മാഹീന്‍ സുഡാനില്‍
മാഹീന്‍ സുഡാനില്‍

സ്‌കൂബ ഡൈവിങ്ങിനേക്കാള്‍ ഇഷ്ടം യുദ്ധമേഖലകളിലെ യാത്ര; സാഹസികത ഹരമാക്കി മാഹീന്‍

താലിബാൻ ഭരണത്തിൽ കയറിയതിന് ശേഷം അഫ്ഗാനിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ യാത്രികനാണ് മാഹീൻ

സ്വപ്നം കണ്ടിരുന്ന ജീവിതം യാഥാർഥ്യമാക്കുന്ന യാത്രയിലാണ് തിരുവനന്തപുരം സ്വദേശി മാഹീൻ. സ്കൂൾ കാലത്ത് ലേബർ ഇന്ത്യയിൽ വന്നിരുന്ന യാത്രാ വിവരണ കുറിപ്പുകളിലൂടെയാണ് മാഹീന്‍ ആദ്യമായി ലോകം കാണുന്നത്. ലോകസഞ്ചാരം പിന്നീട് അവന്റെ ജീവിത ലക്ഷ്യമാകുകയായിരുന്നു. ചെറിയ പ്രായത്തിൽ കണ്ടിരുന്ന ആ സ്വപ്ന ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് ഇന്ന് മാഹീൻ.

യാത്രികൻ എന്നൊരു വിശേഷണത്തിൽ മാത്രം ഉൾക്കൊള്ളിക്കാൻ കഴിയുന്നയാളല്ല തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ മാഹീൻ എസ്. സാഹസിക സഞ്ചാരി എന്നതാകും ഈ ഇരുപത്തിരണ്ടുകാരന് കൂടുതൽ യോജിച്ച പദം. മാഹീന്റെ യാത്രകൾ തന്നെയാണ് അതിനുള്ള ഉദാഹരണവും. താലിബാൻ ഭരണത്തിൽ കയറിയതിന് ശേഷം അഫ്ഗാനിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ യാത്രികനാണ്. പലരും ഭയത്തോടെ മാത്രം വീക്ഷിക്കുന്ന ഇറാനും ഇറാഖും ആഭ്യന്തര സംഘർഷം നടന്ന സുഡാനുമെല്ലാം താണ്ടി ഇപ്പോൾ ജിബൂട്ടിയിലാണ് മാഹീൻ.

ആറര ലക്ഷം സബ്സ്ക്രൈബർമാരുള്ള 'ഹിച്ച്ഹൈക്കിങ് നൊമാഡ്‌' എന്ന മാഹീന്റെ യൂട്യൂബ് ചാനലിലൂടെ അഫ്‌ഗാനിലെയും സുഡാനിലെയുമെല്ലാം അനുഭവങ്ങൾ കാണുമ്പോൾ രസകരമാണെങ്കിലും ശരിക്കും കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. "അഫ്‌ഗാനിലെത്തിയപ്പോൾ ഞാൻ ഐഎസ്ഐഎസ് ആണെന്നാരോപിച്ച് റോഡിലൂടെ വലിച്ചിഴക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. ഒരു പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു" മാഹീൻ 'ദ ഫോർത്തിനോട്' പറഞ്ഞു.

മാഹീന്റെ ലോകസഞ്ചാരം

നേപ്പാൾ, കസാഖിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, തജിക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ഒമാൻ, സൗദി അറേബ്യാ, ഖത്തർ, ബഹ്റൈൻ, ജോർദാൻ, ഇറാഖ്, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ജിബൂട്ടി എന്നിങ്ങനെ നീളുന്നു മാഹീന്റെ യാത്രകൾ. മാഹീൻ സുഡാനിൽ എത്തി അടുത്ത ദിവസമായിരുന്നു സുഡാനിൽ ആഭ്യന്തര കലാപം പൊട്ടിപുറപ്പെട്ടത്. വെള്ളവും വൈദ്യുതി ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെയായിരുന്നു പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ. ഭക്ഷണം തേടി പുറത്തിറങ്ങിയപ്പോൾ പട്ടാളക്കാർ തോക്ക് ചൂണ്ടുകയും ഓടി രക്ഷപ്പെടുന്നിടത്ത് വരെ എത്തിയിരുന്നു കാര്യങ്ങൾ. ഏതൊരാളും ഭയപ്പെടുന്ന നിമിഷത്തിലും മാഹീന്റെ ചിന്തകൾ വേറിട്ടതായിരുന്നു. യാത്ര പോലെ, ഇഷ്ടപ്പെട്ടിരുന്ന മാധ്യമപ്രവർത്തകനാവുക എന്ന സ്വപ്നവും സുഡാനിൽ നിൽക്കെ മാഹീൻ സാധിച്ചെടുത്തു. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിന് വേണ്ടി ആഭ്യന്തര കലാപം നടക്കുന്ന സുഡാനിൽ നിന്ന് തത്സമയം വാർത്തകൾ എത്തിച്ചുകൊടുത്തിരുന്നത് മാഹീനായിരുന്നു.

അഫ്ഗാനില്‍ നിന്നുള്ള ചിത്രം
അഫ്ഗാനില്‍ നിന്നുള്ള ചിത്രം

ഇത്തരം പേടിപ്പെടുത്തുന്ന അനുഭവങ്ങളുണ്ടാകുമ്പോൾ തിരികെ വരാൻ തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് "ബാലിയിൽ പോയി സ്‌കൂബാ ഡൈവിങ് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ ഇഷ്ടം ലിബിയ പോലെയുള്ള യുദ്ധമേഖലകളിലൂടെ സാഹസിക യാത്ര നടത്തുന്നതാണ് " എന്നതായിരുന്നു മാഹീന്റെ മറുപടി.

"വീട്ടിൽ ഉമ്മയും വാപ്പയും ചേച്ചിയുമാണുള്ളത്. സാഹസികമായ യാത്രകളോട് അവർക്ക് ആദ്യമൊന്നും താത്പര്യമുണ്ടായിരുന്നില്ല. പിന്നെ പതിയെ ആളുകളൊക്കെ ഒരു അംഗീകാരം നൽകാൻ തുടങ്ങിയതോടെ അവർക്കും സന്തോഷമായി. എന്നാലും അപകടം നിറഞ്ഞ രാജ്യങ്ങളിലൂടെയുള്ള യാത്രയായത് കൊണ്ട് അവർക്ക് ചില പേടിയൊക്കെയുണ്ട്. അവരെ ഇടയ്ക്കൊക്കെ കാണണമെന്ന ആഗ്രഹം മാത്രമാണ് തിരികെ വരണമെന്ന തോന്നൽ ഉണ്ടാക്കാറുള്ളത്" മാഹീൻ പറഞ്ഞു.

ഇറാഖിലെ അനുഭവം

കഴിഞ്ഞ ഡിസംബറിൽ ഇറാഖിൽ നിന്ന് ഖത്തറിലേക്ക് പോകാൻ ഒരുങ്ങവേയാണ് റെയിൽവേ സ്റ്റേഷനിൽ വച്ച് മാഹീനെ ഇറാഖി പോലീസ് പിടികൂടുന്നത്. അഞ്ച് ദിവസത്തോളം ജയിലിൽ കിടക്കുകയും പിന്നീടൊരു ആറ് ദിവസം വീട്ടുതടങ്കലിൽ കഴിയേണ്ടി വരുകയും ചെയ്തു മാഹീന് "ഇറാഖിലെ അനുഭവം വളരെ മോശമായിരുന്നു. വിസയുടെ കാലാവധി തീർന്നുവെന്ന് പറഞ്ഞാണ് ജയിലിൽ കൊണ്ടിട്ടത്. അഞ്ച് ദിവസമാണ് ജയിലിൽ കഴിയേണ്ടി വന്നത്. ഒരു ചെറിയ മുറിയിൽ മുപ്പതോളം പേർ തിങ്ങിക്കിടക്കുകയായിരുന്നു. അവസാനം ജയിലിൽ എത്തിയ ആളായത് കൊണ്ടുതന്നെ മുറിയിലെ ബാത്റൂമിന്റെ അടുക്കലായിരുന്നു കിടക്കാൻ സ്ഥലം കിട്ടിയത്. ചന്തയിൽ ചാള അടുക്കിയിട്ടപോലെയായിരുന്നു ആ മുറിയിൽ ദിവസങ്ങൾ കഴിച്ചുകൂട്ടിയത്" മാഹീൻ ഓർത്തെടുക്കുന്നു.

ഇന്ത്യയിലൂടെയുള്ള മാഹീന്റെ ഹിച്ച് ഹൈക്കിങ് യാത്ര
ഇന്ത്യയിലൂടെയുള്ള മാഹീന്റെ ഹിച്ച് ഹൈക്കിങ് യാത്ര

യാത്രകളുടെ ആരംഭം

വലിയ രീതിയിലുള്ള യാത്രകൾ ആറ് വർഷങ്ങൾക്ക് മുൻപാണ് മാഹീൻ ആരംഭിക്കുന്നത്. ഗുജറാത്തിൽ എഞ്ചിനീയറിങ് ബിരുദ പഠനത്തിന് എത്തിയതോടെയാണ് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായി തുടങ്ങുന്നത്. 2018-19 ഓടെയാണ് യാത്രികനാകുക, ജീവിതകാലം മുഴുവൻ സഞ്ചരിക്കുക എന്ന ലക്ഷ്യത്തിലേക്ക് മാഹീൻ കടന്നത്. ഒടുവില്‍ ബിരുദ പഠനം പാതിവഴിയിലുപേക്ഷിച്ച് യാത്ര തുടങ്ങി. ആദ്യം ഇന്ത്യ ഒട്ടാകെയുള്ള സഞ്ചാരമായിരുന്നു. വണ്ടികൾക്ക് കൈ കാണിച്ചും മറ്റുമുള്ള (ഹിച്ച് ഹൈക്കിങ്) യാത്രാ ശൈലിയോടായിരുനിനു മാഹീന് കമ്പം. പണച്ചെലവൊന്നുമില്ലാതെയുള്ള 'സീറോ ബജറ്റ് ഓൾ ഇന്ത്യാ' യാത്രയും ഈ സഞ്ചാരപ്രേമി അക്കാലത്ത് നടത്തി.

സീറോ ബജറ്റ് യാത്ര
സീറോ ബജറ്റ് യാത്ര

"കുറച്ച് നാളത്തേക്ക് ചെറിയ യാത്രകൾ ചെയ്യണമെന്നുള്ള എന്റെ ആഗ്രഹം. എനിക്ക് ഈ ലോകം മുഴുവൻ കാണണം. ഒരു 55 വയസുവരെയെങ്കിലും ഞാൻ യാത്ര ചെയ്യും. യൂട്യൂബിൽ വീഡിയോ ഇട്ട് പണമുണ്ടാക്കുകയല്ല ലക്ഷ്യം. യാത്രയ്ക്കായുള്ള പണം കണ്ടെത്താൻ വേണ്ടി മാത്രമുള്ള ഒരു മാർഗമാണ് യൂട്യൂബ്. ഇപ്പോൾ ഞാൻ ആഫ്രിക്കയിലാണ്. ഇവിടെ ഒരു രണ്ട് വർഷത്തോളം ഞാൻ യാത്ര ചെയ്യും. അവിടുന്ന് കരമാർഗവും കടലമാർഗവുമെല്ലാം യാത്ര ചെയ്ത് ലാറ്റിൻ അമേരിക്ക, നോർത്ത് അമേരിക്കൻ അങ്ങനെ ലോകം മുഴുവൻ സഞ്ചരിക്കാനാണ് പദ്ധതി" മാഹീൻ പറഞ്ഞു.

ആരും പോയിട്ടില്ലാത്ത പോകാൻ എല്ലാവർക്കും പേടിയുള്ള രാജ്യങ്ങൾ പോകാനാണ് കൂടുതൽ ഇഷ്ടമെന്ന് മാഹീൻ പറയുന്നു. പേടിപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നതുകൊണ്ട് തന്നെ അങ്ങനെ യാത്ര ചെയ്യുമ്പോൾ മാത്രമേ ഒരു ത്രില്ലുള്ളൂവെന്നും മാഹീൻ പറയുന്നു.

logo
The Fourth
www.thefourthnews.in