റോഡപകട മരണം: മുന്നില്‍ ഇന്ത്യ; 2021ൽ മാത്രം 1.55 ലക്ഷം മരണം

റോഡപകട മരണം: മുന്നില്‍ ഇന്ത്യ; 2021ൽ മാത്രം 1.55 ലക്ഷം മരണം

നവംബർ 20, റോഡപകടങ്ങളിൽ മരിച്ചവരുടെ ഓർമ ദിവസം

നവംബറിലെ മൂന്നാം ഞായറാഴ്ച റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമദിവസമാണ്. വർധിക്കുന്ന റോഡപകടങ്ങളെയും അത് മൂലമുണ്ടാകുന്ന മരണങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി 1995ലാണ് ആദ്യമായി ദിനാചരണം നടത്തിയത്. യൂറോപ്പ്യന്‍ ഫെഡറേഷൻ ഓഫ് റോഡ് ട്രാഫിക് വിക്റ്റിംസ് (FEVR) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വേൾഡ് ഡേ ഓഫ് റിമെമ്പറൻസ് ഫോർ റോഡ് ട്രാഫിക് വിക്റ്റിംസ് (WDR) ആയി ഇന്നേ ദിവസം ആചരിക്കുന്നത്. റോഡപകട മരണങ്ങള്‍ വര്‍ധിക്കുന്ന കാലത്ത് ദിനാചരണത്തിന് പ്രസക്തിയേറെയാണ്. പ്രതിവര്‍ഷം 13 ലക്ഷത്തിലേറെ ആളുകളാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. കണക്കുകളില്‍ ഇന്ത്യയാണ് മുന്നില്‍.

13 ലക്ഷത്തിലേറെ പേരാണ് ഓരോ വർഷവും റോഡപകടങ്ങളിൽ മാത്രം മരിക്കുന്നത്. ഇതിന്റെ ഏകദേശം ഇരുപതുമുതൽ നാൽപ്പത് ഇരട്ടിയിൽ അധികം ആളുകൾക്കാണ് അപകടങ്ങളിൽ പരുക്ക് പറ്റുന്നത്

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച്, ലോകത്താകമാനം, ശരാശരി 13 ലക്ഷത്തിലേറെ പേരാണ് ഓരോ വർഷവും റോഡപകടങ്ങളിൽ മരിക്കുന്നത്. ഇതിന്റെ ഏകദേശം ഇരുപത് മുതൽ നാൽപ്പത് ഇരട്ടിയിൽ അധികം ആളുകളാണ് അപകടങ്ങളിൽ പരുക്കേറ്റ് ചികിത്സയിലാകുന്നത്. നിർഭാഗ്യവശാൽ ഇവയുടെ കണക്കുകളിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യയാണ്.

2021ൽ മാത്രം 1,55,622 പേരാണ് രാജ്യത്ത് റോഡപകടങ്ങളിൽ മരിച്ചത്. ലോകത്തെ മൊത്തം റോഡപകട മരണങ്ങളുടെ (13 ലക്ഷം) 12 ശതമാനത്തോളവും ഇന്ത്യയിലാണ്. എന്നിട്ടും, നമ്മുടെ പക്കൽ റോഡപകടങ്ങൾ ഉണ്ടാകുന്നതിന്റെ കാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യാൻ പറ്റിയ ഡാറ്റയോ, ഓരോ റോഡുകളുടെയും അപകട സാധ്യതകൾ എത്രത്തോളമെന്ന് കണക്കാക്കാനും അതനുസരിച്ച് സുരക്ഷാക്രമീകരണങ്ങൾ പ്ലാൻ ചെയ്യാനുമുള്ള സംവിധാനങ്ങൾ നിലവിലില്ല.

റോഡപകടങ്ങളെക്കുറിച്ച് പഠനം നടത്തിയ ചില റിപ്പോർട്ടുകളിൽ, അപകടങ്ങളുടെ എണ്ണത്തെ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണവുമായും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്തുമാണ് അപകട നിരക്ക് കണക്കാക്കിയിട്ടുള്ളത്. എന്നാൽ ഇതൊന്നും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത എത്രയെന്ന് കണക്കാക്കാൻ പര്യാപ്തമല്ല. ഈ വിഷയത്തെ ശാസ്ത്രീയമായി പഠിക്കണമെങ്കിൽ മറ്റുപല ഡാറ്റാ സെറ്റുകളും ആവശ്യമാണ്. ഓരോ റോഡിലും ഓരോ ദിവസവും യാത്ര ചെയ്ത വിവിധതരം വാഹനങ്ങളുടെ എണ്ണം, അവ യാത്ര ചെയ്ത ദൂരം, എന്നിങ്ങനെ ഗവേഷണത്തിനും ശാസ്ത്രീയ അപഗ്രഥനത്തിനും അനുയോജ്യമായ ഡാറ്റാസെറ്റുകളാണ് ഉപയോ​ഗിക്കാൻ കഴിയുന്നത്.

ഓരോ വർഷവും WDR ആചരിക്കുമ്പോഴും ട്രാഫിക് വാരാചരണങ്ങൾ നടത്തുമ്പോഴും മാത്രമാണ് റോഡ് സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്നത് എന്നത് ദൗര്‍ഭാഗ്യകരമായ വസ്തുതയാണ്

റോഡപകടങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നതെങ്കിലും, അപകടങ്ങൾ കുറച്ചുകൊണ്ടുവരാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കാതെ പോകുന്നുണ്ട്.

റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് അനിവാര്യമായതിനാൽ, യുഎൻ ജനറൽ അസംബ്ലി, 2005 ഒക്ടോബർ 26ന് ഒരു പ്രമേയം പാസാക്കുകയും WDRന് അംഗീകാരം കൊടുക്കുകയും ചെയ്തു. എന്നാൽ, ഓരോ വർഷവും WDR ആചരിക്കുമ്പോഴും ട്രാഫിക് വാരാചരണങ്ങൾ നടത്തുമ്പോഴും മാത്രമാണ് റോഡ് സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്നത് എന്നത് ദൗര്‍ഭാഗ്യകരമായ വസ്തുതയാണ്. മിക്ക വികസിത രാജ്യങ്ങളും റോഡപകടങ്ങളുടെ വളർച്ചയുടെ കാര്യത്തിൽ നെഗറ്റീവ് ട്രെൻഡാണ് കാണിക്കുന്നതെങ്കിൽ, ഇന്ത്യയുടെ കാര്യത്തില്‍ ഇത് കൂടുന്നതല്ലാതെ കുറയുന്നില്ല. കേരളത്തിൽ കോവിഡ് കാലത്ത് അപകടങ്ങൾ കുറവായിരുന്നെങ്കിൽ, ഈ വർഷം ഓ​ഗസ്റ്റ് വരെ ഇതിൽ വലിയ മാറ്റം വന്നിട്ടുണ്ട്.

റോഡപകടങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നതെങ്കിലും, അപകടങ്ങൾ കുറച്ചുകൊണ്ടുവരാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കാതെ പോകുന്നുണ്ട്

റോഡപകടങ്ങളും, അതുമൂലമുണ്ടാകുന്ന മരണങ്ങളും, ഗുരുതരമായ പരിക്കുകളും ഗണ്യമായ തോതിൽ കുറച്ചുകൊണ്ടുവരാനായി യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും കഴിഞ്ഞ രണ്ടു ദശകങ്ങളിലേറെയായി വിജയകരമായി വികസിപ്പിച്ചെടുത്ത ഒരു മാതൃകയാണ് സേഫ് സിസ്റ്റം അപ്പ്രോച്ച്. ഈ മാതൃക ഇപ്പോൾ അമേരിക്ക, ഓസ്ട്രേലിയ, മുതലായ നിരവധി രാജ്യങ്ങളിലും വളരെ വിജയകരമായി നടപ്പാക്കിവരുന്നു. സേഫ് സിസ്റ്റം അപ്പ്രോച്ച് പ്രധാനമായും ലക്ഷ്യമിടുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്:

  • റോഡ് സുരക്ഷയെ ഒരു സിസ്റ്റമായി കണക്കാക്കിയാൽ, അതിൽ, റോഡ്, വാഹനം, അത് ഉപയോഗിക്കുന്നവർ എല്ലാം തുല്യ പങ്ക് വഹിക്കുന്ന ഘടകങ്ങളായി കണക്കാക്കപ്പെടുന്നു. ഈ സിസ്റ്റത്തിലെ ഏതെങ്കിലും ഒരു ഘടകം ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ, അത് ബാക്കിയുള്ള എല്ലാ ഘടകങ്ങളേയും, ചിലപ്പോൾ മൊത്തം സിസ്റ്റത്തെ തന്നെയും ബാധിച്ചേക്കാം. ഇങ്ങനെയൊരു സമീപനത്തോടെ, പൊതുമരാമത്ത് പോലെയുള്ള റോഡ് ഏജൻസികൾ, വാഹന നിർമാതാക്കൾ, എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ, റോഡ് സുരക്ഷാ ബോധവത്കരണവും വിദ്യാഭ്യാസവും നടത്തുന്നവർ, അപകടം സംഭവിച്ചതിനുശേഷം എത്തിച്ചേരുന്ന എമർജൻസി റെസ്പോണ്‍സ് എന്നിങ്ങനെ വിവിധ ഏജൻസികളെ ഒറ്റ സിസ്റ്റത്തിന്റെ ഭാഗങ്ങളായി കണ്ടുകൊണ്ട് സമഗ്രവികസന പങ്കാളിത്തവും, ഒറ്റയ്ക്കും കൂട്ടായുമുള്ള ഉത്തരവാദിത്വവും ഉണ്ടാക്കിയെടുക്കുക.

  • റോഡപകടങ്ങളുടെ മുഖ്യ കാരണമായി ഇത്രയും കാലം ആരോപിച്ചിരുന്ന 'ഡ്രൈവറുടെ അശ്രദ്ധയും തെറ്റും' എന്ന കണ്ണടച്ചുള്ള സമീപനത്തിൽനിന്നും മാറി, മനുഷ്യർക്ക് തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും, അതിനാൽത്തന്നെ എത്ര ശ്രമിച്ചാലും ചില ഘട്ടങ്ങളിൽ അപകടങ്ങൾ സംഭവിച്ചേക്കാമെന്നും, അങ്ങനെ അപകടങ്ങൾ സംഭവിച്ചാൽ അത് മരണത്തിനോ ഗുരുതരമായ പരിക്കുകൾക്കോ കാരണമാകാതിരിക്കാനും, അപകടത്തിന്റെ ആഘാതം കുറയ്ക്കാനും മനുഷ്യനാൽ സാധ്യമായതെല്ലാം ചെയ്യുക എന്ന തുറന്ന വീക്ഷണത്തോടെയുള്ള സമീപനത്തിലൂടെ അപകട കാരണങ്ങളെയും പ്രതിരോധ പ്രവർത്തനങ്ങളെയും സമീപിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം.

  • മനുഷ്യ ശരീരത്തിന്റെ ഘടന വേഗം മൂലമുണ്ടാകുന്ന അപകടങ്ങളിൽ സംഭവിക്കുന്ന വിവിധതരം ആഘാതങ്ങളെ ചെറുക്കാൻ പര്യാപ്തമല്ലാത്തതിനാൽ, വാഹനത്തിലെ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കുക, റോഡിന്റെ സുരക്ഷ കൂട്ടുക, വേഗനിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, മുതലായ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക.

'നിയമ പരിരക്ഷ' എന്ന വളരെ പ്രധാന്യമർഹിക്കുന്ന വിഷയമാണ് ഈ വർഷം WDR ലക്ഷ്യമിടുന്നത്. മറ്റൊരാൾ തെറ്റായി വാഹനം ഓടിക്കുകയോ സുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ പ്രവർത്തിക്കുകയോ ചെയ്യുന്നതിന്റെ ഫലമായി നമുക്കോ നമ്മുടെ ബന്ധുക്കൾക്കോ ജീവഹാനിയോ ക്ഷതമോ സംഭവിക്കുന്ന സാഹചര്യങ്ങളിൽ ലഭിക്കേണ്ട നിയമ പരിരക്ഷയും നഷ്ടപരിഹാരങ്ങളും ഉറപ്പു വരുത്തുക എന്നതാണ് ഈ വർഷത്തെ മുഖ്യ വിഷയം. പണവും പിടിപാടുകളും ഉള്ളവർ മദ്യപിച്ചും തോന്നിവാസം വാഹനം ഓടിച്ചും മറ്റ് റോഡ് ഉപയോക്താക്കളെ നിഷ്ക്കരുണം മരണപ്പെടുത്തിയിട്ടും നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് വളരെ നിസാരമായി, ശിക്ഷണ നടപടികളിൽനിന്നും രക്ഷപ്പെടുന്ന പ്രവണത പരമാവധി ഇല്ലാതാക്കുകയാണ് ലക്ഷ്യം.

(ലോക ബാങ്കിലെ റോഡ് സുരക്ഷാ വിദഗ്ധന്‍ ആണ് ലേഖകന്‍)

logo
The Fourth
www.thefourthnews.in