സമശീർഷരില്ലാത്ത മധു

സമശീർഷരില്ലാത്ത മധു

സത്യന്റെയും പ്രേംനസീറിന്റെയും സമകാലികനായി, അവർക്കിടയിൽ തന്റേതായ ഒരിടം കണ്ടെത്തിയ മധു സിനിമയിൽ സ്വന്തമാക്കിയത് വിലപ്പെട്ട ഒരധ്യായം തന്നെ

മലയാള സിനിമയിൽ ആറുപതിറ്റാണ്ട് സജീവസാന്നിധ്യമായി നിൽക്കാൻ സാധിച്ചുവെന്നത് മധു എന്ന അഭിനേതാവിന്റെ, ബഹുമുഖപ്രതിഭയുടെ സമാനതയില്ലാത്ത നേട്ടം തന്നെയാണ്. അനുപമമായ സംഭാവനയാണ്, സർഗാത്മകമായ മുതൽക്കൂട്ടാണ് അദ്ദേഹം മലയാള സിനിമക്ക് നൽകിയത് - നടനും സംവിധായകനും നിർമാതാവും സ്റ്റുഡിയോ ഉടമയുമായി.

പ്രേംനസീർ മലയാളസിനിമയിലെ നിത്യഹരിത നായകനായിരുന്നുവെങ്കിൽ മധു നിത്യവിസ്മയമാണെന്നും പറയാം. എവർഗ്രീൻ ഹീറോ ആയ പ്രേംനസീറിന്റെ താരപരിവേഷമോ പ്രേമത്തിന്റെ പ്രതിപുരുഷനെന്ന ലേബലോ ഇല്ലാതെ തന്നെ മധുവിനെ തേടി മികച്ച കഥാപാത്രങ്ങൾ എത്തി

മാധവൻ നായർ എന്ന പേര് ലോപിച്ച് മധുവായതിലെ സിനിമ ടച്ചിനെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ആദ്യമായി സ്‌ക്രീനിൽ തെളിഞ്ഞ മധുവെന്ന പേര് വായിച്ച് തിരിച്ചറിയാതിരുന്നതും പിന്നീടത് ഐഡന്റിറ്റി തന്നെയായതും! സത്യന്റെയും പ്രേംനസീറിന്റെയും സമകാലികനായി, അവർക്കിടയിൽ തന്റേതായ ഒരിടം കണ്ടെത്തിയ മധു സിനിമയിൽ സ്വന്തമാക്കിയത് വിലപ്പെട്ട ഒരധ്യായം തന്നെയാണ്. വക്തിത്വമുള്ള കഥാപാത്രങ്ങളിലൂടെ അഭിനയചക്രവർത്തിയായി സത്യൻ വിരാജിച്ചപ്പോൾ 'മരംചുറ്റി' പ്രണയ കഥകളിലെ നിത്യനായകനായി പ്രേംനസീർ നിറഞ്ഞുനിന്നു. സാഹിത്യത്തിൽനിന്ന് സിനിമയിലേക്ക് മൊഴിമാറ്റം നടത്തിയ ചിത്രങ്ങളിൽ മികച്ച റോളുകളിൽ കൈയൊപ്പ് ചാർത്താൻ മധുവിന് കഴിഞ്ഞു. ചില പടങ്ങളിൽ മൂവരും ഒരുമിക്കുകയുണ്ടായി (മൂന്നുപൂക്കൾ).

സാഹിത്യത്തിൽ ചിരപ്രതിഷ്ട നേടിയ ചെമ്മീൻ, ചുക്ക്, ഉമ്മാച്ചു, ഓളവും തീരവും, ഭാർഗവീനിലയം, തുടങ്ങിയ സൃഷ്ടികളിലെ കഥാപാത്രങ്ങളെ മധു തിരശ്ശീലയിൽ അനശ്വരരാക്കി.

പ്രേംനസീർ മലയാളസിനിമയിലെ നിത്യഹരിത നായകനായിരുന്നുവെങ്കിൽ മധു നിത്യവിസ്മയമാണെന്നും പറയാം. എവർഗ്രീൻ ഹീറോ ആയ പ്രേംനസീറിന്റെ താരപരിവേഷമോ പ്രേമത്തിന്റെ പ്രതിപുരുഷനെന്ന ലേബലോ ഇല്ലാതെ തന്നെ മധുവിനെ തേടി മികച്ച കഥാപാത്രങ്ങൾ എത്തിയിരുന്നു. അഭിനയത്തിൽ തന്റേതായ ഒരു ശൈലി മധു കണ്ടെത്തി - ചെമ്മീനിൽനിന്ന് ഉമ്മാച്ചുവിലെത്തുമ്പോൾ അത് പൂർണതയോടടുത്തുനിൽക്കുകയും ചെയ്തു. സി രാധാകൃഷ്ണന്റെ നോവൽ 'തേവിടിശ്ശി' പ്രിയയെന്ന പേരിൽ മധു സംവിധാനം ചെയ്തു.

മധുവിനെ പലതവണ കാണാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിലും വലിയ അടുപ്പമുണ്ടെന്ന് പറയാനാവില്ല. ആദ്യമായി അദ്ദേഹത്തെ കാണുന്നത് പൊന്നാനിയിൽവച്ചാണ്. പൊന്നാനിയിലും പരിസരങ്ങളിലുമായി 'ഉമ്മാച്ചു'വിന്റെ ചിത്രീകരണം നടക്കുന്ന സമയം. ഞങ്ങൾ രാവിലെ സ്കൂളിലേക്ക് പോകുമ്പോഴാണ് മേയ്ക്കപ്പിട്ട് റെഡിയായി മധുവും ഷീലയും മറ്റു ലൊക്കേഷനിലേക്ക് പോകുന്നത്. ഒരുനാൾ വെളുത്ത അംബാസിഡർ കാറിന്റെ മുൻസീറ്റിൽ മധു ഇരിക്കുന്നതുകണ്ട് കുട്ടികൾ റോഡിലേക്ക് കയറിനിന്ന് കൈകാണിച്ചു. കാർ ഞങ്ങൾക്കരികിലായി വന്നുനിന്നു. മധു കൈവീശിക്കൊണ്ടു പറഞ്ഞു, "അവിടെയെത്താൻ സമയമായി, ഷീലച്ചേച്ചി പുറകെ വരുന്നുണ്ട്."

എനിക്ക് ഏറ്റവും മികച്ച സിനിമ നിരൂപകനുള്ള നാഷണൽ അവാർഡ് കിട്ടിയ വർഷം (1996) മധുവിനും പുരസ്കാരമുണ്ടായിരുന്നു. മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുത്ത മിനി (സംവിധാനം, പി ചന്ദ്രകുമാർ) യുടെ നിർമ്മാതാവ് എന്ന നിലയിൽ

പിന്നീട് ഒരു ദിവസം ഞങ്ങൾ വിദ്യാർഥികൾ ഷൂട്ട് നടക്കുന്ന സ്ഥലത്തെത്തി ചില രംഗങ്ങൾ ചിത്രീകരിക്കുന്നതു കണ്ടുനിന്നു. തവനൂരിലെ ഒരു വീട്ടിലായിരുന്നു അന്നത്തെ ഷൂട്ട്. പി ഭാസ്കരനാണ് പടത്തിന്റെ സംവിധായകൻ. "ക്ലാസ് കട്ട് ചെയ്ത് സിനിമ ഷൂട്ടിങ് കാണുവാനൊന്നും പോകരുത്. സിനിമ വരുമ്പോൾ കണ്ടാൽ മതി,'' മധു അന്ന് ഉപദേശരൂപേണ പറഞ്ഞത് ഇന്നും ഓർമയിലുണ്ട്. അന്ന് ആ ഉപദേശം ശിരസ്സാവഹിക്കാൻ നിർവാഹമില്ലായിരുന്നു. കാരണം അക്കാലത്ത് പൊന്നാനിയിൽ ഒരു ഫിലിം ഷൂട്ടിങ് എന്നത് വിരളമായി വീണുകിട്ടുന്ന അവസരമായിരുന്നു. അത് ഞങ്ങൾ ഉപയോഗിച്ചു!

എനിക്ക് ഏറ്റവും മികച്ച സിനിമ നിരൂപകനുള്ള നാഷണൽ അവാർഡ് കിട്ടിയ വർഷം (1996) മധുവിനും പുരസ്കാരമുണ്ടായിരുന്നു. മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുത്ത മിനി (സംവിധാനം, പി ചന്ദ്രകുമാർ) യുടെ നിർമ്മാതാവ് എന്ന നിലയിൽ. ആ വർഷത്തെ മികച്ച ചിത്രം അടൂർ ഗോപാലകൃഷ്‍ണൻ സംവിധാനം ചെയ്ത 'കഥാപുരുഷൻ' ആയിരുന്നു. അവാർഡ് സമർപ്പണച്ചടങ്ങിനുശേഷം മലയാളികളെല്ലാവരും ചേർന്നൊരു ഫോട്ടോയെടുക്കുകയുണ്ടായി. അതിൽ മധുവും അടൂരും ടി വി ചന്ദ്രനും ആറന്മുള പൊന്നമ്മയും എല്ലാം ഉൾപ്പെട്ടിരുന്നു. അന്ന് അശോക ഹോട്ടലിൽ നടന്ന അത്താഴവിരുന്നിൽ എന്തുകൊണ്ടോ മധു പങ്കെടുത്തില്ല.

ഏതാനും വർഷങ്ങൾക്കു മുൻപ് ഗുരുവായൂരിലെ നാഗസ്വര കലാകാരന്മാരുടെ സംഘടനയുടെ 'നാദബ്രഹ്മോത്സവം' എന്ന പരിപാടിയിൽ ദൃശ്യകലാ രംഗത്തെ പുരസ്കാരം മധുവിനായിരുന്നു (സാഹിത്യത്തിന് എം ടി വാസുദേവൻ നായർക്കും സംഗീതത്തിന് തിരുവിഴ ജയശങ്കറിനുമായിരുന്നു പുരസ്കാരം). മൂന്ന് മേഖലകളിലെ മഹാരഥന്മാർ ഒരുമിച്ച് വേദിയിലെത്തിയ അപൂർവ പുരസ്കാരസമർപ്പണം തന്നെയായിരുന്നു അത്. നാദബ്രഹ്മോത്സവത്തിന്റെ പ്രധാന സംഘാടകൻ ഗുരുവായൂർ മുരളി എന്നെ ഏൽപ്പിച്ചത് മധുവിന്റെയും എം ടി യുടെയും കാര്യമാണ്. അവരെ ഗുരുവായൂരിലേക്കെത്തിക്കേണ്ട ചുമതല അങ്ങനെ ഏറ്റെടുത്തു.

മധുവിനെ കണ്ട് ക്ഷണിക്കുവാൻ തിരുവനന്തപുരത്ത് പോയിരുന്നു. ഫോണിൽ ബന്ധപ്പെട്ട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു, "ഒരു പതിനൊന്നു മണിക്ക് കാണാം. എനിക്ക് നേരത്തെ എഴുന്നേൽക്കുന്ന പതിവില്ല." പറഞ്ഞ സമയത് വീട്ടിലെത്തിയപ്പോൾ മധു കുളിച്ച് സുസ്മേരവദനനായി പുറത്തേക്കുവന്നു. ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് അയക്കാമെന്നറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു,

"ബിസിനസ് ക്ലാസ് വേണ്ട, പക്ഷെ ഫ്രണ്ട് റോവിൽ തന്നെ സീറ്റ് കിട്ടണം, ലെഗ് സ്പേസ് കൂടുതലുണ്ടാകും"

"അങ്ങനെ ചെയ്യാം".

ജനുവരി ഒന്നാം തിയതി ഗുരുവായൂരിലെ രുക്മിണി റീജൻസിയിലായിരുന്നു അവാർഡ് വിതരണച്ചടങ്ങ്. (ഒരു പവൻ പതക്കവും പതിനായിരം രൂപയുമാണ് പുരസ്കാരം). തലേന്ന് രാത്രി തന്നെ പുരസ്‌കാര ജേതാക്കളെല്ലാവരും ഗുരുവായൂരിലെത്തി. 'ദേവരാഗ'ത്തിലായിരുന്നു അവർക്കുള്ള മുറികൾ ബുക്ക് ചെയ്തിരുന്നത്. മധുവിനെ സ്വീകരിക്കുവാനും അനുഗമിക്കുവാനും വിമാനത്താവളത്തിലേക്കുപോയത് സുഹൃത്ത് സുരേന്ദ്രനാഥ പണിക്കരാണ്. ഗാനരചയിതാവും സംഗീതസംവിധായകനുമാണ് പണിക്കർ.

ദേവരാഗത്തിലെത്തി മധുവിനെ കണ്ട് ചടങ്ങിന് പത്തുമണിക്ക് എത്തേണ്ട കാര്യം പറഞ്ഞപ്പോൾ ഒരു മൃദുമന്ദഹാസത്തോടെ അദ്ദേഹം പറഞ്ഞു "ഷുവർ".

വർഷങ്ങൾക്കുശേഷം ദേവരാഗത്തിൽ വച്ചാണ് മധുവും എംടിയും വീണ്ടും കണ്ടുമുട്ടിയത്. രണ്ട് പ്രതിഭാധനരുടെ, കുലപതികളുടെ മുഖാമുഖത്തിന് ഞങ്ങൾ സാക്ഷിയായി.

logo
The Fourth
www.thefourthnews.in