'നിയമങ്ങളിലെ മാറ്റം അപകോളനീകരണമല്ല, രാഷ്ട്രീയ നാടകം'; ലൈവ് ലോ മാനേജിങ് എഡിറ്റർ മനു സെബാസ്റ്റ്യൻ അഭിമുഖം

'നിയമങ്ങളിലെ മാറ്റം അപകോളനീകരണമല്ല, രാഷ്ട്രീയ നാടകം'; ലൈവ് ലോ മാനേജിങ് എഡിറ്റർ മനു സെബാസ്റ്റ്യൻ അഭിമുഖം

ഐപിസിയും സിആർപിസിയും മാറ്റി, പുതിയ വ്യവസ്ഥകൾ പലതിലും ഉൾപ്പെടുത്തിയത് നമ്മുടെ നിയമസംവിധാനത്തെ എങ്ങനെ ബാധിക്കും? ഇതിലെ വ്യത്യസ്ത വശങ്ങൾ പരിശോധിക്കുകയാണ് ലൈവ് ലോ മാനേജിങ് എഡിറ്റർ മനുസെബാസ്റ്റ്യൻ

ഭേദഗതിയിലൂടെ കൊണ്ടുവരാവുന്ന കുറച്ച് മാറ്റങ്ങൾക്കുവേണ്ടി 'റിപ്പീൽ ആൻഡ് റീപ്ലേസ്‌മെന്റ്' എന്ന പേരിൽ ഐപിസിയും സിആർപിസി റദ്ദാക്കുന്നത് രാഷ്ട്രീയ നാടകം മാത്രമാണെന്ന് നിയമവാർത്തകൾ കൈകാര്യം ചെയ്യുന്ന ഓൺലൈൻ മാധ്യമമായ 'ലൈവ് ലോ'യുടെ മാനേജിങ് എഡിറ്റർ മനു സെബാസ്റ്റ്യൻ. അപകോളനിവത്കരണം എന്ന പേരിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച മൂന്ന് ബില്ലുകൾ വെറുതെയാണ്. ഐപിസിയിലും സി ആർ പി സിയിലുമുള്ള മിക്ക വകുപ്പുകളും ഉൾപ്പെടുത്തി 'ഭാരതീയ ന്യായ് സംസ്‌കാർ' എന്നൊക്കെ പേരുമാറ്റി ഇറക്കിയിരിക്കുകയാണ്. കുറച്ച് മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ ഉള്ളടക്കമെല്ലാം പഴയത് തന്നെയാണെന്നും 'ദ ഫോർത്തി'ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Q

കഴിഞ്ഞ ദിവസം ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ഐപിസിയുടെയും സിആർപിസിയുടെയും പേരുകൾ മാറ്റാനുള്ള ബില്ലുകൾ സംബന്ധിച്ച് വലിയ ചർച്ചകൾ നടക്കുകയാണ്. പേരുകൾ ഹിന്ദിയിലാക്കിയത് ഉൾപ്പെടെ ബില്ലിലെ പല വ്യവസ്ഥകളും വ്യാപകമായി ചർച്ചയായിട്ടുണ്ട്. നിയമങ്ങളുടെ പേരുകൾ ഹിന്ദിയിലേക്ക് മാറ്റുന്നതിനെ എങ്ങനെ കാണുന്നു? ഇന്ത്യയിലെ നിയമങ്ങൾ ഏത് ഭാഷയിലായിരിക്കണമെന്നത് സംബന്ധിച്ച കൃത്യമായ വ്യവസ്ഥകൾ ഭരണഘടനയിലുണ്ടോ? ഭരണഘടനയുടെ 348 -ാം അനുച്ഛേദം ഇക്കാര്യത്തിൽ എന്തെങ്കിലും പറയുന്നുണ്ടോ?

A

പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ ഔദ്യോഗിക ടെക്സ്റ്റ് ഇംഗ്ലീഷിൽ ആയിരിക്കണമെന്നാണ് ഭരണഘടന നിഷ്കർഷിക്കുന്നത്. അതിന്റെ ഹിന്ദി പരിഭാഷകൾക്കാണ് പലപ്പോഴും ഹിന്ദി പേരുകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ അടുത്ത കാലത്താണ് ഇപ്പോഴത്തേത് പോലെയൊരു ട്രെൻഡ് തുടങ്ങിയത്. ഈ പറയുന്ന ബില്ലിന്റെ പേര് 'ഭാരതീയ ന്യായ് സംഹിത' എന്നൊക്കെയാണെങ്കിലും അതിന്റെ ടെക്സ്റ്റ് മുഴുവൻ ഇംഗ്ലീഷിലാണ്. പേരുമാത്രമാണ് ഹിന്ദിയിലാക്കിയിരിക്കുന്നത്.

ബില്ലിന്റെ പേര് ഹിന്ദിയിലാണെങ്കിലും ഇംഗ്ലീഷിലുള്ള ടെക്സ്റ്റ് മാത്രമേ ഔദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കു. അതുകൊണ്ട് തന്നെ വളരെ വിചിത്രമാണത്. അടുത്തിടെ ജൻ വിശ്വാസ് (ഭേദഗതി) ബിൽ, എന്നൊരു ബില്ലും കൊണ്ടുവന്നിരുന്നു. ഹിന്ദി പ്രോത്സാഹിപ്പിക്കുകയെന്ന പേരിൽ നടത്തുന്ന രാഷ്ട്രീയ അടവ് മാത്രമാണത്. അങ്ങനെ ചെയ്യുന്നതുകൊണ്ട് നിയമപരമായ യാതൊരു മാറ്റവും സംഭവിക്കാനില്ല.

പുതിയ നിയമങ്ങളിലൂടെ അപകോളനീകരണം നടത്തിയെന്നൊക്കെയുള്ള വാദം വെറും മണ്ടത്തരമാണ്
മനു സെബാസ്റ്റ്യൻ
Q

പുതിയ മാറ്റങ്ങൾ വരുമ്പോൾ പല വകുപ്പുകളുടെയും നമ്പറുകൾ അടക്കം മാറുന്നുണ്ട്. ഐപിസി 420 വഞ്ചന ആയിരുന്നെങ്കിൽ ബി എൻ എസിലേക്ക് വരുമ്പോൾ അത് സെക്ഷൻ 316 ആയിട്ടുണ്ട്. അങ്ങനെ പെട്ടെന്നൊരു മാറ്റം സംഭവിക്കുമ്പോൾ നമ്മുടെ നിയമപഠനങ്ങളെ വലിയ രീതിയിൽ ബാധിക്കില്ലേ?

A

പുതുതായി നിയമം പഠിക്കാൻ പോകുന്നവർക്ക് താരതമ്യേന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ മറ്റുള്ളവർക്ക് പഠിച്ചുകൊണ്ടിരിക്കുന്നവർക്കും നിലവിൽ ജോലിനോക്കുന്ന അഭിഭാഷകർക്കും ജഡ്ജിമാർക്കും ഉൾപ്പെടെ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഉദാഹരണത്തിന് ഒരു ക്രിമിനൽ കേസ് എടുക്കുകയാണെങ്കിൽ അതിന്റെ വിചാരണ നടക്കുന്നത് വർഷങ്ങൾക്ക് ശേഷമായിരിക്കും.

നിലവിൽ അവതരിപ്പിച്ചിരിക്കുന്ന ബിൽ ഈ വർഷം തന്നെ നിയമമായാലും അതിന് ശേഷമുള്ള കേസുകളിൽ മാത്രമേ ഉപയോഗിക്കാനാകു. അതിന് മുൻപുള്ള എല്ലാ കേസുകളുൾടെയും വിചാരണ ഐപിസി അനുസരിച്ചായിരിക്കും നടക്കുക. അങ്ങനെ വരുമ്പോൾ വളരെ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അഭിഭാഷകർക്ക് മാത്രമല്ല പോലീസുകാർക്കും ജഡ്ജിമാർക്കുമെല്ലാം അതിന്റെ പ്രശ്നങ്ങൾ നേരിടേണ്ടി വരും.

ഒരു രണ്ടു ദശാബ്ദത്തെക്കെങ്കിലും ഐപിസി ഉപയോഗത്തിലുണ്ടാകും. ഇപ്പോൾ രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുന്ന കേസുകളുടെയെല്ലാം വിചാരണ ഐപിസിയിലെ വകുപ്പുകൾ അനുസരിച്ച് മാത്രമേ നടത്താനാകൂ. പുതിയ ബില്ലിൽ വകുപ്പുകളും പുന:ക്രമീകരിക്കുകയും പലതിന്റെയും നമ്പറുകൾ മാറ്റുകയും ചെയ്തിട്ടുണ്ട്. കേൾക്കുമ്പോൾ നിസാരമായി തോന്നുമെങ്കിലും കാര്യങ്ങൾ കുറച്ച് പ്രശ്‌നമാണ്. ഐപിസിയിൽ 420-ാം വകുപ്പിലാണ് വഞ്ചന കുറ്റം വരുന്നത്. എന്നാൽ പുതിയ ഭാരതീയ ന്യായ് സംഹിതയിൽ അതിന്റെ നമ്പറിൽ മാറ്റമുണ്ട്. പക്ഷെ വകുപ്പിന്റെ നിർവചനത്തിൽ ഒരു മാറ്റവുമില്ല. അതുകൊണ്ട് യാതൊരു ഗുണവുമില്ല.

ഒരു അഭിഭാഷകനെയോ ജഡ്ജിനെയോ സംബന്ധിച്ചിടത്തോളം ഐപിസിയിലെ പല വകുപ്പുകളും കാണാപ്പാഠമാണ്. 420-ാം വകുപ്പ് എന്ന് പറയുമ്പോൾ തന്നെ വഞ്ചനാക്കുറ്റമാണെന്ന് അവർക്കറിയാം. കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ല. എന്നാൽ പുതിയ വകുപ്പുകൾ കൂടി വരുമ്പോൾ അവിടെ 420യിൽ വേറെ കുറ്റകൃത്യത്തെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഐപിസിയിൽ 302 കൊലപാതകമാണെങ്കിൽ പുതിയതിൽ പിടിച്ചുപറിയാണ്. അപ്പോൾ ഐപിസിയും ഭാരതീയ ന്യായ് സംഹിതയും(ബിഎൻഎസ്) വിചാരണകോടതിയിൽ പല കേസുകളിലായി ഉപയോഗിക്കേണ്ട സാഹചര്യം വരുമ്പോൾ വല്ലാത്തൊരു കുഴപ്പമാണുണ്ടാക്കുക. ഐപിസി അനുസരിച്ചുള്ള കേസിൽ 302 കൊലപാതകവും ബിഎൻഎസിൽ മറ്റൊന്നുമാകുമ്പോൾ ജഡ്ജിയും പ്രോസിക്യൂട്ടറുമെല്ലാം മൊത്തത്തിൽ ആശയക്കുഴപ്പത്തിലാകും. ഇങ്ങനെയൊരു പ്രശ്നം കോടതിമുറിയിൽ ഉണ്ടാക്കികൊടുക്കേണ്ട ആവശ്യകത എന്താണ്?

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
കുറച്ച് വകുപ്പുകളുടെ നമ്പറും ക്രമവും മാറ്റിയെന്നല്ലാതെ മറ്റൊന്നും അതിലില്ല. ഭാരതീയ ന്യായ് സംഹിത എന്ന പേരിൽ ഐപിസിയുടെ ഉള്ളടക്കം തന്നെയാണ് അവതരിപ്പിച്ചത്
മനു സെബാസ്റ്റ്യൻ
Q

കോവിഡ് കാലത്ത് ഇന്ത്യയിലെ നിയമങ്ങൾ പരിഷ്‌ക്കരിക്കുന്നത് സംബന്ധിച്ച് ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിയമ പരിഷ്‌കാരങ്ങൾ എന്നു പറയപ്പെടുന്നു. യഥാർത്ഥത്തിൽ വേണ്ട വിധത്തിലുള്ള കൂടിയാലോചനകൾ ഇക്കാര്യത്തിൽ നടന്നുവെന്ന് പറയാൻ കഴിയുമോ?

A

2020ലാണ് നിയമപരിഷ്കരണങ്ങൾക്കുള്ള ശുപാർശകൾക്കായി കമ്മിറ്റി രൂപീകരിക്കുന്നത്. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിൽ സമർപ്പിച്ചതെന്ന് പറയുന്നു. അവരുടെ അന്തിമ റിപ്പോർട്ട് ഞാൻ കണ്ടിട്ടില്ല. എന്നിരുന്നാലും ശുപാർശകൾ പരിഗണിച്ചതായി കരുതാനാകില്ല. ഒരു സാധാരണ ആളെ സംബന്ധിച്ചിടത്തോളം പുതിയ ബില്ലിലെ മാറ്റങ്ങൾ വലിയ സംഭവമായിരിക്കില്ല. എന്നാൽ നിയമം കൈകാര്യം ചെയ്യുന്ന പോലീസുകാർക്ക് ഉൾപ്പെടെയുള്ളവർക്ക് വലിയൊരു ബുദ്ധിമുട്ടാണ് മാറ്റങ്ങൾ ഉണ്ടാക്കുക. എന്തെങ്കിലുമൊരു ഗുണകരമായ മാറ്റമുണ്ടായിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു പക്ഷേ ഒന്നുമില്ല എന്നതാണ് പ്രശ്നം.

Q

ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഉൾപ്പെട്ടിരുന്ന 124എ (രാജ്യദ്രോഹക്കുറ്റം) എടുത്തുകളഞ്ഞുവെന്ന് പറയുമ്പോഴും 150-ാം വകുപ്പിൽ അതിന്റെ പ്രൊവിഷനുകൾ ചേർത്തിട്ടുണ്ട്. സർക്കാരിനെതിരെ എന്നതിന് പകരം രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനുമെതിരായി എന്നൊരു മാറ്റം മാത്രമാണ് നിർവചനത്തിൽ കൊണ്ടുവന്നിരിക്കുന്നത്. സെഡിഷൻ എന്നൊരു പേര് എടുത്തുകളഞ്ഞു എന്നതിനപ്പുറത്തേക്ക് എന്ത് മാറ്റമാണ് പ്രായോഗികതലത്തിൽ കൊണ്ടുവന്നത്? യഥാർത്ഥത്തിൽ ഭരണകൂടത്തിന് രാജ്യദ്രോഹക്കുറ്റം ചുമത്താൻ കൂടുതൽ വഴികൾ തുറന്നുകൊടുക്കുന്നുണ്ടോ?

A

ശരിയാണ്, 150ന് പുറമെ വേറെയുമുണ്ട് വകുപ്പുകൾ. 195 വകുപ്പ് പ്രകാരം രാജ്യത്തിൻറെ പരമാധികാരത്തിനെതിരായ പ്രസ്താവന ഒരു കുറ്റകൃത്യമാണ്. അതുപോലെ ടെററിസ്റ്റ് ആക്ട് എന്നൊരു വകുപ്പുണ്ട്. പൊതുക്രമം തടസപ്പെടുത്തുന്നത് തീവ്രവാദ പ്രവർത്തനമെന്ന് വളരെ വിശാലമായൊരു നിർവചനമാണ് അതിനുള്ളത്. അപ്പോൾ രാജ്യദ്രോഹക്കുറ്റം എടുത്തുമാറ്റിയെന്ന് പറഞ്ഞാൽ 124എ ഇല്ല എന്നുമാത്രമേ അർത്ഥമുള്ളൂ. അതിനുപകരം കൊണ്ടുവന്നിരുന്ന പല വകുപ്പുകളും എടുത്തുകളഞ്ഞ വകുപ്പിനേക്കാൾ അപകടകരമാണ്. സർക്കാരിനെതിരെ സംസാരിച്ചുവെന്ന പേരിൽ ഒരാൾക്ക് ചാർത്തിക്കൊടുക്കാൻ കഴിയുന്ന വകുപ്പുകളാണ് പുതിയതായി കൊണ്ടുവന്നിട്ടുള്ളത്. പിന്നെ രാജ്യദ്രോഹക്കുറ്റം എടുത്തുകളഞ്ഞു എന്നതൊക്കെ വെറുമൊരു നാടകം മാത്രമാണ്.

മുംബൈയിലെ വിക്ടോറിയ ടെർമിനസ് റെയിൽവേ സ്റ്റേഷന്റെ പേര് കുറച്ച് മിനുക്കുപണികൾ നടത്തിയ ശേഷം ഛത്രപതി ശിവാജി എന്നാക്കി മാറ്റിയത് പോലേയുള്ളൂ പുതിയ മാറ്റം
മനു സെബാസ്റ്റ്യൻ
Q

കുറ്റപത്രം സമർപ്പിക്കാനും അന്വേഷണം പൂർത്തിയാക്കാനുമെല്ലാം കൃത്യമായ സമയക്രമം നിശ്ചയിക്കുമ്പോഴും വിചാരണയുടെ കാര്യത്തിൽ അങ്ങനെയൊന്ന് നിഷ്കര്ഷിക്കുന്നുമില്ല. തടവുകാരികരിൽ അധികവും വിചാരണ തടവിൽ കഴിയുന്നവരാണ്. ഇത്തരം കാര്യങ്ങൾ നേരിടുന്നതിന് പുതിയ വ്യവസ്ഥകൾ പര്യാപ്തമാണോ?

A

വിചാരണത്തടവുകാരുടെ ദുരിതം ഒഴിവാക്കുന്ന തരത്തിലുള്ള വ്യവസ്ഥകൾ ഒന്നും തന്നെ പുതിയ ബില്ലിലുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. അതുമാത്രമല്ല അന്വേഷണം തീർക്കാനും കുറ്റപത്രം സമർപ്പിക്കാനുമുള്ള സമയപരിധിയൊക്കെ മുൻപും ഉണ്ടായിരുന്നതാണ്. എന്നാൽ സമയപരിധികളൊന്നും പ്രായോഗികമല്ല. പോക്‌സോ കുറ്റങ്ങളിൽ ഒരു വർഷത്തിനുള്ളിൽ വിചാരണ തീർക്കണമെന്ന് നേരത്തെ തന്നെ പറയുന്നുണ്ട്. എന്നാൽ അതൊന്നും നടക്കാറില്ല എന്നതാണ് സത്യം.

Q

റെയ്‌ഡുകൾ നടത്തുമ്പോൾ വീഡിയോ നിർബന്ധമായും ചിത്രീകരിക്കണമെന്ന കർശന ഉപാധികളൊക്കെ ബിഎൻഎസിൽ കൊണ്ടുവന്നിട്ടില്ലേ. അത് കാര്യങ്ങൾ കുറച്ചുകൂടി സുതാര്യമാക്കില്ലേ?

A

അങ്ങനെയുള്ള കാര്യങ്ങൾ സ്വാഗതാർഹമാണ്. കുറെയൊക്കെ ദുരുപയോഗങ്ങൾ കുറയ്ക്കാൻ അവ സഹായിക്കും. സീറോ എഫ്ഐആറിനെ കുറിച്ച് പറയുന്നുണ്ട്. ക്രിമിനൽ കേസുകളിൽ പലപ്പോഴും കാലതാമസമുണ്ടാകുന്നത് സമൻസ് കൊടുക്കാൻ വൈകുന്നതുകൊണ്ടാണ്. എന്നാൽ പുതിയ ബില്ലിൽ ഇലക്ട്രോണിക് സമൻസ് അയയ്ക്കാൻ കഴിയും. അങ്ങനെ നല്ല ചില മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതിൽ തർക്കമൊന്നുമില്ല. പക്ഷേ ഇത്തരം കാര്യങ്ങളൊക്കെ ഒരു ഭേദഗതിയിലൂടെ കൊണ്ടുവരാവുന്നതേ ഉള്ളു. ഒരു ക്ലോസ് ഉൾപ്പെടുത്തേണ്ട കാര്യമേയുള്ളൂ. അല്ലാതെ 'റിപ്പീൽ ആൻഡ് റീപ്ലേസ്‌മെന്റ്' എന്നൊരു പേരുമിട്ടിട്ട് ഇങ്ങനെയൊരു ബില്ലിന്റെ കൊണ്ടുവരുന്നത് എന്തിനാണെന്നാണ് മനസിലാകുന്നില്ല.

Q

ലൈംഗികാതിക്രമം സംബന്ധിച്ച വകുപ്പുകളിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പുരുഷന്മാർക്കെതിരായ അതിക്രമങ്ങളെ ചോദ്യം ചെയ്യാനുള്ള വകുപ്പുകൾ എടുത്തുകളഞ്ഞുവെന്ന വിമർശനമുണ്ടല്ലോ?

A

'പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ' പരാമർശിക്കുന്ന ഐപിസിയിലെ 377 വകുപ്പ് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നെങ്കിലും അതിലെ പ്രൊവിഷനുകൾ പൂർണമായി എടുത്തുകളഞ്ഞിരുന്നില്ല. ഉഭയസമ്മതമില്ലാതെ നടത്തുന്ന സ്വവർഗ ലൈംഗികബന്ധം 377 വകുപ്പിന്റെ കീഴിൽ കുറ്റകൃത്യമാണെന്നാണ് സുപ്രീംകോടതി അന്ന് വിധിച്ചത്. സ്വവർഗാനുരാഗികൾക്കിടയിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്ക് എതിരായി ഈ വകുപ്പ് ഉപയോഗിക്കാമായിരുന്നു. എന്നാൽ ബി എൻ എസിൽ അതിന് സമാനമായൊരു വകുപ്പില്ലെന്നാണ് മനസിലാക്കുന്നത്. അങ്ങനെ വരുമ്പോൾ ഒരു പുരുഷൻ മറ്റൊരു പുരുഷനോട് ചെയ്യുന്ന ലൈംഗികാതിക്രമം തടയാൻ വകുപ്പില്ലാത്ത അവസ്ഥയുണ്ട്.

ലോർഡ് മെക്കാളെ
ലോർഡ് മെക്കാളെ
Q

ഐപിസി, സിആർപിസി നിയമങ്ങളെ പത്തൊൻപതാം നൂറ്റാണ്ടിലേതെന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. നിലവിലെ മാറ്റങ്ങൾ എല്ലാം പരിശോധിക്കുമ്പോൾ ഭാരതീയ ന്യായ് സംഹിത 21-ാം നൂറ്റാണ്ടിലെത്തിയോ?

A

കുറച്ച് പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ശേഷിപ്പുകൾ പുതിയ ബില്ലിലൂടെ തുടച്ചുനീക്കിയെന്ന് പറയുന്നതിൽ കാര്യമൊന്നുമില്ല. മുംബൈയിലെ വിക്ടോറിയ ടെർമിനസ് റെയിൽവേ സ്റ്റേഷന്റെ പേര് കുറച്ച് മിനുക്കുപണികൾ നടത്തിയ ശേഷം ഛത്രപതി ശിവാജി എന്നാക്കി മാറ്റിയത് പോലേയുള്ളൂ. അടിത്തറയും അടിസ്ഥാന ഘടനയുമെല്ലാം ഒന്നുതന്നെയാണ്. അതുപോലെയാണ് ഇവിടെയും.

ലോർഡ് മെക്കാളെ രൂപം നൽകിയ ഐപിസിയുടെയും ജെയിംസ് സ്റ്റീഫൻ ഡ്രാഫ്റ്റ് ചെയ്ത ഇന്ത്യൻ എവിഡൻസ് ആക്റ്റിന്റെയും 90 ശതമാനം വകുപ്പുകളും പുതിയ ബില്ലിലുണ്ട്. കുറച്ച് വകുപ്പുകളുടെ നമ്പറും ക്രമവും മാറ്റിയെന്നല്ലാതെ മറ്റൊന്നും അതിലില്ല. ഭാരതീയ ന്യായ് സംഹിത എന്ന പേരിൽ ഐപിസിയുടെ ഉള്ളടക്കം തന്നെയാണ് അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ പുതിയ നിയമങ്ങളിലൂടെ അപകോളനീകരണം നടത്തിയെന്നൊക്കെയുള്ള വാദം വെറും മണ്ടത്തരമാണ്.

logo
The Fourth
www.thefourthnews.in