ഏഴ് പതിറ്റാണ്ടിന്റെ അഭിഭാഷക സപര്യ; റെക്കോർഡ് നിറവിൽ അഡ്വ. പി ബി മേനോൻ 

ഏഴ് പതിറ്റാണ്ടിന്റെ അഭിഭാഷക സപര്യ; റെക്കോർഡ് നിറവിൽ അഡ്വ. പി ബി മേനോൻ 

97-ആം വയസിലും അഭിഭാഷക വൃത്തിയിൽ സജീവമായ പി ബി മേനോന്റെ പേരിലാണ്  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ വിചാരണ കോടതികളിൽ ഏറ്റവുമധികം കാലം പ്രാക്റ്റിസ് ചെയ്ത അഭിഭാഷകൻ എന്ന റെക്കോർഡ്  

കേരളത്തില്‍ പ്രാക്ടീസ് ചെയ്യുന്ന  ഏറ്റവും മുതിര്‍ന്ന സിവില്‍ അഭിഭാഷകനാണ് പാച്ചു വീട്ടില്‍ ബാലസുബ്രഹ്മണ്യ മേനോന്‍ എന്ന പി ബി മേനോന്‍.  ഒരു പക്ഷേ ഇന്ത്യയിലെ തന്നെ മുതിര്‍ന്ന  പ്രാക്ടീസിംഗ് അഭിഭാഷകന്‍! 

പാലക്കാട്ടെ സിവില്‍  കോടതിമുറികളിലെ  മുന്‍ നിര ഇരിപ്പിടങ്ങളില്‍  ഇപ്പോഴും വീറോടെ വാദിക്കുന്ന സീനിയറെ എല്ലാ ദിവസവുമെന്നോണം കാണാം. കക്ഷികള്‍ക്ക് മാത്രമല്ല ഏതൊരു ജൂനിയര്‍ വക്കീലിനും ധൈര്യമായി  കയറി ചെല്ലാവുന്ന തുറന്നിട്ട ഗേറ്റാണ് പുത്തൂരിലെ അദ്ദേഹത്തിന്റെ വസതിയായ   റോസ് ലാന്‍ഡിന്റേത്. 1950 ജൂലായ് 18ന് അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ പി ബി മേനോന്‍ എന്ന സീനിയര്‍ അഭിഭാഷകന്റെ 73 വര്‍ഷത്തെ അനുഭവങ്ങൾ പകർന്നു തരുന്ന പാഠം നിയമപുസ്തകങ്ങൾ നൽകുന്ന അറിവിനേക്കാൾ എത്രയോ മികച്ചതാണ്. 

1926 ഒക്ടോബർ 15 ന് കൊല്ലങ്കോട് ജനിച്ച മേനോൻ 97-ആം വയസിലും അഭിഭാഷക വൃത്തിയിൽ സജീവമാണ്. 

കഴിഞ്ഞ ദിവസം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇന്ത്യയിലെ വിചാരണ കോടതികളിൽ ഏറ്റവുമധികം കാലം പ്രാക്റ്റിസ് ചെയ്ത അഭിഭാഷകൻ എന്ന റെക്കോർഡിന്റെ ഉടമയായി അഡ്വക്കേറ്റ് പി ബി മേനോന്റെ പേര് രേഖപ്പെടുത്തി. അദ്ദേഹം ദ ഫോർത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്: 

Q

ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം എങ്ങനെ ആയിരുന്നു ?

A

എന്റെ ഔദ്യോഗിക ജീവിതം മദ്രാസ് ഹൈക്കോടതിയിലാണ് തുടങ്ങുന്നത്. അന്നത്തെ അഡ്വക്കേറ്റ് ജനറല്‍ കുട്ടികൃഷ്ണമേനോന്റെ കൂടെ. ജസ്റ്റിസ് ബാലകൃഷ്ണ ഏറാടിയുടെ ഭാര്യാപിതാവാണ് അദ്ദേഹം. പിന്നീട് കേരള ചീഫ് ജസ്റ്റീസ് ആയ ടി സി രാഘവൻ  അന്ന് ജൂനിയര്‍ ആണ്. അവരൊക്കെയാണ് അന്നത്തെ ടീം. കഷ്ടിച്ച് രണ്ട്  കൊല്ലം മദ്രാസിൽ കൂടി. പിന്നെ അച്ഛനമ്മമാര്‍ക്ക്  പ്രായമായതോടെ പാലക്കാട്ടേക്ക് തിരിച്ചു. അന്നത്തെ ഏര്‍പ്പാടൊക്കെ അങ്ങനെ അല്ലേ?!  അവര് പറയുന്ന പോലെ തന്നെ. എന്നോട് ലോ കോളേജിൽ പോകാൻ പറഞ്ഞു; ഞാൻ പോയി. ഞാൻ ചാൻസ് കൊണ്ട് വക്കീൽ ആയ ആളാണ്.ചോയിസ്‌ കൊണ്ടല്ല. പക്ഷെ പ്രൊഫഷനിൽ വന്ന ശേഷം ഞാനതിനോട് പരമാവധി നീതി പുലർത്തിയിട്ടുണ്ട്.

Q

വിദ്യാഭ്യാസം

A

പാലക്കാട് വിക്ടോറിയ കോളേജിലും മുനിസിപ്പൽ ഹൈസ്കൂളിലും ഒക്കെ ആയിട്ടായിരുന്നു വിദ്യാഭ്യാസം.  ഇന്നത്തെ പണ്ഡിറ്റ് മോത്തിലാൽ ഗവൺമെൻറ് സ്കൂളാണ് അന്നത്തെ മുനിസിപ്പൽ ഹൈസ്കൂൾ. SSLC കഴിഞ്ഞ് ഇന്റർ മീഡിയേറ്റ് കഴിഞ്ഞാണ് ബിരുദം. 1947 ല്‍ പാലക്കാട്‌ വിക്ടോറിയ കോളേജിലെ ബിരുദ പഠനത്തിന് ശേഷം മദ്രാസ് ലോ കോളേജിലാണ് നിയമ പഠനത്തിന് ചേര്‍ന്നത്. അന്ന് മദ്രാസ് പ്രസിഡൻസിയിൽ ഒരൊറ്റ ലോ കോളജേ ഉള്ളൂ. തമിഴ്നാട്, ആന്ധ്ര, കർണാടകയുടെ ഒരു ഭാഗം, മലബാര്‍ ജില്ല  ഒക്കെ ചേർന്നതാണ് മദ്രാസ് പ്രസിഡൻസി. പാലക്കാടും മദ്രാസ് പ്രസിഡൻസിയിലാണ്. അന്ന് ചീഫ് ജസ്റ്റിസിന്റെ മുന്നിലാണ് എൻറോൾമെൻറ്. അന്നത്തെ അഡ്വക്കേറ്റ് ജനറൽ കെ കുട്ടികൃഷ്ണമേനോൻ ചാർജ് എടുത്ത അന്നേ ദിവസം തന്നെ നടന്ന എൻറോൾമെൻറ് ആയിരുന്നു എന്റേത്. രണ്ട് കൊല്ലത്തെ മദ്രാസ് കാലത്തിന് ശേഷം പാലക്കാട്ടേക്ക് വന്നു. അച്ഛന്റേയും അമ്മയുടേയും താല്‍പര്യമായിരുന്നു അത്.

Q

സിവില്‍ വക്കീലായ കഥ

A

കോളേജ് റോഡിലുണ്ടായിരുന്ന എന്റെ  വീടിന്റെ എതിര്‍ വീട്ടില്‍  ഒരു ലോയര്‍ ഉണ്ട്. കെ എസ് രാമകൃഷ്ണ അയ്യർ. അദ്ദേഹത്തിന് കാഴ്ച ഇല്ലായിരുന്നു. ക്രിമിനല്‍  ലോയര്‍ ആണ്. അദ്ദേഹത്തിന്റെ ഭാര്യ “ ബാലാ” എന്ന് അവിടെ നിന്ന് വിളിക്കും. അവിടെ പോയി അദ്ദേഹത്തിന് 164 സ്റ്റേറ്റ്മെന്റ്, മഹസ്സര്‍ ഒക്കെ വായിച്ച് കൊടുക്കും. അത് മതിയായിരുന്നു അദ്ദേഹത്തിന് ക്രോസ് എക്സാമിനേഷന്! അദ്ദേഹത്തിന്റെ കൂടെ ആയിരുന്നു ഇവിടെ തുടക്കം. അന്ന് എക്സിക്യൂട്ടിവും ജൂഡിഷ്യറിയും വേർതിരിച്ചിട്ടില്ല. ആർഡിഒയുടെയും സബ് കളക്ടറുടെയും മുന്നിലാണ് അപ്പീലിന്റെയും ഫസ്റ്റ് ക്ലാസ് ഒഫന്‍സ് ക്രിമിനല്‍ കേസുകളുടെയും വാദത്തിന് ചെല്ലുക. ഒക്കെ ബ്രിട്ടീഷുകാരായിരുന്നു. തുക്കിടി സായിപ്പ് എന്നാണ് അവരെ പറയുക. അവര്‍  അവധിയാകുന്ന  ദിവസങ്ങളില്‍ ഫോര്‍ട്ട്‌ കൊച്ചിയിലായിരിക്കും ജൂറിസ്ഡിക്ഷന്‍. കൊച്ചിയിലെ ബ്രിട്ടിഷ് പോക്കറ്റ് ആണല്ലോ ഫോര്‍ട്ട്‌ കൊച്ചി. അവിടെയാണ് സബ് ജഡ്ജി. അവിടേക്ക് ഒരു ക്രിമിനല്‍ അപ്പീലിന് രാമകൃഷ്ണഅയ്യര് എന്നെ അയച്ചു. അന്ന് ചങ്ങാടമൊക്കെ കയറി വേണം കൊച്ചിയിലെത്താന്‍! അവിടെ പോയി സീനിയര്‍ കുറിച്ച് തന്നത് പറഞ്ഞു. ഗവൺമെന്റ് വക്കീല് അവരുടെ ഭാഗവും പറഞ്ഞു. ശിരസ്തദാറുടെ മുറിയിൽ പോയി ഉടുപ്പൊക്കെ മാറി തിരികെ വരാന്‍ വട്ടം കൂട്ടുമ്പോഴുണ്ട് ശിപായി വന്ന് വിളിക്കുന്നു! ജഡ്ജിയെ കാണണമെന്ന് പറഞ്ഞു എന്നാണ് അറിയിപ്പ്! ഞാൻ പേടിച്ചു പോയി. എന്ത് തെറ്റ് ചെയ്തിട്ടാണാവോ വിളിപ്പിച്ചത് എന്നായിരുന്നു ആധി! പാളസാര്‍ കെട്ടി തലപ്പാവൊക്കെ വെച്ച്  സാമ്പ്രദായിക വേഷത്തിലുള്ള ഒരു വയോധികനായിരുന്നു ജഡ്ജി. എന്നെ നിര്‍ബന്ധിച്ച് അദ്ദേഹം മുന്നിലിരുത്തി. പിന്നെ കൈനീട്ടി, “Promise me you will not be seen anywhere near the verandah of a criminal court again, if so I will acquit your accused or he is to put in jail “ എന്ന് പറഞ്ഞു. എന്നെ വിട്ടയച്ചാൽ മതിയെന്നായിരുന്നു അന്നെനിക്ക്. ക്രിമിനല്‍ കോടതി വരാന്തയില്‍ പോലും മേലാല്‍ കണ്ട് പോകരുത് എന്ന അദ്ദേഹത്തിന്റെ ഉപദേശമോ ശാസനയോ ആയിരുന്നു സിവില്‍  മേഖലയിലേക്ക് തിരിയാന് ഇടയാക്കിയ വിചിത്രമായ അനുഭവം. ഇന്നും രാവിലെ അദ്ദേഹത്തെ സ്മരിച്ചു കൂടിയാണ് ദിവസം തുടങ്ങാറുള്ളത്. അരമണിക്കൂര് സിവില് എന്താണ്, ട്രയല് കോടതി എന്താണ് തുടങ്ങി  നിയമപാഠത്തിന്റെ അടിസ്ഥാനമുറപ്പിക്കേണ്ടതിനെപ്പറ്റിയൊക്കെ അദ്ദേഹം സംസാരിച്ചു. അതായിരുന്നു അന്നത്തെ തുടക്കക്കാരന്റെ വഴിത്തിരിവ്. പിന്നെ ഇതിൽ കടന്നു കൂടി. ഇപ്പോൾ ആരു വന്നാലും ഒന്ന് മുട്ടി നോക്കും. ഇപ്പോൾ ഒരു വിധിന്യായത്തെ വിമര്‍ശനാത്മകമായി കാണാന്‍  പറ്റും. അങ്ങനെ ഒക്കെ എത്തി നിൽക്കുന്നു ഇപ്പോള്‍. താല്പര്യം തോന്നിയ ശേഷം ഞാൻ അതില്‍  തന്നെ കഠിനാധ്വാനം ചെയ്യാനും  തുടങ്ങി.

Q

സീനിയറുമാരുടെ സീനിയറിന്  പുതുതലമുറയോട് പറയാനുള്ളത്?  

A

എന്റെ പ്ലെയിന്റും ക്രോസ് എക്സാമിനേഷനും അര്‍ഗ്യുമെന്റും ഒക്കെ ഷോര്‍ട്ട് ആണ്. ചുരുക്കത്തില്‍ പറയാനുള്ളത് പറഞ്ഞാല്‍ മതി. അന്യായം തയ്യാറാക്കാനാണ് ശ്രദ്ധിക്കേണ്ടത്. നാളെ പ്രതി എന്ത് പറയും എന്ന് കണ്ടിട്ട് കൂടി വേണം അത് തയ്യാറാക്കാന്‍. അഞ്ചു മണി ആകുമ്പോഴേക്കും ഞാന്‍  എഴുന്നേല്ക്കും. കുളിയും തൊഴലും നാമജപവും ഒക്കെ  കഴിഞ്ഞ് ആറു മണിക്ക് ഞാൻ ഓഫീസില്‍ ഉണ്ടാകും. ഇപ്പോഴത് എഴു മണി ആവുന്നുണ്ട്. കക്ഷികളെക്കാത്ത് ഞാന്‍ റെഡി. കക്ഷികൾ വരും മുന്‍പേ കടലാസുകൾ നോക്കണം. അവര്‍ വരുമ്പോഴെ അവരോട് സംസാരിക്കുകയെ ഉള്ളൂ, കക്ഷികൾ വരുമ്പോഴല്ല , കടലാസുകൾ നോക്കേണ്ടത്. കക്ഷിയെ മുഴുവനായും കേട്ടിട്ട് മാത്രമേ ഞാൻ അന്യായം തയ്യാറാക്കുകയുള്ളൂ. നമുക്ക് എന്ത് തെളിയിക്കാന്‍  പറ്റും എന്നറിയാന്‍  ഒരുപാട് കേള്‍ക്കണം അവരെ. രാത്രി പത്ത് മണി വരെയും ഞാനിവിടെ ഉണ്ടാകും. I am a dependable lawyer. I give honest opinion ഗുണവും ദോഷവും ഞാൻ പറഞ്ഞു കൊടുക്കും. കക്ഷികളെ നമ്മൾ misguide ചെയ്യാന്‍  പാടില്ല.  It is Overcrowded. Even then, there is sufficient space for a hard worker. പഠിക്കണമെന്ന മനസ്സ് ഉണ്ടാവണം ഞാന്‍ ചിലപ്പോൾ രാത്രി പന്ത്രണ്ടു മണിക്കും രണ്ട് മണിക്കും ഒക്കെ  കടലാസ്സ് നോക്കും. ഒരു കേസ് കിട്ടിയാല്‍  പിന്നെ അതായിരിക്കും ആലോചന. എങ്ങനെ ആണ് എന്റെ കക്ഷിക്ക്  നിവര്‍ത്തി കിട്ടുക എന്ന്. അങ്ങനെയുള്ള പലതുമാണ്. Law Journals വായിക്കണം എന്നാലേ സ്വന്തമായുള്ള ആശയം കൂടുതൽ തെളിവാകുകയുള്ളൂ.

Q

ഏറ്റവും പ്രധാനപ്പെട്ട കേസുകള്‍ ഏതെങ്കിലും ഇത്രയും കാലത്തെ നിയമജീവിതത്തില്‍ ഉണ്ടായിരുന്നോ?

A

ഒരു വക്കീലിനെ സംബന്ധിച്ച് പ്രധാനം അപ്രധാനം എന്ന ഒന്നില്ല, കക്ഷി തന്നെയാണ് പ്രധാനം.

(എഴുത്തുകാരിയായ റെജിന പാലക്കാട് ബാറിൽ പ്രാക്ടിസ് ചെയ്യുന്ന അഭിഭാഷികയാണ്)

Related Stories

No stories found.
logo
The Fourth
www.thefourthnews.in