ശബ്ദം തര്‍ജമ ചെയ്യും, ഫീച്ചറുകള്‍ നെക്സ്റ്റ് ലെവല്‍; സ്മാര്‍ട്ട്‌ഫോണുകള്‍ വഴിമാറുമോ എഐ പിന്‍ എന്ന ഇത്തിരിക്കുഞ്ഞന്?

ശബ്ദം തര്‍ജമ ചെയ്യും, ഫീച്ചറുകള്‍ നെക്സ്റ്റ് ലെവല്‍; സ്മാര്‍ട്ട്‌ഫോണുകള്‍ വഴിമാറുമോ എഐ പിന്‍ എന്ന ഇത്തിരിക്കുഞ്ഞന്?

ടെക് ലോകത്ത് ഏറ്റവും ഉച്ചത്തില്‍ ഉയർന്നുകേള്‍ക്കുന്ന പേരാണ് ഹുമെയ്ന്‍ എഐ പിന്‍. സ്മാർട്ട്ഫോണുകളെ മാറ്റിസ്ഥാപിക്കാനുള്ള കെല്‍പ്പും അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുമാണ് ഇതിന് പിന്നിലെ കാരണങ്ങള്‍

ലോകം കമ്പ്യൂട്ടർ യുഗത്തിലേക്ക് ചുവടുവച്ചത് ഒരു മുറിയോളം വലിപ്പമുള്ള ഇഎന്‍ഐഎസിലൂടെയായിരുന്നു (ENIAC-Electronic Numerical Integrator and Computer). രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ സർക്കാരിന്റെ ധനസഹായത്തോടെ പ്രോഗ്രാം ചെയ്യാനാകുന്ന ഇലക്ട്രോണിക് കമ്പ്യൂട്ടർ നിർമിക്കാനുള്ള പ്രോജക്ടായിരുന്നു ഇത്. മനുഷ്യ ജീവിതത്തെ തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഒന്നാകും ഈ പ്രോജക്ടെന്ന് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ പോലും കരുതിയിട്ടുണ്ടാകില്ല.

1940കളില്‍ തുടങ്ങിയ സാങ്കേതികവിദ്യ കാലം കടന്നുപോകുമ്പോള്‍ ആശയവിനിമയമേഖലയെ ആകെ കീഴടക്കിയിരിക്കുന്നു. ഡെസ്ക്ടോപ് കമ്പ്യൂട്ടറും ടെലിഫോണും പേജറുകളും പിന്നിട്ട് ലാപ് ടോപും ടാബ്‌ലറ്റും സ്മാർട്ട്ഫോണും വാച്ചുകളും താണ്ടി ഒടുവിലെത്തി നില്‍ക്കുന്നത് ആപ്പിള്‍ വിഷന്‍ പ്രോയിലാണ്.

പക്ഷേ ഇന്നോളം കണ്ടുവന്ന ഇത്തരം ഡിവൈസുകള്‍ നല്‍കിയതിനേക്കാള്‍ അപ്പുറം അത്ഭുതം സമ്മാനിക്കാനൊരുങ്ങുകയാണ് സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനിയായ ഹുമെയ്ന്‍ എഐ. രണ്ട് പതിറ്റാണ്ടിലധികം ആപ്പിളിന്റെ ഭാഗമായിരുന്ന ഇമ്രാന്‍‍ ചൗധരിയും പങ്കാളിയായ ബെതനി ബോണ്‍ഗിയോർനോയുമാണ് ഹുമെയ്ന് പിന്നില്‍.

ഭാഷ അറിയില്ലാത്ത ഒരു രാജ്യത്തോ പ്രദേശത്തോ നിങ്ങളെത്തിയാല്‍ എഐ പിന്നുണ്ടെങ്കില്‍ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല

ദീർഘനാളായി ടെക് ലോകത്ത് ഏറ്റവും ഉച്ചത്തില്‍ ഉയർന്നു കേള്‍ക്കുന്ന ഒരു പേരാണ് ഹുമെയ്ന്‍ എഐ പിന്‍. അതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് എഐ പിന്നിന് സ്മാർട്ട്ഫോണുകളെ മാറ്റിസ്ഥാപിക്കാന്‍ കെല്‍പ്പുണ്ട് എന്ന അവകാശവാദമായിരുന്നു. ഇമ്രാനും ബെതനിയും ചേർന്ന് എഐ പിന്‍ കഴിഞ്ഞ ദിവസം ലോകത്തിന് പരിചയപ്പെടുത്തി.. എഐ പിന്‍ കേവലം അവകാശവാദത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ലെന്നാണ് ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാനാകുന്നത്.

വിത്ത് എഐ പിന്‍, ഇനിയെല്ലാം ഈസി

രണ്ട് ഭാഗങ്ങളാണ് എഐ പിന്നിനുള്ളത്, ഒരു കമ്പ്യൂട്ടറും ഒരു ബാറ്ററി ബൂസ്റ്ററും. കമ്പ്യൂട്ടറിലുള്ള ചെറിയ ബാറ്ററിക്ക് പവർ നല്‍കുന്നതിനാണ് ബാറ്ററി ബൂസ്റ്റർ. ബാറ്ററിയുടെ ലൈഫ് തീരുമ്പോള്‍ ബൂസ്റ്റർ ഘടിപ്പിച്ചാല്‍ മതിയാകും. കാന്തിക സഹായത്തോടെയാണ് ഇവ രണ്ടും ഘടിപ്പിക്കുന്നത്. ഇതിലൂടെ ഒരു ദിവസം മുഴുവനും എഐ പിന്‍ പ്രവർത്തിപ്പിക്കാനാകും.

സ്വകാര്യത മുഖ്യം

സ്വകാര്യതയുടെ കാര്യത്തിലും പേടിക്കേണ്ടതില്ലെന്നാണ് ഹുമെയ്ന്‍ അവകാശപ്പെടുന്നത്. ശബ്ദനിർദേശങ്ങള്‍ക്കൊണ്ട് പ്രവർത്തിക്കുന്ന പല ഡിവൈസുകള്‍ക്കും ഉണർത്തുവാക്കുകള്‍ ആവശ്യമാണ് (Wake Up Word). ഉദാഹരണത്തിന്, അലക്സ, ഹെയ് സിരി പോലുള്ളവ.

എഐ പിന്നിന് ഇത്തരം നിർദേശങ്ങളൊന്നുമില്ല. ഉപയോക്താവിന്റെ അറിവോടെയല്ലാതെ ഡിവൈസ് പ്രവർത്തിക്കുകയില്ല. അതിനാല്‍ റെക്കോഡിങ്ങിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. ശബ്ദത്തിലൂടെയും സ്പർശനത്തിലൂടെയും ലേസർ പ്രൊജക്ടറിലൂടെയുമാണ് എഐ പിന്നിന്റെ പ്രവർത്തനം. ലേസർ ഡിസ്പ്ലെ ഏത് പ്രതലത്തിലേക്ക് വേണമെങ്കിലും പ്രൊജക്ട് ചെയ്യാനാകും.

ടി മൊബൈൽ ബന്ധിപ്പിച്ചിട്ടുള്ള ഹുമെയ്ന്‍ നെറ്റ്‌വർക്കിൽ തന്നെ നിർമിച്ച കണക്റ്റിവിറ്റിയുമായാണ് എഐ പിന്നിന്റെ വരവ്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റില്‍ പ്രവർത്തിക്കുന്നതുകൊണ്ട് തന്നെ ഡിവൈസിന് മികച്ച വേഗതയും ലഭിക്കും.

ആപ്ലിക്കേഷനുകളുടെ സഹായമില്ല എന്നതാണ് എഐ പിന്നിന്റെ സവിശേഷത

നോട്ടിഫിക്കേഷന്‍ അറിയിക്കുന്നതിനായി പ്രത്യേക ബീക്കണും ഡിവൈസില്‍ നല്‍കിയിട്ടുണ്ട്. കോണ്‍ടാക്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍, ഫുഡ് ഡെലിവറി, കാർ ബുക്കിങ് തുടങ്ങിയ എല്ലാ സേവനങ്ങളുടേയും നോട്ടിഫിക്കേഷനുകള്‍ ലഭിക്കും.

ആപ്ലിക്കേഷനുകളുടെ സഹായമില്ലെന്നതാണ് എഐ പിന്നിന്റെ മറ്റൊരു സവിശേഷത. ഹുമെയ്ന്‍റെ ഒഎസ് തന്നെയാണ് ഡിവൈസിന്റെ പ്രവർത്തനത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.

ഉപയോക്താവിന്റെ ആവശ്യങ്ങള്‍ മനസിലാക്കുന്ന ഒഎസ്, അതിന് അനുയോജ്യമായ എഐ തിരഞ്ഞെടുക്കും. എഐയുടെ വളരെ വേഗത്തിലുള്ള പ്രവർത്തനമാണ് ഡിവൈസിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നത്.

ശബ്ദം തര്‍ജമ ചെയ്യും, ഫീച്ചറുകള്‍ നെക്സ്റ്റ് ലെവല്‍; സ്മാര്‍ട്ട്‌ഫോണുകള്‍ വഴിമാറുമോ എഐ പിന്‍ എന്ന ഇത്തിരിക്കുഞ്ഞന്?
ഡിസംബറോടെ പൂട്ടുക ദശലക്ഷക്കണക്കിന് ജിമെയില്‍ അക്കൗണ്ടുകള്‍; അറിയാം പൂട്ടുന്ന അക്കൗണ്ടുകള്‍ ഏതൊക്കെയെന്ന്‌

ഉപയോഗവും എളുപ്പത്തില്‍

ഡെമോ പ്രദർശനത്തില്‍ ഇമ്രാന്‍ ശബ്ദനിർദേശങ്ങള്‍ നല്‍കി എങ്ങനെ ഗാനങ്ങള്‍ പ്ലേ ചെയ്യാനാകുമെന്ന് കാണിച്ചു തന്നിരുന്നു. മ്യൂസിക് പ്ലെയർ ലേസർ പ്രൊജക്ടർ വഴി ഉള്ളം കൈയില്‍ ദൃശ്യമാകുന്നത് വീഡിയോയില്‍ കാണാം. കൈകളുടെ ചലനങ്ങളിലൂടെ തന്നെ പാട്ട് നിയന്ത്രിക്കാനാകും. കൂടാതെ കൈ ചുരുട്ടിപ്പിടിക്കുന്നതിലൂടെ എഐ പിന്നിന്റെ ഹോം സ്ക്രീനിലേക്കും മടങ്ങാന്‍ കഴിയും.

ഡെപ്ത് സെന്‍സറും മോഷന്‍ സെന്‍സറുകളുമുള്ള അള്‍ട്രാ വൈഡ് ആർജിബി ക്യാമറയാണ് എഐ പിന്നില്‍ വരുന്നത്. ലളിതമായിട്ടുള്ളതും ഉയർന്നതുമായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്ന സ്പീക്കറുകളാണ് ഡിവൈസില്‍ നല്‍കിയിരിക്കുന്നത്. മറ്റൊരു പ്രത്യേകത ട്രസ്റ്റ് ലൈറ്റ് സംവിധാനമാണ്. പൂർണ സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്തുന്ന ഇന്‍പുട്ട് ഒപ്റ്റിക്കല്‍, ഓഡിയോ സെന്‍സറുകള്‍ സജീവമാകുമ്പോഴായിരിക്കും ട്രസ്റ്റ് ലൈറ്റ് തെളിയുക.

നെക്സ്റ്റ് ലെവല്‍ ഫീച്ചറുകള്‍

ഭാഷ അറിയില്ലാത്ത ഒരു രാജ്യത്തോ പ്രദേശത്തോ നിങ്ങളെത്തിയാല്‍ എഐ പിന്നുണ്ടെങ്കില്‍ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല. നിങ്ങള്‍ക്കറിയാവുന്ന ഭാഷയില്‍ സംസാരിച്ചാല്‍ ഡിവൈസ് നിങ്ങളെത്തിയ സ്ഥലത്തെ പ്രാദേശിക ഭാഷയിലേക്ക് മൊഴിമാറ്റി നല്‍കും. തിരിച്ചും ഇത് സാധ്യമാണ്.

ശബ്ദനിർദേശത്തിലൂടെ നിങ്ങള്‍ക്ക് സന്ദേശങ്ങളുമയക്കാം. ഏത് തരത്തിലുള്ള ഇമോഷനാണ് നിങ്ങള്‍ക്ക് പങ്കുവയ്ക്കേണ്ടതെന്ന് നിർദേശിച്ചാല്‍ അതനുസരിച്ചുള്ള വാക്കുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും എഐ സന്ദേശങ്ങള്‍ ക്രമീകരിച്ച് നല്‍കുക. ഇതൊക്കെയാണ് പുറത്തു വന്നിരിക്കുന്ന സവിശേഷതകളെങ്കിലും സസ്പെന്‍സ് ഒളിഞ്ഞിരുപ്പുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

സ്മാർട്ട്ഫോണ്‍ പോലുള്ള ഉപകരണങ്ങളെ തുടച്ചു നീക്കി എഐയുടെ സഹായത്തില്‍ പുതിയ വിപ്ലവം, അതായിരിക്കണം ഹുമെയ്നിന്റെ ലക്ഷ്യം

ചാർജിങ്, വില

ചാർജിങ് കെയ്സോടുകൂടിയാണ് എഐ പിന്നെത്തുന്നത്. എയർപോഡുകളുടേതിന് സമാനമാണ് കെയ്സ്. എഐ പിന്‍ കെയ്സിനുള്ളില്‍ വച്ചതിന് ശേഷം ചാർജ് ചെയ്യാം. ഇതിനായി യുഎസ്ബി സി ടൈപ്പ് കേബിളാണ് ഹുമെയ്ന്‍ നല്‍കുന്നത്.

എഐ പിന്‍, ചാർജ് പാഡ്, കേബിള്‍, അഡാപ്റ്റർ, ചാർജ് കെയിസ് എന്നിവയാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. 58,212 രൂപയാണ് എഐ പിന്നിന്റെ വില. 2,082 രൂപയുടെ പ്രതിമാസ സബ്സ്ക്രിപ്ഷനിലൂടെയും ഉപയോഗിക്കാം.

ഞെട്ടിക്കുമോ എഐ പിന്‍?

സ്മാർട്ട്ഫോണ്‍ പോലുള്ള ഉപകരണങ്ങളെ തുടച്ചുനീക്കി എഐയുടെ സഹായത്തില്‍ പുതിയ വിപ്ലവം, അതായിരിക്കണം ഹുമെയ്നിന്റെ ലക്ഷ്യം. ചെറിയ ഡിവൈസ് ആയതുകൊണ്ട് തന്നെ മറ്റ് ഉപകരണങ്ങളുടേത് പോലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ഡെമോ പ്രദർശനത്തില്‍ തന്നെ വസ്ത്രങ്ങളില്‍ ഘടിപ്പിച്ചായിരുന്നു ഇമ്രാന്‍ എഐ പിന്നിനെക്കുറിച്ചുള്ള ആദ്യ വിവരണങ്ങള്‍ നടത്തിയത്. അത്രയും സിമ്പിളാണെന്ന് അർത്ഥം.

ഉപയോക്താവിനെ അടിമുടി മനസിലാക്കിയാണ് എഐ പിന്നിന്റെ പ്രവർത്തനം. അതിനാല്‍ തന്നെ ഉപയോഗിക്കുന്നയാളുകള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുകയും ചെയ്യും. മുന്നിലെത്തുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും എഐ പിന്നിന് ഉത്തരവുമുണ്ടാകും. പക്ഷേ, ഡിവൈസിന്റെ പ്രായോഗികത എത്രത്തോളമാണെന്ന് വിപണിയിലെത്തിക്കഴിഞ്ഞാല്‍ മാത്രമാകും തെളിയുക.

logo
The Fourth
www.thefourthnews.in