ഈ സ്നേഹം എന്റെ സുകൃതം

ഈ സ്നേഹം എന്റെ സുകൃതം

സുകൃതത്തിന് ശേഷമുള്ള ചലച്ചിത്ര അവബോധത്തെ രൂപപ്പെടുത്തുന്നതിൽ വാസുവേട്ടൻ അറിഞ്ഞോ അറിയാതെയോ എന്നെ സ്വാധീനിച്ചിട്ടുണ്ട് തീർച്ച

തലമുറകളായി മലയാള മനസ്സിൽ നിറഞ്ഞുനിൽക്കുന്ന രണ്ട് അക്ഷരമാണ് എംടി. ചുരുക്കം ചിലരെ അദ്ദേഹത്തെ വാസുദേവൻ നായർ എന്ന് വിളിച്ചുകേട്ടിട്ടുള്ളു. ഏറ്റവും അടുപ്പമുള്ളവർക്ക് വാസു. സുഗതകുമാരി ടീച്ചറും, ലീലാവതി ടീച്ചറും, അക്കിത്തവും, ശോഭന പരമേശ്വരനുമൊക്കെ അദ്ദേഹം വാസുവാണ്. അദ്ദേഹത്തിന്റെ സമകാലീന എഴുത്തുകാർക്കും തൊട്ടുതാഴെയുള്ളവർക്കും മറ്റ് അടുപ്പമുള്ളവർക്കും എംടിയാണ്. ആ എംടിയെന്ന വിളിയിൽ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ആരാധനയുടെയും ധ്വനി തിരിച്ചറിയാൻ കഴിയും.

മറ്റുള്ളവർക്ക് ഒക്കെ അദ്ദേഹം എംടി സാർ ആണ്. സിനിമയിൽ മോഹൻലാൽ മമ്മൂട്ടി തുടങ്ങി എല്ലാവർക്കും അദ്ദേഹം എംടി സാർ ആണ്. അദ്ദേഹത്തെ ഒന്ന് അടുത്ത് കാണാൻ, ഒരു വാക്ക് സംസാരിക്കാൻ ഒരുമിച്ചിരുന്ന് ഒരു ഫോട്ടോയോയെടുക്കാൻ ആഗ്രഹിച്ച് ആരാധനയോടെ ബഹുമാനത്തോടെ നോക്കി നിൽക്കുന്ന അനേകം ആളുകളെ കണ്ടിട്ടുണ്ട്.

എനിക്ക് അദ്ദേഹം ആരാണ്? വാസുവേട്ടൻ, എന്റെ വാസുവേട്ടൻ. എന്ന് മുതലാണ് അങ്ങനെ വിളിച്ചു തുടങ്ങിയതെന്ന് ഓർമ്മയില്ല. പരിചയപ്പെട്ടപ്പോൾ ഞാനും വിളിച്ചിരുന്നത് സാർ എന്ന് തന്നെയാണ്. 1983 ൽ തിരുവനന്തപുരത്ത് സൂര്യയുടെ ഒരു പ്രോഗ്രാമിന് വന്നപ്പോൾ സൂര്യ കൃഷ്ണമൂർത്തിയാണ് പരിചയപ്പെടുത്തിയത്. അദ്ദേഹം, "കേട്ടിരിക്കുന്നു, ഹരികുമാറിനെയും സിനിമയെയും കുറിച്ച്".

മതി, എനിക്ക് ധാരാളം മതി. തുടക്കക്കാരനായ എന്നെ അദ്ദേഹം ശ്രദ്ധിച്ചിരിക്കുന്നല്ലോ. അദ്ദേഹത്തോടൊപ്പം സൂര്യയുടെ പരിപാടിയിൽ പങ്കെടുത്തു, ഒരുമിച്ചിരുന്ന് ഇരുട്ടിന്റെ ആത്മാവ് കണ്ടു, അതായിരുന്നു തുടക്കം. ഒരു മഹാപ്രതിഭയുടെ, മഹാഗുരുവിന്റെ സ്നേഹവും വാത്സല്യവും അനുഗ്രഹവും നേടിത്തന്ന തുടക്കം.

മൂന്നര പതിറ്റാണ്ട് അടുപ്പത്തിനിടയിൽ അദ്ദേഹവുമായി ഒരുമിച്ചുള്ള എന്തെല്ലാം അടുപ്പങ്ങൾ. ആ സ്‌നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞ നിമിഷങ്ങൾ. എന്റെ ചലച്ചിത്ര പ്രവർത്തനങ്ങളെ സുകൃതത്തിന് മുൻപും സുകൃതത്തിന് ശേഷവും എന്ന് വേർതിരിച്ചാൽ, സുകൃതത്തിന് ശേഷമുള്ള ചലച്ചിത്ര അവബോധത്തെ രൂപപ്പെടുത്തുന്നതിൽ വാസുവേട്ടൻ അറിഞ്ഞോ അറിയാതെയോ എന്നെ സ്വാധീനിച്ചിട്ടുണ്ട് തീർച്ച. ഈ കാലഘട്ടങ്ങളിലെ ഒരുമിച്ചുള്ള യാത്രയും ഒരുമിച്ചുള്ള താമസവും, മൗനത്തിന്റെ പുതിയ അർധ തലങ്ങൾ കണ്ടെത്തിയ അദ്ദേഹം എന്നോട് വാചാലനായിട്ടുള്ളതും അങ്ങനെ എത്രയെത്ര ഓർമ്മകൾ.

എന്റെ ആദ്യത്തെ കാടാമ്പുഴ ക്ഷേത്ര ദർശനം വാസുവേട്ടനോട് ഒപ്പമായിരുന്നു. സുകൃതത്തിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്ന സമയം. തിരുവനന്തപുരത്ത് വന്ന് മടങ്ങുമ്പോൾ എന്നെയും കൂട്ടി. കോഴിക്കോട്ടേയ്ക്ക്, കാറിൽ. പുറപ്പെട്ട് തൃശൂർ എത്തുമ്പോൾ പെപ്പിൻ( കറന്റ് ബുക്ക്സ് ഉടമ) കാത്തുനിൽക്കുന്നുണ്ട്. കാസിനോയിൽ പോയി ഊണ് കഴിച്ചു പോകാം. കാസിനോയിൽ ചെല്ലുമ്പോൾ പെപ്പിൻ ഉണ്ട്. ഊണ് കഴിച്ചു. വാസുവേട്ടന് വിശ്രമിക്കാനൊരു മുറിയും ഏർപ്പാട് ചെയ്തിരുന്നു. ഉച്ച കഴിഞ്ഞുള്ള ചെറിയ മയക്കമാണ്. ഞാൻ പരിചയപ്പെട്ട നാൾ മുതൽ വാസുവേട്ടനതുണ്ട്. മാതൃഭൂമിയിൽ ജോലി ചെയ്യുമ്പോഴും ഓഫിസിനകത്ത് ഒരു കിടക്കയുണ്ടായിരുന്നു.

'കാടാമ്പുഴ ക്ഷേത്രത്തിൽ പോയിട്ടില്ലേ', വാസുവേട്ടൻ ചോദിച്ചു. 'ഇല്ല'. 'പോകുന്ന വഴിക്ക് അമ്പലത്തിൽ കയറിയിട്ട് പോകാം'. ദർശനത്തിന് അമ്പലത്തിൽ കടക്കുമ്പോൾ മറ്റൊരു പ്രശ്നം. പാന്റ്സിട്ട് കയറാൻ പറ്റില്ല. എന്റെ കയ്യിൽ മുണ്ടുമില്ല. വാസുവേട്ടൻ ബാഗ് തുറന്ന് അലക്കി തേച്ച ഒരു മുണ്ടെടുത്ത് തന്നു. കാടാമ്പുഴ ദേവി ക്ഷേത്രത്തിലെ എന്റെ ആദ്യ ദർശനം.

ആദ്യ ദർശനം, നടയിൽ നീണ്ട ക്യൂ. മിക്കവരും എംടിയെ തിരിച്ചറിഞ്ഞ് "എംടി.. എംടി" എന്ന് പിറുപിറുക്കുന്നുണ്ട്. അദ്ദേഹത്തിന് മുന്നിലേക്ക് പോകുന്നതിന് അവർ വഴിയൊരുക്കി. അകത്തുനിന്ന് പ്രായമായ പൂജാരി വാസുവേട്ടനെ കണ്ടു, കൈ കാണിച്ചു. പുറകിലത്തെ ചെറിയ വാതിലിനടുത്തേക്ക് ഞങ്ങളെത്തി. രണ്ടുപേർക്കും നിറയെ പ്രസാദം. മടങ്ങുന്നതിനിടെ ചോദ്യം, 'മാഷ്ക്ക് സുഖമല്ലേ?' വാസുവേട്ടൻ, അതെ. 'അന്വേഷണം പറഞ്ഞേക്കൂ. വന്ന് കാണണമെന്നുണ്ട്'.

തൊഴുതു മടങ്ങി. 'വല്യേട്ടന്റെ സ്റ്റുഡന്റായിരുന്നു', വാസുവേട്ടൻ പറഞ്ഞു. വല്യേട്ടൻ ദീർഘകാലം അധ്യാപകനായിരുന്നല്ലോ. മടങ്ങി, കോഴിക്കോട്ടേയ്ക്ക്.

അമ്മേ മഹാമായേ. വാസുവേട്ടന് 90 വയസ്സായെന്ന് വിശ്വസിക്കാൻ എനിക്കിഷ്ടമില്ല. ആരോഗ്യവും ഇപ്പോഴുള്ള കൊച്ചു കൊച്ചു അസുഖങ്ങളിൽ നിന്നുള്ള മോചനവും അദ്ദേഹത്തിന് ഉണ്ടായാൽ മതി. ഇനിയും ഒരുപാട് ഒരുപാട് കാലം അദ്ദേഹം നമ്മോടൊപ്പമുണ്ടാകും.

logo
The Fourth
www.thefourthnews.in