"ഗവർണർ മന്ത്രിസഭാ തീരുമാനം അംഗീകരിക്കണം, മണി ബില്ലുകൾക്ക് അനുമതി നൽകേണ്ടതും ഗവർണർ": പി ഡി ടി ആചാരി - അഭിമുഖം

"ഗവർണർ മന്ത്രിസഭാ തീരുമാനം അംഗീകരിക്കണം, മണി ബില്ലുകൾക്ക് അനുമതി നൽകേണ്ടതും ഗവർണർ": പി ഡി ടി ആചാരി - അഭിമുഖം

മണി ബില്ലുകൾ സംസ്ഥാന അസ്സംബ്ലികളിൽ ഗവർണറുടെയും പാർലമെന്റിൽ പ്രസിഡന്റിന്റേയും അനുമതിയോടെ മാത്രമേ അവതരിപ്പിക്കാൻ സാധിക്കൂ

ബില്ലുകളിൽ ഒപ്പുവെക്കാത്തതിനെ തുടർന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഗവർണർ നിർബന്ധമായും ഒപ്പുവയ്‌ ക്കേണ്ട മണി ബില്ലുകളിൽ പോലും ഒപ്പുവെക്കുന്നില്ല എന്ന ആരോപണവും സര്‍ക്കാരും സി പി എമ്മും ഉയര്‍ത്തുന്നു.

നിയമസഭ പാസാക്കിയ സര്‍വകലാശാല ബില്‍ മണി ബില്‍ ആണെന്ന ഗവര്‍ണറുടെ നിലപാടാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. യൂണിവേഴ്‌സിറ്റി ബില്‍ ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ്, അധികച്ചെലവ് വരുന്ന കാര്യങ്ങള്‍ അവതരിപ്പിക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം. മണി ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.

എന്നാല്‍, ഒരു ബിൽ മണി ബില്ല് ആണോ എന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണെന്നായിരുന്നു ഗവര്‍ണറുടെ ആരോപണത്തിന് മന്ത്രി പി രാജീവ് നല്‍കിയ മറുപടി. ഒരു ബില്‍ മണി ബില്‍ ആണെങ്കില്‍ അതില്‍ ഗവര്‍ണര്‍ക്കുള്ള അധികാരമെന്തെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.

വിഷയത്തില്‍ ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരി ദ ഫോർത്തിനോട് പ്രതികരിക്കുന്നു.

Q

മണി ബില്ലുകൾ ഒപ്പിടാതിരിക്കാൻ ഗവർണർക്ക് അധികാരമുണ്ടോ? ആരാണ് മണി ബില്ലുകൾക്ക് അവതരണാനുമതി നൽകുന്നത്?

A

മണി ബില്ല് ഗവർണർക്ക് ഒപ്പിടാതെ വയ്ക്കാൻ സാധിക്കില്ല. ഉടൻ ഒപ്പിട്ടു നൽകേണ്ടതാണ് മണി ബില്ലുകൾ. ബഡ്ജറ്റുമായി ബന്ധപ്പെട്ട ബില്ലുകളെല്ലാം ആ ഗണത്തിലാണ് പെടുന്നത്. ഫിനാൻഷ്യൽ ബില്ലുകൾ എന്നൊക്കെ വിവക്ഷിക്കുന്നത് മണി ബില്ലുകളെയാണ്. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടുതന്നെ ആ ബില്ലുകൾ സാധാരണഗതിയിൽ വൈകിപ്പിക്കാറില്ല. ഗവർണറുടെ അനുമതിയോടെയാണ് ഒരു മണി ബില്ല് അവതരിപ്പിക്കുന്നത്. ഗവർണർ അനുമതി നൽകിയ മണി ബില്ല് ഒപ്പിടാതിരിക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. മണി ബില്ലുകൾ സംസ്ഥാന അസ്സംബ്ലികളിൽ ഗവർണറുടെയും പാർലമെന്റിൽ പ്രസിഡന്റിന്റേയും അനുമതിയോടെ മാത്രമേ അവതരിപ്പിക്കാൻ സാധിക്കൂ. ഗവർണറുടെ അനുമതി എന്ന് പറയുന്നത് ക്യാബിനെറ്റിന്റെ നിർദ്ദേശം തന്നെയാണ്. ക്യാബിനറ്റ് പറയുന്നതനുസരിച്ചാണ് ഗവർണർ അനുമതി നൽകുന്നത്. അല്ലാതെ ഗവർണർക്ക് പ്രത്യേക അധികാരങ്ങളൊന്നുമില്ല. മറ്റു ബില്ലുകൾ ഒപ്പിടുന്നത് വൈകിപ്പിക്കാൻ സാധിക്കും. മണി ബില്ലുകൾ മന്ത്രിസഭ നൽകുന്ന നിർദ്ദേശത്തിനനുസരിച്ച് ഒപ്പിടുക എന്നത് മാത്രമാണ് ഗവർണർക്ക് ചെയ്യാൻ സാധിക്കുന്നത്.

"ഗവർണർ മന്ത്രിസഭാ തീരുമാനം അംഗീകരിക്കണം, മണി ബില്ലുകൾക്ക് അനുമതി നൽകേണ്ടതും ഗവർണർ": പി ഡി ടി ആചാരി - അഭിമുഖം
'മുഖ്യമന്ത്രി നേരിട്ട് വന്ന് ബില്ലുകള്‍ വിശദീകരിക്കണം, അതുവരെ നടപടിയില്ല'; കടുപ്പിച്ച് ഗവര്‍ണര്‍
Q

വിഷയം സുപ്രീം കോടതി പരിഗണിക്കുകയാണല്ലോ, ജുഡീഷ്യറിക്ക് ഈ പ്രശ്നത്തിൽ എങ്ങനെ ഇടപെടാൻ സാധിക്കും?

A

ഗവർണർ അകാരണമായി ബില്ലിൽ തീരുമാനമെടുക്കാതിരിക്കുന്നു എന്നതാണല്ലോ വിഷയം. അങ്ങനെ ചെയ്യാനുള്ള അധികാരം ഗവർണർക്കുണ്ടോ എന്നാണല്ലോ മനസിലാക്കേണ്ടത്. തീരുമാനം രണ്ടു തരത്തിൽ ഉണ്ടാകാം. ഒന്നുകിൽ ഗവർണർക്ക് ഒപ്പിടാതിരിക്കാനുള്ള അവകാശമുണ്ട്, അല്ലെങ്കിൽ അവകാശമില്ല. ഇതിൽ ഗവർണർക്ക് ഒപ്പിടാതിരിക്കാം എന്നൊരു തീരുമാനത്തിലേക്ക് കോടതിക്കെത്താൻ സാധിക്കില്ല. കാരണം ഭരണഘടനാപരമായി ഒപ്പിടാതിരിക്കാൻ ഗവർണർക്ക് അവകാശമില്ല. ഗവർണർക്കുള്ള അധികാരങ്ങൾ കൃത്യമായി ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്. ഒന്ന് ഒപ്പിട്ടു നൽകുക, രണ്ടാമത്തേത് ഒപ്പിടാതിരിക്കുക, സാധാരണ അങ്ങനെ ഉണ്ടാകില്ല. ഗവർണർ ഒപ്പിടാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കീഴ്വഴക്കം.

മറ്റു പല രാജ്യങ്ങളിലും ചിലപ്പോൾ ബില്ല് ഒപ്പിടാതിരിക്കാറുണ്ട്. പക്ഷേ അത് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ്. ബില്ല് അവതരിപ്പിച്ചതിന് ശേഷം അതിൽ മാറ്റം വരുത്തണമെന്ന്‌ സർക്കാരിന് തോന്നുമ്പോൾ മാത്രമാണ് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് ഗവർണർ ഒപ്പിടാതിരിക്കുന്നത്. സർക്കാർ ബില്ലിനെ കുറിച്ച് പുനരാലോചിക്കുന്ന അവസരത്തിൽ മാത്രമാണ് ഇങ്ങനെ ഒരാവശ്യം ഉന്നയിക്കുന്നത്. അല്ലാതെ ഗവർണർക്ക് സ്വയം ഇങ്ങനെ തീരുമാനിക്കാൻ സാധിക്കില്ല

"ഗവർണർ മന്ത്രിസഭാ തീരുമാനം അംഗീകരിക്കണം, മണി ബില്ലുകൾക്ക് അനുമതി നൽകേണ്ടതും ഗവർണർ": പി ഡി ടി ആചാരി - അഭിമുഖം
എട്ട് ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നു; ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയില്‍
Q

ഗവർണർ ഒപ്പിടാതിരിക്കുന്ന ബില്ല് വീണ്ടും സഭയുടെ പരിഗണനയിലേക്ക് വരുമോ? ആ ബില്ല് വീണ്ടും സഭയ്ക്ക് പാസ്സാക്കി ഗവർണറുടെ അനുമതിക്ക് വിടാൻ സാധിക്കുമോ?

A

അത് ഗവർണർ ചെയ്യേണ്ട കാര്യമാണ്. ബില്ലുകൾ സഭയിലേക്ക് മടക്കിയയക്കാൻ ഗവർണർക്ക് അവകാശമുണ്ട്. സാധാരണ ഗതിയിൽ സഭ പാസ്സാക്കുന്ന നിയമം ഒപ്പിട്ടു നൽകുക എന്നതാണ് ഗവർണറുടെ ചുമതല. ഇനി ആ നിയമത്തിന്റെ ഏതെങ്കിലും ഭാഗവുമുമായി ബന്ധപ്പെട്ട് ഗവർണർക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ആ ഭാഗത്ത് തിരുത്തലുകൾ ആവശ്യപ്പെട്ട് ബില്ല് സഭയിലേക്ക് തിരിച്ചയക്കാം. ഗവർണർക്ക് അതിൽ നിർദ്ദേശങ്ങൾ വയ്ക്കാം, ബില്ലിന്റെ ഭാഗങ്ങൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെടാം. അങ്ങനെ ബില്ലുകൾ തിരിച്ചു വരുന്ന സാഹചര്യത്തിൽ അസ്സംബ്ലി പെട്ടെന്നുതന്നെ ചേർന്ന് ആ ബില്ല് പുനഃപരിശോധിക്കും. ആ നിർദ്ദേശങ്ങൾ സർക്കാരിന് അംഗീകരിക്കാം, അംഗീകരിക്കാതിരിക്കാം. നിർദ്ദേശങ്ങളൊന്നും അംഗീകരിക്കാതെ ബില്ല് വീണ്ടും സഭയിൽ പാസ്സാക്കി ഗവർണർക്ക് അയക്കാം. അതിൽ ഗവർണർ ഒപ്പിട്ടു നൽകിയേ പറ്റു. മറ്റു വഴികളില്ല. പിന്നെ ഒരു ബില്ല് പ്രസിഡന്റിനയക്കാൻ തോന്നിയാൽ അതിനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. അല്ലാതെ ബില്ലിൽ നിലപാടെടുക്കാതിരിക്കാൻ സാധിക്കില്ല. അങ്ങനെ പ്രസിഡന്റിനയക്കുന്ന ബില്ലിൽ പിന്നെ ഗവർണർക്ക് അധികാരവുമുണ്ടായിരിക്കില്ല. ഗവർണർക്ക് എന്തൊക്കെ ചെയ്യാമെന്ന് ഭരണഘടന കൃത്യമായി പറയുന്നതിനർത്ഥം അതിനപ്പുറം ഗവർണർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുകൂടിയാണ്.

logo
The Fourth
www.thefourthnews.in