ആൾക്കൂട്ടത്തിൽ തനിയെ...

ആൾക്കൂട്ടത്തിൽ തനിയെ...

എഴുത്തുകാരന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിൽ എംടി വാസുദേവൻ നായർ കാണിക്കുന്ന ശ്രദ്ധയെപ്പറ്റിയാണ് ഈ കുറിപ്പ് 

"എഴുത്തുകാരൻ എന്ന നിലയിൽ താങ്കൾ  തൃപ്തനാണോ? ഒരു താരപദവിയൊക്കെ നേടിയ എഴുത്തുകാരനാണ്. അതും നീണ്ടകാലം?"  
അഭിമുഖ സംഭാഷണത്തിനിടയിൽ ഞാനിങ്ങനെയൊരു ചോദ്യം എംടിയുടെ മുന്നിൽ വച്ചു. അന്ന് രാവിലെ മുതൽ ഞാനും എംടിയും അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ സംസാരത്തിലായിരുന്നു.  ആലോചിച്ചുറപ്പിച്ചതുപോലെയുള്ള കൃത്യമായ മറുപടികൾ പലതും വന്നു കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലെ പിശുക്കുകൾ ഞാനറിയുന്നുണ്ട്. എന്നാൽ ഈ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി എന്നെ വല്ലാതെ വിസ്മയിപ്പിച്ചു. 

"ഞാൻ സംതൃപ്തനാണ്. എന്നാലും ഒരെഴുത്തുകാരൻ എന്ന് പറയുവാനുള്ള ധൈര്യം ഇനിയും കൈവന്നിട്ടില്ല. ഇപ്പോഴും യാത്രയിലൊക്കെ അപരിചിതരുമായി പരിചയപ്പെടുമ്പോൾ, എന്തുചെയ്യുന്നു എന്ന് അവർ ചോദിച്ചാൽ ഞാനൊരു എഴുത്തുകാരനാണ് എന്ന് സ്വയം വിശേഷിപ്പിക്കാൻ വിഷമമാണ്. എന്തോ ഒരു വിഷമം. പത്രപ്രവർത്തകനെന്നേ പറയാറുള്ളൂ."

ഒരെഴുത്തുകാരനാണെന്ന് സ്വയം വിശേഷിപ്പിക്കാൻ സാക്ഷാൽ എം ടി വാസുദേവൻ നായർ അദ്ദേഹത്തിൻ്റെ 85-ാം വയസ്സിലും മടിക്കുന്നു!  അതിശയം മറച്ചുവയ്ക്കാതെ ഞാനൊരു ഉപചോദ്യത്തിലേക്ക് കടന്നു. "ഇന്ത്യയിലെ ഏറ്റവും വലിയ എഴുത്തുകാരനാണിതു പറയുന്നത്. ജ്ഞാനപീഠമൊക്കെ നേടിയ ഒരാൾ. ഇതൊരു ഇന്ത്യൻ പ്രോബ്ളം ആണെന്നു തോന്നുന്നു. ഇവിടെ എഴുത്തുകാരൻ ഒരു ബ്രാൻഡല്ലല്ലോ? " 

എംടിയോടുള്ള ബഹുമാനം പതിന്മടങ്ങ് ഉയരുകയായിരുന്നു. ഒരെഴുത്തുകാരന്റെ അന്തസ്സ് ഇത്രയേറെ ഉയർത്തിപ്പിടിച്ച മറ്റൊരാൾ മലയാള സാഹിത്യത്തിലില്ല

എംടി അൽപ്പം മടിയോടെ വിശദീകരിച്ചു. . " ഞാനും അങ്ങനെയാണ് ആദ്യം കരുതിയത്. ഈയിടെ ടോണി മോറിസണിന്റെ ഒരഭിമുഖം വായിച്ചപ്പോൾ അവരും ഇതേപ്രശ്നം എഴുതിക്കണ്ടു. അപരിചിതർ ചോദിച്ചാൽ അവർ പറയുന്നത് 'I am a teacher 'എന്നാണത്രേ. നോബൽ സമ്മാനം നേടിയ എഴുത്തുകാരിക്കും അപരിചിതനോട് ഞാൻ എഴുത്തുകാരിയാണ് എന്ന് പറയാൻ ഒരു മടി. ഇതു വായിച്ചപ്പോൾ എനിക്ക് സമാധാനമായി. ഇത് എന്റെ മാത്രം പരാധീനത അല്ലല്ലോ."

ഇത്രയും കേട്ടപ്പോൾ എന്റെ മനസ്സിലൂടെ  എംടിയെന്ന എഴുത്തുകാരനെപ്പറ്റിയുള്ള  വലിയൊരു ചിത്രം മിന്നി മറഞ്ഞു തുടങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോക ചെറുകഥാ മത്സരത്തിൽ 'വളർത്തുമൃഗങ്ങൾ' എന്ന കഥയിലൂടെ സമ്മാനിതനായ ഒരാൾ. ഇരുപത്തിയഞ്ചാം വയസ്സിൽ 'നാലുകെട്ട്' എന്ന ആദ്യ നോവലിലൂടെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആൾ. പിന്നീട് നാടകത്തിനും കഥയ്ക്കും അതേ അവാർഡ് നേടുന്നു. 1970ൽ 'കാലം' എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നു. 1985-ൽ രണ്ടാമൂഴത്തിന് വയലാർ അവാർഡ് കിട്ടുന്നു. മാതൃഭൂമി പുരസ്കാരവും ജ്ഞാനപീഠവും എഴുത്തച്ഛൻ പുരസ്കാരവും  എംടി യെ തേടിയെത്തുന്നു. 2005ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുന്നു. കൂടാതെ 1973-ൽ നിർമ്മാല്യത്തിലൂടെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും.  മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നാലു തവണയും ലഭിക്കുന്നു. സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരം വെറെയും. സർവകലാശാലകൾ നൽകിയ ഡി.ലിറ്റ് ആദരവുകൾ തുടങ്ങി ചൂണ്ടിക്കാണിക്കാൻ ധാരാളം ഇനിയുമുണ്ട്. 

ഇങ്ങനെ ഏഴു പതിറ്റാണ്ടിന്റെ സർഗജീവിതം കൊണ്ട് ഇന്ത്യൻ സാഹിത്യത്തിന്റെയും സിനിമയുടെയും  യശസ്സ് ഉയർത്തിയ മഹാനായ കലാകാരന്റെ മറുപടിയാണ് ഞാൻ കേട്ടത്. മലയാള കഥാ സാഹിത്യത്തിലും ചലച്ചിത്രത്തിലും  ആധുനികതയെ സൃഷ്ടിച്ച, മലയാളത്തിലെ ആധുനിക തലമുറയിലെ  എഴുത്തുകാരെ കണ്ടെത്തിയ ഒരാൾ.  

എംടിയോടുള്ള ബഹുമാനം പതിന്മടങ്ങ് ഉയരുകയായിരുന്നു. ഒരെഴുത്തുകാരന്റെ അന്തസ്സ് ഇത്രയേറെ ഉയർത്തിപ്പിടിച്ച മറ്റൊരാൾ മലയാള സാഹിത്യത്തിലില്ല. ഒന്നിനു മുന്നിലും മുട്ടുമടക്കാതെ, എഴുത്തിന്റെ ലോകത്തെ ആവുന്നത്ര ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുന്ന ഒരാൾക്ക് മാത്രമെ എഴുത്തിനോട്, എഴുത്തുകാരൻ എന്ന അധികാരത്തോട് ഇത്രയും നിസ്സംഗതയോടെ പ്രതികരിക്കാനാവൂ. അമേരിക്കക്കാർ ഹെമിങ്‌വേയെ എന്നപോൽ, ലാറ്റിനമേരിക്കക്കാർ മാർക്കേസിനെയെന്നപോൽ, ജർമ്മൻകാർ ഗുന്തർഗ്രാസിനെയെന്നപോൽ, ആഫ്രിക്കക്കാർ അച്ചുബയെ എന്ന പോൽ മലയാളി നെഞ്ചോട് ചേർത്തു പിടിക്കുന്ന എഴുത്തുകാരനാണ് എംടി. എഴുത്തിന്റെയും വായനയുടെയും ലോകത്തെ ഒരതികായൻ. തൊണ്ണൂറു വയസ്സിന്റെ നിറവിലും ആരോടും പരിഭവമില്ലാതെ, തനിക്കു ചുറ്റും നടക്കുന്നതെല്ലാം സൂക്ഷ്മമായി അറിഞ്ഞു കൊണ്ട് കോഴിക്കോട്ടെ കൊട്ടാരം റോഡിലെ 'സിതാരയിൽ' മൗനം തൂകി കഴിയുന്നു. 

" മരണം ഒരു പ്രശ്നമായി മനസ്സിലുണ്ടോ? ജീവിതാസ്തമയ കാലമായെന്ന ഒരു തോന്നൽ ?"  പതിവുനിസംഗതയോടെ എംടി അതിനും  മറുപടി പറഞ്ഞു.  " മരണ ചിന്തയൊന്നുമില്ല. അതൊക്കെ നാച്വറൽ സംഭവമല്ലേ? എപ്പോൾ, എന്ന് എന്നൊന്നും ആലോചിക്കാറില്ല. അതു വരും അത്ര തന്നെ.

വെറുംവാക്കു പറയാതെ, ആഘോഷങ്ങളിൽ അഭിരമിക്കാതെ ചിന്തയിലാണ്ടുകൊണ്ട്  എംടി  ജീവിതത്തെ, ഇപ്പോൾ വാർധക്യത്തെ നേരിടുന്നു. മനുഷ്യാവസ്ഥയെപ്പറ്റിയുള്ള അന്തമില്ലാത്ത ആധിയാണ് ആ മനസ്സുനിറയെ. അദ്ദേഹത്തിന്റെ   രചനാലോകം മലയാളിക്ക് നൽകിയത് എന്താണ് എന്ന ചോദ്യത്തിന് വർഷങ്ങൾക്ക് മുമ്പ് കവി  ഇടശ്ശേരി മറുപടി പറഞ്ഞിട്ടുണ്ട്. "ചങ്ങമ്പുഴക്കവിത വായിക്കുമ്പോൾ നാം അതിലെ അനുഭൂതിയിൽ അലിയുന്നു. വാസുവിന്റെ കഥ വായിക്കുമ്പോഴും അതാണ് സംഭവിക്കുന്നത്. നമ്മുടെ അസ്തിത്വത്തെ നാം മറക്കുന്നു."  ഇതിൽ കൂടുതലൊന്നും ഞാൻ കൂട്ടിച്ചേർക്കുന്നില്ല. മഹത്തായ സാഹിത്യത്തിന്റെ ലക്ഷ്യം അതുതന്നെയാണ്. ഞാനാരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടലാണ് അദ്ദേഹത്തിന് സാഹിത്യം . അദ്ദേഹമത് പല കഥാപാത്രങ്ങളിലൂടെ അന്വേഷിച്ചു. എത്ര തന്നെ തേടിയാലും ആ ചോദ്യം അവശേഷിക്കും എന്ന തിരിച്ചറിവും അദ്ദേഹത്തിനുണ്ട്. വായനയിലൂടെയും  എംടി ഈ ചോദ്യത്തെ തന്നെ നിരന്തരം  നേരിടുകയാണ് എന്നാണ് ഞാൻ കരുതുന്നത്. 

അന്നത്തെ അഭിമുഖത്തിൽ അല്പം മടിച്ചാണെങ്കിലും,  മരണത്തെപ്പറ്റിയും ഞാൻ  അദ്ദേഹത്തോട് ചോദിച്ചിരുന്നു. ചോദ്യം ഇങ്ങനെയായിരുന്നു. " മരണം ഒരു പ്രശ്നമായി മനസിലുണ്ടോ? ജീവിതാസ്തമയ കാലമായെന്ന ഒരു തോന്നൽ ?"  പതിവുനിസംഗതയോടെ എംടി അതിനും  മറുപടി പറഞ്ഞു.  " മരണ ചിന്തയൊന്നുമില്ല. അതൊക്കെ നാച്വറൽ സംഭവമല്ലേ? എപ്പോൾ, എന്ന് എന്നൊന്നും ആലോചിക്കാറില്ല. അതുവരും, അത്ര തന്നെ. അതിന്റെ സഫറിങ്ങിനെപ്പറ്റി ആലോചിക്കുമ്പോൾ വിഷമമുണ്ട്. ഇന്നലെയും ഞാൻ ദ്യാന അത്തിലിന്റെ ( Diana Athill) ആത്മകഥ വായിച്ചിരുന്നു. അവരത് തൊണ്ണൂറ്റിയാറാം വയസിലെന്നോ എഴുതിയതാണ്. ഇപ്പോൾ നൂറു വയസ്സോ മറ്റോ ആയി. അവരിപ്പോഴും എഴുതുന്നു."  - എഴുത്തും വായനയും അവസാന നിമിഷം വരെ കൊണ്ടുനടക്കാൻ സാധിക്കണം എന്നു മാത്രമാണ് എംടി ആഗ്രഹിക്കുന്നത് എന്ന് വ്യക്തം.

മനുഷ്യമനസിന്റെ ആഴങ്ങളെ അടുത്തറിഞ്ഞ ആ മനസ്സിൽ വികാരങ്ങളുടെ വേലിയേറ്റങ്ങൾ ഉണ്ടാവാറുണ്ട്. അതാ മുഖത്ത് കാണാറില്ലെന്നു മാത്രം. എംടി ഒന്നും പ്രദർശിപ്പിക്കുകയില്ല. പ്രദർശനപരത അദ്ദേഹത്തിന് അറിഞ്ഞുകൂടാത്ത ഒന്നാണ്. 

എഴുതണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ മനസ്സിലിപ്പോഴും നിലനിൽക്കുന്നു. അനാരോഗ്യം മൂലം എഴുത്ത് ഒട്ടും തന്നെ സാധിക്കുന്നില്ല. കാഴ്ചയിലെ പ്രശ്നങ്ങൾ തടസങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും വായന കുറച്ചൊക്കെ നടക്കുന്നുണ്ട്. പുതിയ പുസ്തകങ്ങൾ കാണുമ്പോൾ ഇപ്പോഴും ആ മനസിൽ സന്തോഷം നിറയുന്നു.  മറവി എന്നൊരു സംഗതിയില്ലാത്തതു കൊണ്ട് എല്ലാം ആ മനസ്സിലങ്ങനെ നിറഞ്ഞു കിടപ്പുണ്ട്.  ആ മനസ്സിലെ വികാരങ്ങളുടെ തുള്ളിച്ചകൾ പുറം ലോകം അറിയാറില്ല എന്നു മാത്രം.  എന്നാൽ ആ സർഗപ്രപഞ്ചത്തിൽ നിറയെ വികാരങ്ങളാണ്. മനുഷ്യമനസ്സിന്റെ ആഴങ്ങളെ അടുത്തറിഞ്ഞ ആ മനസ്സിൽ വികാരങ്ങളുടെ വേലിയേറ്റങ്ങൾ ഉണ്ടാവാറുണ്ട്. അതാ മുഖത്ത് കാണാറില്ലെന്നു മാത്രം. എംടി ഒന്നും പ്രദർശിപ്പിക്കുകയില്ല. പ്രദർശനപരത അദ്ദേഹത്തിന് അറിഞ്ഞുകൂടാത്ത ഒന്നാണ്. 

വാസുവേട്ടൻ ക്ഷീണിച്ചുവല്ലേ ?' എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം വികാരഭരിതനായി.  "ക്ഷീണമല്ല, അതെനിക്ക് കണ്ടിരിക്കാൻ പ്രയാസം. ഗാന്ധാരിയുടെ ദുഃഖം സഹിക്കാവുന്നതിനുമപ്പുറമാണ്. കണ്ടിരിക്കാനാവില്ല. എന്തൊരു ദു:ഖമാണത്. "

കഴിഞ്ഞ ദിവസത്തെ ഒരനുഭവം കൂടി ഞാൻ പങ്കുവയ്ക്കാം. മെയ് 16 മുതൽ 20 വരെ  തുഞ്ചൻ പറമ്പിൽ എംടിയുടെ നവതിയാഘോഷം നടന്നു. 'സാദരം ' എന്ന പേരിൽ വിപുലമായ ആഘോഷം.  രണ്ടാംദിവസം എംടിയുടെ സ്ത്രീ കഥാപാത്രങ്ങളുടെ നൃത്താവിഷ്കാരവുമായി മകൾ അശ്വതി അരങ്ങിലെത്തി.  അതിലൊന്ന് 'ഗാന്ധാരീവിലാപ'മായിരുന്നു. അച്ഛന് ഏറെ പ്രിയപ്പെട്ട 'ഗാന്ധാരീവിലാപം' മകൾ ഭംഗിയായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. മുൻനിരയിലെ  കാഴ്ചക്കാരിലൊരാളായി എംടിയും  ഉണ്ടായിരുന്നു. നൃത്തത്തിൽ മുഴുകിയിരുന്ന എംടി ഇടയ്ക്ക് ഹാളിനു പുറത്തേക്ക് പോയി. ഹാളിനു പുറത്തു നിന്നുകൊണ്ട് കുറച്ചുനേരം കൂടി അദ്ദേഹം നൃത്തവേദിയിലെ മകളെ നോക്കിനിന്നു. വൈകാതെ മുറിയിലേക്ക് മടങ്ങി. ക്ഷീണം കൊണ്ടായിരിക്കാം എന്നാണ് ഞങ്ങളൊക്കെ കരുതിയത്. നൃത്തമൊക്കെ കഴിഞ്ഞാണ് ഞാൻ മടങ്ങിയത്. മടങ്ങുംമുമ്പ് യാത്ര പറയാനായി ഞാൻ എംടിയുടെ മുറിയിലേക്ക് ചെന്നിരുന്നു. മുറിയിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. എംടി വല്ലാതെ അസ്വസ്ഥനാണെന്ന് എനിക്ക് തോന്നി.  'വാസുവേട്ടൻ ക്ഷീണിച്ചുവല്ലേ ?' എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം വികാരഭരിതനായി.  "ക്ഷീണമല്ല, അതെനിക്ക് കണ്ടിരിക്കാൻ പ്രയാസം. ഗാന്ധാരിയുടെ ദുഃഖം സഹിക്കാവുന്നതിനുമപ്പുറമാണ്. കണ്ടിരിക്കാനാവില്ല. എന്തൊരു ദു:ഖമാണത്. " ഇത്രയും ദു:ഖത്തോടെ, വികാരപരവശനായി  ഞാനദ്ദേഹത്തെ മുമ്പൊന്നും കണ്ടിട്ടില്ല. 

ജീവിതാനുഭവങ്ങളോട്  എംടി പുലർത്തുന്ന  സത്യസന്ധത എപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്.  ഓരോ നിമിഷത്തേയും ആഴത്തിലറിഞ്ഞുകൊണ്ടാണ് അദ്ദേഹം ജീവിക്കുന്നത്.  കേൾക്കുന്ന വാക്കിലും പറയുന്നവാക്കിലും ആ ശ്രദ്ധ കാണാം. വൈകാരിക സത്യസന്ധതയോടെ മാത്രമെ  എംടി എപ്പോഴും പെരുമാറാറുള്ളൂ.  ക്ഷണികമായ ഒന്നിലും അഭിരമിക്കാൻ ആ മനസ് കൂട്ടാക്കാറില്ല. പറയേണ്ടതേ പറയൂ, എഴുതണം എന്ന് ബോധ്യമായാലേ എഴുതൂ. തെറ്റിദ്ധരിക്കാൻ ഇടയുള്ള ഒരു വാക്ക് ആ നാവിൽ നിന്നോ കയ്യിൽ നിന്നോ ഇതുവരെ ഉണ്ടായിട്ടില്ല. അതു തന്നെയാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത്. അതിനാലാണ് തലമുറകളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി അദ്ദേഹം ഇപ്പോഴും നിലകൊള്ളുന്നത്. എഴുത്തുകാരൻ എന്ന നിലയിൽ എംടി കാണിക്കുന്ന അന്തസ്സ് ഒന്നു വേറെ തന്നെയാണ്. അതിലും അദ്ദേഹം ലോകനിലവാരം പുലർത്തുന്നു. ആൾക്കൂട്ടത്തിലും  തനിയെ നിൽക്കാനുള്ള അന്തസ്സ്.  

logo
The Fourth
www.thefourthnews.in