പ്രസംഗകലയിലെ എംടി

പ്രസംഗകലയിലെ എംടി

എംടി എന്ന പ്രാസംഗികനെ, വാക്കിനെ പിശുക്കി ഉപയോഗിക്കുന്ന ഒരാളിന്റെ പ്രസംഗങ്ങൾ എങ്ങനെ എന്നത് അത്രകണ്ട് പരിചിതമായ ഒരിടമാകണമെന്നില്ല

''കാലത്തിന്റെ നടപ്പാതയിൽ ഈ നിമിഷം പണ്ടേ സ്ഥാനംപിടിച്ചതായിരുന്നു. ഓടിക്കിതച്ചും, കാലിടറിയും അവസാനം നിങ്ങൾ ഇതിനുസമീപം എത്തിയിരിക്കുന്നു. യുഗങ്ങൾക്കു മുമ്പേ നിങ്ങൾക്കുവേണ്ടി രേഖപ്പെടുത്തിയ നിമിഷം...'' (മഞ്ഞ് ). ലുബ്ധന്റെ കയ്യിലെ നാണയങ്ങൾ പോലെ വാക്കുകളെ അത്രയും സൂക്ഷ്മമായി പ്രയോഗിക്കുന്ന ആളാണ് ശ്രീ എംടി വാസുദേവൻ നായർ. ഒരു എഴുത്തുകാരൻ എത്ര കണ്ടു ധ്യാനത്തോടെ തന്നിലേക്ക് ഒതുങ്ങി, അകം തിരയുന്ന കണ്ണുകളോടെ നിലകൊള്ളണമെന്നു പഠിപ്പിക്കുന്ന വ്യക്തിയും, സ്വാഭാവികമായുണ്ടാകുന്ന പ്രശസ്തിയുടെ ആഘോഷങ്ങളിൽ നിന്നെല്ലാം അകന്ന് സമൂഹത്തെ നിരീക്ഷിക്കുന്ന ക്രാന്തദർശിയായ എഴുത്തുകാരനും കൂടിയാണ് അദ്ദേഹം. എഴുത്തുകാരൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ കഥകളും നോവലുകളും തിരക്കഥകളും ലേഖനങ്ങളുമെല്ലാം നിരന്തരം ചർച്ച ചെയ്യപ്പെടുന്നതും, പഠന വിഷയമാകുന്നതുമാണ്. എന്നാൽ എംടി എന്ന പ്രാസംഗികനെ, വാക്കിനെ പിശുക്കി ഉപയോഗിക്കുന്ന ഒരാളിന്റെ പ്രസംഗങ്ങൾ എങ്ങനെ എന്നത് അത്രകണ്ട് പരിചിതമായ ഒരിടമാകണമെന്നില്ല.

സാഹിത്യം, സിനിമ, പത്രപ്രവർത്തനം എന്നീ തട്ടകങ്ങളെപ്പോലെ പ്രസംഗകലയെ എംടി ഒരിക്കലും ഒരു ആവിഷ്കാര സാന്നിധ്യമായി കണ്ടിട്ടില്ല എന്നുവേണം കരുതാൻ. വളരെകുറച്ച് അവസരങ്ങളിൽ മാത്രമാണ് പ്രസംഗമെന്ന കലയെ അദ്ദേഹം പുറത്തെടുത്തിട്ടുള്ളത്. ജ്ഞാനപീഠ പുരസ്കാരം സ്വീകരിച്ചുകൊണ്ടും ഡി.ലീറ്റ് ബഹുമതി ഏറ്റുവാങ്ങിയും നടത്തിയ പ്രസംഗങ്ങളാണ് അവയിൽ അല്പമെങ്കിലും ദീർഘവും മുൻകൂട്ടി എഴുതി തയ്യാറാക്കിയതുമെന്നാണ് എംടിയുടെ പ്രസംഗങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ "വാക്കുകളുടെ വിസ്മയം "എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നത്. മുപ്പത്തിരണ്ടു പ്രസംഗങ്ങളെ അഞ്ചാക്കി പകുത്തുകൊണ്ടാണ് 'വാക്കുകളുടെ വിസ്മയം' തയ്യാറാക്കിയിട്ടുള്ളത്. പ്രസംഗിക്കുന്ന ഓരോ സന്ദർഭങ്ങളിലും ബഹുമതികൾ ഏറ്റുവാങ്ങിക്കൊണ്ട് സാഹിത്യത്തെയോ സ്വന്തം രചനങ്ങളെയോ പ്രമേയമാക്കാനോ മഹത്വവത്കരിക്കാനോ ശ്രമിക്കാതെ താൻ പിന്നിട്ട് പോന്ന വഴികളെ ഓർത്തെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

ഓർമകളിലൂടെയാണ് അദ്ദേഹം മുന്നോട്ട് നീങ്ങുന്നത്. ഭൂതകാലത്തിന്റെ ഓർമ്മകളാണ് തന്റെ കലാസൃഷ്ടികൾക്ക് വിഷയമാക്കുന്നത്. തകഴിയേയും ബഷീറിനേയും ഉറൂബിനേയും എം പി നാരായണപിള്ളയെയും വായിക്കുന്നതുപോലെ തന്നെ പ്രശസ്തരായ നിരവധി പാശ്ചാത്യ എഴുത്തുകാരുടെ നീണ്ട നിര തന്നെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്

എംടി എപ്പോഴും താൻ ജീവിച്ച ജീവിതവും പരിചയിച്ച ഇടങ്ങളും തന്റെ എഴുത്തിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. തന്റെ ഗ്രാമവും ഗ്രാമത്തിലെ പരിചയക്കാരേയും വിട്ടൊരു കഥാഭൂമിക അദ്ദേഹത്തിന് വിരളമായിരുന്നു. കൂടല്ലൂർ ഗ്രാമത്തെ കുറിച്ചും, നാലുകെട്ടിലെ ജീവിതങ്ങളും, കുട്ട്യേടത്തിയും ഓപ്പോളും സേതുവുമെല്ലാം അദ്ദേഹത്തിന്റെ വെറും കഥാപാത്ര സൃഷ്ടികളല്ലായിരുന്നു എന്നത് ഓരോ അഭിമുഖങ്ങളിൽ നിന്നും, പല പ്രസംഗങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങളാണ്. ദാരിദ്ര്യം പിടിച്ച ചുറ്റുപാടുകളും, കാലയവനികൾക്കുള്ളിൽ മറയ്‌ക്കേണ്ട ആചാരങ്ങളും നിറഞ്ഞതാണ് എംടിയുടെ കഥാസമ്പത്ത് എന്ന് പുതിയ തലമുറയിലെ ചിലരെങ്കിലും വിമർശനരൂപേണ പറയാറുണ്ട്. ഒരു അഭിമുഖത്തിൽ താൻ പുതിയ പ്രാദേശിക എഴുത്തുകൾ ഒന്നും വായിച്ചിട്ടില്ലെന്നും ലോകഭാഷയിലെ പുസ്തകങ്ങളാണ് വായിക്കാറുള്ളതെന്നുമുള്ള അഭിപ്രായത്തെ നിശിതമായി വിമർശിക്കാൻ സോഷ്യൽ മീഡിയയിലും അല്ലാതെയും ആളുകൾ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പേതന്നെ എംടി തന്റെ വായനയെക്കുറിച്ചും ഗ്രാമവും വീടും ബന്ധങ്ങളുമായുള്ള കെട്ടുപാടിനെ കുറിച്ചും പറഞ്ഞുവച്ചതാണ്. ഓർമകളിലൂടെയാണ് അദ്ദേഹം മുന്നോട്ട് നീങ്ങുന്നത്. ഭൂതകാലത്തിന്റെ ഓർമ്മകളാണ് തന്റെ കലാസൃഷ്ടികൾക്ക് വിഷയമാക്കുന്നത്. തകഴിയേയും ബഷീറിനേയും ഉറൂബിനേയും എംപി നാരായണപിള്ളയെയും വായിക്കുന്നതുപോലെ തന്നെ പ്രശസ്തരായ നിരവധി പാശ്ചാത്യ എഴുത്തുകാരുടെ നീണ്ട നിരതന്നെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ആത്മകഥ എന്നൊരു തീരുമാനം എംടി സ്വീകരിക്കുമ്പോൾ കാലത്തോടും ലോകത്തോടും അദ്ദേഹത്തിന് അല്പംകൂടി പറഞ്ഞുവയ്ക്കാനുണ്ടാകുമെന്നത് ഉറപ്പാണ്.

ജ്ഞാനപീഠം അവാർഡ് സ്വീകരിച്ചുകൊണ്ട് 1996 മാർച്ച് 25ന് തിരുവനന്തപുരത്തുവെച്ച് എംടി സംസാരിച്ചതിന്റെ പൂർണ്ണരൂപത്തോടെയാണ് വാക്കിന്റെ വിസ്മയം എന്ന പുസ്തകം ആരംഭിക്കുന്നത്. "സാഫല്യത്തിന്റെ മുഹൂർത്തം "എന്ന് ടൈറ്റിൽ കൊടുത്ത ആ പ്രസംഗത്തിൽ/ ലേഖനത്തിൽ തനിക്ക് മുന്നേ മലയാളത്തിലേക്ക് ജ്ഞാനപീഠം കൊണ്ടുവന്ന മഹാരഥന്മാരെ ഓർത്തുകൊണ്ടാണ് എംടി സംസാരം തുടങ്ങുന്നത്. പുരസ്കാരം ലഭിച്ച ജി ശങ്കരക്കുറുപ്പ് സമ്മാനത്തുകയിൽ നിന്നും നീക്കിവെച്ച സംഖ്യ കൊണ്ട് ആരംഭിച്ച ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് 'വാനപ്രസ്ഥം' എന്ന ചെറുകഥ സമാഹാരത്തിന് ലഭിച്ച സന്തോഷവും എംടി പങ്കുവയ്ക്കുകയുണ്ടായി. തകഴിയും എസ് കെ പൊറ്റക്കാടുമായുള്ള ആത്മബന്ധവും എംടി മറക്കുന്നില്ല. മലയാളം എന്ന ഭാഷയിൽ അഭിമാനിക്കുകയും മറ്റേതു ഭാഷയിലുള്ള മഹത് സൃഷ്ടികളെ ഇരുകൈനീട്ടി സ്വീകരിക്കാൻ തയ്യാറായ മലയാള സാഹിത്യ ലോകത്തെ കുറിച്ച് പരാമർശിക്കാനും അദ്ദേഹം മറന്നില്ല. ടോൾസ്റ്റോയി, ചെക്കോവ് മൊപ്പോ സാങ്ങ് വിക്ടർ ഹ്യൂഗോ, ഫ്ളോബേർ തുടങ്ങിയവരുടെ കൃതികളുടെ വിവർത്തനങ്ങൾ മൂലകൃതിയുടെ ഭാഷയേതെന്നോ ദേശമേതെന്നോ നോക്കാതെ മലയാള സമൂഹം ഏറ്റെടുത്തത് സാഹിത്യം എന്നത് ലോകത്തിന്റെ ഏതു കോണിൽ ഉരുവപ്പെട്ടതാണെങ്കിലും അത് തങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്നുള്ള സാംസ്കാരിക പൈതൃകത്തിലാണ് മലയാളികൾ ഓരോരുത്തരും ജീവിക്കുന്നതെന്ന് വിശ്വസിക്കുന്ന ഒരാളാണ് എംടി.

അസ്വാസ്ഥ്യങ്ങളും സംഘർഷങ്ങളും നിറഞ്ഞ കാലത്തിലൂടെ സഞ്ചരിക്കുമ്പോൾ, നീതിയുടെയും സത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ഒരു മേഖല എവിടെയുണ്ടെന്ന് നിരന്തരം അന്വേഷണം നടത്താൻ ഒരു എഴുത്തുകാരൻ ബാധ്യസ്ഥനാണ്

കേവലം ഒരു കുഗ്രാമത്തിൽ പിറന്ന്, പ്രാദേശിക ഭാഷയിൽ മാത്രം എഴുതി, ബഹുമതികളുടെയും അംഗീകാരങ്ങളുടെയും നടുവിൽ നിൽക്കാൻ കാരണമായത് താനൊരു എഴുത്തുകാരനായതുകൊണ്ട് മാത്രമാണെന്ന് എംടി ഓർമ്മിക്കുന്നു. ഓരോ നിമിഷവും പ്രവർത്തിച്ചുകൊണ്ട് തന്റെ കർമ്മത്തെ ലോകം ശ്രദ്ധിക്കുന്നതുവരെ പോരാടേണ്ടവനാണ് ഒരു എഴുത്തുകാരനെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. അസ്വാസ്ഥ്യങ്ങളും സംഘർഷങ്ങളും നിറഞ്ഞ കാലത്തിലൂടെ സഞ്ചരിക്കുമ്പോൾ, നീതിയുടെയും സത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ഒരു മേഖല എവിടെയുണ്ടെന്ന് നിരന്തരം അന്വേഷണം നടത്താൻ ഒരു എഴുത്തുകാരൻ ബാധ്യസ്ഥനാണ്. ഒരിക്കലും കിട്ടാത്ത തൃപ്തികരമായ ഉത്തരങ്ങളിൽ ആകുലപ്പെടാതെ, പ്രകൃതിയും ഈശ്വരനും മൗനം പാലിക്കുമ്പോൾ എഴുത്തുകാരൻ നിരന്തരം തന്നോട് തന്നെ ചോദ്യങ്ങൾ ചോദിച്ച് ഈ ജീവിതത്തെക്കാൾ ജീവസുറ്റ ജീവിതം മാത്രം ആഗ്രഹിച്ചു മുന്നോട്ടു പോകേണ്ടവനാണ് ഒരു യഥാർത്ഥ എഴുത്തുകാരൻ എന്ന വലിയൊരു സത്യത്തെയും എം ടി വാസുദേവൻ നായർ പറഞ്ഞു വയ്ക്കുന്നു.

ഓർമ്മയിലെ കുട്ടിക്കാലവും വിദ്യാഭ്യാസത്തിനുശേഷം എഴുത്തുകാരനാകണമെന്ന അതിയായ ആഗ്രഹവും പങ്കുവെച്ചുകൊണ്ടാണ് കാലിക്കറ്റ് സർവകലാശാലയിലെ ഡീ.ലിറ്റ് സ്വീകരിച്ചുകൊണ്ട് 1996 ജൂൺ 22ന് തേഞ്ഞിപ്പലത്ത് പ്രസംഗിച്ചത്. സാഹിത്യത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് പത്രപ്രവർത്തനരംഗത്തെ ജോലിക്ക് ശ്രമിച്ചതും കെ പി കേശവമേനോനെന്ന അതികായനുമായുള്ള ആത്മ ബന്ധവും മാതൃഭൂമിയിൽ ജോലിക്ക് കയറിയതുമായ കാര്യങ്ങൾ അദ്ദേഹം വിവരിക്കുന്നുണ്ട്. സാഹിത്യവുമായി ബന്ധപ്പെട്ട പത്ര പ്രവർത്തനമായതിനാൽ നിരന്തരം കയ്യെഴുത്ത് പ്രതികൾ വായിക്കേണ്ടി വന്നതും വിരസവും സരസവും നിറഞ്ഞ ആ രചനകൾ ജീവിതത്തിന്റെ തന്നെ ഭാഗമായതിനെക്കുറിച്ചും അദ്ദേഹം ഓർത്തെടുക്കുന്നു.

ഒരു എഴുത്തുകാരൻ തന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് എത്രമാത്രം പവിത്രത നൽകുന്നുവോ, അത്ര മാത്രം സാർവലൗകികമായ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള കടമയുണ്ടെന്നും വിശ്വസിക്കുന്ന ആളു കൂടിയാണ് എംടി വാസുദേവൻ നായരെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കുകളിൽ നിന്നും വ്യക്തമാക്കുന്നതാണ്

ഒരിക്കലും അവസാനിക്കാത്ത അത്ഭുതമായ അറിവാണ് ഓരോ മനുഷ്യന്റെയും ശക്തിയും സ്വാതന്ത്ര്യവും. അറിവിന്റെ അതിർത്തി കാണാത്ത അതിരുകളിലേക്ക് സഞ്ചരിക്കുമ്പോഴെല്ലാം ഒരു തീർത്ഥാടനത്തിന്റെ സാഫല്യം നുകരാൻ കഴിയുമെന്നത് ഓർക്കേണ്ടതാണ്. നേടിയ അറിവുകളുടെ പേരിൽ അഹങ്കരിക്കാതെ ഇനിയും നേടാനിരിക്കുന്ന അറിവുകളെ ആരാധനയോടെ അന്വേഷിച്ചുകൊണ്ടിരുന്നതിന്( ആത്മാർത്ഥതയ്ക്കാണ്) തനിക്ക് കിട്ടുന്ന ഓരോ അംഗീകാരത്തെയും എംടി കണക്കാക്കുന്നത്. പുരസ്കാരങ്ങൾ സ്വീകരിച്ചുകൊണ്ടല്ലാതെ വളരെ അപൂർവമായി ചില പ്രത്യേക വിഷയങ്ങളെ ഏറ്റെടുത്തും എംടി സംസാരിക്കുകയുണ്ടായി. 1995 ബാംഗ്ലൂരിൽ ഇന്ത്യൻ സാഹിത്യത്തിൽ 'പുരാവൃത്തങ്ങളുടെ പങ്ക്' എന്ന വിഷയത്തെക്കുറിച്ച് ഇംഗ്ലീഷിൽ ആയിരുന്നു അദ്ദേഹത്തിന്റെ സംസാരം. വാക്കുകളുടെ വിസ്മയത്തിനു വേണ്ടി എം എൻ കാരശ്ശേരിയാണ് അത് പരിഭാഷപ്പെടുത്തിയത്. സാഹിത്യം എപ്പോഴും അത് ഉരുവംകൊണ്ട പ്രദേശത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, പുരാവൃത്തങ്ങൾ, ഐതിഹ്യങ്ങൾ, നാട്ടറിവുകൾ മുതലായവയുടെ സ്വാധീനത്തിന് വിധേയമായിട്ടുണ്ട്. ഓരോ ഗ്രാമത്തിനും ഓരോ സമുദായത്തിനും പുരാവൃത്തങ്ങളുടെയും ഐതിഹ്യങ്ങളുടെയും സ്വന്തമായ ഒരു ശേഖരവുമുണ്ട്. ഈ പ്രാദേശിക പുരാവൃത്തങ്ങളെല്ലാം തന്നെ സാഹിത്യത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. മലയാളത്തിലെ പല കവികളിലും നോവലിസ്റ്റുകളിലും ഐതിഹ്യങ്ങളെ കുറിച്ചും സമുദ്രത്തെ സർവ്വാധിക ശക്തിയായ സാന്നിധ്യമായും നിലകൊള്ളിച്ചിട്ടുണ്ട്. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീനിൽ കടൽ ഒരു സജീവ കഥാപാത്രമായി മാറുന്നുണ്ട്. പുരാതനകാലത്ത് എഴുത്തുകാരിൽ പലരുടെയും ജീവിതം പുരാവൃത്തങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. മലയാളഭാഷാ പിതാവ് എഴുത്തച്ഛൻ ഗന്ധർവന്റെ അവതാരമാണെന്ന് വിശ്വസിച്ചിരുന്ന ഒരുകൂട്ടം ആളുകൾ ഉണ്ടായിരുന്നു. പുരാവൃത്തങ്ങളെ ഉപമാനങ്ങൾ എന്ന നിലയിലാണ് ആധുനിക സാഹിത്യകാരന്മാർ അവരുടെ കൃതികളിൽ ഉപയോഗിച്ചിരുന്നത്. ഒ വി വിജയൻ, കോവിലൻ, എൻ പി മുഹമ്മദ്‌, പുനത്തിൽ കുഞ്ഞബ്ദുള്ള, എം മുകുന്ദൻ തുടങ്ങിയവരെല്ലാം ഈ രീതി പരീക്ഷിക്കുന്നവരാണെന്നാണ് എംടിയുടെ കണ്ടെത്തൽ. ഒരു എഴുത്തുകാരൻ തന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് എത്രമാത്രം പവിത്രത നൽകുന്നുവോ, അത്ര മാത്രം സാർവലൗകികമായ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള കടമയുണ്ടെന്നും വിശ്വസിക്കുന്ന ആളു കൂടിയാണ് എംടി വാസുദേവൻ നായരെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കുകളിൽ നിന്നും വ്യക്തമാക്കുന്നതാണ്.

ചെറുകഥയുടെ അടരുകളെ കുറിച്ച് കേരള സാഹിത്യ അക്കാദമി 1988ൽ ഗുരുവായൂരിൽ വച്ച് നടത്തിയ ചെറുകഥാ ക്യാമ്പിൽ സംസാരിക്കുമ്പോൾ ആയിരത്തൊന്നു രാവുകളിൽ കഥ പറഞ്ഞ ഷെഹർസാദയെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റിയ കഥാകാരിയായി എംടി കണക്കാക്കുന്നുണ്ട്. വിരസതയെ വെല്ലുവിളിച്ചുകൊണ്ട് ആസ്വാദകനെ പിടിച്ചടുപ്പിക്കുന്ന വിധത്തിൽ എങ്ങനെ കഥ പറയണമെന്നതിന്റെ ഉത്തമോദാഹരണമാണ് ആയിരത്തൊന്നു രാവുകൾ. ഒരു കഥ വായനക്കാരന്റെ നെഞ്ചിലേക്ക് ഇടിച്ചുകയറുന്ന വിധത്തിലാകണമെന്നാണ് അദ്ദേഹം പറയുന്നത്. ഹൃദയത്തിൽ നിന്നുള്ള ആക്രോശം/തീവ്രമായ ഒരു വിലാപമാണ് ചെറുകഥ. ഇന്ത്യയിലെ ചെറുകഥാ പ്രസ്ഥാനത്തെ സ്വാധീനിച്ചിട്ടുള്ള ലോക പ്രശസ്തരായ എഴുത്തുകാരാണ് ആന്റൻ ചേക്കോവും, മോപ്പാസാങ്ങും.

ഓരോ എഴുത്തുകാരും വേറിട്ട ശൈലിയുടെ ഉടമകളാണ്. അവനവനെ പറ്റി മാത്രമോ അല്ലെങ്കിൽ സ്വന്തം നാട്, സ്വന്തം പരിതസ്‌ഥിതി, അതുമാത്രം കഥയ്ക്ക് വിഷയമാക്കുകയോ ചെയ്യുന്നത് ഒരിക്കലും ദുർബലമായ പരിമിതിയല്ല. മറിച്ച് ആ പരിമിതികളെ മേന്മയും ശക്തിയുമാക്കി മാറ്റാനുള്ള കഴിവ് കൂടി എഴുത്തുകാരൻ ആർജിക്കുന്നു

മറ്റുള്ള നാടുകളിൽ (തമിഴ് നാട്, കർണാടക) ജാതി നോക്കി സാഹിത്യത്തിലും രാഷ്ട്രീയത്തിലും ആളുകളെ വേർതിരിക്കുന്നത് കാണുമ്പോൾ മലയാളത്തിൽ ഏതു ജാതിക്കും, മതത്തിനും, നിറത്തിനുമുള്ള സ്വീകാര്യത എംടി വെളിപ്പെടുത്തുന്നുണ്ട്. ഒരു എഴുത്തുകാരന്റെ ഉള്ളിൽ കഥയുടെ ബീജം രൂപപ്പെട്ട് വരുന്നത് മുതൽ അയാൾ ധ്യാനനിമഗ്നനായി അതിനെ വളർത്താൻ ശ്രമിക്കുന്നു. എഴുത്തുകാരന്റെ മനസ്സിലെ കഥ വായനക്കാരന്റെ മനസ്സിലേക്കെത്തുമ്പോൾ അവിടെ വേറൊരു കഥയായി പരിണമിക്കുന്നു. ആ സമയം എഴുത്തുകാരനും വായനക്കാരനും ഏതെങ്കിലും തരത്തിൽ ഒരു ബന്ധം സ്ഥാപിക്കാൻ കഴിയണം. ഓരോ എഴുത്തുകാരും വേറിട്ട ശൈലിയുടെ ഉടമകളാണ്. അവനവനെ പറ്റി മാത്രമോ അല്ലെങ്കിൽ സ്വന്തം നാട്, സ്വന്തം പരിതസ്‌ഥിതി, അത് മാത്രം കഥയ്ക്ക് വിഷയമാക്കുകയോ ചെയ്യുന്നത് ഒരിക്കലും ദുർബ്ബലമായ പരിമിതിയല്ല. മറിച്ച് ആ പരിമിതികളെ മേന്മയും, ശക്തിയുമാക്കി മാറ്റാനുള്ള കഴിവ് കൂടി എഴുത്തുകാരൻ ആർജ്ജിക്കുന്നു. എം പി നാരായണ പിള്ള, ഒ വി വിജയൻ, വികെഎൻ, എം മുകുന്ദൻ എന്നിവർക്ക് മറുനാടൻ അനുഭവങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് അവർ മികച്ച കഥകളെഴുതി. എന്നാൽ കാരൂർ നീലകണ്ഠപിള്ള വ്യത്യസ്തനാകുന്നത് തന്റെ സ്വന്തം അനുഭവങ്ങൾ കഥകളാക്കി കൊണ്ടാണ്.

ആരെയും വേദനിപ്പിക്കാതെ, ആരെയും ആക്ഷേപിക്കാതെ എഴുത്തിന്റെ ഇനിയുള്ള തലമുറകൾക്ക് നെല്ലും പതിരും തിരിച്ചറിയാൻ പാകത്തിൽ ഉള്ളതൊക്കെയും എംടി തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു

ആരെയും വേദനിപ്പിക്കാതെ, ആരെയും ആക്ഷേപിക്കാതെ എഴുത്തിന്റെ ഇനിയുള്ള തലമുറകൾക്ക് നെല്ലും പതിരും തിരിച്ചറിയാൻ പാകത്തിൽ ഉള്ളതൊക്കെയും എംടി തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഒന്നാലോചിച്ചാൽ എംടി വാസുദേവൻ നായരുടെ എഴുത്തുകൾ പോലെ തന്നെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും വായനക്കാരിലേക്ക്, അല്ലെങ്കിൽ മലയാളത്തെ സ്നേഹിക്കുന്ന തലമുറയിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണ്. കാരണം, പറയുന്ന വിഷയം അതേതു വിഭാഗമായാലും അതിന്റെ സത്തയെ ഉൾക്കൊണ്ട്‌ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ, കേൾവിക്കാരെ കയ്യിലെടുക്കാനുള്ള ചെപ്പടി വിദ്യകളൊന്നും കാണിക്കാതെ ആർക്കെങ്കിലും ഒരാൾക്ക് ഉപകാരമാകട്ടെ എന്ന മനസ്സോടെ രുചികരമായൊരു വിഭവത്തിന്റെ രഹസ്യ കൂട്ട് പറഞ്ഞു കൊടുക്കുന്നപോലെയാണ് അദ്ദേഹം ഓരോ ഓർമ്മകളും അനുഭവങ്ങളും പങ്കു വയ്ക്കുന്നത്.

ജീവിതത്തിന്റെ ഒഴുക്കിൽ കണ്ണും കാതും തുറന്നു പിടിച്ച് നിവർന്നു നിന്നുകൊണ്ട് അനേകം ശബ്ദങ്ങൾക്കിടയിൽ നിന്ന് തനിക്കു വേണ്ടത് മാത്രം തിരഞ്ഞു പിടിച്ച് സ്വാനുഭവമാക്കി മാറ്റുന്നവനാണ് യഥാർത്ഥ കഥാകാരനെന്ന് എംടിക്ക് അറിയാമായിരുന്നു

കണ്ടും കേട്ടുമറിഞ്ഞ അനേകം അനുഭവങ്ങൾ മനസ്സിൽ വെച്ച് ഒരു രാസപ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ട് കഥകൾ ജനിപ്പിക്കുന്നവരാണ് ഒരു കഥാകാരൻ എന്നാണ് ആന്റൻ ചേക്കോവ് പറഞ്ഞിട്ടുള്ളത്. അതായത് ഒരു എഴുത്തുകാരൻ ഒരു കെമിസ്റ്റിന്റെ ജോലിയാണ് ചെയ്യുന്നത് എന്നർത്ഥം. യുദ്ധവും, പ്രണയവും, അടിയന്തരാവസ്ഥയും, വിഭാജനവുമെല്ലാം കഥകൾക്ക് പ്രമേയമാകുമ്പോൾ എഴുത്തുകാരൻ അവിടെ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നു. ആഖ്യാനത്തിലെ വൈവിധ്യങ്ങൾ കൊണ്ടു മാത്രമേ വായനക്കാരെ ആനന്ദിപ്പിക്കാൻ എഴുത്തുകാരന് കഴിയുള്ളൂ. തടിച്ച ഭാഷയുടെ പുറംതോടുകൊണ്ട് വായനക്കാരെ അലോസരപ്പെടുത്താതെ ലാളിത്യം കൊണ്ട് അവരെ ആകർഷിക്കാൻ കഴിയുന്നതാകണം ഒരു നല്ല കഥാകൃത്തിന്റെ ജീവിതം. ജീവിതത്തിന്റെ ഒഴുക്കിൽ കണ്ണും കാതും തുറന്നു പിടിച്ച് നിവർന്നു നിന്നുകൊണ്ട് അനേകം ശബ്ദങ്ങൾക്കിടയിൽ നിന്ന് തനിക്കു വേണ്ടത് മാത്രം തിരഞ്ഞു പിടിച്ച് സ്വാനുഭവമാക്കി മാറ്റുന്നവനാണ് യഥാർത്ഥ കഥാകാരാനെന്ന് എംടിക്ക് അറിയാമായിരുന്നു.

കഥ, നോവൽ, ഭൂതകാല ഓർമ്മകൾ എന്നിവയ്ക്ക് പുറമെ തന്റെ പ്രിയപ്പെട്ട എഴുത്തുകാരെ /സുഹൃത്തുക്കളുടെ അനുസ്മരണത്തിലും എംടി സംസാരിക്കുന്നുണ്ട്. തകഴി, ബഷീർ, എംപി നാരായണപിള്ള, എംഎൻ സത്യാർഥി എന്നിവർ അവരിൽ ചിലരാണ്. എംടിയെ പോലെ തന്നെ താൻ ജീവിച്ച പ്രദേശത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, കാലാവസ്ഥ, മിത്തുകൾ, നരവംശ ശാസ്ത്രം എന്നിവയെയെല്ലാം പ്രത്യക്ഷമായും പരോക്ഷമായും തങ്ങളുടെ എഴുത്തിൽ ഉൾകൊള്ളിച്ചവരാണ് തകഴിയും വൈക്കം മുഹമ്മദ്‌ ബഷീറും. കയർ, തൊട്ടിയുടെ മകൻ, വെള്ളപൊക്കത്തിൽ, ചെമ്മീൻ എന്നീ കൃതികളെയൊക്കെ അനാവരണം ചെയ്യുമ്പോൾ ലാളിത്യത്തെ കൂട്ടുപിടിച്ച് കുട്ടനാടിന്റെയും നിലനിന്ന കാലഘട്ടത്തിന്റേയും ചരിത്രപ്രധാനമായ ആവശ്യമായിട്ടാണ് തകഴിയെ എംടി ഓർക്കുന്നത്.

ബഷീർ എന്ന എഴുത്തുകാരൻ ഏറ്റവും പ്രിയങ്കരനായി മാറുന്നത് അദ്ദേഹത്തിന്റെ സാഹിത്യം ഒന്നുകൊണ്ട് മാത്രമല്ല, ആ മനുഷ്യന്റെ അതിസാധാരണത്വം കൊണ്ടുകൂടിയാണ്. നിരവധി വിമർശന പീഡനങ്ങളിൽ നിന്ന് (എസ് ഗുപ്തൻ നായരുടെ വിമർശനങ്ങൾ ) അതിജീവിച്ചു വന്ന ബഷീർ ബേപ്പൂർ രാജ്യത്തിന്റെയും, മലയാളത്തിന്റേയും സുൽത്താനായി മാറിയത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് മാത്രമാണെന്നാണ് എംടി യുടെ നിരീക്ഷണം. ചുരുക്കത്തിൽ കേരളത്തിന്റെ പാരമ്പര്യവും ഭാഷപരമായ സത്തയും അതിജീവിക്കുന്ന ഇടത്തിന്റെ നിലനിൽപ്പും തന്റെ എഴുത്തിലും വാക്കുകളിലുമായി ആളുകളിലേക്ക്/സാഹിത്യ സ്നേഹികളിലേക്ക് എത്തിക്കാൻ എംടി ശ്രമിച്ചിരുന്നു എന്ന് നിസ്സംശയം പറയാം.

വിമർശനങ്ങൾ അനവധിയുണ്ടാവാം, എംടി എന്ന വായനക്കാരനെ, നിരീക്ഷകനെ മറക്കുന്നതിന്റെ ഭാഗമായാണ് ആ വിമർശനങ്ങൾ ഉയർന്നു വരുന്നത്. അദ്ദേഹത്തിന്റെ നിരന്തരമായ വായനയിലൂടെ ആർജിച്ച വിവരങ്ങളും, അനുഭവത്തിന്റെ വെളിച്ചത്തിൽ സ്വാംശീകരിച്ച കണ്ടെത്തലുകളുമാണ് കഥയും, നോവലും, തിരക്കഥയും ലേഖനങ്ങളുമായി പുറത്തുവരുന്നത്

ഒൻപതു പതിറ്റാണ്ടിന്റെ തലയെടുപ്പോടെ നിറഞ്ഞുനിൽക്കുമ്പോഴും തന്റെ ദേശത്തെയും മണ്ണിനേയും മലയാളത്തേയും മറന്നു ജീവിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. ഒരിക്കൽ എൻ പി മുഹമ്മദുമായുള്ള സംസാരത്തിൽ എംടി സൂചിപ്പിക്കുന്ന ഒരു കാര്യമുണ്ട് - 'തിരിഞ്ഞു നോക്കുമ്പോൾ അല്പം കൃഷിസ്ഥലം മാത്രം പാട്ടത്തിന് കിട്ടിയ ഒരു കർഷകൻ മാത്രമാണ് താൻ.. താനൊരാൾ എഴുതിയില്ലെങ്കിൽ ഒരബദ്ധവും സാഹിത്യത്തിന് സംഭവിക്കാൻ പോകുന്നില്ല' - അതെ, എഴുത്തുകാരനെയല്ല എഴുത്താണ് ആളുകൾ ശ്രദ്ധിക്കുന്നത് എന്ന വ്യക്തമായ ബോധം അദ്ദേഹത്തിനുണ്ട്. വിമർശനങ്ങൾ അനവധിയുണ്ടാവാം, എംടി എന്ന വായനക്കാരനെ, നിരീക്ഷകനെ മറക്കുന്നതിന്റെ ഭാഗമായാണ് ആ വിമർശനങ്ങൾ ഉയർന്നു വരുന്നത്. അദ്ദേഹത്തിന്റെ നിരന്തരമായ വായനയിലൂടെ ആർജിച്ച വിവരങ്ങളും, അനുഭവത്തിന്റെ വെളിച്ചത്തിൽ സ്വാംശീകരിച്ച കണ്ടെത്തലുകളുമാണ് കഥയും, നോവലും, തിരക്കഥയും ലേഖനങ്ങളുമായി പുറത്തുവരുന്നത്. ഒപ്പം അദ്ദേഹത്തിന്റെ തീവ്രമായ ആത്മാവിഷ്കരത്തിന്റെ ഫലം കൂടിയാണ് അദ്ദേഹത്തിന്റെ സാഹിത്യ സമ്പത്ത്.

എംടി വാസുദേവൻ നായർ 'വാക്കുകളുടെ വിസ്മയ'മാകുന്നതും സ്വതസിദ്ധമായ വാക്കിന്റെ പിശുക്ക് കൊണ്ടുകൂടിയാണ്

ദാരിദ്ര്യത്തിന്റേയും നാലുകെട്ടിലെ ആചാരങ്ങളുടെയും, സവർണ്ണ, മരുമക്കത്തായ നിലനിൽപ്പുകളുടെയും ലോകത്തു ജീവിച്ചു പരിചയിച്ചതിനാലാണ് നാലുകെട്ടും കാലവും അസുരവിത്തും ഉണ്ടാകുന്നത്. മഹാഭാരത വായനയുടെ സ്വാധീനമാണ് രണ്ടാമൂഴത്തിന്റെ പിന്നിൽ. അങ്ങനെ നോക്കുമ്പോൾ ഇതൊക്കെയാണ് എംടി വാസുദേവൻ നായർ എന്ന വ്യക്തിയെ അല്ലെങ്കിൽ എഴുത്തുകാരനെ വേറിട്ട് നിർത്തുന്നത്. ഇനിയും എഴുതിയിട്ടില്ലാത്ത തന്റെ ആത്മകഥയിൽ എഴുതാനുള്ളതും ഇതേ ഓർമ്മകളാകാം, പറഞ്ഞതും അറിഞ്ഞതുമായ ഓർമ്മകൾ. ആ ഓർമ്മകളിലാണ് ആ എഴുത്തുകാരൻ ജീവിക്കുന്നത്. ഓരോ പ്രസംഗം /അഭിമുഖം അവതരിപ്പിക്കുമ്പോഴും ആറ്റി കുറുക്കിയ അല്പം സത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിയുന്നത് അതേ അനുഭവങ്ങൾ കൈവരിച്ചതിനാലാണ്. എംടി വാസുദേവൻ നായർ 'വാക്കുകളുടെ വിസ്മയ'മാകുന്നതും സ്വതസിദ്ധമായ വാക്കിന്റെ പിശുക്ക് കൊണ്ടു കൂടിയാണ്.

logo
The Fourth
www.thefourthnews.in