നാടറിയാത്ത, കാടറിയുന്ന ജീവിതങ്ങള്‍

ഒരു ആദിവാസി ബാലന്റെ അതിജീവനകഥ

നിലമ്പൂര്‍ ടൗണില്‍ നിന്നും കക്കാടംപൊയിലിലേക്ക് നീളുന്ന പാതയോരത്ത്, കുന്നിന്‍ ചെരുവിലുള്ള റബര്‍ തോട്ടത്തിനകത്ത് പത്തോ പതിനാലോ കോണ്‍ക്രീറ്റ് വീടുകള്‍. കാട്ടുനായ്ക്ക വിഭാഗക്കാർ താമസിക്കുന്ന വെണ്ണേക്കോട് ആദിവാസി കോളനി. ആവശ്യത്തിന് വെളിച്ചം കടക്കാത്ത, അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന കുടുസ് വീടുകള്‍. അവിടെ കുറേ മനുഷ്യരും അവരുടെ വളര്‍ത്തുമൃഗങ്ങളും. നിറഞ്ഞ് ചിരിക്കുന്ന കുറേ കുട്ടികള്‍. കൂട്ടം കൂടി കളിച്ച് നടക്കുന്നു, ഇവിടെ വെച്ചാണ് ഞങ്ങള്‍ ചിങ്കാരിയെ കാണുന്നത്.

സനൂപ്, നിറഞ്ഞ ചിരിയോടെ മുന്നിലേക്കെത്തിയ എട്ടാം ക്ലാസുകാരന്‍. ആരുടെയും ശ്രദ്ധ പിടിച്ചെടുക്കുന്നു ഈ ബാലന്‍. എന്തൊക്കെയോ പ്രത്യേകതകള്‍. മുറുക്കിച്ചുവപ്പിച്ച പല്ല്, ടീ ഷര്‍ട്ട്, മാല, കയ്യില്‍ സദാസമയം ഒരു തെറ്റാലി. ചെവിയില്‍ ഒരു സേഫ്റ്റി പിന്‍ കുത്തിവച്ചിരിക്കുന്നു. (കാതുകുത്തിയതിന്റ തുള അടയാതിരിക്കാന്‍ വച്ചിരിക്കുകയാണ് എന്ന് അവന്‍ തന്നെ പറയുന്നു.)

ആദ്യം സംസാരിക്കാന്‍ മടികാണിച്ചു. അപരിചിതത്വം വിട്ടതോടെ അവന്‍ സംസാരിച്ച് തുടങ്ങി. പറഞ്ഞത് മുഴുവന്‍ അവന്‍ ഉള്‍പ്പെടുന്ന സമൂഹം നേരിടുന്ന അരക്ഷിതാവസ്ഥയെ കുറിച്ച്. പറയുന്ന കാര്യങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞല്ലെങ്കിലും പങ്കുവച്ച വിവരങ്ങള്‍ ഒരു സമൂഹം നേരിടുന്ന അവഗണനയുടേയും, ചൂഷണത്തിന്റെയും, അതിജീവനത്തിന്റെയും അനുഭവങ്ങളായിരുന്നു.

കോളനിയിലെ ഭൂരിഭാഗം കുട്ടികളില്‍ നിന്നും അവനെ വ്യത്യസ്തനാക്കിയത് സകൂളില്‍ പോവാന്‍ താല്‍പര്യമാണ്. അതിന് പിന്നില്‍ മിഠായി കഴിക്കാന്‍ ലഭിക്കുന്ന അവസരം മുതല്‍, പല കാരണങ്ങളുമുണ്ട്. സനൂപ് ഒരുപാട് സംസാരിച്ചു. ഇതിനിടയില്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ മടിക്കുന്നതിനെ കുറിച്ചും, സ്‌കൂളില്‍ പോകാതെ തന്നെ കുട്ടികള്‍ അടുത്ത ക്ലാസുകളിലേക്ക് ജയിക്കുന്നതിനെ കുറിച്ചും വാചാലനായി.

സ്‌കൂളില്‍ ചേര്‍ന്നവരാണ് കുട്ടികള്‍ എല്ലാവരും, അവരില്‍ അധികവും സ്‌കൂളില്‍ പോവാറില്ല, പോയവര്‍ തന്നെ സ്‌കൂളില്‍ എത്താറില്ല. അധ്യാപകര്‍ ആരും ഈ കുട്ടികള്‍ എന്ത് കൊണ്ട് സ്‌കൂളില്‍ വരുന്നില്ലെന്ന് അന്വേഷിക്കാറില്ല. പത്താം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് പോലും അക്ഷരങ്ങള്‍ എഴുതാന്‍ അറിയില്ല. എനിക്ക് ഇംഗ്ലീഷില്‍ പേരെഴുതാനറിയാം. അഭിമാനത്തോടെ സനൂപ് പറയുന്നു.

സനൂപിന്റെ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും അറിഞ്ഞത് ആദിവാസി കുട്ടികളുടെ ദൈനംദിന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു. കാട്ടില്‍ പക്ഷികളെ വേട്ടയാടിയും, പച്ചമരുന്നുകള്‍ പറിച്ചുവിറ്റും നടക്കും. വേട്ടയാടിക്കിട്ടുന്ന പക്ഷികളെ ചുട്ട് തിന്നും. പച്ചമരുന്നുകള്‍ വില്‍ക്കും. കോളനികളില്‍ മദ്യം എത്തിച്ച് നല്‍കുന്നവരുണ്ട്. വൈകുന്നേരങ്ങളില്‍ ഇവര്‍ എത്തും. പണിമാറ്റിവരുന്ന ആദിവാസികളില്‍ നിന്ന് അധികം പണമീടാക്കി ബ്ലാക്കില്‍ മദ്യം എത്തിക്കും. വാറ്റുചാരായവും സുലഭം. പച്ചമരുന്നുകളെ കുറിച്ചും, ചെടികളെ കുറിച്ചും അവന് അറിയാം. പാടക്കിഴങ്ങ്, കുറിഞ്ഞി പല തരം സസ്യങ്ങളെയും അതിന്റെ ഉപയോഗത്തെയും അത് ശേഖരിക്കുന്നതും അവന്‍ കാണിച്ചു തന്നു. തേന്‍ ശേഖരിക്കാന്‍ പോവുന്നതും അത് കണ്ടെത്തുന്നതും. സ്‌കൂളില്‍ പോവാതെ റിസോര്‍ട്ടുകളില്‍, തോട്ടങ്ങളില്‍ പണിച്ച് പോയതിനെ കുറിച്ച് അവന്‍ പറഞ്ഞു. ബാലവേല നിയമം മൂലം നിരോധിക്കപ്പെട്ട നാട്ടില്‍ അവന്‍ പണിയെടുത്തിരുന്നത് സംസ്ഥാന പോലീസിലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥന്റെ തോട്ടത്തിലായിരുന്നു .

പറഞ്ഞ് തീരാത്ത കഥകളുമായി സനൂപ് മടങ്ങുമ്പോള്‍ അവന്‍ ആഗ്രങ്ങള്‍ ഒരു പാട് ബാക്കിയുണ്ട്. അതിലൊന്ന് പോലീസാകണം എന്നതാണ്. മറ്റൊന്ന് കോളനിയിലേക്ക് മദ്യവുമായെത്തുന്ന വ്യക്തിയെ തടയാന്‍ സഹായിക്കണം. വിദൂരതയിലേക്ക് നോക്കി സനൂപ് പറഞ്ഞുനിര്‍ത്തി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in