ഗൗതം അദാനി
ഗൗതം അദാനി

എൻ ഡി ടി വി ഏറ്റെടുക്കാൻ ശ്രമിക്കുന്ന ഗൗതം അദാനിയുടെ മാധ്യമ സങ്കൽപങ്ങൾ

എൻഡിടിവിയെ അദാനി ഗ്രുപ്പ് കൈയടക്കുന്നതോടെ ഇന്ത്യയിലെ മാധ്യമ രംഗം കൂടുതൽ കോർപ്പറേറ്റ് വൽക്കരിക്കപ്പെടുമെന്നും മാധ്യമ രംഗം വലിയ മാറ്റത്തിന് വിധേയമാകുമെന്നുമാണ് പൊതുവിൽ ഉന്നയിക്കപ്പെടുന്ന ആശങ്ക.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യക്കാരിൽ പലര്‍ക്കും അറിയില്ലായിരുന്നു ഗൗതം അദാനിയെന്ന വ്യവസായിയെ. ഇന്ത്യയ്ക്ക് പുറത്ത് തീര്‍ത്തും അപരിചിതനുമായിരുന്നു ഗുജറാത്തില്‍നിന്നുള്ള വ്യവസായി. എന്നാല്‍ ഇന്ന് അദ്ദേഹം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനാണ്. ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍. നിരന്തരം വാര്‍ത്തകളില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് സ്ഥാപനവും സ്ഥാനം പിടിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ അദ്ദേഹം ചര്‍ച്ച ചെയ്യപ്പെടുന്നത് എന്‍ഡിടിവി ഏറ്റെടുക്കാന്‍ അദ്ദേഹത്തിന്റെ സ്ഥാപനം നടത്തുന്ന ശ്രമത്തെ തുടര്‍ന്നാണ്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായി അദ്ദേഹം മാറുന്ന സമയത്തുതന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വാര്‍ത്ത ചാനല്‍ ഏറ്റെടുക്കാനുളള നീക്കവും എന്നത് യാദൃശ്ചികം മാത്രമായിരിക്കാം. ലോകത്ത് വന്‍കിട കോര്‍പറേറ്റുകള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് ആദ്യമായല്ല. ജെഫ് ബെസോസ് വാഷിങ്ടണ്‍ പോസ്റ്റ് ഏറ്റെടുത്തത് ഏകദേശം പത്തുവര്‍ഷം മുമ്പാണ്. ഇന്ത്യയിലും ഇതിന് സമാനമായ ഉദാഹരണങ്ങള്‍ ഉണ്ട്്‌

എൻഡിടിവിയുടെ ഭൂരിപക്ഷം ഓഹരികളും കൈയടക്കാനുളള ശ്രമത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ വ്യവസായി ഗൗതം അദാനി. അദ്ദേഹത്തിന്റെ അദാനി മീഡിയ നെറ്റ് വർക്ക് ലിമിറ്റഡിന്റെ നീക്കങ്ങൾ ഏതെങ്കിലും സാങ്കേതികത്വത്തിൽ കുടുങ്ങുമോ എന്നറിയില്ല. എന്തായാലും ഏതെങ്കിലും രീതിയിൽ എൻഡിടിവിയെ കൈയടക്കാനുള്ള നീക്കത്തിലാണ് അദാനി.

ഇന്ത്യൻ മാധ്യമ മേഖലയിൽ കോർപ്പറേറ്റുകളുടെ സ്വാധീനം വർധിച്ചത് ഒരു ദശാബ്ദത്തിനിടയിലാണ്. ആദ്യം മുകേഷ് അംബാനിയായിരുന്നു ഇന്ത്യയിൽ വിവിധ പ്രാദേശിക ഭാഷകളിലടക്കമുള്ള മാധ്യമങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തത്. ഇപ്പോൾ രാജ്യത്ത് നിലവിലുള്ളതിൽ വിശ്വാസ്യതയുടെ കാര്യത്തിൽ മുന്നിൽനിൽക്കുന്നുവെന്ന് പറയുന്ന എൻഡിടിവിയെ അദാനി ഗ്രുപ്പ് കൈയടക്കുകയും നവ മാധ്യമ മേഖലയിൽ സ്വാധീനം വർധിപ്പിക്കുകയും ചെയ്യുന്നതോടെ ഇന്ത്യയിലെ മാധ്യമ രംഗം കൂടുതൽ കോർപ്പറേറ്റ് വൽക്കരിക്കപ്പെടുമെന്നും മാധ്യമ രംഗം വലിയ മാറ്റത്തിന് വിധേയമാകുമെന്നുമാണ് പൊതുവിൽ ഉന്നയിക്കപ്പെടുന്ന ആശങ്ക.

അദാനി മീഡിയ നെറ്റ് വർക്ക്സ് ലിമിറ്റഡ് (എഎംഎൻഎൽ) വഴി എൻഡിടിവി സ്വന്തമാക്കുന്നതിനുള്ള നീക്കങ്ങളാണ് അദാനി നടത്തുന്നത്.

വർഷങ്ങൾക്കു മുമ്പ് മറ്റൊരു വൻകിട കോർപറേറ്റ് മറ്റൊരു മാധ്യമത്തെ ഏറ്റെടുത്തതാണ് ഈ പ്രസ്താവന ഓർമപ്പെടുത്തുന്നത്. 2014 ൽ നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടു പിന്നാലെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) രാഘവ് ബാലിന്റെ നേതൃത്വത്തിലുള്ള നെറ്റ്‌വർക്ക് 18 മീഡിയ & ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡുമായി 4000 കോടി രൂപയുടെ കരാറിലേർപ്പെട്ടത്.

കളേഴ്സ്,സിഎൻഎൻ -ഐബിഎൻ, സിഎൻബിസിടിവി 18 , ഐബിഎൻ 7 , സിഎൻബിസി ആവാസ് തുടങ്ങിയവയ്ക്കു പുറമെ മണി കൺട്രോൾ, ഫസ്റ്റ് പോസ്റ്റ്, ക്രിക്കറ്റ് നെക്സ്റ്റ്, ഹോംഷോപ്പ് 18 , ബുക്ക് മൈ ഷോ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും നെറ്റ്‌വർക്ക് 18 മീഡിയ & ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ ഭാഗമായിരുന്നു. ഈ കരാറോടെ രാജ്യത്തെ ഏറ്റവും ധനികനായിരുന്ന മുകേഷ് അംബാനി ഒറ്റ രാത്രി കൊണ്ട് മാധ്യമ രംഗത്തെ രാജാവായി മാറി.

2014 ൽ നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടു പിന്നാലെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) രാഘവ് ബാലിന്റെ നേതൃത്വത്തിലുള്ള നെറ്റ്‌വർക്ക് 18 മീഡിയ & ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡുമായി 4000 കോടി രൂപയുടെ കരാറിലേർപ്പെട്ടത്

മാധ്യമ നിരീക്ഷകനായ പരഞ്ജോയ് ​ഗുഹ താകൂർത്തയുടെ അഭിപ്രായത്തിൽ ഇന്ത്യൻ മാധ്യമ വ്യവസായത്തിലെ ഏറ്റവും ശക്തനാണ് മുകേഷ് അംബാനിയിപ്പോൾ. മാധ്യമങ്ങളിലൂടെ പൊതുജനാഭിപ്രായം സ്വാധീനിക്കാനും അത് വഴി രാജ്യത്തിൻറെ രാഷ്ട്രീയ സമ്പത് വ്യവസ്ഥയെ നിയന്ത്രിക്കാനും അദ്ദേഹത്തിന് കഴിയുന്നു. സമൂഹത്തിലെ അധഃസ്ഥിതരുടെയും പാർശ്വ വൽക്കരിക്കപ്പെട്ടവരുടെയും ഭാഗത്തു നില്ക്കാതെ കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടാണ് കഴിഞ്ഞ എട്ടു വർഷമായി അംബാനി നിലകൊള്ളുന്നതെന്നുമാണ് തക്കൂർത്ത പറയുന്നത്.

എന്നാൽ ദേശീയ മാധ്യമങ്ങളിൽ വിശ്വാസ്യതയും പ്രൊഫഷണലിസവും കാത്തുസൂക്ഷിക്കുന്ന മുഖ്യധാരാ മാധ്യമമെന്ന് പൊതുവിൽ വിലയിരുത്തപ്പെടുന്ന എൻഡിടിവി കോർപ്പറേറ്റ് ഭീമനായ അദാനി പിടിച്ചെടുക്കുന്നതോടെ ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളിലെ കോർപ്പറേറ്റ് സ്വാധീനം പതിന്മടങ്ങ് വർധിക്കും

മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവിൽ മാധ്യമങ്ങൾ പക്ഷപാതപരമായി പ്രവർത്തിക്കരുതെന്നും മാധ്യമ വിമർശനം 'ദേശീയ അന്തസ്സിനെ'ബാധിക്കരുതെന്നും ആദാനി നേരത്തെ തന്നെ നിലപാടെടുത്തിരുന്നു

മുഖ്യധാരാ മാധ്യമമായ എൻഡിടിവി ഏറ്റെടുക്കുന്നതിലൂടെ എന്താണ് ഗൗതം അദാനി ലക്ഷ്യമിടുന്നത്?

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തോടുള്ള പ്രതിബന്ധതയോ ജനാധിപത്യത്തിന്റെ നെടും തൂണായി മാധ്യമങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയോ ഉൾക്കൊണ്ടുകൊണ്ടല്ല അദാനിയുടെ നീക്കം എന്നത് വ്യക്തമാണ്. അദാനിയുടെ മാധ്യമകാഴ്ചപ്പാട് എന്താണെന്നത് അദ്ദേഹത്തിൻ്റെ നിലപാടുകളിലൂടെയും സമീപനങ്ങളിലൂടെയും പുറത്തുവന്നതാണ്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021 സെപ്റ്റംബറിൽ ജെപി മോർഗൻ ഇന്ത്യ നിക്ഷേപക ഉച്ചകോടിയിൽ നടത്തിയ പ്രസം​ഗത്തിൽ സ്വാതന്ത്ര്യത്തിന്റെ മറവിൽ മാധ്യമങ്ങൾ പക്ഷപാതപരമായി പ്രവർത്തിക്കരുതെന്നും മാധ്യമ വിമർശനം 'ദേശീയ അന്തസ്സിനെ'ബാധിക്കരുതെന്നും അദ്ദേഹം വാദിച്ചിരുന്നു. കൂടാതെ കേന്ദ്ര സർക്കാർ കോവിഡിനെ പ്രതിരോധിച്ച രീതിയെ മാധ്യമങ്ങൾ വിമർശിച്ചതിനെ എതിർത്തും അദ്ദേഹം രംഗത്ത്‌ വന്നിരുന്നു. കോവിഡ് പ്രതിസന്ധിയെ സർക്കാർ കൈകാര്യം ചെയ്യുന്നതിലെ നല്ല വശങ്ങൾ ഒന്നും മാധ്യമങ്ങൾ കാണുന്നില്ലെന്നും എന്തിനും ഏതിനും കുറ്റം കണ്ടെത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

രാജ്യം ഭരിക്കുന്നവരുടെയും അവരുടെ വക്താക്കളുടെയും ശബ്ദമായാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഏതു തരത്തിലുള്ള മാധ്യമ വിമർശനവും രാജ്യത്തിന്റെ അപകീർത്തി നഷ്ടപ്പെടുത്തുന്ന ദേശ വിരുദ്ധ പ്രസ്താവനയാണെന്ന് വിശ്വസിക്കുന്ന ഭരണകക്ഷി പിൻപറ്റുന്ന ആശയത്തിൻ്റെ വക്താവാണ് ഗൗതം അദാനിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എൻഡിടിവി ഏറ്റെടുക്കുന്നതിലൂടെ ഭരണകൂടത്തിൻ്റെ ശബ്ദമായി പ്രവർത്തിക്കുന്ന മാധ്യമ രാജാവായി ഗൗതം അദാനി രൂപപ്പെടുകയാണെന്നാണ് പല മാധ്യമ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ മറ്റേതു കോർപ്പറേറ്റുകളെക്കാളും മാധ്യമ പ്രവർത്തകർക്കെതിരെ തുടർച്ചയായി സിവിൽ കേസുകളും എസ്എൽഎപിപി (സ്ട്രാറ്റജിക് പ്രോസിക്യൂട്ട് എഗൈൻസ്റ്റ് പബ്ലിക് പാർട്ടിസിപ്പേഷൻ) സ്യൂട്ടുകളും ഫയൽ ചെയ്തത് ഗൗതം അദാനിയാണെന്ന് പ്രശസ്ത പത്രപ്രവർത്തകയും ദി വയർ ഓംബുഡ്സ്പേഴ്സണുമായ പമീല ഫിലിപ്പോസ് പറയുന്നു.

അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിനെതിരെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെയെല്ലാം ഇതേ രീതിയിലാണ് അദ്ദേഹം നേരിട്ടത്.

ഇന്ത്യയിൽ മാത്രമല്ല ഓസ്‌ട്രേലിയയിലുള്ള അദ്ദേഹത്തിന്റെ ഖനനത്തിനെതിരെ സംസാരിച്ചവരെ അദ്ദേഹം നേരിട്ടതും ഇതു പോലെത്തന്നെയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. 2017 ൽ ഓസ്‌ട്രേലിയൻ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഫോർകോണേഴ്സ് എന്ന അന്വേഷണാത്മക പരിപാടിയുടെ ഭാഗമായി ഗുജറാത്തിലെ അദാനി തുറമുഖത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ മാധ്യമപ്രവർത്തകരെ അദാനി ഗ്രൂപ്പ് ഗുജറാത്തിലെ പൊലീസിനെ ഉപയോഗിച്ച് നേരിടുകയായിരുന്നു. അന്വേഷണത്തിൽനിന്ന് പിന്മാറിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് ചാനലിന് ചിത്രീകരിച്ച ദൃശ്യങ്ങൾ ഉപേക്ഷിച്ച് തങ്ങളുടെ അന്വേഷണത്തിൽ നിന്നും പിന്മാറേണ്ടിവരികയായിരുന്നു. ആസ്ത്രേലിയയിൽ അദാനിയുടെ കമ്പനി നടത്തുന്ന ഖനനം അന്താരാഷ്ട്ര തലത്തിൽ വാർത്തായാവുകയും വലിയ വിമർശനം നേരിടേണ്ടി വരികയും ചെയ്തിരുന്നു.

അദാനിയെ സംബന്ധിച്ച് അദ്ദേഹത്തിൻ്റെ മീഡിയ ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവന പോലെ ജനങ്ങളെ വിവരങ്ങൾ അറിയിക്കുകയെന്നതല്ല, മറിച്ച് തന്റെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായിട്ടായിരിക്കും ഈ ഏറ്റെടുക്കൽ എന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in