ലോകത്തിലെ ഏറ്റവും സുന്ദരമായ പദം 'അമ്മ'

ലോകത്തിലെ ഏറ്റവും സുന്ദരമായ പദം 'അമ്മ'

അമ്മ എന്ന പദം ഉച്ചരിക്കുന്ന എല്ലാ ഭാഷകളിലും 'മ'കാരമുണ്ട്. 'അമ്മ' എന്ന പദത്തിനോട് സാമ്യമുള്ള പദമാണ് മിക്ക ഭാഷയിലുമുള്ളത്. അതിന്റെ ഭാവവും അങ്ങനെ തന്നെ.

'ചുണ്ടുകൾ ഒടുവിൽ പ്രയാസപ്പെട്ടു വിടർന്നു. ജനിച്ചതിന് ശേഷം, ആദ്യമായി ഉച്ചരിക്കാൻ പഠിച്ച വാക്ക്. ലോകത്തിലേയ്ക്ക് ഏറ്റവും മധുരമുള്ള വാക്ക്. ഒന്നാം പാഠപുസ്തകത്തിൽ ഒന്നാമതായി പഠിച്ച വാക്ക്, കുഞ്ഞായിരുന്നപ്പോഴെന്നപോലെ അവ്യക്തമായി, പതറി മെല്ലെ പുറത്തുവന്നു. അoooമ്മ' .

കലിക - മോഹനചന്ദ്രൻ.

20 കൊല്ലം മുൻപ് ബ്രിട്ടീഷ് കൗൺസിൽ, ഒരു സർവേ സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മനോഹരമായ വാക്ക് ഏതാണെന്ന് കണ്ടെത്തലായിരുന്നു ലക്ഷ്യം. നാൽപ്പതിനായിരംപേർ പങ്കെടുത്ത ആ സർവേയിൽ ഒന്നാമതായി വന്ന എറ്റവും സുന്ദരമായ പദം ' മദർ' ആയിരുന്നു. ലവ്, സ്മൈൽ, പാഷൻ തുടങ്ങിയ വാക്കുകൾക്കൊക്കെ സ്ഥാനം പിന്നിലായിരുന്നു. അവയ്ക്കൊക്കെ ശേഷം സ്ഥാനം നേടിയ ശ്രദ്ധേയമായ ഒരു വാക്കുണ്ട് - 'ഫാദർ'. പിതാവ് എന്നും മാതാവിന്റെ പിന്നിൽ തന്നെ .

വെർജീനിയയിലെ ഗ്രാഫ്റ്റണിലുള്ള അന്ന ജാർവിസ് എന്നൊരു യുവതിയുടെ ശ്രമഫലമായാണ് 1905ൽ ഔദ്യോഗിക 'മാതൃദിനം' ആചരിക്കാന്‍ തുടങ്ങിയത്

ഇന്ന് ലോക മാതൃദിനമാണ് - 'മദേഴ്സ് ഡേ'. അമ്മാർക്കായ് ലോകം നീക്കിവച്ച ദിവസം. അമ്മ എന്ന പദം ഉച്ചരിക്കുന്ന എല്ലാ ഭാഷകളിലും 'മ'കാരമുണ്ട്. 'അമ്മ' എന്ന പദത്തിനോട് സാമ്യമുള്ള പദമാണ് മിക്ക ഭാഷയിലും ഉള്ളത്. അതിന്റെ ഭാവവും അങ്ങനെ തന്നെ. ലോകത്തെവിടേയും ഏത് കുഞ്ഞും ഉച്ചരിക്കുന്ന നാൾമുതൽ ആ ഭാവമുണ്ട്. നൂറ്റിപ്പതിനഞ്ച് വർഷം മുൻപ്, അമേരിക്കയില്‍ വെർജീനിയയിലെ ഗ്രാഫ്റ്റണിലുള്ള അന്ന ജാർവിസ് എന്നൊരു യുവതിയുടെ ശ്രമഫലമായാണ് 1905ൽ ഔദ്യോഗിക 'മാതൃദിനം' ആചരിക്കാന്‍ തുടങ്ങിയത്.

തന്റെ അമ്മയുടെ മരണത്തെത്തുടർന്ന്, അമ്മമാർ മക്കൾക്ക് വേണ്ടി ചെയ്യുന്ന ത്യാഗങ്ങളെ ആദരിക്കുന്നതിനുള്ള ഒരു സങ്കൽപ്പമായി അന്ന ജാർവിസ് മാതൃദിനം വിഭാവനം ചെയ്തു . മെയ് മാസത്തിൽ വെർജീനിയയിലെ ഗ്രാഫ്റ്റണിലുള്ള ഒരു മെത്തഡിസ്റ്റ് പള്ളിയിൽ അവർ ആദ്യത്തെ ഔദ്യോഗിക മാതൃദിനാഘോഷം സംഘടിപ്പിച്ചു. ഇത് വൻ വിജയമായതോടെ 'മദേഴ്സ് ഡേ' രാജ്യമെങ്ങും കൊണ്ടാടണമെന്ന് അവർ ആഗ്രഹിച്ചു .

അന്ന ജാർവിസ്
അന്ന ജാർവിസ്

അവിവാഹിതയായ ജാർവിസ് 'മദേഴ്സ് ഡേ ' അമേരിക്കയുടെ ദേശീയ കലണ്ടറിൽ ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചു . അമേ രിക്കൻ അവധിദിനങ്ങൾ പുരുഷപക്ഷപാതപരമാണെന്ന് വാദിച്ചുകൊണ്ട്, മാതൃത്വത്തെ ബഹുമാനിക്കുന്ന ഒരു പ്രത്യേകദിനം വേണമെന്ന് ആവശ്യപ്പെട്ട് അവർ പത്രങ്ങൾക്കും പ്രമുഖ രാഷ്ട്രീയക്കാർക്കും കത്തുകളയച്ചു. പിന്നീട് ഇതിനായി ഒരു വലിയ കത്തെഴുത്ത് പ്രചരണം തന്നെ ആരംഭിച്ചു .ജാർവിസ് 'മദേഴ്സ്ഡേ ഇന്റർനാഷണൽ അസോസിയേഷൻ എന്നൊരു സംഘടനയും സ്ഥാപിച്ചു . ഇതിനകം ജനങ്ങളേറ്റെടുത്ത ആശയ പ്രചാരണം ഒടുവിൽ വിജയം കണ്ടു.

വുഡ്രോ വിൽസൺ
വുഡ്രോ വിൽസൺ

1914-ൽ അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസൺ മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ഔദ്യോഗികമായി മാതൃദിനത്തെ അമേരിക്കയിലെ ദേശീയ ആചരണമായി പ്രഖ്യാപിച്ചു. സമൂഹത്തിന് അമ്മമാർ നൽകുന്ന സംഭാവനകൾക്ക് അമ്മമാരെ അഭിനന്ദിക്കുകയും അമ്മമാരോടുള്ള അവരുടെ സ്നേഹവും നന്ദിയും ആദരവും പ്രകടിപ്പിക്കാനും അമ്മമാരെ ബഹുമാനിക്കാനും ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നു. പിന്നീട് ഒട്ടുമിക്ക രാജ്യങ്ങളും ഇത് ഏറ്റെടുത്ത് അംഗീകൃത ദിനാചാരണമായി ആചരിക്കുകയായിരുന്നു.

1920കളോടെ മിസോറിയിലെ ' ഹാൾമാർക്ക്' എന്ന ആശംസാ കാർഡുകൾ പുറത്തിറക്കുന്ന സ്ഥാപനം അമ്മമാരുടെ ദിനത്തിന് നൽകാനായി ആശംസാ കാർഡുകളും പൂച്ചെണ്ടുകളും പു റത്തിറക്കിയത് വൻതോതിൽ പ്രചരിച്ചു. ഈ ഡിജിറ്റൽ കാലഘട്ടത്തിലും പല രൂപത്തിൽ വ്യത്യസ്തമായി, അത് ലോകമെ ങ്ങും തുടരുന്നു.

കുടംബത്തിന് വേണ്ടി ജീവിതം സമർപ്പിക്കുന്ന, വീട്ടമ്മ ഭൂമിയോളം ക്ഷമ കാണിക്കുന്നത് മനസിലാക്കാത്തവരു ണ്ട്. താനാണ് കുടുംബത്തിന്റെ നെടുംതൂണ്‍, തനിക്ക് ശേഷം പ്ര ളയം എന്ന് വിചാരിക്കുന്ന ചിലർ. അത്തരമൊരാളെ കുറിച്ചുള്ള ഒരു കഥയാണിത്.

ഒരു ഭർത്താവിന്റെ കഥയാണിത്. വീട്ടിലിരിക്കുന്ന തന്റെ ഭാര്യ യുടെ ജോലികൾ നിസ്സാരമാണ്. താൻ ചെയ്യുന്ന, മല മറിക്കുന്ന ഓഫിസ് ജോലി വച്ച് നോക്കുമ്പോൾ വീട്ടിലിരുന്ന് അല്ലറ ചില്ലറ പണി ചെയ്യുന്ന തന്റെ ഭാര്യ എത്ര ഭാഗ്യവതിയെന്ന് വിചാരിച്ച ഒരു ഭർത്താവ് , ദൈവത്തോട് പ്രാർത്ഥിച്ചു . 'എന്നെ ഒരു നാളെങ്കിലും ഭാര്യയാക്കി മാറ്റണേ? 'ആ സുഖം ഞാനും കൂടിയൊന്ന് അറിയട്ടെ'' - കാരുണ്യവാനായ ദൈവം അയാളുടെ പ്രാർത്ഥന കേട്ടു . ഭർത്താവ് ഭാര്യയായി മാറി.

പിറ്റേദിവസം മുതൽ ഭാര്യയായി, അലാറം വച്ച് എഴുന്നേറ്റ് ഭരണമാരംഭിച്ചു . അടുക്കളയിൽ കയറി, പ്രഭാത ഭക്ഷണം ഉണ്ടാക്കണം. അതുതന്നെ രണ്ട് വിധം - ഭർത്താവിനും മക്കൾക്കും വൈവിധ്യം വേണം. തലേനാളത്തെ പാത്രങ്ങൾ കഴുകണം . കുട്ടികളെ ഉറക്കത്തിൽ നിന്ന് ഉണർത്തണം. പല്ല് തേപ്പിച്ച്, കുളിപ്പിച്ച് ഒരുക്കണം , ടിഫിൻ എടുക്കണം , സ്കൂൾ ബസ് കേറ്റി വിടണം. തീർന്നോ - ഇല്ല തുടങ്ങുന്നതേയുള്ളൂ . അലങ്കോലമായ സ്വീകരണമുറി വൃത്തിയാക്കണം. സാധനങ്ങൾ യഥാസ്ഥാനത്ത് വയ്ക്കണം . ഇന്നലത്തെ പിള്ളേരുടെ യൂണിഫോം കഴുകിയിടണം . അത് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഓർത്തത്. ഉച്ചക്കുള്ള ചോറിന് അരിയടുപ്പത്ത് ഇട്ടിട്ടില്ല. അത് ചെയ്തു കഴിഞ്ഞപ്പോഴാണ് കറിക്കുള്ള പച്ചക്കറി അരിഞ്ഞത്. എല്ലാം ഒരുക്കി മേശപ്പുറത്ത് എത്തിച്ചപ്പോഴേക്കും മണി രണ്ട്. പിള്ളേരുടെ സ്കൂൾ ബസ് വരാറായി, അവരെ വിളിക്കാൻ പോയി. ഉച്ചയൂണ് കഴിഞ്ഞ് മേശ വൃത്തിയാക്കി. അൽപ്പം ഒന്ന് ഉറങ്ങാൻ കണ്ണടച്ചെങ്കിലും, പിള്ളേരുടെ ക്രിക്കറ്റ് കളിയിലെ ബഹളം കാരണം അതും നടന്നില്ല.

നാലുമണി ചായകുടിയുടെ കൂടെ 'കടി ' ഇല്ലെങ്കിൽ മക്കളുടെ പ്രതിഷേധം ഇരമ്പും. അതിനാൽ അത് ഉണ്ടാക്കി. രാത്രിയിലെ അത്താഴത്തിനുള്ള പണിയാരംഭിച്ചു . അതിനിടെ ഹോം വർക്ക് ചെയ്യാൻ ഒരാൾക്ക് സഹായം. പുറത്ത് ഉണങ്ങാനിട്ട തുണി എടുത്ത് അകത്ത് മടക്കി വച്ചു. ഭർത്താവ് ഓഫീസിൽ നിന്ന് വന്നതാണ്, ചായവേണം. അത് ഉണ്ടാക്കിക്കൊടുത്തു. താൽപ്പര്യമില്ലെങ്കിലും ഭർത്താവിന്റെ ഓഫീസ് വിശേഷങ്ങൾ കേട്ടു. അത്താഴം കഴിച്ച് പാത്രങ്ങളെല്ലാം മാറ്റി മേശവൃത്തിയാക്കി. പിള്ളേരെ കഥ പറഞ്ഞ് ഉറക്കിയപ്പോഴക്കും നേരം വൈകി. രാത്രി കിടക്കയിൽ ചായുമ്പോൾ ഭർത്താവിന്റെ ആവശ്യം . അതും കഴിഞ്ഞ് ഉറങ്ങിയത് അറിഞ്ഞതുപോലുമില്ല. അങ്ങനെ ഒരു ദിവസത്തിന്റെ അവസാനം.

2004ൽ ഏറ്റവും നല്ല ഇമെയിൽ ആയി ലോകമെങ്ങുമുള്ള വനിതകൾ തിരഞ്ഞെടുത്തത് ഈ കഥയായിരുന്നു.

രാവിലെ ഉറക്കമെഴുന്നേറ്റ ഭാര്യ രൂപമുള്ള ഭർത്താവ് ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചു . 'ദൈവമേ എനിക്ക് മനസിലായി എന്റെ ഭാര്യ ചെയ്തിരുന്ന ജോലിയുടെ കാഠിന്യം. എനിക്ക് മതിയായി. ഇപ്പോ തന്നെ എന്നെ പഴയ പടിയാക്കണേ' . ദൈവം പറഞ്ഞു -' മകനേ നീ ഒരു പാഠം പഠിച്ചല്ലോ, നല്ലത്. പഴയത് പോലെയാക്കാം, പക്ഷേ , 9 മാസം കഴിയണം. ഇന്നലത്തെ രാത്രിയോടെ നീ ഗർഭം ധരിച്ചു കഴിഞ്ഞു'.

2004ൽ ഏറ്റവും നല്ല ഇമെയിൽ ആയി ലോകമെങ്ങുമുള്ള വനിതകൾ തിരഞ്ഞെടുത്തത് ഈ കഥയായിരുന്നു.

ഒരു ഫുൾ ടൈം വീട്ടമ്മ ചെയ്യുന്ന സേവനം നാല് വീട്ടുജോലിക്കാരുടേതെന്നറിയുക. പ്രതിഫലമില്ലാത്ത സേവനമാണത്. ഭർത്താവ് മാന്യനാണെങ്കിൽ നന്നായി നോക്കും. വളർന്ന് കഴിഞ്ഞാൽ മക്കളിൽ നിന്ന് ദൂതദയയോ നന്ദിയോ കിട്ടണമെന്നില്ല. 'മകൻ അമ്മയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് പോയി, മകൾ അമ്മയെ ചങ്ങലക്കിട്ടു ' - തുടങ്ങിയ വാർത്തകൾ സാധാരണമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.

സാഹിത്യരൂപങ്ങളിലും അതിന്റെ ദൃശ്യാവിഷ്കാരങ്ങളിലും ഇന്നും വലിയ മാറ്റമൊന്നും കൂടാതെ നിലനിൽക്കുന്ന ബിംബമൊന്നെയുള്ളൂ - അത് 'അമ്മ' യാണ് . സ്നേഹവും ക്ഷമയും എല്ലാം പൊറുക്കാനുള്ള ദൂതദയയും എന്നും നിലനിര്‍ത്തുന്ന മനുഷ്യജീവിയാണ് അമ്മ.

മലയാളത്തിന്റെ പ്രിയകഥാകാരൻ എം.ടി. അമ്മയെ കുറിച്ച്, ഹൃ ദയസ്പർശിയായ്, എഴുതിയിട്ടുണ്ട്. രോഗത്തിന് ചികിത്സക്കായ് ട്രെയിനിൽ പോകുന്ന അമ്മയെ കാണുന്ന സന്ദർഭം. 'വിത്തുകൾ ' കഥയിൽ അത് ആവിഷ്കരിച്ചിട്ടുമുണ്ട്. കുട്ടികളെ പഠിപ്പിച്ച് , കൃഷി നടത്തി വീട്ടുകാര്യങ്ങളും നോക്കി, ഒരു കൂട്ടുകുടുംബം നടത്തിക്കൊണ്ട് പോകുന്ന അമ്മയുടെ സാന്നിധ്യം എം ടി യുടെ ആദ്യകാല കഥകളിൽ പലതിലും കടന്നുവരുന്നുണ്ട്. അപൂർണ്ണമാണ് ആ ഓർമ്മകൾ എന്ന് അദ്ദേഹം ഓർമ്മിക്കുന്നുണ്ട്.

' ഇരുപത് കൊല്ലം മുൻപ് തന്റെ അമ്മയെ കുറിച്ച് ആദ്യമായി എഴുതിയ ആ കുറിപ്പ് ഇങ്ങനെ അവസാനിപ്പിക്കുന്നു. ' മുഴുവൻ പറഞ്ഞുതീർത്തിട്ടില്ല. ഇനിയും ബാക്കിയുണ്ട്. സൂക്ഷിച്ചുവയ്ക്കുന്നു. അമ്മ ക്ഷമിക്കുമല്ലോ.

ഒരു ദിവസം അവൾ കോട്ടവാതിലിലെത്താൻ അൽപ്പം വൈകി. എത്തുമ്പോഴേയ്ക്കും കോട്ടവാതിലുകൾ അടഞ്ഞിരുന്നു.

'ദൈവത്തിന് എല്ലായിടത്തും എത്താനാവില്ല. അതിനാൽ അദ്ദേഹം അമ്മമാരെ സൃഷ്ടിച്ചു' - എന്ന് റഡ്യാർഡ് കിപ്ലിംഗ് എഴുതിയിട്ടുണ്ട്.

കിപ്ലിംഗിന്റെ വചനം സത്യമാണെന്ന് നമ്മെ ഓർമ്മി പ്പിക്കു ന്നതാണ് ഹിരാകാണിയുടെ കഥ. ഛത്രപതി ശിവജിയുടെ റായ് ഗാർഹിനടുത്ത് കോട്ടക്കടുത്തുള്ള ഗ്രാമത്തിൽ ഹിരാകാ ണിയെന്ന വിവാഹിതയായ ഒരു യുവതി താമസിച്ചിരുന്നു . പാലും പാലുൽപ്പന്നങ്ങളും ദിവസവും കോട്ടയിൽ വിതരണം ചെയ്താ ണ് അവൾ ജീവിത മാർഗം കണ്ടെത്തിയിരുന്നത്. കോട്ടയുടെ പ്രധാന വാതിൽ ഉദയം മുതൽ അസ്തമയം വരെ തുറന്നിരിക്കും. സൂര്യാസ്തമയത്തിന് ശേഷം കോട്ടവാതിൽ ഭദ്രമായി അടയ്ക്കും . പിന്നീട് ഒരു ഈച്ചയ്ക്ക് പോലും അകത്തോട്ടോ പുറത്തോട്ടോ കടക്കാനാവില്ല. ഹിരാകാണി വാതിൽ അടയ്ക്കും മുൻപ് പുറത്ത് കടക്കും. അവൾക്ക് തന്റെ കുഞ്ഞിനെ മുലയൂട്ടണമായിരുന്നു. വീട്ടിൽ വേറെയാരും കുഞ്ഞിനെ നോക്കാനില്ലാത്തതിനാൽ അവൾക്ക് ഒരു നിമിഷം പോലും വൈകാനാവില്ലായിരുന്നു . ഒരു ദിവസം അവൾ കോട്ടവാതിലിലെത്താൻ അൽപ്പം വൈകി. എത്തുമ്പോഴേയ്ക്കും കോട്ടവാതിലുകൾ അടഞ്ഞിരുന്നു.

പുറത്തേക്ക് കടക്കാൻ വാതിൽ തുറന്ന് അൽപ്പം വിടവ് തരാൻ അവൾ യാചിച്ചെങ്കിലും കാവൽ ഭടന്മാർ വഴങ്ങിയില്ല. ഛത്രപതി ശിവജിയുടെ കൽപ്പന ലംഘിക്കാൻ ധൈര്യം അവർക്കായില്ല. പരിഭ്രമത്തോടെ, ഹിരാകാണി പുറത്തുകടക്കാൻ മാർഗമില്ലാതെ , കുഴങ്ങി. നിസ്സഹായായ, അവൾ എങ്ങനെയെങ്കിലും പുറത്തുകടക്കാനുള്ള മറ്റ് വഴികളാലോചിച്ചു. അവിടെയുള്ള കുന്ന് കേറി താഴോട്ട് ചാടിയാൽ പറ്റും. പക്ഷേ , അവിടെയുള്ള അരുവിയുടെ താഴെ ചതുപ്പാണ്. ചിലപ്പോൾ രക്ഷപ്പെടാം അല്ലെങ്കിൽ കൊല്ലപ്പെടുകയോ , കാലൊടിയുകയോ ചെയ്യാം. അവളുടെ മാതൃത്വം ഒടുവിൽ ധൈര്യം നൽകി. ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് അവൾ താഴോട്ട് ചാടി. ഭാഗ്യത്തിന് അവൾ ഒരു മരത്തിന് മുകളിലാണ് വീണത്. അവിടെ നിന്ന് അവൾക്ക് താഴെയിറങ്ങാൻ സാധിച്ചു . ചെറിയ പരിക്കുകളോടെ അവൾ വീട്ടിലേക്ക് പാഞ്ഞു.

പിറ്റേ ദിവസം, രാവിലെ പാലും തൈരുമായി കോട്ടയിലെത്തിയ ഹിരാകാണിയെ കണ്ട് കാവല്‍ക്കാർ അന്തം വിട്ടു . അവൾ കോട്ടയ്ക്കകത്ത് ഉണ്ടെന്നായിരുന്നു അവരുടെ ധാരണ. എങ്ങനെ , നീ പുറത്തുകടന്നു? അവർ ചോദിച്ചു. അവൾ നടന്ന കാര്യം മുഴുവനും പറഞ്ഞു. "എന്റെ ജീവനേക്കാൾ പ്രധാനമാണ് എന്റെ കുഞ്ഞ്. ഞാനൊരമ്മയാണ്. അമ്മയ്ക്ക് കുഞ്ഞ് തന്റെ ശരീരത്തിന്റെ ഭാഗം തന്നെയാണ്. ഒരമ്മയ്ക്കും തന്റെ കുഞ്ഞ് അപകടത്തിലായാൽ സമാധാനമായി ഇരിക്കാനാവില്ല" - ഹിരകാണി പറഞ്ഞു.

തീരുമാനങ്ങൾ പലപ്പോഴും സാഹചര്യങ്ങൾക്കനുസരിച്ചാകാം . പക്ഷേ , ലോകത്തിലെ നിരുപാധികവും അപരിമിതവുമായത് ഒരമ്മയുടെ സ്നേഹം തന്നെയാണെന്ന് ഹിരാകാണിയുടെ കഥ പഠിപ്പിക്കുന്നു

ഈ അസാധാരണ സംഭവം ശിവജിയറിഞ്ഞു. അതിലെ അപകടം മണത്ത അദ്ദേഹം ഹിരാകാണിയെ തന്റെ മുന്നിൽ ഹാജരാക്കാ നാവശ്യപ്പെട്ടു. ദുർഘടമായ ആ കോട്ടയിൽ നിന്ന് ഒരാൾക്കും ചാടി രക്ഷപ്പടാനാവില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു .അദ്ദേഹം ഹിരകാണിയേയും കൊണ്ട് കോട്ടയിൽ അവൾ ചാടിയ ഭാഗത്ത് എത്തി. എന്നിട്ട് എങ്ങനെയാണ് കഴിഞ്ഞദിവസം രക്ഷപ്പെട്ടതെന്ന് കാണിച്ച് തരാൻ ആവശ്യപ്പെട്ടു . ഹിരകാണി താഴോട്ട് നോക്കി ഭയന്നുവിറച്ചു . അവൾക്ക് ഇന്നത് സാധിക്കില്ലെന്ന് ഭയത്തോടെ പറഞ്ഞു. ഇന്നലെ അവളുടെ മനസ്സിൽ ഒറ്റയ്ക്ക് കഴിയുന്ന ആ കുഞ്ഞ് മാത്രമേയുണ്ടായിരുന്നുള്ളൂ. ആ ദൈന്യതയാണ് അവൾക്ക് ചാടാനുള്ള ധൈര്യവും കരുത്തും നൽകിയത്. ഇന്ന് അതില്ല. അതിനാൽ ധൈര്യവുമില്ല.

ശിവജി അവളെ തന്റെ സദസിൽ വച്ച് ആദരിച്ചു . 'നിങ്ങൾ ധീരയായ മാതാവാണ്. നിങ്ങൾക്ക് വലിയൊരു മാതൃഹൃദയമുണ്ട്' - അദ്ദേഹം പറഞ്ഞു. പിന്നീട് കോട്ടയുടെ ആ ഭാഗം ഉയരം കൂട്ടുകയും , അവിടെ കുടുതൽ കാവൽ എർപ്പെടുത്തുകയും ചെയ്തു . അവളോടുള്ള ആദരസൂ ചകമായി കോട്ടയുടെ ഒരു ബുർജ്ജിന് ഹിരാകാണിയെന്ന് പേരിട്ടു. ഇന്നും അത് നിലനിൽക്കുന്നു .

തീരുമാനങ്ങൾ പലപ്പോഴും സാഹചര്യങ്ങൾക്കനുസരിച്ചാകാം . പക്ഷേ , ലോകത്തിലെ നിരുപാധികവും അപരിമിതവുമായത് ഒരമ്മയുടെ സ്നേഹം തന്നെയാണെന്ന് ഹിരാകാണിയുടെ കഥ പഠിപ്പിക്കുന്നു.

ഭക്ഷണം ഉണ്ടാക്കി മകനെ കാത്തിരിക്കു ന്ന ഒരമ്മയെ കുറിച്ച് കഥാകൃത്തും, തിരക്കഥാകൃത്തും ഇപ്പോൾ ചലചി ത്ര നടനുമായ രഘുനാഥ് പലേരി, ഒരിക്കലെഴുതിയിരുന്നു. രാഷ്ട്രീയവുമായി നടക്കുന്ന മകൻ പാതിരാത്രി വീട്ടിലെത്തി, ഭക്ഷണവുമായി കാത്തിരിക്കുന്ന അമ്മയോട് നിരാശയുടെ കയത്തിൽ നിന്നുകൊണ്ട് പറഞ്ഞത്രെ ." എന്റെ ജീവിതം ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നതിൽ ഞാൻ വലിയ കാര്യമൊന്നും കാണുന്നില്ല."

ഒരു നിമിഷം അമ്മ അയാളെ നോക്കി. എന്നിട്ട് പറഞ്ഞു " മക്കൾ വെറുതെ ഉണ്ടാകുന്നതല്ല. ഞങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും മനുഷ്യ രൂപത്തിൽ പുറത്ത് വരുന്നതാണ്. അതൊ ക്കെ നിറവേറ്റിയെന്ന് തോന്നുമ്പോൾ മോന് ജീവിതം അവസാനി പ്പിക്കാം".

അമ്മയുടെ ആ ഉത്തരം ഉത്തമ മാതൃത്വത്തിന്റെ ഉള്ളിൽ ജ്വലിക്കുന്ന സത്യത്തിന്റെ തലോടലാണ്.

കഥാകൃത്ത് വിക്ടർ ലീനസിന്റെ അവസാന കഥയായ 'വിട' യിൽ അപകടത്തിൽപെട്ട് മരിച്ച സ്വന്തം മകളുടെ മൃതശരീരവുമായി വീട്ടിലേക്ക് ആംബുലൻസിൽ വരുന്ന കഥാപാത്രമായി ഒരു അമ്മയുണ്ട്.

ഒരു അഭിസാരികയായ ലീലയുടെ അമ്മ. മകളുടെ അപകടമരണത്തിൽ യാതൊരു വികാരവും പ്രകടിപ്പിക്കാത്ത, ശാന്തയായി മനസംയമനത്തോടെ ഇടപെടുന്ന അമ്മ.

ആ കഥയിലെ കടന്നുപോകുന്ന തീഷ്ണമായ ഒരു രംഗം വിക്ടർ ലീ നസ് എന്ന കഥാകാരന്റെ ഏറ്റവും മികച്ച വായനാനുഭവമായിരു ന്നു." ഉറച്ച കാൽവയ്പ്പുകളോടെയാണ് അമ്മ നടന്നത്. ആൺ തു ണയില്ലാതെ മൂന്ന് പെൺമക്കളെ പോറ്റി വളർത്തിയ അമ്മ . അവരിൽ മൂത്തവൾ അറിഞ്ഞോ അറിയാതെയോ ചളിക്കു ണ്ടിലിറങ്ങിയപ്പോൾ പകയ്ക്കാതിരുന്ന അമ്മ. അമ്പലക്കുളത്തിൽ കുളിച്ചിട്ടെന്ന പോലെ വിശുദ്ധിയായ് അവൾ കയറി വരുന്നത് കണ്ട് അഭിമാനം കൊണ്ട അമ്മ. ഈ അമ്മ എന്നാണ് കരയുക ?

മക്കൾ തമ്മിൽ നിസാരമായി തുടങ്ങിയ വഴക്ക് മൂർച്ഛിച്ചപ്പോൾ ആൺമക്കളേയും പെൺമക്കളേയും വിളിച്ചു വരുത്തി കുടും ബത്തിലെ സർവ്വാധാകാരിയായ ഒരു അമ്മ എല്ലാ മക്കളേയും ഒരുമിച്ചിരുത്തി പറഞ്ഞകാര്യം യശശരീരനായ എൻ.ഗോപാലകൃ ഷ്ണനെന്ന എഴുത്തുകാരൻ വർഷങ്ങൾക്കു മുൻപ് മനോഹരമായ ഒരു ലേഖനത്തിലൂടെ എഴുതിയിരുന്നു. ആ അമ്മ മക്കളോട് പറഞ്ഞു. "വഴക്കുകൾ പറഞ്ഞുതീർക്കാൻ ശ്രമിക്കരുത്. ഒരോരുത്തരും സ്വയം ന്യായീകരിക്കാൻ ശ്രമിക്കുകയേള്ളൂ. എല്ലാം മറന്നേക്കണം. അതുകൊണ്ട് ബാഡ്മിന്റണും വോളിബോളും തുടങ്ങുന്നതു പോലെ വീണ്ടുമങ്ങ് തുടങ്ങണം . ' ലൗ വ് ഓൾ '( Love All). പിന്നെ, മുന്നോട്ട് സ്കോർ എണ്ണുകയും വേണ്ട."

അതോടെ ഒരിക്കലും തീരില്ലെന്ന് വിചാരിച്ച ആ കലഹം എന്നെന്നേക്കുമായി അവസാനിച്ചെന്ന്, ആ അമ്മയോടുള്ള ആദരവ് രേഖപ്പെടുത്തിക്കൊണ്ട് ഗോപാലകൃഷ്ണൻ പറയുന്നു .

മലയാളികളുടെ കപടസദാചാരത്തിനെതിരെ എന്ന് പ്രഖ്യാപിച്ച് അരനൂറ്റാണ്ട് മുൻപ് പുറത്ത് വന്നൊരു വ്യത്യസ്തമായ ചിത്രമാണ് "ചായം". അമ്മ തന്നെയാണ് പ്രധാന കഥാപാത്രം

മലയാള ചലചിത്ര രംഗത്ത്1952 ൽ പുറത്ത് വന്ന ''അമ്മ' മുതൽ 2022 ലെ 'സൗദി വെള്ളക്ക' വരെയുള്ള ചിത്രങ്ങളിൽ ''അമ്മ' പ്ര ധാന കഥാപാത്രങ്ങളായി ഒന്നിലധികം സിനിമകൾ വന്നിട്ടുണ്ട്. എന്നാൽ മലയാളികളുടെ കപടസദാചാരത്തിനെതിരെ എന്ന് പ്രഖ്യാപിച്ച് അരനൂറ്റാണ്ട് മുൻപ് പുറത്ത് വന്നൊരു വ്യത്യസ്തമായ ചിത്രമാണ് "ചായം". അമ്മ തന്നെയാണ് പ്രധാന കഥാപാത്രം.

ഈഡിപ്പസ് കോംപ്ലക്സ് പ്രമേയമാക്കി നിർമ്മിച്ച ആദ്യ ചിത്രമെന്നവകാശപ്പെട്ട ഈ പടത്തിന്റെ പിന്നണിക്കാർ ചില്ലറക്കാരായിരുന്നില്ല. സംവിധാനം: പി എൻ മേനോൻ. കഥ, തിരക്കഥ - മലയാറ്റൂർ രാ മകൃഷ്ണൻ. അഭിനയിക്കുന്നത് ഷീല , സുധീർ തുടങ്ങിയവർ.

മകനായ ചിത്രകാരൻ അമ്മയാണെന്നറിയാതെ, സ്വന്തം മാതാവിനെ പ്രേമിക്കുന്ന കഥ. കാലത്തിന് മുൻപേ വന്ന ചിത്രം. പക്ഷേ എട്ടുനിലയിൽ പൊട്ടി. ജനം അംഗീകരിച്ചില്ല. പടം കണ്ടവർ തിയേറ്ററിലെ കസേരകൾ തല്ലിപ്പൊളിച്ചു. സംവിധായകനെ കിട്ടിയാൽ കാല് തല്ലിയൊടിക്കുമെന്ന് പ്രഖ്യാപിച്ചാണ് പ്രേക്ഷകർ തിയറ്റർ വിട്ടത്.

പുതിയ ഗായകനായ അയിരൂർ സദാശിവൻ പാടിയ' അമ്മേ അമ്മേ അവിടത്തെ മുന്നിൽ ഞാനാര്?' എന്ന പ്രശസ്ത ഗാനത്തിന്റെ പേരിൽ മാത്രമാണ് ഈ ചി ത്രം ഇന്ന് ഓർമ്മിക്കപ്പെടുന്നത്.

അമ്മമാർക്കായ് ഒരു ദിനം കൂടി കടന്നു വരുമ്പോൾ ഓർമ്മ വരുന്നത് ഖലീൽ ജിബ്രാനെഴുതിയതാണ് 'അമ്മ', മനുഷ്യരാശിയു ടെ ചുണ്ടിലെ ഏറ്റവും മനോഹരമായ വാക്കാണത്.'

logo
The Fourth
www.thefourthnews.in