ഐ, ഡിഎംകെ, ശിവസേന(ഉദ്ധവ് താക്കറെ), ജനതാദള്‍ യുണൈറ്റഡ്, ഝാർഖണ്ഡ് മുക്തി മോര്‍ച്ച, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍സിപി, എഎപി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ഇനി ഈ പാര്‍ട്ടികളുടെയും ബിജെപിയുടെയും വോട്ടിങ് കണക്കുകള്‍ നോക്കാം

നിലവില്‍ ബിജെപിയ്ക്ക് 303 അംഗങ്ങളാണ് ലോക്‌സഭയില്‍ ഉളളത്.

ബിജെപിയുടെ എന്‍ഡിഎയ്ക്ക് 353 അംഗങ്ങളും ലോക്‌സഭയിലുണ്ട്.

കോണ്‍ഗ്രസിന് 52 എം പിമാരും യുപിഎയ്ക്ക് 91 പേരുമാണ് സഭയില്‍ ഉള്ളത്.

പട്ന യോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികള്‍ക്കും ചേര്‍ന്ന് 136 എംപിമാരാണ് ലോക്‌സഭയില്‍ ഉള്ളത്.

ബിജെപിയുടെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം 37.36 ആണ്. എന്‍ ഡി എയുടെ മൊത്തം പരിഗണിച്ചാല്‍ വോട്ടിങ് ശതമാനം 38.4 ആകും

കോണ്‍ഗ്രസിന് 19.46 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

പട്നയില്‍ പങ്കെടുത്ത പ്രതിപക്ഷപാര്‍ട്ടികളുടെ ആകെ വോട്ടിങ് ശതമാനം എന്‍ഡിഎയുടെ തൊട്ടടുത്താണ്, 37.99 ശതമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി‌ക്കൊപ്പമായിരുന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയാണ് ഇപ്പോള്‍ പ്രതിപക്ഷ നീക്കങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നത്. യുപിഎയില്‍ ഇല്ലാത്ത ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും യോഗത്തില്‍ പങ്കെടുത്തിരുന്നു

പട്ന യോഗത്തില്‍ പങ്കെടുക്കാത്ത ബിഎസ്പിക്ക് 2019 ലെ തിരഞ്ഞെടുപ്പില്‍ 3.62 ശതമാനവും ടിഡിപിക്ക് 2.04 ശതമാനവും വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 2.53 ശതമാനം വോട്ടുകളും ലഭിച്ചു. ഐക്യപ്രതിപക്ഷത്തിന് വലിയ കടമ്പകള്‍ സൃഷ്ടിക്കുന്ന സംസ്ഥാനങ്ങള്‍ ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളാണ്. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തുവെങ്കിലും ബിഎസ്പി പങ്കെടുത്തില്ല.

ബിഎസ്പിയും എസ്പിയും ഒന്നിച്ചുനില്‍ക്കാതെ ഉത്തര്‍പ്രദേശില്‍ ഐക്യപ്രതിപക്ഷം സാധ്യമാവില്ല. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണ ബിഎസ്പിയും എസ്പിയും ഒന്നിച്ചായിരുന്നു മത്സരിച്ചത്. 80 സീറ്റുളള ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 62 സീറ്റുകളും എസ്പി - ബിഎസ്പി സഖ്യത്തിന് 15 സീറ്റുകളും മാത്രമാണ് ലഭിച്ചത്.

ആന്ധ്രാപ്രദേശില്‍ ടിഡിപി ബിജെപിയുമായി വീണ്ടും സഖ്യത്തിലാകുമോ എന്ന കാര്യം പറയാറിട്ടില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്ത് സമീപനം സ്വീകരിക്കുമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. തെലങ്കാനയിലാണെങ്കില്‍ കെ ചന്ദ്രശേഖര റാവുവിന് പ്രതിപക്ഷത്തിന്റെ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്നതാണ് ആഗ്രഹം. അവിടെയും പ്രതിപക്ഷത്തിന് ഇതുവരെ ഏകീകൃതമായ ഒരു പ്രതിരോധം തീർക്കുക എളുപ്പമല്ല. ആന്ധ്രപ്രദേശില്‍ 25 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. തെലങ്കാനയില്‍ 17 സീറ്റുകളും. മഹാരാഷ്ട്ര, ബിഹാര്‍, തമിഴ്‌നാട്, ഝാര്‍ഖണ്ഡ്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ ഐക്യം ഇപ്പോള്‍ തന്നെ ശക്തമാണ്.

ബിജെപിക്ക് അംഗങ്ങളില്ലാത്ത കേരളത്തില്‍ മുഖ്യ മത്സരം പട്ന യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ്. 168 സീറ്റുകളാണ് ഈ സംസ്ഥാനങ്ങളില്‍ ലോക്‌സഭയിലേക്കുള്ളത്. പശ്ചിമ ബംഗാള്‍, ഡല്‍ഹി, എന്നിവിടങ്ങളും പ്രതിപക്ഷത്തിന് വലിയ സാധ്യതയുള്ള സംസ്ഥാനങ്ങളാണ്. ഒരിടത്ത് തൃണമൂലും ഡല്‍ഹിയില്‍ ആം ആദ്മിയും ബിജെപിയെ നേരിടുന്നു. കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ്, ഹരിയാന, അസം, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസാണ് ബിജെപി നേരിടുന്ന പ്രബല കക്ഷി. ഐക്യപ്രതിപക്ഷത്തിന് വലിയ സാധ്യത ഇപ്പോഴും ഉണ്ടെന്നതാണ് കണക്കുകള്‍ തെളിയിക്കുന്നത്. അതിനായി മുന്നോട്ടുപോകാന്‍ ഒരു പൊതു പരിപാടി ഉണ്ടാക്കി മുന്നേറാന്‍ കഴിയുമോ എന്നതാണ് പ്രതിപക്ഷത്തിന് മുന്നിലുള്ള വെല്ലുവിളി

logo
The Fourth
www.thefourthnews.in