ഡി വൈ ചന്ദ്രചൂഡ് - സമഗ്രാധിപത്യ ചിന്തയുടെ  കാലത്ത് വ്യക്തി സ്വാതന്ത്ര്യവാദിയായ ചീഫ് ജസ്റ്റിസ് എന്തുചെയ്യും?

ഡി വൈ ചന്ദ്രചൂഡ് - സമഗ്രാധിപത്യ ചിന്തയുടെ കാലത്ത് വ്യക്തി സ്വാതന്ത്ര്യവാദിയായ ചീഫ് ജസ്റ്റിസ് എന്തുചെയ്യും?

വ്യക്തി അവകാശങ്ങൾ ഉയർത്തിപിടിക്കുന്ന ഡി വൈ ചന്ദ്രചൂഡ് തന്നെയാണ് ജഡ്ജി ലോയയുടെ ദുരൂഹ മരണത്തിൽ അന്വേഷണം വേണ്ടെന്നും ഉത്തരവിട്ടത്

ഡി വൈ ചന്ദ്രചൂഡ് 50-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതോടെ, ഇന്ത്യയുടെ നീതിന്യായ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും ശക്തിപ്പെട്ടിരിക്കുകയാണ്. അതിന് കാരണം അദ്ദേഹത്തിൻ്റെ വിധിന്യായങ്ങളും പുറത്ത് പുറപ്പെടുവിച്ച അഭിപ്രായങ്ങളുമാണ്.

എന്താണ് ഡി വൈ ചന്ദ്രചൂഡ് ആദ്യം നേരിടേണ്ട വെല്ലുവിളികൾ?

ഇക്കാര്യത്തിൽ നീതിന്യായ രംഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്കിടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. അത് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയം സംവിധാനത്തെ പരിഷ്ക്കരിക്കുകയെന്നതാണ്. യു യു ലളിത് ചീഫ് ജസ്റ്റിസായിരിക്കെ സുപ്രീംകോടതി ജഡ്ജിമാരെ നിർദ്ദേശിക്കുന്ന കാര്യത്തിൽ കൊളീജിയത്തിന് യോജിച്ചുള്ള അഭിപ്രായത്തിൽ എത്താൻ കഴിയാത്തത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കഴിഞ്ഞ ദിവസം നിയമ മന്ത്രി റിജിജു നടത്തിയ പ്രസ്താവനയും ശ്രദ്ധേയമാണ്. കൊളീജിയം സംവിധാനം അങ്ങേയറ്റം ദുരൂഹമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനോടുള്ള ചന്ദ്രചൂഡിൻ്റെ പ്രതികരണം ശ്രദ്ധേയമാണ്. ഇന്ന് ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ചന്ദ്രചൂഡ് ഇങ്ങനെ പറഞ്ഞു " കൊളീജിയം സമ്പ്രദായത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ പോസിറ്റീവായി കാണണം. ഒരു സംവിധാനത്തിലാണ് നമ്മൾ പ്രവർത്തിക്കുന്നത്. അതിനെ മെച്ചപ്പെടുത്താൻ നമുക്ക് കഴിയും. ഒരു ജനാധിപത്യ സമ്പ്രദായത്തിലേയും സംവിധാനം പൂർണമല്ല. അത് സ്ഥിരമായി മാറേണ്ടതാണ്. ജഡ്ജിമാരെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് എന്നറിയുന്നതിൽ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്. അതേസമയം അവരുടെ സ്വകാര്യതയെ മാനിക്കുകയും വേണം"

ഭൂരിപക്ഷാധിപത്യത്തിന് വേണ്ടിയുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുന്ന ഒരു രാഷ്ട്രീയ സംവിധാനത്തിൽ വ്യക്തിയുടെ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന, പൊതുവിൽ ഉദാരവാദ സമീപനം സ്വീകരിക്കുന്ന ചീഫ് ജസ്റ്റിസ് എങ്ങനെ പ്രവർത്തിക്കുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

1983 ജൂണിലാണ് ഡിവൈ ചന്ദ്രചൂഡ് അഭിഭാഷകനായി എന്‍ റോള്‍ ചെയ്യുന്നത്. 1998 ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004 ഏപ്രിലില്‍ സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2013 ല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം 2016 ല്‍ സുപ്രീം കോടതി ജഡ്ജിയായി.

സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറത്തിറക്കിയ സുപ്രധാന വിധികളിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പ് ഉണ്ടായിരുന്നു. പാരമ്പര്യത്തിനും മതരീതികള്‍ക്കും എതിരെ നിലകൊള്ളുന്ന പല വിധിന്യായങ്ങളും അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്. മാനുഷിക മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം പലപ്പോഴും വിധി പ്രസ്താവിച്ചത്. അതില്‍ പലതും കോളിളക്കം സൃഷ്ടിച്ചു.

വ്യക്തി സ്വാതന്ത്ര്യത്തെ ഉയർത്തിപിടിച്ച ചന്ദ്രചൂഡിൻ്റെ വിധികൾ

ശബരിമല യുവതി പ്രവേശനം

മതങ്ങള്‍ക്ക് സ്ത്രീകളുടെ ആരാധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നാരോപിച്ചാണ് ശബരിമലയില്‍ എല്ലാ പ്രായമുള്ള സ്ത്രീകള്‍ക്കും കയറാമെന്ന വിധി ജ. ചന്ദ്രചൂഡ് അടങ്ങിയ ബഞ്ച് പുറപ്പെടുവിച്ചത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ അമ്പലത്തില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ആചാരത്തെ കീഴ്മേൽ മറിക്കുന്നതായിരുന്നു ആ വിധി. പൊതു ആരാധനാലയത്തില്‍നിന്ന് പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തില്‍ എങ്ങനെ പെടുമെന്നായിരുന്നു ചന്ദ്രചൂഡിന്റെ ചോദ്യം. അയ്യപ്പൻ്റെ ബ്രഹ്മചര്യത്തിൻ്റെ ഉത്തരവാദിത്തം സ്ത്രീകൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരുപാട് കോളിളക്കങ്ങള്‍ സൃഷ്ടിച്ച വിധിയായിരുന്നു അത്. നാലിനെതിരെ ഒന്ന് എന്ന നിലയിലായിരുന്നു അന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് സ്ത്രീ പ്രവേശനം അനുവദിച്ചത്. പിന്നീട് നൽകിയ റിവ്യൂ ഹർജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്

സാങ്കേതിക കാര്യങ്ങളിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് ഭരണഘടന നല്‍കുന്ന സംരക്ഷണങ്ങള്‍ ഇല്ലാതാകുന്നില്ലെന്ന് അദ്ദേഹം തന്റെ വിയോജനക്കുറിപ്പില്‍ രേഖപ്പെടുത്തി

ആധാര്‍ നിയമം

ആധാർ ഭരണഘടനാനുസൃതമാണോ എന്ന ഹർജിയിൽ ചന്ദ്രചൂഢ് പുറപ്പെടുവിച്ച ഭിന്ന സ്വരം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ആധാർ നിയമപ്രകാരമാണെന്ന് വിധിയെഴുതിയ ഭരണഘടനാ ബഞ്ചിലെ നാല് പേരോടും വിയോജിച്ചായിരുന്നു അന്ന് വിമത കുറിപ്പെഴുതിയത്.

സാങ്കേതിക കാര്യങ്ങളിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് ഭരണഘടന നല്‍കുന്ന സംരക്ഷണങ്ങള്‍ ഇല്ലാതാകുന്നില്ലെന്ന് അദ്ദേഹം തന്റെ വിയോജനക്കുറിപ്പില്‍ രേഖപ്പെടുത്തി. ആധാര്‍ ധന ബില്ലായി അവതരിപ്പിച്ചതില്‍ നാല് ജഡ്ജിമാരും അപാകത കണ്ടില്ലെങ്കിലും ഭരണഘടനയോട് കാണിക്കുന്ന വഞ്ചനയാണ് അതെന്നായിരുന്നു ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടത്. ധനബില്ലായി ആധാർ ബിൽ അവതരിപ്പിക്കാൻ അനുവദിച്ച ലോക്സഭാ സ്പീക്കറുടെ തീരുമാനം നീതിന്യായ പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ഹാദിയ കേസ്

വ്യക്തി സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ മറ്റൈാരു സുപ്രധാന പ്രസ്താവനയായിരുന്നു ഹാദിയ കേസില്‍ നടത്തിയത്. വിവാദമായ ഹാദിയ - ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര, ജസ്റ്റിസ്. എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിപ്പിച്ചത്. ഹിന്ദു മതവിശ്വാസിയായ ഹാദിയ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത് ബലപ്രയോഗത്തിലൂടെ നടന്നതാണെന്ന് നിരീക്ഷിച്ച് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കുകയും ഹാദിയയെ മാതാപിതാക്കളുടെ കൂടെ വിടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ എന്തുവേണമെന്ന് സ്വയം തിരഞ്ഞെടുക്കാന്‍ കഴിവുള്ള പ്രായപൂര്‍ത്തിയായ സ്ത്രീയാണ് ഹാദിയ എന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും വിവാഹം ഒരോ വ്യക്തിയുടെ തിരഞ്ഞെടുപ്പാണെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്. അതിനാല്‍ ഹാദിയയെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്ന് വിടണമെന്നും ഉത്തരവിട്ടു.

വ്യക്തി സ്വാതന്ത്ര്യം

സ്വകാര്യത മൗലികാവകാശമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരം അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഏകകണ്ഠമായി അംഗീകരിച്ച ന്യായാധിപനാണ് ഡിവൈ ചന്ദ്രചൂഡ്. അന്തസ്സോടെയുള്ള ജീവിതം നയിക്കണമെങ്കില്‍ ഒരു വ്യക്തിക്ക് അര്‍ഹിച്ച സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

മരിക്കാനുള്ള സ്വാതന്ത്ര്യം

ജീവിക്കാനുള്ള അവകാശം പോലെ അന്തസ്സോടെയുള്ള മരണവും മൗലികാവകാശമാണെന്ന നിലപാടാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സ്വീകരിച്ചത്. തല്‍ഫലമായി ദയാവധം അനുവദിക്കാന്‍ സുപ്രീംകോടതി തീരുമാനിക്കുകയും ചെയ്തു.

വിവാഹേതേര ബന്ധം

വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള അവകാശമുണ്ടെന്ന നിരീക്ഷണവും ജസ്റ്റിസ് ചന്ദ്രചൂഡ് മുന്നോട്ട് വെച്ചിരുന്നു. ഭാര്യ ഭര്‍ത്താവിന്റ സ്വത്തല്ല. ഭര്‍ത്താവ് ഭാര്യയുടെ ലൈംഗിക തിരഞ്ഞെടുപ്പിന്റെ ഉടമയുമല്ല തുടങ്ങി വ്യക്തികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം നടത്തി.

ഷോഹറാബുദ്ദീന്‍ വധക്കേസില്‍ അമിത് ഷായെ വിചാരണ ചെയ്യാനിരിക്കെയായിരുന്നു ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ദുരൂഹ മരണത്തില്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം നിരവധി ചോദ്യങ്ങളാണ് അവശേഷിപ്പിച്ചത്.

വിവാദമായ ഇടപെടലുകൾ- ജഡ്ജി ലോയയും അയോധ്യയും

ഇത്രയും കേസുകളിൽ ലിബറലും, ഭരണഘടനയുടെ മൂല്യങ്ങൾക്കനുസരിച്ചുമുള്ള തീരുമാനങ്ങളാണ് ചന്ദ്രചൂഡ് കൈകൊണ്ടിരിക്കുന്നതെന്ന പറയാം

ഇങ്ങനെയൊക്കെയാണെങ്കിലും ചന്ദ്രചൂഡിൻെറ ചില വിധിന്യാ യങ്ങൾ വ്യാപകമായ വിമർശനത്തിനുമിടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ജഡ്ജി ലോയയുടെ ദുരൂഹമായ മരണം സംബന്ധിച്ച വിധി.

ഷോഹറാബുദ്ദീന്‍ വധക്കേസില്‍ അമിത് ഷായെ വിചാരണ ചെയ്യാനിരിക്കെയായിരുന്നു ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ദുരൂഹ മരണത്തില്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം നിരവധി ചോദ്യങ്ങളാണ് അവശേഷിപ്പിച്ചത്.

അതുപൊലെ ബാബ്റി മസ്ജിദ് കേസിൽ വിധി പറഞ്ഞ ബെഞ്ചിലും ചന്ദ്രചൂഡുണ്ടായിരുന്നു. വിയോജിപ്പില്ലാതെ ഭൂരിപക്ഷത്തോട് ചേർന്നുനിൽക്കുകയാണ് അദ്ദേഹം ചെയ്തത്.

ഈ പശ്ചാത്തലത്തിലാണ് മുതിർന്ന അഭിഭാഷകനും സുപ്രീം കോടതി ബാർ അസോസിയേഷൻ മുൻ അധ്യക്ഷനുമായ ദുഷ്യന്ത് ദാവെയുടെ അഭിപ്രായം പ്രസ്ക്തമാകുന്നത്. ഈയിടെ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ ചന്ദ്രചുഡ് നിരാശപ്പെടുത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇക്കാര്യങ്ങൾ ഇനി കാലം തെളിയിക്കേണ്ടതാണ്.

എന്നാലും പണ്ഡിതനായ ഒരു ചീഫ് ജസ്റ്റീസ്, കഴിഞ്ഞ കുറച്ചുകാലത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ജസ്റ്റീസ്. അദ്ദേഹത്തിന് കോടതിയിൽ ഉദ്ദേശിച്ച രീതിയിലുള്ള പരിഷ്ക്കാരങ്ങൾ വരുത്താനും സമയമുണ്ടാകുമെന്നതാണ് മറ്റൊരു കാര്യം.

സ്വന്തം പിതാവിനെ തിരുത്തിയ ജസ്റ്റിസ്

സ്വന്തം പിതാവിന്റെ വിധികള്‍ തിരുത്തിയ ജസ്റ്റിസ് കൂടിയാണ് ഡിവൈ ചന്ദ്രചൂഡ്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്ന് 1985 ല്‍ വിധിച്ചത് ഡിവൈ ചന്ദ്രചൂഡിന്റെ പിതാവായ വൈ വി ചന്ദ്രചൂഡാണ്. എന്നാല്‍ വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള അവകാശമുണ്ടെന്ന് വിധിച്ചതിലൂടെ ആ നിയമം തിരുത്തപ്പെട്ടു. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചപ്പോള്‍ അടിയന്തരാവസ്ഥ ക്കാലത്ത് അടിസ്ഥാന അവകാശങ്ങളെല്ലാം റദ്ദാക്കിയ പിതാവിന്റെ വിധി അദ്ദേഹം മാറ്റിയെഴുതുകയായിരുന്നു

പ്രായ പൂര്‍ത്തിയാവരുടെ പരസ്പര സമ്മതത്തോടെയുള്ള എല്ലാ ലൈഗിംക ബന്ധവും നിയമവിധേയമാക്കി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഢിന്റെ കൈയൊപ്പ് ഉണ്ടായിരുന്നു. സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയ വിധിയും ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ഏടാണ്.

logo
The Fourth
www.thefourthnews.in