'മമതയുടെ നയങ്ങള്‍ ബിജെപിയെ വളര്‍ത്തി, ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി കണ്ടില്ല'

'മമതയുടെ നയങ്ങള്‍ ബിജെപിയെ വളര്‍ത്തി, ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി കണ്ടില്ല'

ബംഗാളിൽ ബിജെപി 2019 ആവർത്തിക്കുമോ? ഇടതുപക്ഷത്തിൻ്റെ തിരിച്ചുവരവിൻ്റെ ആരംഭമായിരിക്കുമോ ലോക്സഭ തിരഞ്ഞെടുപ്പ്?

ബംഗാളിലെ സമകാലിക രാഷ്ട്രീയചലനങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനുമാണ് സ്നിഗ്ധേന്ദു ഭട്ടചാര്യ. ബംഗാളിലെ ഇടതുമുന്നണിയുടെ അവസാനകാലത്തെ ജനകീയപ്രക്ഷോഭത്തെയും മാവോയിസ്റ്റ് പ്രസ്ഥാനത്തെയും കുറിച്ച് എഴുതിയ 'ലാല്‍ഗഡ് ആൻഡ് ലെജൻഡ് ഓഫ് കിഷന്‍ജി', 'ടെയ്ല്‍സ് ഫ്രം ഇന്ത്യാസ് മാവോയിസ്റ്റ് മൂവ്‌മെന്റ്', ബംഗാളിലെ സംഘ്പരിവാര്‍ തന്ത്രങ്ങളെക്കുറിച്ച് എഴുതിയ 'ബംഗാള്‍, സാഫ്രണ്‍ എക്‌സപരിമെന്റ്' എന്നീ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ശ്രദ്ധേയമാണ്. ബംഗാളില്‍ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തിനില്‍ക്കെ അവിടുത്തെ രാഷ്ട്രീയത്തെക്കുറിച്ച് സ്നിഗ്ധേന്ദു ഭട്ടാചാര്യ സംസാരിക്കുന്നു. അദ്ദേഹവുമായി എന്‍ കെ ഭൂപേഷ് ഇ മെയിലില്‍ നടത്തിയ അഭിമുഖ സംഭാഷണം.

Q

ബംഗാള്‍, ഇന്ത്യ മുന്നണിയെ സംബന്ധിച്ചും അതുപോലെ, 400 സീറ്റ് എന്നൊക്കെ അവകാശവാദം ഉന്നയിക്കുന്ന എന്‍ഡിഎയെ സംബന്ധിച്ചും വളരെ പ്രധാനമാണ്. വോട്ടെടുപ്പ് പകുതിയോളം കഴിഞ്ഞപ്പോള്‍ എന്താണ് ബംഗാളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്

42 സീറ്റുള്ള ബംഗാള്‍, ദേശീയതലത്തില്‍ പ്രാധാന്യമുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം ബിജെപി ഉണ്ടാക്കുകയും ചെയ്തു. ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത ഒരുതരത്തിലുള്ള തരംഗവും പ്രത്യക്ഷത്തിലില്ലെന്നതാണ്. അത് സര്‍ക്കാര്‍ അനുകൂല തരംഗമായാലും വിരുദ്ധമായാലും. കഴിഞ്ഞ എല്ലാ ഘട്ടങ്ങളിലും ഇതാണ് സ്ഥിതി.

സ്നിഗ്ധേന്ദു ഭട്ടാചാര്യ
സ്നിഗ്ധേന്ദു ഭട്ടാചാര്യ
Q

2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എന്നാല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ആ മുന്നേറ്റം തുടരാന്‍ കഴിഞ്ഞില്ല. ഇത്തവണ അവര്‍ അവരുടെ സമീപനങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ

തീര്‍ച്ചയായും. അവര്‍ ചെയ്ത പ്രധാനകാര്യമെന്നത് അസംബന്ധം മാത്രം പറഞ്ഞുകൊണ്ടിരുന്ന മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷിനെയും ജനറല്‍ സെക്രട്ടറി സയന്തന്‍ ബസുവിനെയും മാറ്റിനിര്‍ത്തിയെന്നതാണ്. വിവാദ പ്രസ്താവനകള്‍ നടത്തി മാത്രമാണ് അവര്‍ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചത്. വിഭാഗീയവും കലാപത്തിന് ആഹ്വാനം പടര്‍ത്തുന്ന രീതിയിലുള്ള അവരുടെ പ്രസംഗങ്ങള്‍ ബംഗാളിയുടെ രാഷ്ട്രീയബോധവുമായി ചേര്‍ന്നുപോകുന്നതല്ലെന്ന ബിജെപിയുടെ നേതാക്കള്‍ തിരിച്ചറിയുകയായിരുന്നു. ഇപ്പോഴത്തെ ബിജെപി അധ്യക്ഷന്‍ സുകന്ത മജുംദാര്‍ തന്റെ മുന്‍ഗാമിയില്‍നിന്ന് വ്യത്യസ്തമായ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ്. എന്നാല്‍ ഇതൊരു തരത്തില്‍ ചില ആശയക്കുഴപ്പങ്ങളും ബിജെപിയിലുണ്ടാക്കിയിട്ടുണ്ട്. ടിഎംസിയില്‍നിന്ന് വന്ന സുവേന്ദു അധികാരിക്ക്, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനേക്കാള്‍ പ്രാമുഖ്യം കിട്ടുന്നതും നിര്‍ണായക തീരുമാനങ്ങള്‍ അദ്ദേഹമെടുക്കുന്നതും പാർട്ടിയില്‍ മറ്റു ചില പ്രശ്‌നങ്ങള്‍ക്കു കാരണമായിട്ടുണ്ട്. അസമിലെ ഹിമന്ത ബിശ്വ ശര്‍മയുടെ മാതൃകയില്‍ സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കുന്ന ശൈലിയാണ് അധികാരി പിന്തുടരുന്നത്. മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗം തീവ്രമാക്കിയാണ് ഹിമന്ത ബിശ്വ ശര്‍മ ബിജെപിയുടെ ഉന്നത സ്ഥാനത്തെത്തിയത്.

കോൺഗ്രസ് തിരഞ്ഞെടുപ്പ് യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം
കോൺഗ്രസ് തിരഞ്ഞെടുപ്പ് യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം
Q

ഇടതുപക്ഷത്തിന്റെ തകര്‍ച്ചയാണോ, 2021 ല്‍ വലിയ വിജയത്തിലേക്കെത്താന്‍ മമതയെ സഹായിച്ചത്

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുശേഷം ടിഎംസി, പ്രതീക്ഷിച്ച കുതിപ്പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടാകാതിരുന്നതെന്നതിനെക്കുറിച്ച് പഠിക്കാന്‍ ഐ-പാക് എന്ന ഏജന്‍സിയെ നിയോഗിച്ചു. അവര്‍ സര്‍വേ നടത്തി ചില തിരുത്തല്‍ നടപടികള്‍ നിര്‍ദേശിച്ചു. ഭരണകാര്യങ്ങളില്‍ ജനങ്ങള്‍ക്കു വിശ്വാസമുണ്ടാക്കിയെടുക്കുകെയന്നതായിരുന്നു പ്രധാനം. പ്രാദേശിക പാർട്ടി നേതാക്കളെ നിയന്ത്രിക്കണമെന്നതായിരുന്നു മറ്റൊരു നിര്‍ദേശം. ഇക്കാര്യങ്ങള്‍ വലിയ പരിധിവരെ അക്കാലത്ത് ടിഎംസി നടപ്പാക്കി. പിന്നീട് ചില ക്ഷേമപദ്ധതികളും ആരംഭിച്ചു. അതില്‍ പ്രധാനപ്പെട്ടത് സ്ത്രീകള്‍ക്കു മാസം സഹായം നല്‍കുന്ന ലക്ഷ്മീര്‍ ഭണ്ഡാര്‍ പദ്ധതിയായിരുന്നു. ക്ഷേമപദ്ധതികൾ ജനങ്ങള്‍ക്കു നേരിട്ടു ലഭ്യമാക്കുന്ന പരിപാടികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്തു. ഇതിനൊക്കെ പുറമെ, ബിജെപി അധികാരത്തില്‍ വരുന്നതിനെ ഭയക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അതില്‍ കോണ്‍ഗ്രസുകാരും ഇടതുപക്ഷക്കാരും ഉള്‍പ്പെട്ടു. അവരൊക്കെയും ബിജെപിയെ ഒഴിവാക്കാന്‍ ടിഎംസിയ്ക്കു വോട്ട് ചെയ്തു. ഇതൊക്കെ നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെുടുക്കാന്‍ സഹായിച്ചു. അതാണ് 2019 ല്‍നിന്ന് 2021 ലേക്ക് എത്തുമ്പോഴുണ്ടായ മാറ്റം.

Q

ഇത്തവണ ബിജെപി ബംഗാളില്‍ നേട്ടമുണ്ടാക്കാന്‍ വലിയ ശ്രമങ്ങളാണു നടത്തുന്നത്. സന്ദേശ്ഖാലി പോലുള്ള സംഭവങ്ങള്‍ക്കു അവര്‍ക്കു രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ പോന്നതാണോ. ആ സംഭവം ബംഗാളില്‍ വഴിത്തിരിവാകുമോ

സന്ദേശ്ഖാലി സംഭവത്തെ ബിജെപി തെറ്റായി, വര്‍ഗീയവല്‍ക്കരിക്കുകയാണ് ചെയ്തത്. തീര്‍ച്ചയായും ടിഎംസിയുടെ പ്രാദേശിക നേതൃത്വത്തിനെതിരെ വലിയ ജനരോഷം അവിടെയുണ്ടായിരുന്നു. പക്ഷേ അതില്‍ വര്‍ഗീയമായി ഒന്നുമുണ്ടായിരുന്നില്ല. അവിടെനിന്ന് ലഭിച്ച പോലീസ് പരാതികളില്‍ പലതും പരിശോധിച്ചിരുന്നു. മുസ്ലിങ്ങളും ഹിന്ദുക്കളും പരാതികള്‍ നല്‍കിയിട്ടുണ്ട്. ഈ പരാതികളില്‍ കുറ്റാരോപിതരിലും ഹിന്ദുക്കളും മുസ്ലിങ്ങളുമുണ്ടായിരുന്നു. ഇതില്‍ വലിയ മാറ്റമുണ്ടാകുന്നത് ഈ മാസം ഇതുമായി ബന്ധപ്പെട്ട ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവരുന്നതോടെയാണ്. അതില്‍ ഒരു ബിജെപിയുടെ പ്രാദേശിക നേതാവ് പറയുന്നത് തങ്ങള്‍ ചില ഘട്ടങ്ങളില്‍ ലൈംഗികാക്രമണങ്ങള്‍ നടന്നതായി വ്യാജമായി പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ്. ഇതിനുശേഷം, നേരത്തെ പരാതി ഉന്നയിച്ച പല സ്ത്രീകളും പറഞ്ഞത് ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ തങ്ങളെക്കൊണ്ട് കടലാസില്‍ ഒപ്പുവെയ്ക്കാന്‍ നിര്‍ബന്ധിച്ച് അതില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന പരാതി എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നാണ്. പിന്നീട് മൂന്ന് സ്ത്രീകള്‍ പരാതി പിന്‍വലിക്കാന്‍ പോലീസിനെ സമീപിച്ചു. ഇതോടെ സന്ദേശ്ഖാലിയുമായി ബന്ധപ്പെട്ട ബിജെപിയുടെ പ്രചാരണം താളംതെറ്റി. അപ്പോഴും പോലീസിനെ ഉപയോഗിച്ച് ടിഎംസി സന്ദേശ്ഖാലിയിലെ പ്രക്ഷോഭകര്‍ക്കെതിരെ തിരിയുകയാണെന്ന ആരോപണം ബിജെപി ആവര്‍ത്തിക്കുന്നു.

മഹുവാ മൊയ്ത്രയുടെ  തിരഞ്ഞെടുപ്പ് യോഗത്തിൽ മമതാ ബാനർജി
മഹുവാ മൊയ്ത്രയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ മമതാ ബാനർജി
Q

കാല്‍ലക്ഷത്തോളം അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദവും മമത ബാനര്‍ജി സര്‍ക്കാരിനെതിരെ തിരിയില്ലേ? അഴിമതി, സ്വജനപക്ഷപാതം എന്നിവ എത്രത്തോളം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും? ഇതിനെ പ്രതിരോധിക്കാന്‍ ടിഎംസിയ്ക്ക് എത്രത്തോളം സാധിക്കുന്നുണ്ട്

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍നിന്ന് കിട്ടിയ ഇടക്കാലാശ്വസം സര്‍ക്കാരിനു ഗുണകരമാണ്. എന്നാലും സ്വജനപക്ഷപാതവും അഴിമതിയും ജനങ്ങളില്‍ സര്‍ക്കാര്‍വിരുദ്ധ വികാരം ഉണ്ടാക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നത് ക്ഷേമപരിപാടികള്‍ മുന്‍നിര്‍ത്തിയാണ്. ഇതില്‍ മമത ഇതുവരെ വിജയിച്ചിട്ടുമുണ്ട്.

Q

ബംഗാളില്‍ ഇടതുപക്ഷം തിരിച്ചുവരികയാണെന്ന തോന്നലുണ്ട്, പ്രത്യേകിച്ച് കേരളത്തിലെങ്കിലും. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും കിട്ടാത്ത അവസ്ഥയില്‍നിന്ന് ഇടതുപക്ഷം തിരിച്ചുവരവിന്റെ പാതയിലാണോ

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്റെ സൂചനയായിരുന്നു. ലോക്‌സഭ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും വോട്ട് ബിജെപിയുടെതിനെക്കാള്‍ കൂടുതലുമാണ്. കോണ്‍ഗ്രസിന്റെയും ഇടതിന്റെയും പ്രചാരണം ഇത്തവണ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നുമുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ട് ശതമാനത്തില്‍നിന്ന് മുന്നോട്ടുപോകാന്‍ ഇടതുപക്ഷത്തിനു കഴിയുമോ അതോ, അവരുടെ വോട്ടുകള്‍ വീണ്ടും ബിജെപിയിലേക്കും ടിഎംസിയിലേക്കും പോകുമോ എന്നാണ് കണ്ടറിയേണ്ടത്. ബംഗാള്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിര്‍ണയിക്കപ്പെടുക.

സിപിഎം സ്ഥാനാർഥി ശ്രീജൻ ഭട്ടാചാര്യ പ്രചാരണത്തിൽ
സിപിഎം സ്ഥാനാർഥി ശ്രീജൻ ഭട്ടാചാര്യ പ്രചാരണത്തിൽ
Q

സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം മുര്‍ഷിദബാദില്‍ മല്‍സരിക്കുന്നു. ഇവിടെ ഇടതുപക്ഷ- കോണ്‍ഗ്രസ് സഖ്യത്തിനു വലിയ സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ടുകളും വരുന്നു. മുസ്ലിം വോട്ടര്‍മാര്‍ ഏറെയുളള മുര്‍ഷിദബാദ് ഇടതു തിരിച്ചുവരവിന്റെ പ്രദേശമായി മാറുമോ

മുഹമ്മദ് സലിമിന് നല്ല സാധ്യതയുണ്ടെന്നാണ് മുര്‍ഷിദാബാദ് സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലായത്. അദ്ദേഹത്തിനു കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ പിന്തുണയുണ്ട്. സിപിഎം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇവിടെ മികച്ച നേട്ടവുമുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇവിടെ ടിഎംസിയ്ക്ക് കര്‍ഷകരുടെയും സ്ത്രീകളുടെയും വലിയ പിന്തുണയുണ്ട്. സലിം വിജയിക്കുകയാണെങ്കില്‍ അത് ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും

Q

ബംഗാളില്‍ ഇന്ത്യ മുന്നണിയില്ല. അവിടെ ത്രികോണ മത്സരത്തിന്റെ ഗുണഭോക്താവ് ബിജെപി ആവുമോ

പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ട്. ഇത്തരം മണ്ഡലങ്ങളില്‍ ചിലയിടങ്ങളില്‍ മുസ്ലിങ്ങള്‍ 35 ശതമാനമാണ്. പ്രത്യേകിച്ചും രാജ്‌ഗഞ്ച്, മാല്‍ഡ, ഉത്തര്‍ ബരാംപൂര്‍, കൃഷ്ണനഗര്‍ എന്നിവടങ്ങളില്‍. ത്രികോണ മത്സരം കാരണം ഇവിടങ്ങളില്‍ ബിജെപി ജയിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. മുസ്ലിം വോട്ടിലെ ഭിന്നതമൂലമാണ് മാല്‍ഡ റായ്‌ഗഞ്ചിലും മാല്‍ഡ ഉത്തറിലും കഴിഞ്ഞതവണ ബിജെപി ജയിച്ചത്. അതേസമയം ഹിന്ദുക്കള്‍ക്കു വലിയ സ്വാധീനമുള്ള ജാദവ്പൂര്‍, ശ്രീറാംപൂര്‍, ഹുഗ്ലി, ബര്‍ദ്‌മാന്‍ പുര്‍ബ, ബര്‍ദ്‌മാന്‍ ദുര്‍ഗാപുര്‍ എന്നിവിടങ്ങളിലെ ത്രികോണ മത്സരം ബിജെപിയ്ക്കു തിരിച്ചടിയാകാനാണു സാധ്യത.

Q

അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞതായി മാധ്യമങ്ങളില്‍ വന്നത് ബിജെപിയേക്കാള്‍ അപകടം മമതാ ബാനര്‍ജിയാണെന്നാണ്. കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ മുഖ്യ രാഷ്ട്രീയ ശക്തിയായി ഉയരുകയാണോ

ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ബംഗാളില്‍ രണ്ടാം സ്ഥാനത്തെത്താനുള്ള ശേഷിയുണ്ടെന്നു പറയാന്‍ കഴിയില്ല. പക്ഷേ ഇപ്പോഴുണ്ടാക്കിയ ഉണര്‍വ് പ്രധാനമാണ്. അതു നിലനിര്‍ത്താന്‍ വോട്ടിങ് ശതമാനത്തില്‍ വലിയ കുതിപ്പാണ് ആദ്യം വേണ്ടത്. അതുണ്ടാകുമോയെന്നതിനെ സംബന്ധിച്ചായിരിക്കും ഇടതിന്റെ ഭാവി

'മിഷൻ ബംഗാളിന്റെ' പുറംചട്ട
'മിഷൻ ബംഗാളിന്റെ' പുറംചട്ട
Q

താങ്കളുടെ 'മിഷന്‍ ബംഗാള്‍, സാഫ്രണ്‍ എക്‌സ്പെരിമെന്റ്' എന്ന പുസ്തകത്തില്‍ സംഘ്പരിവാര്‍ തയ്യാറാക്കിയ ബംഗാള്‍ പദ്ധതിയെക്കുറിച്ച് പറയുന്നുണ്ട്. ഇടതിന്റെ ഭരണകാലത്ത് ബംഗാളില്‍ ബിജെപി പ്രധാന ശക്തിയായിരുന്നില്ല. മമതയുടെ രാഷ്ട്രീയം എങ്ങനെയാണ് ബിജെപിയുടെ വളര്‍ച്ചയ്ക്കു സഹായകരമായത്.

2008-09 മുതലുള്ള മമതയുടെ രാഷ്ട്രീയം പ്രത്യക്ഷത്തിലുള്ള മുസ്ലിം പ്രീണനത്തിന്റേതായിരുന്നു. ഇത് ബിജെപി ഉപയോഗപ്പെടുത്തി. അവര്‍ ഹിന്ദുക്കളെ വര്‍ഗീയമായി സംഘടിപ്പിക്കാന്‍ ശ്രമിച്ചു. മമതയുടെ രാഷ്ട്രീയം വര്‍ഗീയ ശക്തികള്‍ക്കു വലിയ സഹായമായി. യഥാര്‍ത്ഥത്തില്‍ ടിഎംസി ഒരിക്കലും ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചും ബോധവാന്മാരായിരുന്നില്ല. അതുകൊണ്ടുതന്നെ സംഘ്പരിവാറിന് വളരാനുള്ള അവസരവും അവര്‍ ഒരുക്കി.

Q

എന്താവും ടി എം സിയുടെ ഭാവി? അധികാരം പൂര്‍ണമായും മമതയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അഭിഷേക് ബാനര്‍ജിയിലേക്കുള്ള അധികാര കൈമാറ്റം സ്വാഭാവികമായി നടക്കുമോ

ടിഎംസിയില്‍ മമതയ്ക്കുശേഷം ആര് എന്ന ചോദ്യം വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്‌നം അവസാനിച്ചെന്നാണു തോന്നുന്നത്. അഭിഷേക് ബാനര്‍ജി രണ്ടാമാനായി അംഗീകരിക്കപ്പെടുന്നു. പാര്‍ത്ഥ ചാറ്റര്‍ജി, സുബ്രത ബക്ഷി, ഫിര്‍ഹാദ് ഹക്കിം എന്നിങ്ങനെയുള്ള മുതിര്‍ന്ന നേതാക്കളും താരതമ്യേന ചെറുപ്പക്കാരായ അഭിഷേകിനെ പോലുളളവരുമായി ഒരു സന്തുലിനത്തിനു മമത ശ്രമിച്ചിരുന്നു. എന്നാല്‍ പാര്‍ത്ഥ ചാറ്റര്‍ജിയുടെ അറസ്റ്റ് പ്രശ്‌നങ്ങളുണ്ടാക്കി. മുതിര്‍ന്നവരുടെ വിശ്വാസം മമതയ്ക്കു നഷ്ടമായി. ഇങ്ങനെയൊക്കെയാണെങ്കിലും നയപരമായ കാര്യങ്ങളില്‍ അഭിഷേകും മമതയും തമ്മില്‍ തര്‍ക്കമുണ്ടാകുമോയെന്നത് പൂര്‍ണമായി തള്ളിക്കളയാന്‍ പറ്റുന്ന കാര്യമല്ല.

Q

താങ്കള്‍ അസമിലും ഈയിടെ സന്ദര്‍ശനം നടത്തിയതായി അറിഞ്ഞു. എന്താണ് അവിടെ കോണ്‍ഗ്രസിന്റെ അവസ്ഥ. ഹിമന്ത ബിശ്വ ശര്‍മ പോയതിന്റെ ആഘാതത്തില്‍നിന്ന് പാര്‍ട്ടി കരകയറിയോ

ഇപ്പോഴും കോണ്‍ഗ്രസ് ദുര്‍ബലമാണ്. ചെറിയ പാര്‍ട്ടികള്‍, പ്രത്യേകിച്ച് അസം സ്വത്വത്തില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടികളുമായി ചേര്‍ന്ന് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ജാതിയ പരിഷദ്, റജിജോര്‍ ദള്‍ എന്നീ പാര്‍ട്ടികളുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്. പക്ഷെ ഹിമന്ത ബിശ്വ ശര്‍മ ഏത് കോണ്‍ഗ്രസ് നേതാവിനേക്കാളും ജനകീയനാണ്

logo
The Fourth
www.thefourthnews.in