ലഹരിവിരുദ്ധ നീക്കവും ബിജെപിയുടെ 
രാഷ്ട്രീയവും: മണിപ്പൂരിലെ കലാപത്തിന്റെ അന്തര്‍ധാരകള്‍

ലഹരിവിരുദ്ധ നീക്കവും ബിജെപിയുടെ രാഷ്ട്രീയവും: മണിപ്പൂരിലെ കലാപത്തിന്റെ അന്തര്‍ധാരകള്‍

മണിപ്പൂർ കലാപവുമായി ലഹരിമരുന്ന് കൃഷിയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ?

മണിപ്പൂരില്‍ നിയമവാഴ്ച സമ്പൂര്‍ണമായി തകര്‍ന്നിട്ട് മാസം കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരില്‍ പോയി വന്നിട്ട് ആഴ്ചകളായി. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുന്നതല്ലാതെ എന്തെങ്കിലും പുരോഗതിയുടെ സൂചനകളൊന്നും അവിടെനിന്ന് കിട്ടുന്നില്ല. ബിജെപി നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും വീടുകള്‍ പോലും അഗ്നിക്കിരയാക്കി. ഇത്രയൊക്കെയായിട്ടും എന്താണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കൂറിച്ച് മിണ്ടാത്തതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും ചോദിക്കുന്നത്. കലാപം നേരിടാന്‍ കഴിയാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിസ്സാഹയമാകുമ്പോള്‍, പതിറ്റാണ്ടുകളായുളള വംശീയസംശയങ്ങളും വിദ്വേഷങ്ങളും ആളികത്തിച്ചത് എന്താണെന്ന ചോദ്യവും സജീവമാകുകയാണ്

കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ആര്‍ കെ രഞ്ജന്‍ സിങ്ങിന്റെ വീടാണ് ആക്രമികള്‍ തീവച്ച് നശിപ്പിച്ചത്. മന്ത്രി ബിജെപിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തിലായിരുന്നു. അതിന് രണ്ട് ദിവസം മുമ്പ് സംസ്ഥാനത്തെ മന്ത്രി നെചകിംപ്‌ഗെന്നിന്റെ വീടിനും തീയ്യിട്ടിരുന്നു. ഇന്നലെ രാത്രി അസം റൈഫിള്‍സും മണിപ്പൂര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും സംയുക്തമായി മാര്‍ച്ച് നടത്തുന്നതിനിടെയാണ് ഇരു വിഭാഗവും തമ്മില്‍ ആക്രമം നടന്നത്. ബിഷ്ണുപൂര്‍, ചര്‍ച്ചാന്ദ്പൂര്‍ ജില്ലകളിലാണ് ആക്രമം ശക്തമായി തുടരുന്നത്. പല സ്ഥലങ്ങളിലും ബിജെപി നേതാക്കളുടെ വീടുകള്‍ തീവച്ച് നശിപ്പിക്കാനും ശ്രമമുണ്ടായി. സൈനികരുടെയും പൊലീസിന്റെയും വേഷത്തിലെത്തി ആയുധങ്ങള്‍ കൊള്ളയടിക്കാനുള്ള ശ്രമങ്ങളും ആക്രമികള്‍ നടത്തുന്നു.

വീട് കത്തിയശേഷം കേന്ദ്ര മന്ത്രി ആര്‍ കെ രഞ്ജന്‍ സിങ് പറഞ്ഞത് മണിപ്പൂരിലേത് വര്‍ഗീയ കലാപമല്ലെന്നും ആള്‍ക്കൂട്ട ആക്രമണമാണെന്നുമാണ്. എന്നാല്‍ അങ്ങനെതന്നെയാണോ യാഥാര്‍ത്ഥ്യം? മണിപ്പൂരിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ കൂടിയാണോയെന്ന സംശയം സിവില്‍ സൊസൈറ്റിയിൽനിന്ന് ഉയരുന്നുണ്ട്.

മണിപ്പൂരിലെ മലനിരകളില്‍ ജീവിക്കുന്നവരെ കുടിയേറ്റക്കാര്‍ എന്ന് വിശേഷിപ്പിച്ച് ഇറക്കിവിടാന്‍ ബിജെപി സര്‍ക്കാര്‍ നടത്തിയ നീക്കമാണ് ഇപ്പോഴത്ത പ്രശ്‌നം ഇത്ര വഷളാക്കിയതെന്നും പി യു സി എല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് മലമുകളില്‍ കഴിയുന്നവരില്‍ ഏറെയും. ഇവരെ മ്യാന്‍മാറില്‍നിന്നുള്ള കുടിയേറ്റക്കാരായി ചിത്രീകരിക്കുകയാണ് ബിജെപി ചെയ്‌തെതെന്നാണ് ആരോപണം.

മണിപ്പുരിലെ പ്രശ്‌നങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോകുന്നതില്‍ ഭൂരിപക്ഷ വാദം കളിക്കുന്ന സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ക്ക് പങ്കുണ്ടെന്ന് കരുതുന്നവരാണ് മണിപ്പൂരിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും മനുഷ്യാവാകാശ സംഘടനകളും. ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ അടിയന്തര കാരണം മെയ്തി വിഭാഗത്തെ പട്ടികവര്‍ഗത്തില്‍പെടുത്താന്‍ ശുപാര്‍ശ ചെയ്യണമെന്ന ഹൈക്കോടതി വിധിയാണെങ്കിലും മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ കുറച്ചു മാസമായി സങ്കീര്‍ണമായിരുന്നുവെന്നാണ് വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ പറയുന്നത്.

മണിപ്പൂരിലെ മലനിരകളില്‍ ജീവിക്കുന്നവരെ കുടിയേറ്റക്കാരെന്ന് വിശേഷിപ്പിച്ച് ഇറക്കിവിടാന്‍ ബിജെപി സര്‍ക്കാര്‍ നടത്തിയ നീക്കമാണ് ഇപ്പോഴത്തെ പ്രശ്‌നം ഇത്ര വഷളാക്കിയതെന്ന് പി യു സി എല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് മലമുകളില്‍ കഴിയുന്നവരില്‍ ഏറെയും. ഇവരെ മ്യാന്‍മറില്‍നിന്നുള്ള കുടിയേറ്റക്കാരായി ചിത്രീകരിക്കുകയാണ് ബിജെപി ചെയ്‌തെതെന്നാണ് ആരോപണം. മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും നടത്തുന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചായാണ് ബിജെപി ഇവിടെയെടുക്കുന്ന സമീപനമെന്നും ഇവര്‍ ആരോപിക്കുന്നു

മണിപ്പൂർ മല നിരകളിലെ കറുപ്പ് കൃഷി
മണിപ്പൂർ മല നിരകളിലെ കറുപ്പ് കൃഷി
മണിപ്പൂരില്‍ ലഹരി മരുന്നിന്റെ സ്വാധീനം ഒരു സാമൂഹ്യ പ്രശ്‌നമാണെങ്കിലും അതിനെ വിഭാഗീയതയ്ക്കുവേണ്ടി ഉപയോഗിക്കുന്നുവെന്നതാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്

മലനിരകളില്‍ കഴിയുന്ന കുക്കി വംശജര്‍ മയക്കുമരുന്ന് ഉത്പാദകരാണെന്നുമുള്ള പ്രചാരണം കുറച്ച് മാസങ്ങളായി ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്നുണ്ടായിരുന്നുവെന്നാണ് ആരോപണം. മയക്കുമരുന്ന് കൃഷി ഉപേക്ഷിക്കേണ്ടതുകൊണ്ടാണ് കുടിയേറ്റ സ്ഥലത്തുനിന്ന് ഇവര്‍ പിന്‍മാറാന്‍ കൂട്ടാക്കാത്തതെന്നുമുള്ള പ്രചാരണവും മണിപ്പൂരിലെ മെയ്ത്തി വംശജര്‍ക്കിടയില്‍ സജീവമാണ്. മണിപ്പൂരില്‍ ലഹരി മരുന്നിന്റെ സ്വാധീനം ഒരു സാമൂഹ്യ പ്രശ്‌നമാണെങ്കിലും അതിനെ വിഭാഗീയതയ്ക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്നതാണ് മനുഷ്യാവാകശ പ്രവര്‍ത്തകര്‍ പറയുന്നത്. 2017 നുശേഷം 15,500 ഏക്കര്‍ കറുപ്പ് കൃഷി മേഖലകള്‍ നശിപ്പിച്ചതായാണ് കണക്ക്. ഈ കൃഷി ഏറെയും മലനിരകളിലാണ് കാണുന്നതെങ്കിലും ഇതിന്റെ വ്യാപാരത്തില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും പങ്കാളികളാവുന്നുണ്ടെന്നാണ് വിവിധ ഏജന്‍സികള്‍ പുറത്തുവിടുന്ന കണക്കുകള്‍ തെളിയിക്കുന്നത്. കുക്കി തീവ്രവാദികള്‍ മയക്കുമരുന്ന് വ്യാപരത്തെ ആശ്രയിക്കുന്നതായും ആരോപണമുണ്ടായിരുന്നു. മണിപ്പൂരിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പാണ് ഈ മേഖലയെ മയക്കുമരുന്ന കൃഷിയുടെ കേന്ദ്രമാക്കിയതെന്ന നിഗമനങ്ങളുമുണ്ട്. മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ മയക്കുമരുന്ന കൃഷി വ്യാപിക്കുന്നതായി ഐക്യരാഷ്ട്ര സഭ തന്നെ മു്ന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമായി തുടരുമ്പോഴും, മയക്കുമരുന്ന് പ്രശ്‌നത്തെ കുക്കികളുടെ മാത്രം വിഷയമാക്കിമാറ്റി അവരെ ആക്രമിക്കാനുളള നീക്കമാണ് മെയ്തി വിഭാഗത്തിലെ തീവ്രവാദികള്‍ നടത്തിയത്.

കുക്കി വിഭാഗക്കാരെ മണിപ്പൂരിന് പുറത്തുള്ളവരായും നിയമവിരുദ്ധ കുടിയേറ്റക്കാരുമായി ചിത്രീകരിച്ച് മെയ്തി വംശജരിലെ ചില വംശീയവാദികള്‍ നടത്തിയ പ്രചാരണത്തിന് ബിജെപി നേതാക്കള്‍ പിന്തുണയ്ക്കുകയായിരുന്നുവെന്ന ആരോപണവും നിരവധി ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് തന്നെ മ്യാന്‍മാറീസ് എന്ന് വിളിച്ച് ഈ നിലപാടിന് അധികൃതരുടെ പിന്തുണ ഉറപ്പാക്കിയെന്നുമാണ് ആരോപണം. 1970 മുതല്‍ മണിപ്പുരിലെ കാടുകളില്‍ താമസം തുടങ്ങിയവരാണ് കുക്കികള്‍. ചര്‍ച്ചാന്ദപൂര്‍, കാങ്‌പോക്പി ടെങ്‌നോപാല്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ കുടിയൊഴിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്. കുക്കി കുടിയേറ്റം മൂലം മെയ്തി വംശജര്‍ ന്യൂനപക്ഷമാകുമെന്ന പതിവ് വിഭാഗീയ പ്രചാരണത്തിന് ബിജെപി സര്‍ക്കാര്‍ ആക്കം കൂട്ടുകയായിരുന്നുവെന്നാണ് ആരോപണം.

സ്ഥിതിഗതികള്‍ കൈവിട്ടു പോയിട്ടും പ്രശ്‌ന പരിഹാരത്തിന് എന്ത് സമീപനം സ്വീകരിക്കണമെന്ന കാര്യത്തില്‍ കേന്ദ്ര സ്ംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യക്തതയില്ല. മാസം രണ്ട് കഴിഞ്ഞിട്ടും ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറായിട്ടുമില്ല.

logo
The Fourth
www.thefourthnews.in