ഗാസയുടെ മറവിൽ വെസ്റ്റ് ബാങ്കിലെ ഇസ്രയേലിന്റെ 'അധിനിവേശ വിപുലീകരണ പദ്ധതി'

ഗാസയുടെ മറവിൽ വെസ്റ്റ് ബാങ്കിലെ ഇസ്രയേലിന്റെ 'അധിനിവേശ വിപുലീകരണ പദ്ധതി'

ഹമാസുമായി യാതൊരു ബന്ധവുമില്ലാത്ത, സെക്യുലറായ പലസ്തീനിയൻ അതോറിറ്റി ഭരിക്കുന്ന വെസ്റ്റ് ബാങ്കിലാണ് ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നത്

ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം നടത്തിയതിനാൽ പ്രതിരോധിക്കാൻ തങ്ങൾക്കവകാശമുണ്ടെന്ന് പ്രഖ്യാപിച്ചാണ് ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തുന്നത്. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ലോകത്തെമ്പാടുമുള്ളവരും പ്രധാനമായും ഇതേ വാദമാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഹമാസിനെതിരെയാണ് നീക്കമെങ്കിൽ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൻ്റെ നീതീകരണമെന്തെന്ന ചോദ്യത്തിന് ഇവർ ഉത്തരം നൽകില്ല.

അത്രത്തോളം കൊടുംക്രൂരതകളാണ് ജോർദാൻ നദിയുടെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന വെസ്റ്റ് ബാങ്ക് മേഖലയിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഗാസയിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്തും അതിന് മാറ്റം വന്നിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ച മാത്രം അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത് എട്ട് പലസ്തീനികളെയാണ്. ഹമാസുമായി യാതൊരു ബന്ധവുമില്ലാത്ത, സെക്യുലറായ പലസ്തീനിയൻ അതോറിറ്റി ഭരിക്കുന്ന വെസ്റ്റ് ബാങ്കിലാണ് ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നതെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത.

'തീവ്രവാദ വിരുദ്ധ' നടപടി എന്ന പേരിലാണ് വെസ്റ്റ് ബാങ്കിലെ പലയിടങ്ങളിലായി ഇസ്രയേൽ സൈന്യം കയറിയിറങ്ങുന്നത്. വെടിനിർത്തൽ ധാരണ പ്രകാരം ഒരുവശത്ത് പലസ്തീനികളെ വിട്ടയയ്ക്കുമ്പോൾ മറുവശത്ത് വെസ്റ്റ് ബാങ്കിൽനിന്ന് നിരവധി പേരെ ഇസ്രയേൽ അറസ്റ്റ് ചെയ്യുന്ന കാഴ്ചയാണ് കുറച്ച് ദിവസങ്ങളായി കണ്ടുവരുന്നത്. എന്നാൽ ഇതിനെതിരെ ആഗോള തലത്തില്‍ യാതൊരുവിധ പ്രതികരണവുമുണ്ടാകുന്നില്ലെന്നത് ഇസ്രയേലിന് നൽകുന്ന ധൈര്യം ചെറുതല്ല.

ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ കണക്കുകൾ പരിശോധിച്ചാൽ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകും. യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് കണക്ക് പ്രകാരം, ഒക്ടോബർ ഏഴിനുശേഷം ഇസ്രയേൽ ആക്രമണത്തിൽ വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടത് 55 കുട്ടികളടക്കം 215 പലസ്തീനികളാണ്. 2023ൽ ഇതുവരെ ഇവിടെ കൊല്ലപ്പെട്ടത് 456 പേരാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽനിന്ന് ഞായറാഴ്ച അറസ്റ്റ് ചെയ്ത 20 പേർ ഉൾപ്പെടെ ഒക്‌ടോബർ ഏഴിന് ശേഷം ഇസ്രയേൽ അനധികൃതമായി തടങ്കലിലാക്കിയത് 3200 പലസ്തീനികളെയാണെന്നാണ് പലസ്തീൻ പ്രിസണേഴ്‌സ് ക്ലബ് കണക്കാക്കുന്നത്.

SOPA Images

സൈന്യത്തിന് പുറമെ, അവിടെ അനധികൃതമായി കുടിയേറി താമസിക്കുന്ന ഇസ്രയേലികളും (ഇസ്രായേലി സെറ്റ്‌ലേഴ്‌സ് ) തദ്ദേശീയർക്കെതിരെ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടനുസരിച്ച് സബ്ബത്ത് ആക്രമണത്തിന് പിന്നാലെ ഇസ്രയേലി കുടിയേറ്റക്കാരുടെ ആക്രമണങ്ങൾ അഭൂതപൂർവമായ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഒക്‌ടോബർ ഏഴുമുതൽ, പലസ്തീനികൾക്കെതിരെ 281 ആക്രമണങ്ങളാണ് നടത്തിയത്.

അനധികൃത ഇസ്രയേലി കുടിയേറ്റക്കാരുടെ ഉപദ്രവം മൂലം 1014 പേരടങ്ങുന്ന 143 കുടുംബങ്ങളാണ് ഇതുവരെ തങ്ങളുടെ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്

പലസ്തീനികൾ അവരുടെ സ്വന്തം ഭൂമിയിലേക്ക് കടക്കുന്നത് തടയാൻ തടസങ്ങൾ സൃഷ്ടിക്കുക, കൃഷികളും മറ്റ് സ്വത്തുക്കളും നശിപ്പിക്കുക, അവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക എന്നിങ്ങനെ നിരവധി അതിക്രമങ്ങളാണ് ഇസ്രായേലി സെറ്റ്‌ലേഴ്‌സ് നടത്തികൊണ്ടിരിക്കുന്നത്. തന്റെ കൃഷിഭൂമിയിൽ പണിയെടുക്കുകയായിരുന്ന ബിലാൽ സലയെ വെടിവച്ച് കൊലപ്പെടുത്തിയത് ഇതിനൊരു ഉദാഹരണം മാത്രമാണ്.

ഗാസയുടെ മറവിൽ വെസ്റ്റ് ബാങ്കിലെ ഇസ്രയേലിന്റെ 'അധിനിവേശ വിപുലീകരണ പദ്ധതി'
'ജൂതമതമല്ല, ഭീകരതയാണ് ഇസ്രയേലിന്റെ ഔദ്യോഗിക മതം'|അഭിമുഖം കെ ഇ എന്‍

പലസ്തീനികളുടെ പ്രധാന കൃഷിയായ ഒലിവ് മരങ്ങൾ ഇസ്രയേലികൾ വ്യാപകമായി നശിപ്പിക്കുന്നുവെന്ന് യു എൻ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. വിളവെടുപ്പിന് പാകമായ മൂവായിരത്തിലധികം ഒലിവ് മരങ്ങളാണ് ഇത്തരത്തിൽ ഇക്കൂട്ടർ നശിപ്പിച്ചത്. ഇസ്രയേലി കുടിയേറ്റക്കാരുടെ ഉപദ്രവം മൂലം 1014 പേരടങ്ങുന്ന 143 കുടുംബങ്ങൾക്കാണ് ഇതുവരെ തങ്ങളുടെ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തത്. കുടിയിറക്കപ്പെട്ടവരിൽ കന്നുകാലി വളർത്തി ഉപജീവനം കണ്ടെത്തുന്ന വിഭാഗത്തിൽനിന്നുള്ള 15 കുടുംബങ്ങളെങ്കിലുമുള്ളതായി ഒസിഎച്ച്എ റിപ്പോർട്ട് ചെയ്യുന്നു. പകുതിയോളം സംഭവങ്ങളിലും ഇസ്രായേൽ സൈന്യം വേട്ടക്കാർക്കൊപ്പം സഹായത്തിനുണ്ടായിരുന്നു എന്നതാണ് ഏറ്റവും ഭയാനകമായ വസ്തുത.

ഗാസയുടെ മറവിൽ വെസ്റ്റ് ബാങ്കിലെ ഇസ്രയേലിന്റെ 'അധിനിവേശ വിപുലീകരണ പദ്ധതി'
'പലസ്തീനികൾ പരീക്ഷണ വസ്തുക്കൾ, ഗാസ ആയുധ പ്രദർശന വേദി'; ആയുധക്കച്ചവടത്തിലെ ഇസ്രയേലിന്റെ മനുഷ്യത്വ വിരുദ്ധ ഫോർമുല

ഇസ്രയേലി ദേശീയസുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻ ഗ്വിർ, ഇസ്രയേലി കുടിയേറ്റക്കാർക്ക് ആയുധങ്ങൾ കൈമാറുന്നതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. ബെൻ ഗ്വിർ പലതവണയായി ആയുധങ്ങൾ നേരിട്ട് നൽകുന്നതിന്റെ ദൃശ്യങ്ങളും വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. പലസ്തീനികളുടെ ഭൂമി കയ്യേറി അവരെ ഉപദ്രവിക്കാനുള്ള അനുവാദവും പ്രോത്സാഹനവും നൽകുന്നതിന്റെ പ്രകടമായ തെളിവുകളായാണ് ഈ സംഭവങ്ങളെ വിദഗ്ധർ വിലയിരുത്തുന്നത്.

അഞ്ച് ലക്ഷത്തിലധികം ഇസ്രയേലികളാണ് 130 അനധികൃത സെറ്റ്ലർ കോളനികളിലായി വെസ്റ്റ് ബാങ്കിൽ താമസിക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെങ്കിലും ഇതിന്റെ വിപുലീകരണം ഇസ്രയേൽ തകൃതിയായി നടത്തിവരികയാണ്. അതിനു ലഭിച്ച ഒരവസരമായാണ് നിലവിൽ ഒക്ടോബർ ഏഴിലെ ആക്രമണങ്ങൾ ഇസ്രയേലികൾ കാണുന്നത്.

logo
The Fourth
www.thefourthnews.in