'ശോഭനയെ അപമാനിച്ചതല്ല, എന്റെ വാക്കുകള്‍ മോദി പുകഴ്ത്തലിനെതിരെ': ശീതള്‍ ശ്യാം

'ശോഭനയെ അപമാനിച്ചതല്ല, എന്റെ വാക്കുകള്‍ മോദി പുകഴ്ത്തലിനെതിരെ': ശീതള്‍ ശ്യാം

''ഒരു പ്രശ്‌നത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഏത് തരത്തിലുള്ള മനുഷ്യത്വമാണ് ശോഭന മുന്നോട്ടുവെക്കുന്നത്''

ബിജെപി പ്രചരണായുധമായി കണക്കാക്കിയ, തൃശൂരില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സ്ത്രീ ശക്തി നരേന്ദ്ര മോദിക്ക് ഒപ്പം' എന്ന പരിപാടിയില്‍ നടി ശോഭന പങ്കെടുത്തത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ വേദിയില്‍ അണിനിരത്തിയായിരുന്നു ബിജെപിbസമ്മേളനം സംഘടിപ്പിച്ചത്. എന്നാല്‍ പരിപാടിക്ക് പിന്നാലെ ശോഭനയെക്കാള്‍ വിമര്‍ശനത്തിനിരയായത് ട്രാന്‍സ്‌ജെഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാം ആയിരുന്നു.

''ഒരാളും ഇനി കാണുമ്പോള്‍ ശോഭനയെ പോലെയുണ്ട് കാണാന്‍ എന്ന് പറയരുത്,'' എന്ന ശീതളിന്റെ പോസ്റ്റ് വലിയ തരത്തിലുള്ള സൈബര്‍ ആക്രമണത്തിലേക്കാണ് വഴിവെച്ചത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങളെക്കുറിച്ചും തന്റെ നിലപാടുകളെ കുറിച്ചും ദ ഫോര്‍ത്തിനോട് സംസാരിക്കുകയാണ് ശീതള്‍ ശ്യാം.

Q

മോദി പരിപാടിയില്‍ ശോഭനയെപ്പോലെ മറ്റ് പലരും പങ്കെടുത്തിരുന്നുവല്ലോ? എന്നിട്ടും ശോഭനയെക്കുറിച്ചുള്ള
പോസ്റ്റിന് പിന്നിലെ കാരണമെന്തായിരുന്നു?

A

ഞാന്‍ വളരെ ആരാധിക്കുന്ന നടിയാണ് ശോഭന. അവരെ കാണാന്‍ ശ്രമിക്കുകയും അവരുടെ ഫീച്ചറുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ സുഹൃത്തുക്കളും അടുത്ത ആളുകളും സ്‌നേഹത്തോടെയും തമാശരൂപേണയും ശോഭനയെപ്പോലെയിരിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് അത്തരത്തിലുള്ള വിചാരമൊന്നുമുണ്ടായിരുന്നില്ല. ചിലര്‍ക്ക് അങ്ങനെ തോന്നുന്നതായിരിക്കും.

എന്നാല്‍ ഇത്തരത്തിലുള്ള ഒരു പോസ്റ്റിടാന്‍ കാരണം അവര്‍ നാരീശക്തി വേദിയില്‍ നടത്തിയ ഒരു പ്രസ്താവനയാണ്. അതാണ് എന്നെ വിഷമിപ്പിച്ചത്. സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഇരുത്തി, ഏറ്റവും സുരക്ഷിതരായ ആളുകള്‍ക്കിടയിലാണ് ജീവിക്കുന്നത്, ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയെയാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്. നമ്മുടെ ജീവിതം ഇനി സുരക്ഷിതമാകുമെന്ന രീതിയിലായിരുന്നു ശോഭനയുടെ സംസാരം. വനിതാ സംവരണത്തെക്കുറിച്ചും അവര്‍ സംസാരിച്ചു.

അവര്‍ക്ക് രാഷ്ട്രീയമില്ലെന്ന് എനിക്ക് അറിയാം. പക്ഷേ അവര്‍ രാഷ്ട്രീയപരമായി ഒരു വേദിയില്‍ വന്ന് ഇങ്ങനെയൊരാളെ പുകഴ്ത്തുമ്പോള്‍ അതിനെ ഞാനെങ്ങനെ കാണുന്നുവെന്നതാണ് ആ പോസ്റ്റിലൂടെ ഉദ്ദേശിച്ചത്. സമകാലിക ഇന്ത്യയില്‍ നടക്കുന്ന മുഴുവന്‍ സംഭവങ്ങളെയും മുന്‍നിര്‍ത്തിയാണ് എനിക്ക് അങ്ങനെ സംസാരിക്കാന്‍ സാധിച്ചത്. അത് പുതിയ കാലത്തുണ്ടായ കാര്യമല്ല. കുറച്ച് വര്‍ഷങ്ങളായി നിരന്തരമായി ഇവിടുത്തെ ന്യൂനപക്ഷങ്ങളും മനുഷ്യരുമൊക്കെ അനുഭവിച്ചുക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെ മുന്‍നിര്‍ത്തിയാണ് ഞാന്‍ പോസ്റ്റിടുന്നത്.

എന്നെ അവരുമായി ഇനി ഉപമിക്കരുതെന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അതിന് പല അര്‍ഥങ്ങളുണ്ടെന്ന് മനസിലാക്കിയത് സംഘി പ്രൊഫൈലുകള്‍ തന്നെയാണ്. അവര്‍ അതിഥിയായി ക്ഷണിച്ചൊരാളെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് അവരുടെ ന്യായം. പക്ഷേ ഞാന്‍ അപമാനിക്കാന്‍ പോയതല്ല, ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. അതിനെനിക്ക് സ്വാതന്ത്ര്യമുണ്ട്.

Q

പോസ്റ്റിന് പിന്നാലെ വ്യക്തി അധിക്ഷേപ തരത്തിലുള്ള, ഹോമോഫോബിക്കായിട്ടുള്ള മോശം കമൻ്റുകളും ട്രോളുകളുമാണ് വരുന്നത്. ഈ സൈബര്‍ അക്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമോ?

A

നിലവില്‍ അങ്ങനെ ആലോചിച്ചിട്ടില്ല. ഇത്തരം ആളുകള്‍ നമുക്കിടയിലുണ്ടെന്നാണ് ആ കമന്റുകള്‍ ബോധ്യപ്പെടുത്തുന്നത്. എന്റെ പല ഫോട്ടോകള്‍ക്ക് അടിയിലും അത്തരം കമന്റുകള്‍ വരുന്നുണ്ട്. ട്രോളുകള്‍ ചെയ്യാന്‍ വേണ്ടിയും അവര്‍ സമയം കണ്ടെത്തുന്നു. ഇവർക്ക് ഏത് തരത്തിലുള്ള ദേഷ്യമാണ് എന്നോടുള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല. അത്രയും മനുഷ്യത്വമില്ലാത്തവരാണ് സൈബര്‍ ലോകത്തുള്ളത്.

ഈ സൈബര്‍ ആക്രമണങ്ങളും നേരിട്ടുള്ള ആക്രമണങ്ങളും ഞാന്‍ ആദ്യമായല്ല അനുഭവിക്കുന്നത്. വര്‍ഷങ്ങളായി സമൂഹ മാധ്യമം ഉപയോഗിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ ഈ പുതിയ കാലഘട്ടത്തിലും അറിവും വിവരവും വെച്ചുവെന്ന് പറയുന്ന കേരളത്തിലെ ജനങ്ങള്‍ ശരീരത്തെയും ജെന്‍ഡറിനെയും എന്തിന്, മരിച്ചുപോയ മാതാപിതാക്കളെക്കുറിച്ചുവരെ എന്റെ ഇടത്ത് വന്ന് കമന്റിടുമ്പോള്‍ എനിക്ക് വേദനയുണ്ടാകുമെന്നാണ് അവര്‍ കരുതിയത്. എന്നെ ഇതൊന്നും ബാധിക്കുന്നില്ല. ഈ കമന്റുകളൊക്കെ ചിരിച്ചുകൊണ്ട് തള്ളിക്കളയും.

എൻ്റെ ശരീരത്തെ ഞാന്‍ സ്‌നേഹിക്കുന്നത് പോലെ മറ്റാര്‍ക്കും അതിനെ സ്‌നേഹിക്കാന്‍ സാധിക്കില്ല. എന്റെ ജെന്‍ഡറും ഞാന്‍ തിരഞ്ഞെടുത്തതാണ്. അതിനെ അവര്‍ എത്ര തള്ളിപ്പറഞ്ഞാലും ഞാന്‍ അങ്ങനെയേ ജീവിക്കുകയുള്ളൂ. കമന്റ് ചെയ്യുമ്പോള്‍ പോലും അവരുടെ ബോധത്തെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നുണ്ട്. പ്രമുഖ ചാനലിന്റെ ചീഫ് എഡിറ്ററായ ആളുപോലും എനിക്കെതിരെ മോശം കമന്റിട്ടിട്ടുണ്ട്.

ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല, അതുകൊണ്ട് എന്റെ രാഷ്ട്രീയം ഒരു തരത്തിലും പ്രശ്‌നമാകുന്നില്ലല്ലോ. എന്റെ പോസ്റ്റില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെപ്പോലും ചൂണ്ടിക്കാട്ടിയിട്ടില്ല. ഞാന്‍ ആ വ്യക്തിയെക്കുറിച്ച് മാത്രമേ സംസാരിച്ചിട്ടുള്ളൂ. അതിന് ഇത്ര വെറിപിടിച്ച് എന്റെ പിന്നാലെ വരാന്‍ സമയം കണ്ടത്തുന്നവരോട് വിഷമവും സഹതാപവും മാത്രമേയുള്ളൂ.

Q

ശീതള്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പിന്തുടരുന്നത് കൊണ്ടാണ് ശോഭനയെ വിമര്‍ശിക്കുന്നതെന്ന കമന്റുകളും വരുന്നുണ്ട്. ശീതളിന്റെ രാഷ്ട്രീയം എന്താണ്?

A

ഞാന്‍ അവകാശപ്പോരാളിയാണ്. അവകാശപ്പോരാട്ടങ്ങള്‍ കൂടുതലും വരുന്നത് കേരളത്തില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ കീഴിലാണെന്നാണ് എനിക്ക് തോന്നുന്നത്. സമരങ്ങള്‍, മറ്റ് പ്രശ്‌നങ്ങള്‍, ജെന്‍ഡറിനെക്കുറിച്ചും ക്വീര്‍ മനുഷ്യരെപ്പറ്റിയുമുള്ള അവബോധം സൃഷ്ടിക്കുന്നത് തുടങ്ങിയവയൊക്കെ നടത്തുന്നത് ഇടതുപക്ഷത്തിന്റെ പോഷക സംഘടനകളാണ്. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതും ഇവരാണ്. ഇത്തരം പരിപാടികളില്‍ ക്ഷണിക്കുമ്പോള്‍ ഞാന്‍ അതില്‍ പങ്കെടുക്കുന്നുമുണ്ട്. എന്നാല്‍ ഞാന്‍ ഇടതുപക്ഷക്കാരിയുമല്ല.

പക്ഷേ അവരുടെ ആശയങ്ങളോട് എനിക്ക് യോജിപ്പുണ്ട്. പൂര്‍ണമായല്ലെങ്കിലും ചെറുതായൊരു അനുഭാവവുമുണ്ട്. അത് സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള അനുഭാവമല്ല. മറ്റൊരു അനുഭാവവും എടുക്കാനില്ലാത്തത് കൊണ്ടാണ് ഇതിന്റെ കൂടെ പോകുന്നത്. പക്ഷേ ഞാന്‍ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും വിമര്‍ശിക്കാറുണ്ട്. ഇത്തരത്തിലുള്ള വിമര്‍ശനാത്മക സ്വഭാവം എനിക്കുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനും പ്രവർത്തിക്കുന്നതിനും ഒരുപാട് കാര്യങ്ങള്‍ ഇടതുപക്ഷം ചെയ്തിട്ടുണ്ട്.

അതേസമയം സംഘപരിവാര്‍ നാരീശക്തി പോലുള്ള പരിപാടി നടത്തുന്നു. അതേ സംഘപരിവാര്‍ തന്നെയാണ് എന്റെ ശരീരം അശുദ്ധിയാണെന്ന സമരം നടത്തിയത്. സ്ത്രീ സ്വാതന്ത്ര്യം പറയുന്ന സ്ത്രീകള്‍ തന്നെയാണ് തെരുവിലൂടെ നാമജപ യാത്ര നടത്തിയത്. അത്തരം ആശയങ്ങളോട് നമുക്ക് യോജിക്കാന്‍ പറ്റില്ലല്ലോ. സ്വന്തം ശരീരം അശുദ്ധിയാണെന്ന് പറയുന്നവരാണ് എന്റെ മുന്നില്‍ വന്ന് ഞാന്‍ മോശമാണെന്ന് പറയുന്നത്.

Q

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ഏത് ഫോട്ടോകള്‍ക്ക് കീഴിലും ചില പദങ്ങള്‍ ഉപയോഗിച്ച് അവരെ ആക്രമിക്കുന്ന രീതികളാണ് കണ്ടുവരുന്നത്. ഇത്തരം പദപ്രയോഗങ്ങള്‍ നിങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിക്കാറുണ്ടോ?

A

ചേട്ടാ, ശിഖണ്ഡി, ഒമ്പത്, ഹിജഡ പോലുള്ള വാക്കുകളാണ് ഇവര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ചേട്ടാ എന്നത് ലിംഗപരമായ വേര്‍തിരിവ് കാണിക്കുന്ന പദമാണ്. അത് വിവേകമില്ലാത്തവർ വിളിച്ചാല്‍ ഞാന്‍ തള്ളിക്കളയും. നേരിട്ട് പറയുകയാണെങ്കില്‍ മറുപടി നല്‍കും.

എന്നാല്‍ ഹിന്ദു പുരാണത്തില്‍ എഴുതപ്പെട്ട ശക്തമായ കഥാപാത്രമാണ് ശിഖണ്ഡി. സ്ത്രീയും പുരുഷനുമായിട്ടുള്ള ആളെയാണ് അതില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ആണത്തവും പെണ്ണത്തവുമുള്ളയാളെയാണ് അതില്‍ ചിത്രീകരിച്ചിരിക്കുന്നത്. അതിഭാവുകത്വവും അതിദേവികത്വവുമുള്ള കഥാപാത്രമാണത്. പിന്നെ ഹിജഡയെന്ന വാക്കിനര്‍ഥം ദൈവദൂതനെന്നാണ്. ഇങ്ങനെ ഇവര്‍ ദൈവികമായ വാക്കുകളാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. എട്ട് ഗുണങ്ങള്‍ സ്ത്രീകള്‍ക്കും എട്ടല്ലാത്ത ഒമ്പതാമത്തെ ഒരു ഗുണം ട്രാന്‍സ് വ്യക്തികള്‍ക്കുണ്ടെന്നുമാണ് ഒമ്പതിലൂടെ ഉദ്ദേശിക്കുന്നത്.

ഇവര്‍ക്ക് ഈ ചരിത്രത്തെക്കുറിച്ച് അറിവില്ലാത്തതു കൊണ്ട് വീണ്ടും വീണ്ടും പുകഴ്ത്തിയാണ് ഇവര്‍ എന്നെ അങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നത്.

ശീതള്‍ ശ്യാം
ശീതള്‍ ശ്യാം
Q

ശീതളിന് പകരം മറ്റാരെങ്കിലുമായിരുന്നു ഇത്തരം പോസ്റ്റിട്ടിരുന്നെങ്കില്‍ ഈ രീതിയിലുള്ള വിമർശനം വരുമെന്ന് തോന്നുന്നുണ്ടോ

A

വിമര്‍ശനം ആരായാലും വരും. വേദിയില്‍ പങ്കെടുത്തതിന് ശോഭനയ്‌ക്കെതിരെയും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ശോഭനയ്ക്ക് പകരം മറ്റേതെങ്കിലും സ്ത്രീയാണിത് സംസാരിച്ചതെങ്കില്‍ വേറെ രീതിയില്‍ വിമര്‍ശനം പോകുമായിരുന്നു. ഇവിടെ സവര്‍ണയായിട്ടുള്ള സ്വീകാര്യയായ ഒരു സ്ത്രീ സംസാരിച്ചത് കൊണ്ടാണ് ഇങ്ങനെയൊരു പ്രശ്‌നമുണ്ടാകുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്‍ പോലും ഇക്കാര്യത്തില്‍ ശോഭന സ്വകാര്യ സ്വത്താണെന്നാണ് പറഞ്ഞത്. അത് ശരിയാണെങ്കില്‍തന്നെ അവര്‍ പറഞ്ഞ കാര്യത്തിലുള്ള വിയോജിപ്പ് അവര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ പറ്റിയില്ല. സുരേഷ് ഗോപിയെ തേച്ചൊട്ടിക്കുന്നതില്‍ കുഴപ്പമില്ല. ഉത്തർപ്രദേശിലെ പോലെ ഇവിടെ ബുള്‍ഡോസര്‍ കൊണ്ട് ഉരുട്ടണമെന്ന് സുരേഷ് ഗോപി പറഞ്ഞു.

ശോഭന പറഞ്ഞപ്പോള്‍ അത് സ്വകാര്യ സ്വത്താകുന്നു. എന്നാല്‍ അങ്ങനൊരു കള്ളം ഇക്കാലത്തും പറയുന്നതില്‍ അവര്‍ക്ക് കുഴപ്പമൊന്നുമില്ല. ഈ കള്ളം ശോഭന മാത്രമല്ല, വേറെയും സ്വത്തുക്കള്‍ പോയി പറയാം. അപ്പോള്‍ നമ്മള്‍ വൈകിപ്പോകും. ഇപ്പോഴും വൈകിപ്പോയി. കാരണം അത്രമാത്രം സംഘപരിവാറിന്റെ വംശീയതയും മതന്യൂനപക്ഷത്തെ പ്രശ്‌നങ്ങളും ഇസ്ലാമോഫോബിയയടക്കമുള്ള ഫോബിയകളുടെയും മുകളിലാണ് നാം ഇരിക്കുന്നത്. അത് നമ്മുടെ ഇടത്ത് എത്തിക്കഴിഞ്ഞു. ഇത് ആര്‍ക്കും മനസിലാകാത്തതാണോ, മനസിലായിട്ടും മിണ്ടാതിരിക്കുന്നതാണോയെന്ന് എനിക്ക് അറിയില്ല.

Q

നരേന്ദ്രമോദിയുമായി വേദി പങ്കിട്ടതിനേക്കാള്‍ ശോഭനയുടെ പരാമര്‍ശമാണ് ശീതളിനെ ബുദ്ധിമുട്ടിലാക്കിയതെന്ന് തോന്നുന്നു

A

രാഷ്ട്രീയപരമായി ഒരു ചായ്‌വുമില്ലാത്തയാളാണ് ശോഭന. ശോഭന എവിടെപ്പോയാലും എഴുതിക്കൊടുക്കുന്നത് വായിക്കുന്നുവെന്നാണ് ശാരദക്കുട്ടി ടീച്ചര്‍ പോസ്റ്റിട്ടത്. ഏതെങ്കിലും ഒരു സ്ഥലത്തുനിന്ന് എഴുതിത്തരുന്നത് വായിക്കുമ്പോള്‍, അത് കള്ളമാണെങ്കില്‍ ഞാന്‍ തിരുത്തും.

ഇവിടെ നടക്കുന്ന ഒരു പ്രശ്‌നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഏത് തരത്തിലുള്ള മനുഷ്യത്വമാണ് ശോഭന മുന്നോട്ടുവെക്കുന്നത്. പശുവിന്റെ പേരില്‍ മുസ്ലിം വിഭാഗങ്ങളെ കൊല്ലുന്നു, കശ്മീര്‍ വിഷയം, പുല്‍വാമ, ഹത്രാസിലെ പീഡനവും കൊലപാതകവും, കര്‍ഷകരുടെ സമരങ്ങള്‍, എന്‍ആര്‍സി, ഏകീകൃത സിവില്‍ കോഡ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ അടുത്തകാലത്ത് നമുക്ക് മുന്നിലുണ്ട്. നൃത്തത്തില്‍ ഗവേഷണം ചെയ്യുന്ന ശോഭനയ്ക്ക്, പൊളിഞ്ഞു പോയ ബാബരി മസ്ജിദിനെക്കുറിച്ചൊന്നും പറയാന്‍ അറിയില്ല.

അവര്‍ ഒരു മിണ്ടാപ്പൂച്ചയാണ്, അതുകൊണ്ട് അവര്‍ പറയുന്നത് നമുക്ക് പോട്ടെയെന്ന് വെക്കാമെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. എനിക്ക് ആ അഭിപ്രായമില്ല. ഒരു പൊതു വേദിയില്‍ വന്നാണ് ഇങ്ങനൊരു പരാമര്‍ശം നടത്തുന്നത്. എന്റെ അഭിപ്രായത്തില്‍ ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തെ പ്രശംസിച്ചതില്‍ ഒരു വ്യക്തിയെന്ന രീതിയിലുള്ള പ്രതിഷേധമാണ് ഞാന്‍ അറിയിച്ചത്.

Q

ശോഭനയെ സംഘിയാക്കുന്നതിലൂടെ ലാഭം സംഘികള്‍ക്കാണെന്ന തരത്തിലുള്ള വിലയിരുത്തലുകളും മറുവശത്തുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ശീതളിന്റെ പരാമര്‍ശങ്ങള്‍ ഈ ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുകയാണെന്ന് തോന്നുന്നുണ്ടോ?

A

തീര്‍ച്ചയായും. ഇതെങ്ങനെയാണ് പോയതെന്ന് എനിക്ക് അറിയില്ല. ആ വേദിയില്‍ ബീന കണ്ണനും മറിയക്കുട്ടിയെപ്പോലുള്ളവരും ഉണ്ടായിരുന്നു. മറിയക്കുട്ടിയെ ഇപ്പോള്‍ ഒരു ടൂളായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. ശോഭനയ്ക്ക് ഈ ഗതി വരുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പിടി ഉഷയെപ്പോലുള്ളവരും വേദിയിലുണ്ടായിരുന്നു. ഗുസ്തിതാരങ്ങളുടെ ഇടയില്‍പ്പോയപ്പോള്‍ പിടി ഉഷയ്ക്കുണ്ടായ അവസ്ഥ നമുക്ക് അറിയാം. ഇതേ ഗുസ്തിതാരങ്ങള്‍ തന്നെയാണ് അവരുടെ സമ്മാനങ്ങള്‍ ഉപേക്ഷിച്ച് തിരികെ നല്‍കിയിരിക്കുന്നത്. പീഡിപ്പിക്കുന്നവര്‍ക്ക് സ്ഥാനം നല്‍കി ഇത്തരം ഗതികേടുകള്‍ വരുത്തിവയ്ക്കുന്നത് ഭരണകൂടമാണല്ലോ.

ബുള്‍ഡോസര്‍ കൊണ്ട് വന്ന് കേരളം തകര്‍ത്തുകളയണമെന്ന് പറയുന്ന സുരേഷ്‌ഗോപിയെ പോലുള്ള ആളുകളെ സിനിമാ സര്‍വകലാശാലകളുടെ മേല്‍ത്തട്ടില്‍ ഇരുത്തുന്നത് പോലെ തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ഇന്നല്ലെങ്കില്‍ നാളെ പിടി ഉഷയുടെ ഗതി ശോഭനയ്ക്ക് വരും. അത് ഞാന്‍ അല്ലെങ്കില്‍ വേറെയാരെങ്കിലും സംസാരിക്കും.

Q

ശോഭനയെന്ന കലാകാരിയോടുള്ള നിലപാട് ഇനി എന്തായിരിക്കും?

അവര്‍ എന്റയുള്ളില്‍ ഇപ്പോഴും ഉണ്ട്. എന്റെ ജീവിതാവസാനം വരെ എന്റെയുള്ളില്‍ അവരുണ്ടാകും. അവരെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരാണെന്ന് ചോദിച്ചാലും അത് ശോഭന തന്നെയാണ്. അതില്‍ ഒരു മാറ്റവുമില്ല. പക്ഷേ ശോഭന പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പുണ്ട്. അവരുടെ നിലപാടിലുള്ള പ്രശ്‌നം എന്റെ മനസിലുണ്ടെന്നാണ് ഞാന്‍ വ്യക്തമാക്കുന്നത്.

അവര്‍ നല്ല കലാകാരിയാണ്. കഴിവുള്ളയാളാണ്. നല്ലൊരു അഭിനേത്രിയാണ്. ഞാന്‍ സ്‌നേഹിച്ചിരുന്ന വ്യക്തി ഇങ്ങനൊരു പച്ചക്കള്ളം വിളിച്ചുപറഞ്ഞതിലുള്ളൊരു വിഷമം കൂടിയാണ് എന്റെ പോസ്റ്റ്.

സ്ത്രീ ശക്തി മോദിക്കൊപ്പമെന്ന പരിപാടിയില്‍ നിന്നും
സ്ത്രീ ശക്തി മോദിക്കൊപ്പമെന്ന പരിപാടിയില്‍ നിന്നും
Q

ക്വീര്‍ കമ്മ്യൂണിറ്റികളില്‍ ഉള്‍പ്പെടുന്ന മനുഷ്യര്‍ നടത്തുന്ന ഇത്തരം വിമര്‍ശനങ്ങളെ ഇകഴ്ത്തിക്കാട്ടുന്നതോ അവഹേളിക്കുന്നതോ ആയ പ്രവണതകള്‍ കൂടിവരുന്നതായി തോന്നുന്നുണ്ടോ?

A

പലപ്പോഴായും ഞാന്‍ ഇത് അനുഭവിച്ചിട്ടുണ്ട്. തങ്ങളുടെ ഔദാര്യത്തിലാണ് സ്ത്രീകള്‍ ഇത്രയും ഉയരത്തിലെത്തിയതെന്ന് പുരുഷന്മാര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സംവരണത്തിന്റെ പിന്‍ബലത്തിലാണ് ദളിതര്‍ വാ തുറന്ന് സംസാരിക്കുന്നതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലെ ഭരണകൂടത്തിന്റെയും ചിലയാളുകളുടെയും സൗകര്യങ്ങള്‍ കൊണ്ടാണ് സംസാരിക്കാന്‍ അവസരം കിട്ടിയതെന്ന് ക്വീര്‍ സമുദായത്തോട് പറയുന്നതും കേട്ടിട്ടുണ്ട്.

ഞാന്‍ ജീവിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന രാജ്യത്താണ്. ആ രാജ്യത്ത് എനിക്ക് എല്ലാ തരത്തിലുമുള്ള അവകാശങ്ങളുമുണ്ട്. അത് വാങ്ങിയെടുക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം. അതിന് വേണ്ടി ഏതറ്റം വരെയും പോകും. ചിലര്‍ക്കത് പ്രശ്‌നങ്ങളായി തോന്നാം. അത് പ്രശ്‌നമായി തന്നെ നിലനില്‍ക്കട്ടെയെന്ന് കരുതുന്നയാളാണ് ഞാന്‍. പക്ഷേ അപ്പോഴും നമ്മുടെ കൂടെ നില്‍ക്കുന്ന ഒരുപാട് പേരുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ശാരദ ടീച്ചര്‍ പിന്തുണച്ച് കൊണ്ട് പോസ്റ്റിട്ടുണ്ട്. നിരവധിയാളുകള്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞത് ചിലര്‍ക്കെങ്കിലും മനസിലായിട്ടുണ്ട്.

Q

ക്വീർ കമ്മ്യണിക്കകത്ത് നിന്നുള്ളവരില്‍ ചിലരെങ്കിലും ശീതളിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. കമ്മ്യൂണിക്കകത്തെ ഇത്തരം വിയോജിപ്പുകള്‍ ബാധിക്കാറുണ്ടോ?

A

കമ്മ്യൂണിറ്റിക്കകത്ത് തന്നെ പല രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ളവരുണ്ട്. ക്വീര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി സിപിഎമ്മിലും കോണ്‍ഗ്രസിലും ബിജെപിയിലും പോഷക സംഘടനകളുണ്ട്. കോണ്‍ഗ്രസിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയുടെ പ്രസിഡന്റ് എന്റെ പ്രിയ സുഹൃത്ത് നാഗരഞ്ജിനിയാണ്. ഞങ്ങള്‍ തമ്മില്‍ രാഷ്ട്രീയമായ വിയോജിപ്പുണ്ടെങ്കിലും പരസ്പരം സ്‌നേഹപൂര്‍വം പെരുമാറുന്നവരാണ്. എന്നെ പിന്തുണയ്ക്കുന്ന ഒരുപാട് പേര്‍ കമ്മ്യൂണിറ്റിയിലുണ്ട്.

എന്നാല്‍ കമ്മ്യൂണിറ്റിയിലെ സംഘപരിവാര്‍ ആശയമുള്ളവര്‍ക്ക് എന്നോടുള്ള ദേഷ്യത്തിന് കാരണമുണ്ട്. എറണാകുളത്ത് നടക്കുന്ന ഒരു പരിപാടിയുടെ സംഘാടനം എന്നോട് നടത്താന്‍ ആവശ്യപ്പെട്ട് ബോംബെയിലെ ബിജെപിയുടെ പ്രതീക്ഷാ ഫൗണ്ടേഷന്റെ ഫൗണ്ടര്‍ എന്നെ വിളിച്ചിരുന്നു. എന്റെയടുത്ത് സംഘാടനം നടത്താന്‍ പറ്റുമോയെന്ന് ചോദിച്ചു.

ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും ശാക്തീകരണം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ മാതൃകയാണ് മറ്റ് സംസ്ഥാനങ്ങളെടുക്കുന്നത്. 2017-ല്‍ കേരളത്തില്‍ പ്രോജക്ട് വന്നപ്പോള്‍ 2020-ന്റെ അവസാനമാണ് ഇന്ത്യയില്‍ സ്‌മൈല്‍ പ്രോജക്ട് വന്നത്. നമ്മള്‍ ചെയ്തതിന് ശേഷമാണ് കേന്ദ്രം അത് ചെയ്തത്. കേന്ദ്രം എന്താണ് പുതുതായി ചെയ്യാന്‍ പോകുന്നതെന്നും ഞാന്‍ ചോദിച്ചു.

മാത്രവുമല്ല, എനിക്ക് അത് ഓര്‍ഗനൈസ് ചെയ്യാന്‍ സാധിക്കില്ല. കാരണം അവിടെ നടക്കുന്നത് കാലുകഴുകി കൊടുക്കലും പൂജയുമൊക്കെയാണ്. ഹിന്ദുത്വ അജണ്ടയാണ്. നമ്മുടെ കമ്മ്യൂണിറ്റി വളരെ ഇന്‍ക്ലൂസീവാണ്. മതമുള്ളവരുണ്ട്, മതമില്ലാത്തവരുണ്ട്, ദൈവവിശ്വാസികളുണ്ട്. അതുകൊണ്ട് അന്ന് തന്നെ ആ പരിപാടി ഒഴിവാക്കി വിട്ടതാണ്. ഇത് കമ്മ്യൂണിറ്റിയിലെ സംഘപരിവാർ അനുകൂലികളായവർക്കുള്ള ദേഷ്യത്തിന് കാരണമായിട്ടുണ്ട്.

Q

സൈബർ ആക്രമണങ്ങള്‍ കൂടി വരുമ്പോഴും നിയമനടപടികള്‍ കർശനമാകുന്നില്ല. ഈ അലംഭാവം ഇത്തരം ആക്രമണങ്ങള്‍ കൂടുന്നതിന് വഴിവയ്ക്കുന്നുണ്ടോ

A

ചില കേസുകളില്‍ ചില മാറ്റുകള്‍ ഉണ്ടായിട്ടുണ്ട്. നിരന്തരം ആക്രമണങ്ങള്‍ അനുഭവിക്കുന്നവരാണ് ഞങ്ങള്‍. എപ്പോഴും പോലീസ് സ്‌റ്റേഷനില്‍ പോകണം, പരാതി നല്‍കണം. കേരളത്തില്‍ ഒരു ട്രാന്‍സ് വ്യക്തി ഒരു പോലീസ് സ്‌റ്റേഷനിലെങ്കിലും പരാതി നല്‍കിയിട്ടുണ്ടാകുമെന്ന് എനിക്ക് തോന്നുന്നു. ചില സമയത്ത് നമ്മള്‍തന്നെ പരാതി നല്‍കില്ല. എപ്പോഴും പരാതി നല്‍കാന്‍ നമുക്ക് സമയമില്ല, നമുക്ക് ജീവിക്കണം. ലൈംഗികമായി ഉപദ്രവിക്കപ്പെട്ട അതിജീവിതകളുടെ കേസുകളിലും എന്തെങ്കിലും മാറ്റം വരുത്താന്‍ സാധിച്ചിട്ടുണ്ടോ. ഇത് എല്ലായിടത്തുമുള്ള പ്രശ്നങ്ങളാണ്.

logo
The Fourth
www.thefourthnews.in