ബിഎസ്‌പി തനിച്ച് മത്സരിച്ചതുമൂലം ഇന്ത്യ സഖ്യത്തിനുണ്ടായ നഷ്ടമെത്ര? മായാവതി മുസ്ലിങ്ങളെ പഴിക്കുന്നതിൻ്റെ കാരണമെന്ത്?

ബിഎസ്‌പി തനിച്ച് മത്സരിച്ചതുമൂലം ഇന്ത്യ സഖ്യത്തിനുണ്ടായ നഷ്ടമെത്ര? മായാവതി മുസ്ലിങ്ങളെ പഴിക്കുന്നതിൻ്റെ കാരണമെന്ത്?

എസ്‌പിയും ബിഎസ്‌പിയും ചേര്‍ന്ന് നിന്നപ്പോള്‍ പലപ്പോഴും വോട്ടുകള്‍ എസ്‌പിയിലേക്കു കൈമാറ്റം ചെയ്യപ്പെട്ടില്ലെന്ന നിരീക്ഷണവും നിലനില്‍ക്കുന്നുണ്ട്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായി പരാജയപ്പെട്ടശേഷം ബിഎസ്‌പി നേതാവ് മായാവതി നടത്തിയ പ്രസ്താവന ഇതിനകം വിവാദമായിക്കഴിഞ്ഞു. ഇനി മുതല്‍ ബിഎസ്‌പി മുസ്ലിങ്ങള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നായിരുന്നു പ്രസ്താവന. മുസ്ലിങ്ങള്‍ക്ക് ബിഎസ്‌പിയെ മനസ്സിലായിട്ടില്ലെന്നും അവര്‍ പറഞ്ഞു. എന്താണ് മായാവതിയുടെ മുസ്ലിം വിമര്‍ശനത്തിനു കാരണം?

ഇത് ആദ്യമായല്ല, മായാവതി മുസ്ലിം വിമര്‍ശനവുമായി രംഗത്തുവരുന്നത്. 2022 ല്‍ നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം മുസ്ലിങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു മായാവതി ഉന്നയിച്ചത്. മുസ്ലിങ്ങള്‍ കൂട്ടത്തോടെ എസ്‌പിയ്ക്കു വോട്ട് ചെയ്യുന്നത് മനസ്സിലാക്കി, ബിജെപിയോട് എതിര്‍പ്പുണ്ടെങ്കിലും അവര്‍ക്ക് ദളിതര്‍ വോട്ട് ചെയ്തുവെന്നായിരുന്നു അന്ന് പറഞ്ഞത്. അതായത് മുസ്ലിങ്ങള്‍ സംഘടിച്ചു വോട്ട് ചെയ്തതാണ് ബിജെപിയുടെ വിജയത്തിനു കാരണമെന്നാണ് മായാവതി അന്നു പറഞ്ഞത്. ഈ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൂടി വേണം മായവതിയുടെ പുതിയ പ്രസ്താവനയെയും ബിഎസ്‌പി തനിച്ച് മല്‍സരിച്ചതുകൊണ്ട് ഉത്തര്‍പ്രദേശില്‍ എന്ത് സംഭവിച്ചുവെന്നതിനെയും മനസ്സിലാക്കാന്‍ കഴിയൂ.

ബിഎസ്‌പി തനിച്ച് മത്സരിച്ചതുമൂലം ഇന്ത്യ സഖ്യത്തിനുണ്ടായ നഷ്ടമെത്ര? മായാവതി മുസ്ലിങ്ങളെ പഴിക്കുന്നതിൻ്റെ കാരണമെന്ത്?
പുതിയ കിങ് മേക്കർ ആവുമോ അഖിലേഷ് യാദവ്; കരുക്കൾ നീക്കി മമതയും ഉദ്ദവ് താക്കറെയും, നിതീഷിനെയും നായിഡുവിനെയും കാണാൻ നിർദേശം

യുപിയിൽ മായാവതിയുടെ ബിഎസ്‌പി, ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി മല്‍സരിച്ചിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന ചോദ്യം തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഉയര്‍ന്നുവന്നതാണ്. പ്രത്യേകിച്ചും മായാവതി 20 മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍. ബിഎസ്‌പിയുടെ തന്ത്രം മുസ്ലിം വോട്ട് ഇന്ത്യ സഖ്യത്തില്‍നിന്ന് അകറ്റുകയും അതുവഴി ബിജെപിയുടെ വിജയം ഉറപ്പുവരുത്തുകയുമാണെന്ന ആക്ഷേപവുമുണ്ടായി.

മായാവതിയുടെ പാര്‍ട്ടിക്ക് ഇത്തവണ 9.4 ശതമാനം വോട്ടാണ് ലഭിച്ചത്. 2014 ല്‍ ബിഎസ്‌പിയ്ക്ക് സീറ്റൊന്നും കിട്ടിയിരുന്നില്ല. അന്ന് പക്ഷേ 19.7 ശതമാനം വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ ജനസംഖ്യയില്‍ 21.5 ശതമാനം ദളിതരെന്ന് കൂടി അറിയുമ്പോഴാണ് ബിഎസ്‌പിയുടെ തകര്‍ച്ചയുടെ ആഴം വ്യക്തമാകുക.

സുഹൃത്തുക്കളായിരുന്നപ്പോൾ- മായവതിയും അഖിലേഷും
സുഹൃത്തുക്കളായിരുന്നപ്പോൾ- മായവതിയും അഖിലേഷും
ബിജെപിയുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിഎസ്‌പി നേടിയത് 16 മണ്ഡലങ്ങളിലാണ്. ഇവിടെ ഇന്ത്യ മുന്നണിയുടെ ഭാഗമായിരുന്നു ബിഎസ്‌പിയെങ്കില്‍ നേട്ടമുണ്ടായേനെയെന്നു കരുതാം

ഇനി നമുക്ക് ബിഎസ്‌പി തനിച്ചുനിന്നത് മൂലം ഇന്ത്യ മുന്നണിയ്ക്ക് നഷ്ടമുണ്ടായോ? ഉണ്ടെങ്കില്‍ എത്ര? എന്ന് നോക്കാം.

ഉത്തര്‍പ്രദേശിലെ 47 സീറ്റുകളിലാണ് ജയിച്ച മുന്നണിയേക്കാള്‍- അതായത് - ഇന്ത്യ മുന്നണിയെയും ബിജെപിയെയും അപേക്ഷിച്ച് ബിഎസ്‌പി കൂടുതല്‍ വോട്ട് നേടിയത്. ഈ 47 സീറ്റുകളില്‍ 31 ഇടത്തും ജയിച്ചത് എസ് പി. ബിജെപിയുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് ബിഎസ്‌പി നേടിയത് 16 മണ്ഡലങ്ങളിലാണ്. ഇവിടെ ഇന്ത്യ മുന്നണിയുടെ ഭാഗമായിരുന്നു ബിഎസ്‌പിയെങ്കില്‍ നേട്ടമുണ്ടായേനെയെന്നു കരുതാം.

എന്നാല്‍ എസ്‌പിയും ബിഎസ്‌പിയും ചേര്‍ന്നുനിന്നപ്പോള്‍ പലപ്പോഴും വോട്ടുകള്‍ എസ്‌പിയിലേക്കു കൈമാറ്റം ചെയ്യപ്പെട്ടില്ലെന്ന നിരീക്ഷണവും നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും ദളിത് വോട്ടുകളില്‍ വലിയ വിഭാഗം എസ്‌പിയെ എതിര്‍ക്കുന്നതുകൊണ്ട് ബിജെപിയ്ക്കു വോട്ട് ചെയ്തുവെന്ന കാര്യം. ഇതാണ് 2022 ല്‍ മായവതി പറഞ്ഞത്. അത് ശരിയായാലും ഇല്ലെങ്കിലും എസ്‌പിയും ബിഎസ്‌പിയും ഒരുമിച്ചുനിന്നപ്പോള്‍ ബിഎസ്‌പിയുടെ വോട്ടുകള്‍ കാര്യമായി എസ്‌പി സ്ഥാനാര്‍ത്ഥികള്‍ക്കു നല്‍കുകയുണ്ടായില്ലെന്ന ആരോപണം ഗൗരവമുള്ളതാണ്. 2019 ല്‍ ബിഎസ്‌പിയ്ക്കു 10 സീറ്റാണ് ലോക്‌സഭയില്‍ ലഭിച്ചത്. എന്നാല്‍ എസ്‌പിയ്ക്ക് അഞ്ച് സീറ്റ് മാത്രമാണ് ലഭിച്ചത്.

ഇത്തവണ ഭരണഘടന സംരക്ഷണമടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് എസ്‌പി കാര്യമായ പ്രചരണമാണ് നടത്തിയത്. ബിഎസ്‌പി കാര്യമായ പ്രചാരണം നടത്താതെയും ഇരുന്നതോടെ ദളിത് വോട്ടുകള്‍ സമാഹരിക്കാന്‍ അഖിലേഷിനും കോണ്‍ഗ്രസിനും സാധിക്കുകയും ചെയ്തുവെന്നാണ് കണക്കാക്കുന്നത്. 2022ല്‍ ബിഎസ്‌പിയുടെ വോട്ട് വിഹിതം 13 ശതമാനമായിരുന്നു. അത് 9.4 ശതമാനമായി കുറഞ്ഞത് ഇതുമൂലമാകാനും സാധ്യതയുണ്ട്.

രാഹുലും അഖിലേഷും- ഭരണഘടന സംരക്ഷണമായിരുന്നു ഇന്ത്യ സംഖ്യത്തിൻ്റെ മുഖ്യ പ്രചാരണ വിഷയം
രാഹുലും അഖിലേഷും- ഭരണഘടന സംരക്ഷണമായിരുന്നു ഇന്ത്യ സംഖ്യത്തിൻ്റെ മുഖ്യ പ്രചാരണ വിഷയം

ഇനി അടുത്തത്. 20 മുസ്ലിം സ്ഥാനാര്‍ത്ഥികളെയാണ് ബിഎസ്‌പി മത്സരിപ്പിച്ചത്. അത് വഴി മുസ്ലിം വോട്ട് വിഭജിക്കലായിരുന്നു അവര്‍ ലക്ഷ്യമിട്ടതെങ്കില്‍ അതും നടന്നില്ല. കാരണം ഈ 20 സ്ഥാനാര്‍ത്ഥികള്‍ക്കും എവിടെയും രണ്ടാം സ്ഥാനത്തുപോലും എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ബിഎസ്‌പി വിട്ട് കോണ്‍ഗ്രസിലെത്തിയ ഡാനിഷ് അലിയെ പരാജയം ഉറപ്പാക്കാന്‍ അംറോഹയിലെ ബിഎസ്‌പി സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞുവെന്നത് വസ്തുതയാണ്. ചില മണ്ഡലങ്ങളില്‍ യാദവ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിച്ച് എസ്‌പിയുടെ പരാജയം ഉറപ്പുവരുത്താനും മായാവതി ശ്രമിച്ചു. എന്നാല്‍ ഇങ്ങനെ യാദവരെ മത്സരിപ്പിച്ച മൂന്ന് മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെടുകയാണ് ചെയ്തത്. അതായത് ബിഎസ്‌പിയുടെ എല്ലാ തന്ത്രങ്ങളും അത് ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണെങ്കിലും അല്ലെങ്കിലും തകര്‍ന്നുപോകുകയാണ് ചെയ്തത്.

logo
The Fourth
www.thefourthnews.in