ഫ്രാന്‍സിലെ ഇടത് മുന്നേറ്റത്തിന് 'പാരീസ് കമ്യൂണി'ന്റെ രണസ്മരണ

ഫ്രാന്‍സിലെ ഇടത് മുന്നേറ്റത്തിന് 'പാരീസ് കമ്യൂണി'ന്റെ രണസ്മരണ

ഫ്രാങ്കോ-പ്രഷ്യന്‍ അധിനിവേശത്തിനെതിരെ ഫ്രാന്‍സിലെ പൊരുതുന്ന ജനങ്ങളും ഫ്രഞ്ച് സൈന്യത്തിലെ ഒരു വിഭാഗവും ചേര്‍ന്ന് നടത്തിയ ധീരോദാത്തമായ പോരാട്ടമാണ് പാരീസ് കമ്യൂണിന്റെ ചരിത്രം

ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ ഓര്‍മകള്‍ തുടങ്ങുന്നത് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നിന്നാണ്. ഇന്നിപ്പോള്‍ ഫ്രാന്‍സിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷത്തിന്റെ നേതൃത്വത്തില്‍ ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യം വിജയക്കുതിപ്പ് നടത്തുന്ന ദൃശ്യത്തിന് ലോകം അല്‍ഭുതത്തോടെ സാക്ഷി നില്‍ക്കുമ്പോള്‍ എഴുപത് നാള്‍ മാത്രം നീണ്ടു നിന്ന 'പാരീസ് കമ്യൂണി'ന്റെ വിപ്ലവ ഭരണകൂടത്തിന്റെ വീരസ്മരണകള്‍ ആ രാജ്യത്തിലെ പഴയ തലമുറയില്‍പ്പെട്ട ചിലരെയെങ്കിലും പ്രചോദിപ്പിക്കുന്നുണ്ടാകണം.

Summary

നാഷനല്‍ ഗാര്‍ഡ് സേനാനികള്‍, സ്പാനിഷ് ശത്രുവ്യൂഹത്തിനെതിരെ വിജയക്കൊടി നാട്ടുകയും അന്നോളം അപ്രാപ്യമെന്ന് കരുതിയ ഫ്രാന്‍സിന്റെ ഭരണം കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് യൂറോപ്പിനെയാകെ ഞെട്ടിച്ചുകൊണ്ട് പുതിയൊരു ഫ്രഞ്ച് റവല്യൂഷണറി സര്‍ക്കാരിന് രൂപം നല്‍കി

ഫ്രാങ്കോ-പ്രഷ്യന്‍ അധിനിവേശത്തിനെതിരെ ഫ്രാന്‍സിലെ പൊരുതുന്ന ജനങ്ങളും ഫ്രഞ്ച് സൈന്യത്തിലെ ഒരു വിഭാഗവും ചേര്‍ന്ന് നടത്തിയ ധീരോദാത്തമായ പോരാട്ടമാണ് പാരീസ് കമ്യൂണിന്റെ ചരിത്രം. നാഷനല്‍ ഗാര്‍ഡ് സേനാനികള്‍, സ്പാനിഷ് ശത്രുവ്യൂഹത്തിനെതിരെ വിജയക്കൊടി നാട്ടുകയും അന്നോളം അപ്രാപ്യമെന്ന് കരുതിയ ഫ്രാന്‍സിന്റെ ഭരണം കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് യൂറോപ്പിനെയാകെ ഞെട്ടിച്ചുകൊണ്ട് പുതിയൊരു ഫ്രഞ്ച് റവല്യൂഷണറി സര്‍ക്കാരിന് രൂപം നല്‍കി. 1871 മാര്‍ച്ചിലാണിതെന്നോര്‍ക്കുക. പിന്നെയും നാലര പതിറ്റാണ്ട് പിന്നിട്ട ശേഷമാണ് റഷ്യന്‍ വിപ്ലവവും സോവിയറ്റ് യൂണിയനിലെ ആദ്യ ബോള്‍ഷെവിക് സര്‍ക്കാരിന്റെ അധികാരാരോഹണവും നടക്കുന്നത്.

ഫ്രാന്‍സിലെ ഇടത് മുന്നേറ്റത്തിന് 'പാരീസ് കമ്യൂണി'ന്റെ രണസ്മരണ
2002 ആവർത്തിച്ച് ഫ്രഞ്ച് ജനതയും; ഫ്രാൻസിലെ തീവ്രവലതുപക്ഷത്തിന് പ്രതിരോധം തീർത്ത് ഇടതുപക്ഷവും

കമ്യൂണിസ്റ്റ്- ഫെമിനിസ്റ്റ്- സോഷ്യല്‍ ഡെമോക്രാറ്റ് ഐക്യത്തിന്റെ ചേരുവയായിരുന്നു പാരീസ് കമ്യൂണിന്റെ ഭരണം. 15,000 സൈനികരുടെ രക്തസാക്ഷിത്വത്തിന്റെ ബലിശിലയില്‍ നിന്നാണ് ആ ഭരണം ഫ്രാന്‍സിനു മേല്‍ ചുവന്ന പൂക്കള്‍ വിതറിയത്. മാര്‍ക്സും ഏംഗല്‍സും സ്വപ്നം കണ്ട തൊഴിലാളി വര്‍ഗസര്‍വാധിപത്യം ലോകത്തിലാദ്യമായി പ്രാവര്‍ത്തികമായത് പാരീസിലായിരുന്നു. പക്ഷേ ഈ ഭരണകൂടത്തിന് എഴുപത് ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വശക്തികളും ആഭ്യന്തരശത്രുക്കളും ചേര്‍ന്ന് നടത്തിയ അട്ടിമറിയില്‍ 1871 മേയ് 28 ന് പാരീസ് കമ്യൂണ്‍ അസ്തമിച്ചു. നേതാക്കള്‍ പലരും അന്ത്യം വരെ ജയിലിലായി. ഫ്രാന്‍സും തലസ്ഥാനമായ പാരീസും പാരീസ് കമ്യൂണിന്റെ ഓര്‍മയില്‍ അല്‍പകാലം കൂടി ജ്വലിച്ചുനിന്നു. പിന്നീട് പുരോഗമന- ഇടത് പ്രസ്ഥാനങ്ങള്‍ക്ക് ആ രാജ്യം ഏറെക്കുറെ ബാലികേറാമലയായി.

ഫ്രഞ്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ്- പരിസ്ഥിതി സംയുക്തസഖ്യത്തിന്റെ മുന്നേറ്റം ലോകത്തിലെ വലതുപക്ഷശക്തികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്

ഫ്രഞ്ച് വിപ്ലവകാലത്തിന്റെ ആകര്‍ഷകമായൊരു മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം, സത്യം, ഐക്യദാര്‍ഢ്യം എന്നത്. ഫ്രാന്‍സിലെ തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന്റെ ദേശീയ സെക്രട്ടറി മറീന്‍ ടൊണ്ടെലിയര്‍ ഈ മുദ്രാവാക്യത്തിന്റെ പ്രസക്തി നൂറ്റാണ്ടിനു ശേഷവും ആവര്‍ത്തിച്ചതായി ഫ്രഞ്ച് പത്രമായ 'ലെ ഫിഗാറോ' ഒരു കൗതുകവാര്‍ത്തയായി അവതരിപ്പിച്ചിരുന്നു. ഫ്രഞ്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ്- പരിസ്ഥിതി സംയുക്തസഖ്യത്തിന്റെ മുന്നേറ്റം ലോകത്തിലെ വലതുപക്ഷശക്തികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇടത് സഖ്യത്തിന്റെ വിജയം പ്രവചിക്കപ്പെട്ടതിനെത്തുടര്‍ന്ന് പാരീസിലെ പ്രസിദ്ധമായ സ്റ്റാലിന്‍ഗ്രാഡ് സ്‌ക്വയറില്‍ ഇടതുപക്ഷ പ്രവര്‍ത്തകരും അനുകൂലികളും കഴിഞ്ഞ ദിവസം ഒരുമിച്ച് കൂടി ആഹ്ലാദഭേരി മുഴക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഗോള ശാക്തികച്ചേരിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്നതായിരിക്കും ഫ്രഞ്ച് തിരഞ്ഞെടുപ്പ് ഫലമെന്നാണ് നിരീക്ഷണം. പലസ്തീന്‍, സുഡാന്‍, ഉക്രെയിന്‍ എന്നീ പ്രശ്നങ്ങളെയെല്ലാം ഫ്രഞ്ച് പാര്‍ലമെന്റിലേക്കുള്ള വിധിയെഴുത്ത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കും.

ഫ്രാന്‍സിന്റെ ഭരണം കൈപ്പിടിയിലൊതുക്കാമെന്ന് വ്യാമോഹിച്ച തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷനല്‍ റാലിയേയും പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണിന്റെ റിനൈസന്‍സ് പാര്‍ട്ടിയേയും ബഹുദൂരം പിറകിലാക്കിയാണ് അവിശ്വസനീയ രീതിയിലുള്ള ഇടതുപക്ഷത്തിന്റെ മുന്നേറ്റം. ബ്രിട്ടനിലെ ലേബര്‍പാര്‍ട്ടിയുടെ വിജയവും മെക്സിക്കോയിലെ ഇടതുപക്ഷഭരണവുമെല്ലാം ലോകത്തെ ഇടതുപക്ഷ വിശ്വാസികളെ സംബന്ധിച്ചേടത്തോളം നല്‍കുന്ന ശുഭസൂചനകളില്‍ ഫ്രാന്‍സിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതും ആശ്വാസകരമായ വര്‍ത്തമാനമാണ്. തനിച്ചുഭരിക്കാനുള്ള കേവല ഭൂരിപക്ഷം ന്യൂ പോപ്പുലര്‍ ഫ്രണ്ടിന് സാധിക്കില്ലെന്നാണ് വിലയിരുത്തലെങ്കിലും ഇമാനുവേല്‍ മാക്രോണും ഒപ്പം വലതുപക്ഷശക്തികളും അഴിച്ചുവിട്ട വംശീയതയുടേയും യുദ്ധക്കൊതിയുടേയും വിവേചനത്തിന്റേയും തുടലുകള്‍ പൊട്ടിക്കുന്നതിനെതിരെയുള്ള ഉദ്ബുദ്ധരായ ഫ്രഞ്ച് ജനതയുടെ വിജയമായി വേണം ഈ ജനസമ്മതിയെ കാണാന്‍.

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഗബ്രിയേല്‍ അട്ടാലിന്റേയും അനുചരന്മാരുടേയും രാഷ്ട്രീയഭാവി ത്രാസിലാടുകയാണ്. ഫ്രാന്‍സ്, ഒളിംപിക്സ് ഉള്‍പ്പെടെയുള്ള ആഗോള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ, പ്രധാനമന്ത്രിപദത്തില്‍ തുടരാന്‍ വൈമുഖ്യമില്ലെന്നും ഗബ്രിയേല്‍ അട്ടാല്‍ പറയുകയുണ്ടായി. മൊറോക്കോയില്‍ വേരുകളുള്ള ജീന്‍ ലൂക്ക് മെലെന്‍ഷോണാണ് ഇടത്കക്ഷികളുള്‍പ്പെടുന്ന ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യത്തിന്റെ നേതാവ്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഈ സഖ്യത്തിന്റേയും മാക്രോണ്‍ നയിക്കുന്ന റിനൈസന്‍സ് പാര്‍ട്ടിയുടേയും നിലപാടുകളും നിര്‍ണായകമാണ്. പാരീസ് ഒളിംപ്ക്സ് മൂന്നാഴ്ച മാത്രം അകലത്തും നാറ്റോ സമ്മിറ്റ് 24 മണിക്കൂര്‍ അകലത്തും മാത്രം നില്‍ക്കെ ഫ്രാന്‍സില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുമോ എന്ന ആശങ്കയും ചില കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇടത്പക്ഷ സഖ്യം 220 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. മാക്രോണിന്റെ പാര്‍ട്ടി 150 മുതല്‍ 175 സീറ്റുകള്‍ വരെ കരസ്ഥമാക്കിയേക്കാം.

അതേ സമയം ഫ്രാന്‍സിന്റെ ഭരണസാരഥ്യത്തില്‍ അനായാസമെത്താമെന്ന് തലേന്നാള്‍ വരെ വീരവാദം മുഴക്കിയിരുന്ന തീവ്രവലതുപക്ഷത്തിന് 115 വരെ സീറ്റുകളേ ലഭിക്കൂവെന്നാണ് വിശ്വാസയോഗ്യമായ സര്‍വേഫലം. പാര്‍ലമെന്റിലെ മൊത്തം സീറ്റുകള്‍ 577. എന്തായാലും ഫ്രാന്‍സില്‍ ആഞ്ഞടിക്കാന്‍ പോകുന്ന പുതിയ ഇടതുതരംഗം, ലോകരാഷ്ട്രീയ ഭൂമികയില്‍ പുതിയ ചലനങ്ങളാകും സൃഷ്ടിക്കപ്പെടുക എന്നുറപ്പ്. പാരീസ് കമ്യൂണ്‍ പോലെ അത് അല്‍പായുസ്സാകില്ലെന്നും പ്രതീക്ഷിക്കുക.

logo
The Fourth
www.thefourthnews.in