സൂക്ഷിച്ചോളിൻ... നിങ്ങൾക്കും കിട്ടിയേക്കാം ഇതുപോലൊരു ജീവപര്യന്തം

സൂക്ഷിച്ചോളിൻ... നിങ്ങൾക്കും കിട്ടിയേക്കാം ഇതുപോലൊരു ജീവപര്യന്തം

''പെട്ടെന്നൊരു ബോധോദയമുണ്ടാകുന്നു നിങ്ങൾക്ക്; എവിടെയോ ഒരപകടം മണക്കുന്നു. മൊത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ'' പുതിയ രീതിയിലുള്ള ഈ സൈബർ തട്ടിപ്പ് നിനച്ചിരിക്കാതെ നിങ്ങളെയും തേടിയെത്തിയേക്കാം

അങ്ങനെയിരിക്കുമ്പോൾ ഏതോ അജ്ഞാത നമ്പറിൽനിന്ന് നിങ്ങൾക്കൊരു ഫോൺ കോൾ. ജോലിത്തിരക്കിനിടയിലും ജിജ്ഞാസ കൊണ്ട് നിങ്ങൾ ആ കോളെടുക്കുന്നു. ഫെഡക്സിന്റെ മുംബൈ മെയിൻ ബ്രാഞ്ചിൽനിന്നാണ് വിളി. സന്ദേശം ലളിതം, കാര്യമാത്ര പ്രസക്തം: "യുവർ പാഴ്‌സൽ ഈസ് വിത്ത്ഹെൽഡ് വിത്ത് ഇമ്മീഡിയറ്റ് എഫക്ട്." നിങ്ങളുടെ പാഴ്‌സൽ ഉടൻപ്രാബല്യത്തോടെ തടഞ്ഞുവെക്കപ്പെട്ടിരിക്കുന്നു.

ഒന്നും പിടികിട്ടുന്നില്ല നിങ്ങൾക്ക്. പാഴ്‌സലോ? ഏത് പാഴ്‌സൽ? അടുത്ത കാലത്തൊന്നും ആർക്കെങ്കിലും ഒരു പാഴ്‌സലയച്ചതായി ഓർമയില്ല. ദീപാവലിക്ക് ഇഷ്ടപലഹാരമായ നെയ്യിലുണ്ടാക്കിയ മൈസൂർ പാക്കിന്റെ പെട്ടി കുറിയറായി അയയ്ക്കുമെന്ന് മുംബൈയിലെ ഒരു സുഹൃത്ത് "ഭീഷണിപ്പെടുത്തി"യിരുന്നു. ഇനി ആ പാഴ്‌സലാണോ കഥാപുരുഷൻ?

സംശയം ദൂരീകരിക്കാനെന്നോണം ഫെഡക്സിന്റെ നിർദ്ദേശം: വിശദാംശങ്ങൾക്കായി മൊബൈലിൽ "ഒന്ന്" എന്ന കീ അമർത്തുക.

ആരായിരിക്കും ഈ തായ്‌വാൻ പാഴ്‌സലിന്റെ യഥാർത്ഥ തന്ത? എന്തായാലും നിങ്ങളല്ല

ഒന്നമർത്തിയപ്പോൾ ഒഴുകി വന്നത് പരുക്കനെങ്കിലും സൗഹൃദഭാവത്തിലുള്ള ശബ്ദം; അതും രാകിമിനുക്കപ്പെട്ട ഇംഗ്ളീഷിൽ: "ഹലോ, ഞാൻ രവി ഗുപ്‌ത. കഴിഞ്ഞ നവംബർ ഏഴിന് മുംബൈയിൽനിന്ന് നിങ്ങൾ തായ്‌വാനിലേക്ക് അയച്ച പാഴ്‌സൽ സംശയത്തിന്റെ പേരിൽ മുംബൈ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു."

അയ്യയ്യോ. അപ്പോൾ ഇത് മൈസൂർ പാക്കല്ല. മറ്റെന്തോ മധുരം കുറഞ്ഞ ഇടപാടാണ്. മനസ്സിലൊരു ഭൂപടം വരച്ച് തായ്‌വാൻ എന്ന രാജ്യത്തെ നിങ്ങൾ അതിൽ തിരഞ്ഞുകൊണ്ടിരിക്കേ ഗുപ്തൻ തുടരുന്നു: "നിങ്ങളുടെ അറിവിലേക്കായി ബാക്കി വിവരങ്ങൾ കൂടി തരാം. ഷാങ് ലിൻ എന്ന ആളാണ് ആ പാഴ്‌സൽ തായ്‌വാനിൽ കൈപ്പറ്റിയിരിക്കുന്നത്. ബുക്കിംഗ് നമ്പർ 112345.... മറ്റു വിശദാംശങ്ങൾ എല്ലാം കസ്റ്റംസിന്റെ ഡേറ്റാബേസിലുണ്ട്."

ഇതുകൂടി പിടിച്ചോ എന്ന മട്ടിൽ തായ്‌വാൻ തലസ്ഥാനമായ തായ്‌പേയിൽ നിർദിഷ്ട പാഴ്‌സൽ കൈപ്പറ്റിയ വിദ്വാന്റെ സ്ട്രീറ്റ് നമ്പറും ഹൗസ് നമ്പറും അടക്കമുള്ള വീട്ടഡ്രസ്സും ഹാജരാക്കുന്നു രവി ഗുപ്ത.

അമ്പരന്നിരിക്കുകയാണ് നിങ്ങൾ. ആരായിരിക്കും ഈ തായ്‌വാൻ പാഴ്‌സലിന്റെ യഥാർത്ഥ തന്ത? എന്തായാലും നിങ്ങളല്ല.

പിന്നാലെ വരുന്നു കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ; പാഴ്‌സൽ വഴി നിങ്ങളയച്ചുവെന്നു പറയപ്പെടുന്ന വസ്തുക്കളുടെ വിശദവിവരങ്ങളുടെ രൂപത്തിൽ: കാലാവധി കഴിഞ്ഞ ആറു പാസ്പോർട്ട്, നാല് ക്രെഡിറ്റ് കാർഡ്, മൂന്നു കിലോ ഷർട്ടും പാന്റ്സും അടിവസ്ത്രവും, രണ്ടു ലാപ്ടോപ്, ഒരു ഹാർഡ് ഡ്രൈവ്... ഒന്നു ശ്വാസമെടുത്ത ശേഷം ഗുപ്തൻ കൂട്ടിച്ചേർക്കുന്നു: "പിന്നെ, 980 ഗ്രാം എം ഡി എം എ."

സൂക്ഷിച്ചോളിൻ... നിങ്ങൾക്കും കിട്ടിയേക്കാം ഇതുപോലൊരു ജീവപര്യന്തം
സമ്പൂര്‍ണ സൈബര്‍ സുരക്ഷയെന്നത് സങ്കല്‍പ്പം മാത്രം

അവസാനം പറഞ്ഞ വാചകത്തിന്റെ പൊരുളറിയാൻ ഏതാനും സെക്കൻഡുകളെടുത്തു. അറിഞ്ഞപ്പോഴാകട്ടെ ഞെട്ടിത്തരിക്കുന്നു നിങ്ങൾ; തെല്ലൊന്നു വിയർക്കുന്നു. എം ഡി എം എ? ഈശ്വരാ ഇത് മറ്റേ സാധനമല്ലേ? നിരോധിത ലഹരിമരുന്ന്? പത്രത്തിൽ വായിച്ചിട്ടുണ്ടെന്നല്ലാതെ എം ഡി എം എ എന്നാൽ ചുക്കോ ചുണ്ണാമ്പോ ചുട്ട പപ്പടമോ എന്നറിയാത്ത നിങ്ങൾ അന്തം വിടുന്നു. ഇതെന്ത് തമാശ?

എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ട് അപ്പുറത്ത് ഗുപ്തനാദം വീണ്ടും: "നിരോധിത ലഹരിമരുന്ന് അയച്ചതിന്റെ പേരിൽ നാർകോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക്സ് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം മുംബൈ കസ്റ്റംസ് നിങ്ങളുടെ പേരിൽ കേസെടുത്തിരിക്കുന്നു; എഫ് ഐ ആർ നമ്പർ കൂടി കേട്ടോളൂ: എം എച്ച് 1085/1221." എല്ലാ വിവരങ്ങളും കിറുകൃത്യമാവണം; വിശ്വാസ്യമാവണം. അക്കാര്യത്തിൽ നിർബന്ധമുണ്ട് ഗുപ്തന്.

ഇന്ന് ഏപ്രിൽ ഒന്ന് അല്ലല്ലോയെ മുന്നിലെ കലണ്ടറിൽ നോക്കി നിങ്ങൾ ഉറപ്പുവരുത്തുന്നതിനിടെ വീണ്ടും ഗുപ്തവചനം; ഇത്തവണ പരുക്കൻ ശബ്ദത്തിൽനിന്ന് മെലഡിയിലേക്ക് ചുവടുമാറി നിങ്ങളെ ആശ്വസിപ്പിക്കാനെന്നോണം: "താങ്കളുടെ പ്രതികരണത്തിൽനിന്ന് താങ്കൾ അറിഞ്ഞുകൊണ്ട് ചെയ്ത കുറ്റമല്ല ഇതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് താങ്കളോട് സഹതാപമുണ്ട്. സാരമാക്കേണ്ട. ഇതാർക്കും പറ്റും. വഴിയുണ്ട്. ഞാൻ മുംബൈ പോലീസിന്റെ സൈബർ സെല്ലിലേക്ക് കണക്റ്റ് ചെയ്യാം. ഫോണെടുക്കുന്ന ഇൻസ്പെക്ടറോട് മടിക്കാതെ എല്ലാ വിവരവും പറയുക. ബാക്കി കാര്യങ്ങൾ അവർ നോക്കിക്കൊള്ളും."

തൊട്ടുപിന്നാലെ സൈബർ സെല്ലിലേക്ക് ഫോൺ കൈമാറുന്നു രവി ഗുപ്‌ത എന്ന നിങ്ങളുടെ അഭ്യുദയകാംക്ഷി. ഫോണൊന്ന് റിങ് ചെയ്യേണ്ട താമസം, മറാഠി കലർന്ന ഇംഗ്ളീഷിൽ സംസാരിക്കുന്ന ഒരാൾ ഫോണെടുത്ത് ഇൻസ്പെക്ടർ എന്ന് സ്വയം പരിചയപ്പെടുത്തുന്നു. നിങ്ങൾ പറഞ്ഞ വിവരങ്ങൾ ക്ഷമയോടെ കേട്ട് എഴുതിയെടുക്കുന്നു; അഥവാ നിങ്ങളെ അപ്രകാരം ധരിപ്പിക്കുന്നു അയാൾ. എല്ലാം കേട്ടശേഷം ഇൻസ്പെക്ടറുടെ കൽപ്പന: "നാളെ മുംബൈയിലെത്തി ഈ വിവരങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതിത്തരുക."

തിരുവനന്തപുരത്തുള്ള നിങ്ങൾക്ക് ഉടനടി എത്തിപ്പെടാൻ പ്രയാസമുണ്ടെന്ന് പറയാൻ തുടങ്ങവേ, നിങ്ങളുടെ മനസ്സ് വായിച്ചിട്ടെന്നവണ്ണം ഇൻസ്പെക്ടറേമാൻ ഇടപെടുന്നു: "വരാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സ്കൈപ്പിൽവന്ന് വ്യക്തിപരമായ വിവരങ്ങൾ ഹാജരാക്കിയാൽ മതി. മഹാരാഷ്ട്ര നാർകോട്ടിക്സ് ഡിപ്പാർട്മെന്റിന്റെ സ്കൈപ്പ് ഐ ഡി തരാം. സമയം കളയാതെ ഉടൻ വിളിക്കുക."

"സ്കൈപ്പിൽ വന്നയാൾ ഞാൻ ചെയ്ത കുറ്റങ്ങൾ മുഴുവൻ വിവരിച്ചു തന്നു. ജീവപര്യന്തമാണ് അതിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ എന്നെന്നെ ബോധ്യപ്പെടുത്തി.

പെട്ടെന്നൊരു ബോധോദയമുണ്ടാകുന്നു നിങ്ങൾക്ക്; എവിടെയോ ഒരപകടം മണക്കുന്നു. മൊത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ. നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ ചോർത്താനുള്ള ഗൂഢാലോചനയാവുമോ ഇതെല്ലാം? ഇത്തരം അജ്ഞാത കോളുകളെക്കുറിച്ച് വായിച്ചറിഞ്ഞതും പറഞ്ഞുകേട്ടതുമായ കാര്യങ്ങൾ തിരശ്ശീലയിലെന്നോണം നിങ്ങളുടെ മനസ്സിൽ റീലായി ഓടിത്തുടങ്ങുന്നു.

ഡിം! ആ നിമിഷം ഫോൺ കട്ടാക്കുന്നു നിങ്ങൾ.... നേരെ സൈബർ സെല്ലിലേക്ക് വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുന്നു.

ഇതിലെ "നിങ്ങൾ" എന്ന കഥാപാത്രം എന്റെ മകൻ തന്നെ. ഇന്നലെ കാലത്ത് അയാളുടെ ഫോണിലേക്ക് വന്ന അജ്ഞാത കോളിന്റെ കഥയാണിത്. ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ഉത്തമബോധ്യമുള്ളതുകൊണ്ട് കെണിയിൽ വീഴാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞു അയാൾക്ക്.

സൂക്ഷിച്ചോളിൻ... നിങ്ങൾക്കും കിട്ടിയേക്കാം ഇതുപോലൊരു ജീവപര്യന്തം
സൈബര്‍ ലോകത്ത് നിര്‍മിത ബുദ്ധി ഉയര്‍ത്തുന്ന ഭീഷണികള്‍

ആ നിമിഷം ഫോൺ കട്ട് ചെയ്തില്ലായിരുന്നെങ്കിൽ കഥ എങ്ങനെ തുടരുമായിരുന്നേനെ എന്നു കൂടി അറിയുക; ഇതേ അനുഭവം ഇയ്യിടെ നേരിട്ട ഒരു സുഹൃത്തിന്റെ വാക്കുകളിൽ:

"സ്കൈപ്പിൽ വന്നയാൾ ഞാൻ ചെയ്ത കുറ്റങ്ങൾ മുഴുവൻ വിവരിച്ചു തന്നു. ജീവപര്യന്തമാണ് അതിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ എന്നെന്നെ ബോധ്യപ്പെടുത്തി. മാത്രമല്ല എന്റെ അക്കൗണ്ടിലെ ബാലൻസ് തുക ലഹരി കൈമാറ്റത്തിലൂടെ സമ്പാദിച്ചതാണ് എന്നുവരെ പറഞ്ഞു ഫലിപ്പിച്ചു. അക്കൗണ്ടിന്റെ വിശദവിവരങ്ങൾ റിസർവ് ബാങ്കിനു മുന്നിൽ ഹാജരാക്കുകയാണ് ഇനി ഏക പോംവഴി. ഒപ്പം ബാലൻസ് തുക ആർ ബി ഐയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും വേണം. ട്രാൻസ്ഫർ ചെയ്താൽ വിശദപരിശോധനയ്ക്കുശേഷം നിങ്ങൾ നിരപരാധിയെങ്കിൽ തുക സ്വന്തം അക്കൗണ്ടിൽ തിരിച്ചുവരും. എന്തായാലും അടുത്ത ബന്ധുക്കളുമായിപ്പോലും ഈ വിവരങ്ങൾ പങ്കുവെക്കരുത്. സ്കൈപ്പിലെ സംഭാഷണം ഡിലീറ്റ് ചെയ്യുകയും വേണം..."

ഇത്രയുമായപ്പോൾ അപകടം മണത്ത സുഹൃത്ത് പ്രതികരിക്കാതെ തൽക്ഷണം ഓടി രക്ഷപ്പെട്ടു. എന്നാൽ എല്ലാവരുടെയും അനുഭവം ഇതല്ല. "എം ഡി എം എ കെണി"യിൽപ്പെട്ട ഡൽഹിയിലെ മുപ്പത്തിനാലുകാരി ഡോക്ടർക്ക് നഷ്ടപ്പെട്ടത് നാലരക്കോടി രൂപ. ഇങ്ങ് കേരളത്തിലും ഉണ്ടായിട്ടുണ്ടത്രെ ഇത്തരം കബളിപ്പിക്കലുകൾ...

എന്തായാലും ഒന്നു കരുതിയിരിക്കുന്നത് നല്ലത് തന്നെ. ഏതു വഴിയ്ക്കാണ് സൈബർ അറ്റാക്ക് വരിക എന്നറിയില്ലല്ലോ... കാലം അതല്ലേ?

logo
The Fourth
www.thefourthnews.in