കൃഷ്ണ മോഹന്‍ കയറി, ക്ഷേത്രം അടച്ചുപൂട്ടി; എന്തൊരു തീണ്ടലാണ്...

ഈ കളിയാട്ടക്കാലത്തും ഇവിടെ തെയ്യക്കോലങ്ങള്‍ ഉറഞ്ഞാടില്ല. ജാതി വിലക്കില്‍ താഴിട്ട് പൂട്ടിയ കാസര്‍ഗോഡ് ബദിയാരു ജഡാധാരി ക്ഷേത്രം

കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതി വിലക്കിന്റെ ഉദാഹരണമാണ് കാസര്‍ഗോഡ് ജില്ലയിലെ ബദിയാരു ജഡാധാരി ക്ഷേത്രം. ദളിതന്‍ ക്ഷേത്രത്തില്‍ കയറിയെന്ന കാരണത്താല്‍ മൂന്ന് വര്‍ഷമായി താഴിട്ട് പൂട്ടിയിരിക്കുകയാണ് ഈ തെയ്യക്കാവ്. വടക്കന്‍ കേരളത്തില്‍ കളിയാട്ടക്കാലത്തിന് തിരി തെളിയുമ്പോള്‍ ഇവിടെ ഇക്കുറിയും തെയ്യക്കോലങ്ങള്‍ ഉറഞ്ഞാടുകയില്ല.

കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തിയിലെ ഗ്രാമമായ സ്വര്‍ഗയിലാണ് ബദിയാരു ജഡാധാരി ക്ഷേത്രം. കന്നഡ ബ്രാഹ്‌മണരായ ഭട്ട് സമുദായത്തില്‍പ്പെട്ടവരാണ് ക്ഷേത്രം നടത്തിപ്പുകാര്‍. വര്‍ഷങ്ങളായി ഇവിടെ ദളിതര്‍ക്ക് പ്രവേശനമില്ല. ക്ഷേത്രത്തിന്റെ പ്രധാന നടവഴിയിലൂടെ മറ്റുള്ളവര്‍ കയറുമ്പോള്‍, ദളിതര്‍ക്ക് ചുറ്റുമതിലിന് പുറത്തെ ഇടവഴിയിയാണ് വഴി. അതിലൂടെ പോയി ക്ഷേത്രത്തിന് ദൂരെമാറി നിന്ന് വേണം ഇവര്‍ തെയ്യവും മറ്റ് ചടങ്ങുകളും കാണാന്‍.

ഇത് ചോദ്യം ചെയ്ത് ഒറ്റയാള്‍ സമരം നടത്തുകയാണ് കൃഷ്ണ മോഹന്‍. മൂന്ന് വര്‍ഷം മുന്‍പ് ക്ഷേത്രമുറ്റത്ത് തെയ്യക്കോലം ഉറഞ്ഞാടുമ്പോള്‍ കൃഷ്ണ മോഹന്‍, ജാതി 'വിലക്കിന്റെ ലക്ഷ്മണ രേഖ' ലംഘിച്ചു. ക്ഷേത്രത്തിന്റെ പ്രധാന നടവഴിയിലൂടെ അയാള്‍ അകത്ത് കയറി. തന്റെ കൂട്ടറെ തീണ്ടാപ്പാടകലെ മാറ്റി നിര്‍ത്തിയവര്‍ക്കിടയില്‍ കൃഷ്ണ മോഹന്‍ തലയുയര്‍ത്തി നിന്നു. ''ആള്‍ക്കാറ് തെയ്യത്തെയല്ല കാണുന്നത്. എല്ലാറും എന്നയാണ് കാണുന്നത്.'' ആ ദിവസം കൃഷ്ണ മോഹന്‍ ഓര്‍ക്കുന്നതിങ്ങനെയാണ്. ക്ഷേത്രം നടത്തിപ്പുകാര്‍ പ്രശ്‌നമുണ്ടാക്കി. അന്ന് താഴിട്ട് പൂട്ടിയതാണ് ജഡാധാരി ക്ഷേത്രം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in