കളരി: അടവുകളും ചുവടുകളും അങ്കത്താരിയും

അക്രമത്തെ പ്രതിരോധിക്കാനും സ്വയരക്ഷയ്ക്കും കളരി അഭ്യാസം സഹായിക്കുന്നു

കേരളത്തിലെ സാംസ്‌കാരികവും പരമ്പരാഗതവുമായ ആയോധന കലാരൂപമാണ് കളരിപ്പയറ്റ്. ഇതിന് അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്. കളരി പരിശീലനം, ചികിത്സ എന്നിവ മനുഷ്യന്റെ 108 മര്‍മ്മങ്ങളെ അടിസ്ഥാനമാക്കിയുളളതാണ്. കളരിപ്പയറ്റ് മര്‍മ്മ വിദ്യയും ചികിത്സയും അടങ്ങിയ ഒരു സമ്പൂര്‍ണ ആയോധന കലയാണ്.

ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ കളരിപ്പയറ്റ് ദൈനംദിന പരിശീലനം കൊണ്ട് ആര്‍ജ്ജിക്കാവുന്ന അഭ്യാസമുറയാണ്. വ്യക്തിത്വ വികാസത്തിനും ആത്മരക്ഷയ്ക്കും ഒരുപോലെ സഹായകമാണ് കളരി.

കളരിയില്‍ നിന്ന് ഉണ്ടാകാനിടയുളള എല്ലാ പരിക്കുകള്‍ക്കുമുള്ള ചികിത്സ കളരിയില്‍ തന്നെയുണ്ട്. പെട്ടന്നുണ്ടാകുന്നൊരു അപകട സാഹചര്യത്തില്‍ എങ്ങനെ പെരുമാറണം, അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണം എന്ന പ്രാഥമിക അറിവ് കളരി പരിശീലനത്തില്‍ നിന്ന് ലഭിക്കുന്നു.

പണ്ടു കാലത്ത് ഒരു രാജ്യത്തെ പ്രശ്നം തീര്‍ക്കാനും രാജ്യങ്ങള്‍ പിടിച്ചെടുക്കാനുമായി നാടുവാഴികളാണ് കളരിപ്പയറ്റിനെ ഈ രീതിയില്‍ വായ്ത്താരികളായി ചിട്ടപ്പെടുത്തിയത്. തുടക്കത്തില്‍ ഒരോ കുടുംബങ്ങള്‍ക്കും പ്രത്യേകം സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു. തുളുനാടന്‍ , ഒടിമുറിശ്ശേരി, ദ്രോണമ്പളളി, വട്ടയഞ്ചേരിപ്പന്‍ എന്നിവ ഉദാഹരണം. പിന്നീട് തെക്കന്‍, വടക്കന്‍, കടത്താനാടന്‍ എന്നിങ്ങനെ ചുരുങ്ങി. കളരിപ്പയറ്റിനെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഇന്ന് എല്ലാ സമ്പ്രാദായങ്ങളും ഒന്നാക്കിയിരിക്കുന്നു.

കളരിപ്പയറ്റിനെ നാല് വിഭാങ്ങളാക്കിയാണ് തിരിച്ചിരിക്കുന്നത്. മെയ്യ്ത്താരി, കോല്‍ത്താരി, അംഗത്താരി, വെറുംകൈ എന്നിവയാണവ.

മെയ്ത്താരി

ശരീരം കൊണ്ടുളള അഭ്യാസങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൃത്യമായ മെയ്യഭ്യാസം പഠിച്ച അഭ്യാസിക്ക് എതിരാളിയെ നിഷ്പ്രയാസം കീഴ് പെടുത്താം. മെയ് പയറ്റുകള്‍, കാലുകള്‍, വടിവുകള്‍ എന്നിവ മെയ്ത്താരിയില്‍ ഉള്‍പ്പെടുന്നു.

കോല്‍ത്താരി

മരം ഉപയോഗിച്ചുളള ആയുധങ്ങള്‍ ചെറുവടി, കുറുവടി, ഒറ്റ, നെടുവടി, ഗദ എന്നീ ആയുധങ്ങള്‍ ഇതില്‍പ്പെടുന്നു. ഇതില്‍ 'ഒറ്റ' ആനക്കൊമ്പിന്റെ ആകൃതിയിലുളള ആയുധമാണ്. 64 അഭ്യാസ മര്‍മ്മങ്ങളെ ആധാരമാക്കിയാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മര്‍മ്മ വിദ്യ അറിയുന്ന അഭ്യാസിക്കു മാത്രമേ 'ഒറ്റ' പയറ്റാന്‍ സാധിക്കുകയുളളു.

അംഗത്താരി

വാള്‍, പരിച, ഉറുമി, കുന്തം, കത്തി, കൊടുവാള്‍(കത്തിവാള്‍), മഴു എന്നീ ആയുധങ്ങള്‍ ഉപയോഗിച്ചുളള പയറ്റുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

ഉത്തമ കളരി, മധ്യമ കളരി, അധമ കളരി എന്നിങ്ങനെ കളരികളെ അതിന്‍റെ വലുപ്പത്തിനനുസരിച്ച് തരം തിരിച്ചിരിക്കുന്നു.

എല്ലാ കളരികളിലും സാധരണയായി കണ്ടുവരാറുളള രണ്ട് സങ്കല്‍പ്പങ്ങളാണ് പൂത്തറയും, ഗുരുത്തറയും. ഇത് ഒരു അഭ്യാസിയുടെ വളര്‍ച്ചയുടെ ചുവടുകളായി കണക്കാക്കുന്നു. മണ്‍മറഞ്ഞുപോയ ഗുരുക്കന്മാരുടെയും നിലവിലുളള ഗുരുക്കന്മാരുടെയും സ്മരണയ്ക്കായാണ് ഗുരുത്തറ എന്ന സങ്കല്‍പം. ആയുധങ്ങളോട് അഭ്യാസിക്കുളള ഭയം മാറാന്‍ വേണ്ടിയാണ് കളരിയില്‍ ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്നത്. യോഗിയാകുക എന്നതാണ് കളരി അഭ്യാസത്തിന്‍റെ പാരമ്യത. കളരി അഭ്യാസി സാവകാശം അക്രമസ്വഭാവം വെടിയുകയും സാത്വിക ഭാവത്തിലേക്ക് മാറുകയും ചെയ്യുമെന്നാണ് വിശ്വാസം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in