'പോലീസ് പെരുമാറിയത് തീവ്രവാദികളോടെന്നപോലെ, അവര്‍ക്കും റൊട്ടി പകുത്ത് നല്‍കി കര്‍ഷകർ'; ശംഭു അതിർത്തിയിലെ കാഴ്ചകൾ

'പോലീസ് പെരുമാറിയത് തീവ്രവാദികളോടെന്നപോലെ, അവര്‍ക്കും റൊട്ടി പകുത്ത് നല്‍കി കര്‍ഷകർ'; ശംഭു അതിർത്തിയിലെ കാഴ്ചകൾ

സർക്കാർ വാക്ക് പാലിക്കാതിരുന്നാൽ അത് ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾക്കില്ലേയേന്നാണ് ശംഭു അതിർത്തിയിൽ ഇതൊക്കെ കണ്ടുനിൽക്കുന്നവർ ചോദിക്കുന്നത്

ദേശീയപാതയുടെ ഒരു വശത്ത് തോക്കും ആയുധങ്ങളുമായി നൂറുകണക്കിന് പോലീസ്. ഇപ്പുറത്ത് കൊടികെട്ടിയ ട്രാക്റ്ററുകളിൽ കർഷകർ. അന്തരീക്ഷം മുഴുവൻ പുക പരത്തി നിരന്തരം പൊട്ടിക്കൊണ്ടിരിക്കുന്ന കണ്ണീർവാതക ഷെല്ലുകൾ. ഡൽഹി ശംഭു അതിർത്തിയിലെ കാഴ്ചകൾ രാജ്യാതിർത്തിയിൽ നടക്കുന്ന യുദ്ധം പോലെയൊക്കെ തോന്നിപ്പിക്കും. തോന്നലല്ല പോലീസിന്റെ പെരുമാറ്റം തീവ്രവാദികളോടെന്ന പോലെ തന്നെയാണെന്നാണ് കർഷകർ പറയുന്നത്.

ഒരു വർഷം നീണ്ടുനിന്ന കർഷകസമരം അവസാനിപ്പിക്കുമ്പോൾ സർക്കാർ അവർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് കർഷകർ വീണ്ടും തെരുവിലിറങ്ങിയത്. സർക്കാർ വാക്ക് പാലിക്കാതിരുന്നാൽ അത് ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾക്കില്ലേയെന്നാണ് ശംഭു അതിർത്തിയിൽ ഇതൊക്കെ കണ്ടുനിൽക്കുന്നവർ ചോദിക്കുന്നത്.

കർഷകർക്കിടയിൽ വീഡിയോ പകർത്തിക്കൊണ്ട് നടക്കുമ്പോൾ കൊടിയുമായി അതിലെ പോവുകയായിരുന്ന ഒരാൾ ചോദിച്ചു," എന്ത് തോന്നുന്നു, സമരം ജയിക്കുമോ?'' ഉത്തരമറിയാത്തത് കൊണ്ട് ചിരിച്ച് കൊണ്ട് അവിടെ നിന്നു. അപ്പോൾ അദ്ദേഹം ക്യാമറ നോക്കി പറഞ്ഞു "നോക്കൂ ഞാൻ പഞ്ചാബിൽനിന്നാണ്, എന്റെ വിളകൾക്ക് എം എസ് പി കിട്ടുന്നുണ്ട്. ഞാൻ സമരം ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കർഷകർക്കും ഇത് കിട്ടണം. ഉത്തർപ്രദേശിലും ബിഹാറിലും വിയർപ്പൊഴുക്കി കൃഷി ചെയ്യുന്നവർക്ക് ന്യായമായ വില കിട്ടണം. അതിനുവേണ്ടിയാണ് ഈ സമരം. ഇത് എന്റെ രാജ്യത്തിനുവേണ്ടിയുള്ള സമരമാണ്,'' അത്രയും പറഞ്ഞ് ആ വൃദ്ധൻ നടന്നുപോയി. അതുപോലെ നിരവധി പേരെ കണ്ടു ആ ട്രാക്റ്ററുകൾക്കിടയിൽ.

കർഷക സമരത്തിനെത്തിയ അച്ഛന്റെ ട്രാക്ടർ ഓടിക്കാനായി എത്തിയ വിദ്യാർഥിക്ക് വെടിയുണ്ടയേറ്റത് കണ്ണിലായിരുന്നു. ആദ്യമായാണ് ഒരു സമരത്തിൽ പങ്കെടുക്കുന്നത്. പോലീസ് വെടിയുതിർക്കുമ്പോൾ എന്ത് ചെയ്യണമെന്ന് മനസിലായില്ലെന്ന് അയാൾ പറഞ്ഞു.

സൈനിക സേവനത്തിൽനിന്ന് വിരമിച്ച ഒരു കർഷകനെയും കണ്ടു പ്രതിഷേധക്കാർക്കിടയിൽ. "പാകിസ്താനിൽ നിന്ന് വന്ന തീവ്രവാദികളെ പോലെയാണ് പോലീസ് പെരുമാറുന്നത്. അവർക്ക് മുകളിൽനിന്ന് കിട്ടിയ നിർദേശം അതാവാം. അതിർത്തിയിൽ പോലും കണ്ണിനുമുന്നിൽ കാണുന്നവരെ മുഴുവൻ വെടിവയ്ക്കുന്ന രീതി കണ്ടിട്ടില്ല. ഇവിടെ ശാന്തമായി നിൽക്കുന്നവരെ പോലും വെടിവെയ്ക്കുകയായിരുന്നു."

പ്രായത്തിന്റെ അവശതകൾ വകവയ്ക്കാതെ ട്രാക്ടറുകൾക്കൊപ്പം പുറപ്പെട്ടുപോന്ന സ്ത്രീകളുമുണ്ട് അവർക്കിടയിൽ. "ഞങ്ങൾ തയാറാണ്, എത്ര ദിവസങ്ങൾ വേണമെങ്കിലും ഇവിടെ തങ്ങാം. പക്ഷേ വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന വിളകൾക്ക് അർഹിക്കുന്ന വില കിട്ടുമെന്ന് ഉറപ്പാക്കാതെ മടങ്ങാനാവില്ല," എന്ന് അവരും പറഞ്ഞു.

കുറേപ്പേർ ഇപ്പോഴും രാജ്പുരയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഹരിയാന പൊലീസിൻറെ റബ്ബർ ബുള്ളറ്റുകൾ മൂക്കിലും കാലിലുമൊക്കെ തുളച്ചുകയറിയതിന്റെ വേദന സഹിച്ചുകിടക്കുമ്പോഴും അവർ പറഞ്ഞു. "എന്ത് തെറ്റാണ് ചെയ്തതെന്ന് മനസിലാവുന്നില്ല. സർക്കാരിന്റെ സ്വത്തുക്കളൊന്നും നശിപ്പിച്ചിട്ടില്ല. റോഡിലൂടെ മാർച്ചായി ഡല്‍ഹിയിലേക്കുപോകാൻ ശ്രമിക്കുക മാത്രമാണ് ചെയ്തത്. അതിനെന്തിനായിരുന്നു വെടിയുതിർത്തത്?" ഉത്തരം പറയേണ്ടത് ഹരിയാന സർക്കാരാണ്.

സമരത്തിന്റെ പൂർണരൂപം കാണാൻ മറ്റ് ചില കാഴ്ചകൾ കൂടി ചേരേണ്ടതുണ്ട്. കണ്ണീർ വാതകം ഉപയോഗിച്ച് കർഷകരെ തുരത്താനുള്ള ശ്രമം പോലീസ് നടത്തുമ്പോൾ ഇപ്പുറത്ത് ലങ്കാറുകളിൽ പരിപ്പ് കറിയുടെ ആവി പരന്നു തുടങ്ങും. രാവിലത്തെ ചെറിയ തണുപ്പ് മാറ്റാൻ ആവി പറക്കുന്ന ചായ വൃദ്ധരായ കർഷകർ ചെറിയ കപ്പിലൊഴിച്ച് കൊടുക്കുമ്പോൾ അത് വാങ്ങി കുടിക്കുന്നവരിൽ കാക്കി ഉടുത്തവരെയും കണ്ടു. സമൂഹ അടുക്കളകൾ പഞ്ചാബിലും ഹരിയാനയിലും ജനിച്ചുവളർന്നവർക്ക് സമരമെന്ന പോലെ പരിചിതമാണ്. ലങ്കാറുകളിലെത്തുന്നവർ ആരായാലും വിശന്ന് മടങ്ങരുത്. അവസാനത്തെ റൊട്ടിയും പകുത്ത് തിന്നും. ഇതും സമരം തന്നെയാണ്.

2021 ഡിസംബർ പതിനൊന്നിന് കർഷകസമരം അവസാനിപ്പിച്ച് ഡൽഹിയുടെ അതിർത്തികളിൽനിന്ന് കർഷകർ മടങ്ങിയത്. കേന്ദ്രം പാസാക്കിയ കാർഷിക നിയമം പിൻവലിക്കും എന്നതിനൊപ്പം സർക്കാർ നൽകിയ ഉറപ്പായിരുന്നു താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കുമെന്നത്. ഏകദേശം രണ്ട് വർഷത്തിലധികം കർഷക സംഘടനകൾ കാത്തിരുന്നു. സർക്കാരുമായി അഞ്ചിലധികം ചർച്ചകൾ നടത്തി. ഒരു ചർച്ചയിലും സമവായത്തിലെത്താൻ സാധിക്കാതെ വന്നപ്പോഴാണ് അവർ വീണ്ടും തിരിച്ചു വന്നത്. വാക്ക് തന്ന സർക്കാർ അത് പാലിച്ചില്ലെങ്കിൽ ഇതിൽ പരം ബഹുമാനപൂർവം ഒരു ജനാധിപത്യരാജ്യത്ത് എങ്ങനെയാണ് പ്രതിഷേധിക്കേണ്ടത്.

logo
The Fourth
www.thefourthnews.in