കേരളത്തിലെ കാബറെയുടെ കഥ

കേരളത്തില്‍ കാബറെയ്ക്ക് സംഭവിച്ചതെന്ത് ? കാബറെ നർത്തകിമാർ എവിടെ?

ഇന്നത്തെ തലമുറയ്ക്ക് പഴയകാല സിനിമകളിലെ ഒരു കൗതുക കാഴ്ചയാണ് കാബറെ. ഹോട്ടല്‍ രംഗങ്ങളിലെ ചടുല നൃത്ത താളം. കേരളത്തിലെ ഹോട്ടലുകളില്‍ കാബറെ ചുവടുവെച്ച് തുടങ്ങിയത് 1970 കളിലാണ്. കലാരൂപം എന്നതിനേക്കാള്‍ ബാര്‍ ഹോട്ടലുകളെ ആകര്‍ഷകമാക്കാനുള്ള നൃത്ത വിനോദമായി കാബറെ മാറി.

സഭ്യതയ്ക്ക് സമൂഹം വരച്ച അതിര്‍ വരമ്പുകള്‍ ലംഘിക്കാതെയായിരുന്നു ആദ്യകാല കാബറെ. കാബറെ നടക്കുന്ന ബാര്‍ ഹോട്ടലുകളിലെ കച്ചവടവും കൊഴുത്തു. പിന്നീട് ആളുകളെ ആകര്‍ഷിക്കാനായി ബാര്‍ ലൈസന്‍സില്ലാത്ത ഹോട്ടലുകളും കാബറെ ആരംഭിച്ചു. ഇതോടെ മത്സരവും കനത്തു. കാബറെയുടെ മുഖച്ഛായയും മാറി.

കാബറെ ഹോട്ടലുകളില്‍ ചൂതാട്ടവും നടക്കുന്നുവെന്ന് പരാതി ഉയര്‍ന്നു. കാബറെ വിരുദ്ധ സാംസ്‌കാരിക വാദികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പക്ഷേ കാബറെയുടെ നിരോധനത്തിന് കോടതി തയ്യാറായില്ല. ശക്തമായ പ്രക്ഷോഭവും പോലീസിന്റെ പരിശോധനകളും മൂലം കാബറെയ്ക്ക് സാവധാനം തിരശീല വീണു. കാബറെ നര്‍ത്തകിമാരില്‍ മിക്കവാറും മദ്രാസില്‍ നിന്ന് വന്നവരായിരുന്നു. കാബറെ നിര്‍ത്തിയതോടെ ഇവര്‍ക്ക് തൊഴില്‍ ഇല്ലാതായി. ഉപജീവനത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടി ഇവരെല്ലാം ജന്മനാട്ടിലേക്ക് മടങ്ങി.

1970കളുടെ പകുതിയില്‍ കേരളത്തിലെ ഹോട്ടലുകളില്‍ സജീവമായിരുന്ന കാബറെ പ്രതിഷേധത്തെ തുടര്‍ന്ന് 1985ലാണ് പൂര്‍ണമായും അവസാനിപ്പിക്കുന്നത്. മൂന്ന് പതിറ്റാണ്ടിപ്പുറം സദാചാര സങ്കല്‍പ്പങ്ങള്‍ മാറി മറിഞ്ഞു. ഡസേര്‍ട്ട് ടൂറിസത്തിലെ ബെല്ലി ഡാന്‍സ് പോലെയൊന്നും ഇനി ഇവിടെയ്ക്ക് വരില്ല. എങ്കിലും കാലം ബാക്കി വച്ച കൗതുകമായി കാബറെകള്‍ സമൂഹ സ്മൃതിയില്‍ തുടരും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in