സാഹസികരുടെ പറുദീസ

വൈറ്റ് വാട്ടര്‍ കയാക്കിങിന് ഏറ്റവും അനുയോജ്യമായ ഇരുവഞ്ഞിയും ചാലിപ്പുഴയുമാണ് സാഹസികരെ ആകര്‍ഷിക്കുന്നത്

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഒന്‍പതാം പതിപ്പിലേക്കെത്തുമ്പോള്‍ കയാക്കര്‍മാരുടെ ഇഷ്ട ഡെസ്റ്റിനേഷനാകുകയാണ് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി. വൈറ്റ് വാട്ടര്‍ കയാക്കിങിന് ഏറ്റവും അനുയോജ്യമായ ഇരുവഞ്ഞിയും ചാലിപ്പുഴയുമാണ് സാഹസികരെ ആകര്‍ഷിക്കുന്നത്. പാറക്കൂട്ടങ്ങളും കുത്തൊഴുക്കുമുള്ള പുഴകള്‍ തന്നെയാണ് ഇവിടത്തെ പ്രത്യേകത. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കയാക്കര്‍മാര്‍ക്ക് പുറമേ വിദേശികളും കോടഞ്ചേരിയിലെത്തുന്നതിന്റെ കാരണം മറ്റൊന്നല്ല.

എന്നാല്‍, എല്ലാ വര്‍ഷവും നടക്കുന്ന ജലോത്സവങ്ങള്‍ക്കപ്പുറം കോടഞ്ചേരിയെ സാഹസിക ജലവിനോദത്തിന്റെ കേന്ദ്രമാക്കാന്‍ കാര്യമായ ശ്രമങ്ങളുണ്ടാകുന്നില്ലെന്ന് കയാക്കര്‍മാര്‍ പറയുന്നു. ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് പരിശീലകര്‍ ഉള്‍പ്പെടെയെത്തുന്നത്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കയാക്കിങ് അക്കാദമി സ്ഥാപിച്ചാല്‍ കേരളത്തില്‍ നിന്ന് തന്നെ താരങ്ങളെ പരിശീലിപ്പിച്ചെടുക്കാനാകും. ഭൂമിശാസ്ത്രപരമായ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി കോടഞ്ചേരിയെ കയാക്കിങ് കേന്ദ്രമാക്കി മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.

ഓഗസ്റ്റ് നാല് മുതല്‍ ആറ് വരെയാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍. ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ നടക്കും. റിവര്‍ ഫെസ്റ്റിവലിന് മുന്നോടിയായി പല സംസ്ഥാനങ്ങളില്‍ നിന്നുള്ള കയാക്കര്‍മാര്‍ പരിശീലനം തുടങ്ങി. കഴിഞ്ഞ വർഷം വേഗരാജാവ്‌ പട്ടം നേടിയ ഉത്തരാഖണ്ഡ് താരം അമിത് താപ്പ, അങ്കിത് സിങ്, ബാവ് പ്രീത് സിങ്, കർണാടക സ്വദേശിനി ആൻ മത്തിയാസ്, കേരള താരങ്ങളായ നിസ്തുൽ ജോസ്, തോബിത്ത് രാഹുൽ, ഡി ആനന്ദ്, ബി കെ അഭിലാഷ് എന്നിവരടങ്ങിയ ടീമാണ് പരിശീലനം നടത്തുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള കയാക്കര്‍മാരും അടുത്ത ദിവസങ്ങളിലെത്തും. കോവിഡിന് മുൻപ് 22 രാജ്യങ്ങളിൽനിന്ന് പങ്കാളിത്തമുണ്ടായിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in