ദേവാനന്ദ്: ഒരേ ഒരു നിത്യഹരിത നായകന്‍

ദേവാനന്ദ്: ഒരേ ഒരു നിത്യഹരിത നായകന്‍

അഭിനയിച്ച സിനിമകളിലൂടനീളം പ്രായമാവാന്‍ വിസമ്മതിച്ച ദേവാനന്ദിന്റെ നൂറാം ജന്മവാര്‍ഷിക ദിനമാണിന്ന്

പോയകാല ചലച്ചിത്രനായകരെക്കുറിച്ച് പറയുമ്പോള്‍ നാം പലപ്പോഴും ഉപയോഗിക്കാറുള്ള വിശേഷണമാണ് 'നിത്യഹരിതം' (എവര്‍ഗ്രീന്‍) എന്നത്. ഉദാഹരണത്തിന്, പ്രേംനസീറിനെ നിത്യഹരിത നായകനെന്നാണ് മലയാളികള്‍ വിശേഷിപ്പിക്കാറുളളത്. എന്നാല്‍ ആ വിശേഷണത്തിന് സര്‍വഥാ യോഗ്യനായ ഒരേയൊരു താരമേയുള്ളൂ: ദേവാനന്ദ്. അഭിനയിച്ച സിനിമകളിലൂടനീളം പ്രായമാവാന്‍ വിസമ്മതിച്ച നടന്‍. അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന് (സെപ്റ്റംബര്‍ 26).

ദേവാനന്ദ് നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത അവസാന ചിത്രമായ 'ചാര്‍ജ്ഷീറ്റ്' 2011ല്‍ അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടുമുന്‍പാണ് പുറത്തിറങ്ങിയത്. ഈ ചിത്രത്തിലും നായകനാരെന്ന കാര്യത്തില്‍ സംശയം വേണ്ട: 88-ാം വയസിന്റെ ചെറുപ്പത്തിലും ദേവാനന്ദ് തന്നെ. നസിറുദ്ദീന്‍ ഷായും ജാക്കി ഷ്രോഫും അതേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്നതിലൊന്നും കാര്യമില്ല. നിര്‍മാണത്തിലോ സംവിധാനത്തിലോ ദേവാനന്ദിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെങ്കില്‍ സിനിമയില്‍ തീര്‍ച്ചയായും പ്രധാനറോള്‍ ദേവിന് തന്നെ; പ്രായം എത്രതന്നെയായാലും.

തിരശ്ശീലയില്‍ മാത്രമല്ല, ക്യാമറകള്‍ക്ക് മുന്നില്‍ പോലും പ്രായമേറിയ ആളായി പ്രത്യക്ഷപ്പെടാന്‍ ദേവാനന്ദിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. യൗവനത്തോടുള്ള തീക്ഷ്ണമായ അഭിനിവേശം ഒന്നുകൊണ്ട് മാത്രമായിരുന്നു അത്. ജീവിത സായാഹ്നത്തിലെ ഫോട്ടോകളില്‍ പോലും വിഗ്ഗും ഫുള്‍കൈ ഷര്‍ട്ടും ധരിച്ചല്ലാതെ ദേവാനന്ദിനെ കാണാന്‍ സാധിക്കില്ല. ദേവിന്റെ പഴയ സിനിമകള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് അദ്ദേഹം ഇപ്പോഴും നിത്യഹരിത നായകനാണ്.

ദേവാനന്ദ്: ഒരേ ഒരു നിത്യഹരിത നായകന്‍
പാട്ടുകളുടെ ഖുത്ബ് മിനാര്‍

പ്രതാപകാലമായ 1950കളിലും അറുപതുകളിലും പെണ്‍മനസ് കീഴടക്കിയ നായകനായിരുന്നു അദ്ദേഹം. മനോഹരമായ പുഞ്ചിരി, തിളങ്ങുന്ന കണ്ണുകള്‍, പ്രത്യേകതയാര്‍ന്ന നടത്തം, തല കുലുക്കുന്ന രീതി, നെറ്റിയിലേക്ക് ഇടക്കിടെ പാറിവീഴുന്ന മുടിയിഴകള്‍... ദേവാന്ദിന്റെ സവിശേഷതയാര്‍ന്ന സ്റ്റൈല്‍ തന്നെയായിരുന്നു അറുപതുകളിലെ പുരുഷ സൗന്ദര്യസങ്കല്പം.

വേഗതയാര്‍ന്ന ഡയലോഗ് ഡെലിവറിയായിരുന്നു മറ്റൊരു പ്രത്യേകത. കഥാപാത്രം സാധാരണക്കാരനെങ്കില്‍ പോലും സ്‌റ്റൈലന്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് ദേവ് എപ്പോഴും പ്രത്യക്ഷപ്പെടുക. മിക്കപ്പോഴും ഫുള്‍ സ്ലീവ് ഷര്‍ട്ടുകള്‍ ധരിച്ചിരുന്ന അദ്ദേഹം ജാക്കറ്റുകള്‍, തൊപ്പികള്‍, സ്‌കാര്‍ഫുകള്‍, മഫ്ളറുകള്‍ തുടങ്ങിയ മികച്ച ആക്സസറികളുടെ കാര്യത്തില്‍ ഒരു ഫാഷന്‍ ഐക്കണ്‍ തന്നെയായിരുന്നു. റൊമാന്റിക് ഹീറോ എന്ന നിലയില്‍ ഇന്ത്യന്‍ സിനിമയിലെ അദ്ദേഹത്തിന്റെ പ്രഭാവത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

മധുബാല, വഹീദ റഹ്‌മാന്‍, സാധന, നൂതന്‍, വൈജയന്തിമാല തുടങ്ങിയ സുന്ദരിമാരായ നായികമാര്‍ക്കൊപ്പമുള്ള ദേവാനന്ദിന്റെ പ്രണയഗാനങ്ങള്‍ക്കായി അക്ഷമരായി കാത്തിരുന്നു അദേഹത്തിന്റെ ആരാധകര്‍; പ്രത്യേകിച്ച് സ്ത്രീകള്‍. 1970 കാലഘട്ടത്തില്‍, തന്റെ അമ്പതുകളില്‍ പോലും ദേവ് ആനന്ദ് ഹേമമാലിനി, രാഖി, സീനത്ത് അമന്‍, പര്‍വീണ്‍ ബാബി തുടങ്ങിയ യുവ നായികമാര്‍ക്കൊപ്പം തിരശ്ശീലയില്‍ പ്രണയിക്കുകയും ഹിറ്റ് പരമ്പരകള്‍ സൃഷ്ടിക്കുകയും ചെയ്തു. പരാജയപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന സിനിമകള്‍ പോലും മാര്‍ക്കറ്റ് ചെയ്യാന്‍ 1980 കളിലും 1990 കളിലും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല, കാരണം നിരവധി വിതരണക്കാര്‍ ദേവാനന്ദിന്റെ കടുത്ത ആരാധകരായിരുന്നു.

1969ല്‍ 'ആരാധന' എന്ന സിനിമയിലൂടെയുള്ള രാജേഷ് ഖന്നയുടെ രംഗപ്രവേശം വരെ റൊമാന്റിക് ഹീറോയായി സിനിമാ പ്രേമികളുടെ മനസില്‍ വാണു ദേവാനന്ദ്. അതേസമയം, 'ഹം ദോനോ' പോലുള്ള സിനിമകള്‍ക്കായി തന്റെ റൊമാന്റിക് പരിവേഷം മാറ്റിവച്ച് അഭിനയിക്കാനും ദേവ് ഭയപ്പെട്ടില്ല. ആര്‍ കെ നാരായന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള 'ഗൈഡി'ലും വേറിട്ട കഥാപാത്രമായിരുന്നു ദേവിന്റേത്.

ഇമ്പമാര്‍ന്ന ഗാനങ്ങളില്ലാതെ സിനിമയില്‍ റൊമാന്റിക് ഹീറോയ്ക്ക് നിലനില്‍പ്പില്ലെന്നത് സ്വാഭാവികം. മികച്ച ഗാനരചയിതാക്കളും സംഗീതസംവിധായകരും ജീവന്‍ പകര്‍ന്ന മനോഹരമായ ഗാനരംഗങ്ങളില്‍ അഭിനയിക്കാന്‍ ദേവാനന്ദിന് ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ നവകേതന്‍ ബാനറില്‍നിന്ന് പുറത്തിറങ്ങിയ ചിത്രങ്ങളില്‍ എസ് ഡി ബര്‍മ്മനായിരുന്നു പതിവ് സംഗീതസംവിധായകന്‍. 1950 കളില്‍ തന്റെ ആദ്യ നിര്‍മാണസംരഭമായ 'അഫ്സര്‍' മുതല്‍ എസ് ഡി ബര്‍മനുമായി മികച്ച ബന്ധം കാത്തുസൂക്ഷിച്ചിരുന്നു ദേവ്. 'ഹം ദോനോ'മില്‍ ജയദേവ് സംഗീതം നല്‍കിയപ്പോള്‍ മാത്രമാണ് ഇതിന് മാറ്റമുണ്ടായത്. എസ് ഡി ബര്‍മ്മന്റെ മരണശേഷം മകന്‍ ആര്‍ ഡി ബര്‍മനും കുറച്ചുകാലത്തേക്ക് ദേവ് ചിത്രങ്ങളുടെ സംഗീതസംവിധായകനായി.

ദേവാനന്ദിന്റെ ആദ്യ സോളോ ഹിറ്റായ 'മര്‍നേ കി ദുവായെ' എന്ന ഗാനത്തിന് 1948-ല്‍ കിഷോര്‍ കുമാറാണ് ശബ്ദം നല്‍കിയതെങ്കിലും, 1960-കളുടെ പകുതിവരെ അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ആത്മാവ് മുഹമ്മദ് റഫിയായിരുന്നു. ദേവാനന്ദിനുവേണ്ടി റഫി പാടിയ ഗാനങ്ങള്‍ പരിശോധിച്ചാല്‍, ആ സ്വരമാധുര്യം ദേവിന്റെ നായകപരിവേഷത്തിന് എത്രമാത്രം സംഭാവന നല്‍കിയിട്ടുണ്ടെന്ന് മനസ്സിലാവും. ഹം ബേഖുദി മേം (കാലാപാനി), ഖൊയാ ഖൊയാ ചാന്ദ് (കാലാ ബാസാര്‍), മേ സിന്ദഗി കാ സാഥ്, കഭി ഖുദ് പേ, അഭി ന ജാവോ (ഹം ദോനോ), ദിന്‍ ഢല്‍ ജായേ, ക്യാ സേ ക്യാ, തേരേ മേരേ സപ്നേ (ഗൈഡ്), ദില്‍ കാ ഭന്‍വര്‍ കരേ (തേരേ ഘര്‍ കേ സാംനേ), കഹി ബേഖയാല്‍ ഹോകര്‍ (തീന്‍ ദേവിയാം) എന്നിങ്ങനെയുള്ള ഗംഭീര ഹിറ്റുകള്‍ അവയില്‍ ചിലത്.

അന്‍പതുകളില്‍ കിഷോര്‍ കുമാറും ദേവാനന്ദിന്റെ ഹിറ്റ് ഗാനങ്ങളുടെ ഭാഗമായി, ദുഃഖി മന്‍ മേരേ (ഫണ്‍ടൂഷ്), മാനാ ജനാബ് നെ (പേയിങ് ഗസ്റ്റ്), ഹം ഹെ രാഹി (നൗ ദോ ഗ്യാരാ). അറുപതുകളുടെ പകുതിക്കുശേഷം കിഷോര്‍ കുമാറിന്റെ ശബ്ദത്തിനാണ് ദേവ് മുന്‍ഗണന നല്‍കിയിരുന്നത്. ഒരുപക്ഷേ യുവതലമുറയെ ആകര്‍ഷിക്കാനുതകുന്ന ശബ്ദം അദ്ദേഹം ആഗ്രഹിച്ചിരിക്കാം. അതിനുശേഷം ഗാതാ രഹേ (ഗൈഡ്), ഖ്വാബ് ഹോ തും (തീന്‍ ദേവിയാന്‍), ഫൂലോം കെ രംഗ് സെ (പ്രേം പൂജാരി), ഫൂലോം കാ താരോം കാ (ഹരേ രാമ ഹരേ കൃഷ്ണ), ദില്‍ ആജ് ശായിര്‍ (ഗാംബ്ലര്‍) തുടങ്ങി ഹിറ്റുകള്‍ ഒഴുകിക്കൊണ്ടിരുന്നു. അതിനിടയില്‍ തലത് മെഹമൂദ് ആലപിച്ച ജായേ തോ ജായേ (ചിത്രം: ടാക്സി ഡ്രൈവര്‍) എന്ന എന്ന ഗാനവും ഹേമന്ത് കുമാറിന്റെ ഹായ് അപ്നാ ദില്‍ (സോള്‍വാ സാല്‍), യേ രാത് യേ ചാന്ദ് (ജാല്‍) എന്നീ ഹിറ്റുകളും പിറന്നു.

എല്ലാ നായികമാരുമായും അത്ഭുതകരമായ കെമിസ്ട്രി രൂപപ്പെടുത്താന്‍ ദേവാനന്ദിന് കഴിഞ്ഞിരുന്നു. ഗായിക സുരയ്യയുമായുള്ള പ്രണയം പരാജയപ്പെട്ടശേഷം അദ്ദേഹം, മുന്‍കാല നായികയായിരുന്ന കല്‍പ്പന കാര്‍ത്തിക്കിനെ വിവാഹം കഴിച്ചു. 1940-കളുടെ തുടക്കത്തില്‍ ചലച്ചിത്രരംഗത്ത് വലിയ നേട്ടമുണ്ടാക്കുകയെന്ന സ്വപ്നവുമായി പഞ്ചാബില്‍നിന്ന് ബോംബെയിലെത്തി ആരാധകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടാനും ദീര്‍ഘകാലം അത് നിലനിര്‍ത്താനും കഴിഞ്ഞ യഥാര്‍ഥ ഇതിഹാസം തന്നെയായിരുന്നു ദേവാനന്ദ്.

logo
The Fourth
www.thefourthnews.in