ഗുജറാത്ത്: മോദിയെ പ്രതിക്കൂട്ടിലാക്കി ബിബിസി ഡോക്യുമെന്ററി; വിദ്വേഷ അന്തരീക്ഷം സൃഷ്ടിച്ചെന്ന് അന്വേഷണ റിപ്പോർട്ട്

ഗുജറാത്ത്: മോദിയെ പ്രതിക്കൂട്ടിലാക്കി ബിബിസി ഡോക്യുമെന്ററി; വിദ്വേഷ അന്തരീക്ഷം സൃഷ്ടിച്ചെന്ന് അന്വേഷണ റിപ്പോർട്ട്

ബിബിസി സംപ്രേഷണം ചെയ്ത 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയിലാണ് നിർണായക വിവരങ്ങളുള്ളത്

2002ലെ ഗുജറാത്ത് മുസ്ലീം വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നതായി ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങൾ അടങ്ങിയതാണ് റിപ്പോർട്ടെന്നും ഡോക്യുമെന്ററി വ്യക്തമാക്കുന്നു. ഡോക്യുമെന്ററി പിന്നീട് യൂട്യൂബ് പിൻവലിച്ചതായി റിപ്പോർട്ടുണ്ട്.

ജനുവരി 18നാണ് ബിബിസി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന അന്വേഷണത്മക ഡോക്യുമെന്ററി പുറത്തുവിട്ടത്.

മുസ്ലീങ്ങൾക്ക് നേരെ നടന്ന അക്രമം നടത്താൻ സാഹചര്യമുണ്ടാക്കിയത് അന്നത്തെ ഭരണാധികാരിയായിരുന്നുവെന്ന ആക്ഷേപമാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്താണ് കലാപം ആസൂത്രിതം ചെയ്തതെന്നാണ് ബ്രിട്ടീഷ് അന്വേഷണ സംഘം കണ്ടെത്തിയത്. ഗുജറാത്ത് സർക്കാർ സൃഷ്ടിച്ചെടുത്ത അന്തരീക്ഷം ഉണ്ടായിരുന്നില്ലെങ്കിൽ ഇത്രയും വലിയ ആക്രമം നടത്താൻ വിശ്വഹിന്ദു പരിഷത്തിന് കഴിയില്ലായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2002 ഫെബ്രുവരി 27ന് അന്നത്തെ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നതായും, ആക്രമികൾക്കെതിരെ നടപടിയെടുക്കരുതെന്ന് നിർദേശിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നതായും ഡോക്യുമെന്ററിയിൽ പറയുന്നു.

ഞാൻ ആകെ അസ്വസ്ഥനായിരുന്നു. ഇന്ത്യ ബ്രിട്ടനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രമാണ്. എന്താണ് സംഭവിച്ചതെന്ന് ബ്രിട്ടന് ബോധ്യമാകാനാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. അവർ വളരെ സമഗ്രമായ റിപ്പോർട്ടാണ് തയ്യാറാക്കിയത്.

ജാക് സ്ട്രോ, മുൻ വിദേശകാര്യ സെക്രട്ടറി

റിപ്പോർട്ടിലുള്ള പല നിർണായക കാര്യങ്ങളും സംഘത്തിലുണ്ടായിരുന്നവർ തന്നെ ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തുകയാണ്. കലാപങ്ങളെ കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ് സർക്കാർ അയച്ച സംഘം വളരെ വിശദമായ റിപ്പോർട്ടാണ് നല്കിയതെന്ന് കലാപസമയത്ത് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക് സ്ട്രോ ഡോക്യുമെന്ററിയിൽ പറയുന്നു.

" ഞാൻ ആകെ അസ്വസ്ഥനായിരുന്നു. ഇന്ത്യ ബ്രിട്ടനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രമാണ്. എന്താണ് സംഭവിച്ചതെന്ന് ബ്രിട്ടന് ബോധ്യമാകാനാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. അവർ വളരെ സമഗ്രമായ റിപ്പോർട്ടാണ് തയ്യാറാക്കിയത്. " ജാക് സ്ട്രോ പറഞ്ഞു.

കലാപത്തിനിടെ മുസ്ലീം സ്ത്രീകൾക്കെതിര ബലാത്സംഗം നടന്നതായും സംഘം കണ്ടെത്തിയിരുന്നു. അക്രമം രാഷ്ട്രീയ പ്രേരിതമാണെന്നും ഹിന്ദു ആധിപത്യമുള്ള പ്രദേശങ്ങളിൽ നിന്ന് മുസ്ലീങ്ങളെ തുരത്തുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ അക്രമം തടയുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് അമേരിക്ക മോദിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2012ലാണ് വിലക്ക് നീക്കിയത്.

ഡോക്യുമെന്ററിയും അതിന് ആധാരമായ അന്വേഷണ കമ്മീഷൻ റിപ്പോർട്ടും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡോക്യുമെന്ററി പുറത്തുവന്നത് ബിജെപിയെ സഹായിക്കുമെന്ന് കരുതുന്നവരുമുണ്ട്.

എന്തായാലും കുറച്ചുനാളുകൾക്ക് ശേഷം ഗുജറാത്ത് വംശഹത്യ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ബിബിസി ഡോക്യുമെന്ററി.

logo
The Fourth
www.thefourthnews.in