എംടി എന്ന അനുഭവം

എംടി എന്ന അനുഭവം

എംടിയുമായുള്ള കൂടിക്കാഴ്ചകൾ ഓർത്തെടുത്ത് കെ ബാലകൃഷ്ണൻ

എംടി വാസുദേവന്‍നായര്‍, സിതാര, കൊട്ടാരം റോഡ്, കോഴിക്കോട്-4 എന്ന വിലാസവും ഇടവഴിയെന്ന് തോന്നിക്കുന്ന റോഡിലൂടെ ആ വീട്ടിലെത്താനുള്ള വഴിയും മനപ്പാഠമായിരുന്നു. 40 കൊല്ലം മുൻപത്തെ കഥയാണ്. ഏറ്റവും ആരാധിക്കുന്ന എഴുത്തുകാരന്റെ വീട്. മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ് എന്നീ തിരക്കഥകള്‍ വായിച്ച ഓര്‍മ...സീന്‍ ഒന്ന്, രണ്ട് എന്ന് മുന്നേറുന്ന ദൃശ്യകഥ... മുറപ്പെണ്ണിലെ ബാലേട്ടനായി പ്രേംനസീര്‍ മനസ്സിലെ ആരാധനാപാത്രം. ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍ ഞാന്‍ ഭ്രാന്തനാണ് എന്നെ ചങ്ങലക്കിടൂ എന്ന് പറയുന്ന രംഗം... ചിമ്മിനിവിളക്കിന്റെ വെളിച്ചത്തില്‍ വായിച്ച് രാവുപകലാക്കിയ കാലം. ചിമ്മിനിയിലെ പുകകൊണ്ട് മൂക്കില്‍ ദശവളരുന്നകാലം.

സിനിമ മനസ്സിലായെന്നോ മനസ്സിലായില്ലെന്നോ പറയാതെയാണ് തീയേറ്ററില്‍നിന്ന് മടങ്ങിയത്. പിന്നെ കറുത്തചന്ദ്രന്‍ എന്ന കഥ വായിച്ചതോടെ സിനിമയിലെ സീനുകളൊന്നൊന്നായി മനസ്സില്‍ നിറഞ്ഞു

അങ്ങനെയിരിക്കെയാണ് കമ്പില്‍ ഗായത്രിയില്‍ ഒരു വായനശാലയുടെ ധനശേഖരണാര്‍ഥം ഏകാകിനി കളിക്കുന്നത്. ഒറ്റദിവസം നാല് ഷോ. കറുത്ത ചന്ദ്രന്‍ എന്ന സ്വന്തം കഥയെ അടിസ്ഥാനമാക്കി എംടിയും പി രാമന്‍നായരും തിരക്കഥയും സംഭാഷണവും (ആകെ നാലോ അഞ്ചോ സംഭാഷണമേയുള്ളുവെന്നാണോര്‍മ) തയ്യാറാക്കി ജി എസ് പണിക്കര്‍ സംവിധാനംചെയ്ത സിനിമ. എംടി കഥയെഴുതിയ ഒരു സിനിമ ആദ്യമായി കാണുകയാണ്. പക്ഷേ എന്തോ ഒരു പന്തികേട്. അതേവരെ കണ്ട സിനിമകളുമായൊന്നും ചേര്‍ന്നുപോകുന്നില്ല. ശോഭയും രവിമേനോനുമാണ് നായികാനായകന്മാര്‍. മധുവിധുയാത്രയാണ് ചിത്രീകരിച്ചിട്ടുള്ളത്. തുടക്കത്തിലേ പൊരുത്തക്കേട്, പൊട്ടിത്തെറി. ഭര്‍ത്താവിന്റെ ആവേശങ്ങളും ഭാര്യയുടെ നിരാസവും. തികഞ്ഞ മൗനത്തിലൂടെയാണ് ഭാര്യയുടെ പ്രതികരണങ്ങള്‍. സിനിമ മനസ്സിലായെന്നോ മനസ്സിലായില്ലെന്നോ പറയാതെയാണ് തീയേറ്ററില്‍നിന്ന് മടങ്ങിയത്. പിന്നെ കറുത്തചന്ദ്രന്‍ എന്ന കഥ വായിച്ചതോടെ സിനിമയിലെ സീനുകളൊന്നൊന്നായി മനസ്സില്‍ നിറഞ്ഞു. പ്രീഡിഗ്രിയുടെ തുടക്കകാലമാണത്.

നാലുകെട്ടും കാലവും അസുരവിത്തുമെല്ലാം മനസ്സില്‍ നുരയുന്നകാലമാണ് പിന്നീട്. രണ്ടാംവര്‍ഷം പ്രീഡിഗ്രിക്ക് നാലുകെട്ട് പാഠപുസ്തകവുമായിരുന്നു. അപ്പുണ്ണിയും സേതുവും ഗോവിന്ദന്‍കുട്ടിയും മനസ്സിനെ പിടിച്ചടക്കിയ കാലം. സേതുവിന്റെ കുട്ടിക്കാലത്തെ സ്വന്തം കുട്ടിക്കാലമായി അഭേദം കല്പിക്കാന്‍പോലും ഇഷ്ടംതോന്നിപ്പോകുന്ന കാലം. നവതിയാഘോഷവേളയില്‍ പിറന്നാളിനെപ്പറ്റി ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും ഒരാഘോഷം ഒരിക്കലുമുണ്ടായിട്ടില്ലെന്നും ദാരിദ്ര്യവും ഇല്ലായ്മയും അതിന്റെ ഫലമായുള്ള നീരസങ്ങളും വഴക്കുകളുമാണന്ന് നിറഞ്ഞുനിന്നിരുന്നതെന്നും കഴിഞ്ഞദിവസവും എംടി വ്യക്തമാക്കുകയുണ്ടായല്ലോ... സഹപാഠി വീട്ടില്‍വന്നപ്പോള്‍ ചായ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞ വാക്കുകള്‍ സേതുവിന്റെ പ്രതിരൂപമായ എംടിയുടെ മനസ്സിലിപ്പോഴുമുണ്ടാവാമല്ലോ...

1982-അവസാനം. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് എംടിയെ ക്ഷണിക്കണമെന്ന് തീരുമാനിച്ചത് അദ്ദേഹത്തെ അടുത്തുനിന്ന്, കാണുക നേരില്‍ സംസാരിക്കുകയെന്ന ആഗ്രഹംകൊണ്ടുമാത്രമാണ്, അദ്ദേഹം വരില്ലെന്ന് ആദ്യമേ ഉറപ്പായിരുന്നിട്ടും

ഏറ്റവും ആരാധ്യനായ എംടിയെ നേരില്‍ കാണണമെന്ന മോഹം സഫലമായത് ബ്രണ്ണന്‍ കോളേജില്‍ മൂന്നാംവര്‍ഷം ബിഎയ്ക്ക് പഠിക്കുമ്പോഴാണ്. അക്കാലത്ത് എംടിയെന്നാല്‍ വിദ്യാര്‍ഥികളുടെ ഹരമാണ്. ബോർഡില്‍ പലപ്പോഴും എംടി കൃതികളിലെ ഇഷ്ടപ്പെട്ട വാചകങ്ങള്‍ ആരെങ്കിലും എഴുതിവയ്ക്കും. ''സേതുവിന് സേതുവിനോട് മാത്രമേ ഇഷ്ടമുള്ളു...(കാലം), നമുക്ക് വീണ്ടും കാണാം, ഇവിടെവച്ച്, അവിടെവച്ച്, അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും വച്ച്... ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന അമേരിക്കന്‍ യാത്രാവിവരണം അവസാനിപ്പിക്കുന്ന വാചകം.. (ആ യാത്രാവിവരണത്തിലാണ് മാര്‍ക്കേസ് എന്ന എഴുത്തുകാരനെക്കുറിച്ചും വണ്‍ ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡിനെക്കുറിച്ചും കേരളത്തില്‍ ആദ്യപരാമര്‍ശമുണ്ടാകുന്നത്. തീവണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരി വായിക്കുന്നത് കണ്ട പുസ്തകം)

1982-അവസാനം. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് എംടിയെ ക്ഷണിക്കണമെന്ന് തീരുമാനിച്ചത് അദ്ദേഹത്തെ അടുത്തുനിന്ന്, കാണുക നേരില്‍ സംസാരിക്കുക എന്ന ആഗ്രഹംകൊണ്ടുമാത്രമാണ്, അദ്ദേഹം വരില്ലെന്ന് ആദ്യമേ ഉറപ്പായിരുന്നിട്ടും. ഫൈനാര്‍ട്‌സ് സെക്രട്ടറിയായ കെ എസ് സി നേതാവ് എം ജി ജോസഫും കോളേജ് യൂണിയന്‍ ഔപചാരികമായി ഭാരവാഹിയൊന്നുമല്ലെങ്കിലും കോളേജിലെ സാഹിത്യവേദിയുടെ സംഘാടകനെന്നനിലയില്‍ ഞാനുമാണ് എംടിയെ കാണാന്‍പോയത്. (കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജോസഫ് കണിച്ചാര്‍ സ്വദേശിയാണ്, കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്).

യൂണിയന്‍ ഉദ്ഘാടനത്തിന് വരുന്ന പ്രശ്‌നമേയില്ല, ദൂരയാത്ര പറ്റില്ല എന്ന് ആദ്യമേ തറപ്പിച്ചുപറഞ്ഞു. സാഹിത്യവുമായി ബന്ധപ്പെട്ട് ചോദിച്ചതിനൊക്കെ സ്‌നേഹപൂര്‍വം മറുപടി പറഞ്ഞു

ഒരുപാട് ആശങ്കയുണ്ടായിരുന്നു. അദ്ദേഹം അന്തര്‍മുഖനാണ്, വീട്ടില്‍ സ്വീകരിക്കുകയോ സംസാരിക്കുകയോ ചെയ്യില്ല എന്നെല്ലാം ഭയമുണ്ടായിരുന്നു. അതെല്ലാം വെറുതെയായിരുന്നു. വീട്ടില്‍പോയ ഞങ്ങളെ സ്വീകരിച്ചിരുത്തുകയും കാല്‍മണിക്കൂറോളം സംസാരിക്കുകയും ചെയ്തു. യൂണിയന്‍ ഉദ്ഘാടനത്തിന് വരുന്ന പ്രശ്‌നമേയില്ല, ദൂരയാത്ര പറ്റില്ലെന്ന് ആദ്യമേ തറപ്പിച്ചുപറഞ്ഞു. സാഹിത്യവുമായി ബന്ധപ്പെട്ട് ചോദിച്ചതിനൊക്കെ സ്‌നേഹപൂര്‍വം മറുപടി പറഞ്ഞു. അതിനിടയില്‍ത്തന്നെ ആറോ ഏഴോ ബീഡികള്‍ വലിച്ചൂതുകയും. യൂണിയന്‍ ഉദ്ഘാടനത്തിനും ഫൈന്‍ ആര്‍ട്‌സ് ഉദ്ഘാടനത്തിനും ക്ഷണിക്കാവുന്ന ചിലരുടെ പേരും എംടി പറഞ്ഞു. അതിലൊരാള്‍ വിക്രമന്‍ നായരായിരുന്നു. പിറ്റേന്ന് രാവിലെ സംഗമം തീയറേറഴ്‌സില്‍പോയി വിക്രമന്‍നായരെ കണ്ട് സംസാരിച്ചു. കാര്യം ഓക്കെയായി.

ആ വര്‍ഷംതന്നെ രണ്ടാമതൊരിക്കല്‍ക്കൂടി കൊട്ടാരം റോഡിലെ സിതാരയിലേക്ക് പോകാനവസരമുണ്ടാക്കി. കോളേജില്‍ നടത്താന്‍ തീരുമാനിച്ച ചലച്ചിത്രമേളയിലേക്ക് എംടിയുടെ നിര്‍മാല്യം വേണം. നിര്‍മാല്യത്തെക്കുറിച്ച് കുറെകാര്യങ്ങള്‍ സംസാരിച്ചു എംടി. കൂടല്ലൂരിലുള്ള തന്റെ ജ്യേഷ്ഠന്റെ (എംടിഎന്‍ നായര്‍ അതോ എംടിബി നായര്‍?) കയ്യിലാണ് ഒരേയൊരു പ്രിന്റുണ്ടായിരുന്നത്, അതിന്റെ അവസ്ഥയെന്താണിപ്പോഴെന്നറിയില്ല എന്ന് കൈമലര്‍ത്തി. മഹാനടനായ പി ജെ ആന്റണിക്ക് ഭരത് അവാഡ് ലഭിച്ച പടം. സുകുമാരന്‍ ആദ്യമായഭിനയിച്ച പടമാണ്, രവി മേനോനും സുമിത്രയും കവിയൂര്‍ പൊന്നമ്മയും അഭിനയിച്ച പടം. സാമൂഹ്യ വിവക്ഷകളാല്‍ ഇന്നും ഏറെ പ്രസക്തമായ ആ ചിത്രം കോളേജിലെ മേളയില്‍ പ്രദര്‍ശിപ്പിക്കാനായില്ല. പിന്നെയും മാസങ്ങള്‍ക്കുശേഷമാണ് ഒരു ഫിലിം സൊസൈറ്റി കണ്ണൂരില്‍ ആ ചിത്രം പ്രദര്‍ശിപ്പിച്ചത്.

ഞാന്‍ ദേശാഭിമാനി വാരികയില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിക്കെ 1988-ലോ 89-ലോ ഏഴെട്ടധ്യായമുള്ള ഒരു ദീര്‍ഘപഠനം പ്രസിദ്ധീകരണത്തിന് ലഭിച്ചു. 'രതിവിരതികളുടെ കഥനരേഖകള്‍' എന്നാണ് തലക്കെട്ട്. എഴുതിയത് കെ എസ് പ്രകാശ്, അന്ന് അത്ര പ്രസിദ്ധനല്ല. മദിരാശി സര്‍വകലാശാലയില്‍നിന്ന് എം.ഫില്‍ കഴിഞ്ഞ ആളാണ്. പിന്നീട് കേരളസര്‍വകലാശാലയില്‍ പ്രസിദ്ധീകരണവിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. എംടിയുടെ കഥകളെക്കുറിച്ചുള്ള പഠനമാണ് രതിവിരതികളുടെ കഥനരേഖകള്‍.. അത് തുടര്‍ച്ചയായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരുദിവസം എംടി വിളിച്ചു. പ്രകാശ് നന്നായി പഠിച്ചിട്ടുണ്ട്. ആളെവിടെയാണ് എന്നാണന്വേഷിച്ചത്.

അങ്ങനെയിരിക്കെ എംടി വീണ്ടും മാതൃഭൂമിയില്‍ തിരിച്ചെത്തി. ആഴ്ചപ്പതിപ്പിന്റെ ഉപപത്രാധിപരായി എംടിയുടെ നിര്‍ദേശപ്രകാരം, കഥാകൃത്ത് ശത്രുഘ്‌നനെ നിയമിച്ചു. ശത്രുഘ്‌നന്‍ (ശത്രുഘ്‌നനെ ഗോവിന്ദന്‍കുട്ടിയെന്നാണ് എംടി വിളിച്ചുകേട്ടിട്ടുള്ളത്. അതാണദ്ദേഹത്തിന്റെ പേര്) അതേവരെ മാതൃഭൂമി എഡിറ്റോറിയല്‍ വിഭാഗത്തിലുള്ളയാളല്ല. കരാറടിസ്ഥാനത്തില്‍ എംടിയുടെ നിര്‍ദേശാനുസരണം നിയമിക്കുകയായിരുന്നു. അതിന് മുമ്പ് പ്രൊഫ. കെ വി രാമകൃഷ്ണനെയും അങ്ങനെ ആഴ്ചപ്പതിപ്പിന്റെ ചുമതലയില്‍ നിയമിച്ചിരുന്നു. ആഴ്ചപ്പതിപ്പിന്റെ ഓഫീസ് എം എം പ്രസ്സിലാണെങ്കിലും എംടിയുടെ ഓഫീസ് രണ്ടാം ഗേറ്റിലെ ഹെഡ് ഓഫീസില്‍ തന്നെയായിരുന്നു.

എംടിയെ കാണാന്‍ ഒന്നിലേറെ തവണ പോയിട്ടുണ്ട്. ഒരുപ്രാവശ്യം എംടിയെ കാണാന്‍പോയത് ഒരു പുസ്തകപ്രകാശനത്തിന് ക്ഷണിക്കാനാണ്. എം എന്‍ വിജയന്റെ ശീര്‍ഷാസനം എന്ന പുസ്തകം. ബ്രണ്ണന്‍ കോളേജില്‍ ഞങ്ങളെല്ലാം ചേര്‍ന്ന് രൂപവത്കരിച്ചിരുന്ന അകം സമിതിയുടെ പുസ്തകമാണ്. വിജയന്‍ മാഷുടെ പുസ്തകമാണ്, വൈലോപ്പിള്ളി കവിതാ നിരൂപണങ്ങളാണ് എന്നു പറഞ്ഞതോടെ എംടി പറഞ്ഞു, വൈലോപ്പിള്ളിയുടെ കവിത, അതിനെപ്പറ്റി എം എന്‍ വിജയന്റെ പുസ്തകം- ഞാന്‍ വരാം. അതിനെപ്പറ്റി മാതൃഭൂമി ഒരു പുസ്തകമിറക്കിയിട്ടില്ലേ എന്നൊരു ചോദ്യംകൂടി! ശരിയാണ് കവിതയും മനശ്ശാസ്ത്രവും എന്ന ഒരു പുസ്തകം അതില്‍ വൈലോപ്പിള്ളിക്കവിതയെക്കുറിച്ചുള്ള രണ്ടോ മൂന്നോ ലേഖനമുണ്ട്. അതുപക്ഷേ കുറേക്കാലമായി കിട്ടാനില്ല, മാത്രമല്ല ഇത് വൈലോപ്പിള്ളിക്കവിതയുമായി ബന്ധപ്പെട്ട് വിജയന്‍മാഷ് എഴുതിയ എല്ലാ ലേഖനങ്ങളും ചേര്‍ത്ത് സമാഹാരമാണ് എന്ന് ഞാൻ വിശദീകരിച്ചു.

പ്രകാശന പരിപാടിക്ക് വേണ്ടത്ര പ്രചരണം നല്‍കാനായില്ല. പരിപാടി നടക്കുമോയെന്നുപോലും സന്ദേഹം. അങ്ങനെയിരിക്കെയാണ് വൈകീട്ട് മൂന്നുമണിയോടെ എംടി വിളിക്കുന്നത്. പ്രകാശനം നാലുമണിക്കാക്കണം. എനിക്ക് അഞ്ച് മണിക്കുള്ള മദിരാശി മെയിലിന് പോകണം.

കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ് കോളേജില്‍ ഒരു വൈകുന്നേരം അഞ്ച് മണിക്കാണ് പരിപാടി. ജി എന്‍ പിള്ളയും പ്രസംഗിക്കാനുണ്ട്. ട്രെയിനിങ് കോളേജില്‍ അധ്യാപകനായ യു വി കുമാരന്‍ വിജയന്‍മാഷുടെ പ്രിയ ശിഷ്യനാണ്. പ്രകാശനത്തിന് സ്ഥലം ലഭ്യമാക്കുന്നതിലും ജി എന്‍ പിള്ള സാറിനെ ക്ഷണിക്കുന്നതിലും കുമാരന്‍മാഷുടെ സേവനം വിസ്മരിക്കാനാവില്ല. പ്രകാശനപരിപാടിക്ക് വേണ്ടത്ര പ്രചരണം നല്‍കാനായില്ല. പരിപാടി നടക്കുമോയെന്നുപോലും സന്ദേഹം. അങ്ങനെയിരിക്കെയാണ് വൈകീട്ട് മൂന്നോടെ എംടി വിളിക്കുന്നത്. പ്രകാശനം നാലുമണിക്കാക്കണം. എനിക്ക് അഞ്ച് മണിക്കുള്ള മദിരാശി മെയിലിന് പോകണം. മദിരാശിയില്‍നിന്ന് ഫ്‌ളൈറ്റില്‍ ദല്‍ഹിക്ക് പോകണം. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താവിനിമയ പ്രക്ഷേപണമന്ത്രാലയത്തിന്റെ ചലച്ചിത്രവുമായി ബന്ധപ്പെട്ട എന്തോ യോഗം. അടിയന്തരമായി തീരുമാനിച്ചതാണ്. എംടിയോട് പറയാന്‍ എന്റെ നാവില്‍ ഒറ്റ വാക്കുമില്ലായിരുന്നു. എംടി ഫോണ്‍ വച്ചതിനാല്‍ അതു നിലച്ചു. ഞാന്‍ ഓഫീസില്‍നിന്ന് ഇറങ്ങി ട്രെയിനിങ് കോളേജിലേക്ക് നടന്നു. സംഘാടകരായി തലശ്ശേരിയില്‍നിന്ന് ഏതാനുംപേര്‍ എത്തുമെന്ന് പറഞ്ഞിരുന്നു. എംടി പോകണമെന്നുപറയുന്ന മദിരാശി മെയിലിനാണവര്‍ വരിക. അഞ്ചുമണിക്ക് പ്രകാശനമെന്നുപറഞ്ഞാല്‍ ആറ് അതല്ലെങ്കില്‍ അഞ്ചരയെന്നതാണല്ലോ നാട്ടുനടപ്പ്. ഇത് ഒരുമണിക്കൂര്‍ മുമ്പെ നാലിനാക്കണമെന്നാണ് പ്രകാശകന്‍ പറയുന്നത്. മൈക്ക് സെറ്റുകാരന്‍പോലും വന്നിട്ടില്ല. ഒരു ക്ലാസ് മുറിയിലാണ് യോഗം. നാലരയായപ്പോള്‍ പി വി വത്സരാജ് എന്ന ബച്ചുവും ഇ സി ശ്രീഷും വന്നു. മാഹി കോളേജ് അധ്യാപകരായ അവര്‍ ബസ്സിന് വന്നത് അനുഗ്രഹമായി. ആകെ ഏഴോ എട്ടോ പേരായി.

അഞ്ചുകോപ്പികള്‍ എന്റെ കയ്യിലുണ്ടായിരുന്നതിനാലാണ് പ്രകാശനം സാധ്യമായത്. അതല്ലെങ്കില്‍ പ്രതീകാത്മകമാക്കേണ്ടിവരുമായിരുന്നു

നാലര കഴിയുമ്പോഴേക്കും അതാ എംടിയുടെ കാര്‍... സിനിമാ നടന്‍ കൂടിയായ ആര്‍ എന്‍ നായരടക്കമുള്ളവര്‍ കാറില്‍നിന്നിറങ്ങി. പിന്നാലെ എംടി. പ്രസംഗമൊന്നും വേണ്ട, ഒരു ഫോട്ടോ എടുത്താല്‍ മതിയെന്നായി എംടി. പക്ഷേ പലകാരണങ്ങളാല്‍ 15 മിനുട്ടുകൂടി വൈകി. എംടിയോടൊപ്പമുള്ളവരടക്കം ആകെ പത്തോളം പേര്‍. ആശംസാ പ്രസംഗകനായ ജി എന്‍ പിള്ളസാറിന് നല്‍കി എംടി പുസ്തകം പ്രകാശിപ്പിച്ചു. വൈലോപ്പിള്ളിയെക്കുറിച്ചും വിജയന്‍ മാഷെപ്പറ്റിയും നാലഞ്ചുവാചകങ്ങള്‍ പറഞ്ഞ് എംടി പുറത്തേക്ക് കുതിച്ചു. അപ്പോഴേക്കും അഞ്ച് മണിയായിരുന്നു. അൽപ്പസമയത്തിനകം അകം സമിതി ഭാരവാഹികളായ എ ടി മോഹന്‍രാജും കെ പി നരേന്ദ്രനുമെല്ലാം എത്തി. ശീര്‍ഷാസനത്തിന്റെ കോപ്പികള്‍ അവരാണ് കൊണ്ടുവന്നത്. അഞ്ചുകോപ്പികള്‍ എന്റെ കയ്യിലുണ്ടായിരുന്നതിനാലാണ് പ്രകാശനം സാധ്യമായത്. അതല്ലെങ്കില്‍ പ്രതീകാത്മകമാക്കേണ്ടിവരുമായിരുന്നു.

പിറ്റേന്നാണ് ആ വിവരമറിഞ്ഞത്. എംടി റെയില്‍വേ സ്റ്റേഷനിലെത്തുമ്പോഴേക്കും മെയില്‍ പോയിക്കഴിഞ്ഞിരുന്നു. വൈകിയത് കേവലം അഞ്ചുമിനുട്ടാണ്. ട്രാഫിക് ബ്ലോക്കാണ് പറ്റിച്ചത്

ഏതായാലും പിന്നീട് സാധാരണ യോഗനടപടികളുടെ രീതിയില്‍ത്തന്നെ പ്രകാശനയോഗം നടന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുന്‍ ഉപപത്രാധിപരും പ്രമുഖ ചിന്തകനുമായ ജി എന്‍ പിള്ള എം എന്‍ വിജയന്റെ ചിന്താലോകത്തെക്കുറിച്ച് പ്രഭാഷണം നടത്തി. എല്ലാംകൂടി ഇരുപതോളംപേര്‍ പങ്കെടുത്ത പരിപാടി. പിറ്റേന്നാണ് ആ വിവരമറിഞ്ഞത്. എംടി റെയില്‍വേ സ്റ്റേഷനിലെത്തുമ്പോഴേക്കും മെയില്‍ പോയിക്കഴിഞ്ഞിരുന്നു. വൈകിയത് കേവലം അഞ്ചുമിനുട്ടാണ്. ട്രാഫിക് ബ്ലോക്കാണ് പറ്റിച്ചത്. പക്ഷേ എംടി. മടങ്ങിയില്ല. കാര്‍ തീവണ്ടിയെ 'പിന്തുടര്‍ന്നു'. ഷൊര്‍ണൂരില്‍ എംടിയെ കാത്തുകിടക്കുന്നുണ്ടായിരുന്നു മംഗലാപുരം മദിരാശി മെയില്‍!ഈ സംഭവത്തെക്കുറിച്ച് എംടിയോ എംടിയുമായി ബന്ധപ്പെട്ടവരോ നീരസം പ്രകടിപ്പിച്ചില്ലെന്ന് എടുത്തുപറയണം. പിന്നീട് കണ്ടപ്പോള്‍ വണ്ടി കിട്ടാതെ ഷൊര്‍ണൂര്‍വരെ കാറില്‍ പോയകാര്യം പറഞ്ഞതേയില്ല.

തിരുവനന്തപുരത്തായതിനാല്‍ എന്നോടുള്ള സംസാരത്തില്‍ നാട്ടുകാരന്‍ എന്ന നിലയിലുള്ള അടുപ്പംപോലെ തോന്നിച്ചു. എംടിക്ക് അടുത്തുപരിചയമുള്ളയാള്‍ എന്നതിനുതന്നെ ഗമയെത്രയാണ്!

1995-ലോ 96 ആദ്യമോ ആണ് എംടിയുടെ മകള്‍ അശ്വതി കണ്ണൂരില്‍ വന്നു. ഏതോ ഒരു കലാകൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാനാണ്. എംടിയുടെ മകള്‍ കണ്ണൂരില്‍ ആദ്യമായി നൃത്തം അവതരിപ്പിക്കാന്‍ വരുന്നു... നമ്മുടെ മനസ്സില്‍ ഏതോ രീതിയില്‍ സ്വന്തത്തിനുമപ്പുറം സ്ഥാനമുള്ള എംടിയുടെ ഏതുകാര്യവും നമുക്കും പ്രധാനമാണ്. അത് കാണാന്‍ പോവുകയും അശ്വതിയുമായി സംസാരിക്കുകയും ചെയ്തു. എംടിയുടെ മകള്‍ അശ്വതിയുടെ അരങ്ങേറ്റം കണ്ണൂരിലെന്ന് പടവും വാര്‍ത്തയും ബോക്‌സായി പിറ്റേന്ന് ദേശാഭിമാനിയില്‍ കണ്ണൂര്‍ എഡിഷനില്‍ ഒന്നാം പേജിലും മറ്റ് എഡിഷനുകളില്‍ ഉള്‍പേജുകളിലും വന്നു.

മാസങ്ങള്‍ക്കുശേഷം തിരുവനന്തപുരത്ത് സൂര്യകൃഷ്ണമൂര്‍ത്തിയുടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടക്കുമ്പോള്‍ മുഖ്യാതിഥിയായി എംടി വന്നു. ഞാനന്ന് ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോയിലാണ്. എംടിയുടെ കഥകളിലെയും നോവലുകളിലെയും സന്ദര്‍ഭങ്ങള്‍ ദൃശ്യാനുഭവമാക്കി പുനരാവിഷ്‌കരിക്കുന്ന പരിപാടിയായിരുന്നു കൃഷ്ണമൂര്‍ത്തി ഒരുക്കിയത്. ആ രൂപത്തില്‍ കേരളത്തില്‍ നടക്കുന്ന ആദ്യപരിപാടിയാണതെന്ന സവിശേഷതയുമുണ്ടായിരുന്നു. ദോഹയില്‍ എ ആർ റഹ്മാന്റെയും മറ്റും നേതൃത്വത്തിലുള്ള പ്രവാസി എന്ന സംഘടനയുടെ ക്ഷണപ്രകാരം എംടിയും എം എന്‍ വിജയനും ഒരാഴ്ചയോ മറ്റോ സന്ദര്‍ശനം നടത്തുകയുണ്ടായി. അവിടെനിന്ന് തിരിച്ചുവരുമ്പോഴാണ് എംടി തിരുവനന്തപുരത്ത് എത്തിയത്. നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ തലസ്ഥാനത്തെ സാംസ്‌കാരികരംഗത്തെ പ്രമുഖരെല്ലാം ഒത്തുകൂടിയിട്ടുണ്ട്. അവിടെ വച്ചുകണ്ടപ്പോള്‍ ഏറെ അടുപ്പത്തോടെ സംസാരിച്ചു, ദീര്‍ഘനേരം. തിരുവനന്തപുരത്തായതിനാല്‍ എന്നോടുള്ള സംസാരത്തില്‍ നാട്ടുകാരനെന്ന നിലയിലുള്ള അടുപ്പംപോലെ തോന്നിച്ചു. എംടിക്ക് അടുത്തുപരിചയമുള്ളയാള്‍ എന്നതിനുതന്നെ ഗമയെത്രയാണ്! കണ്ണൂരില്‍ അശ്വതി നടത്തിയ നൃത്താവതരണത്തെപ്പറ്റി ദേശാഭിമാനിയില്‍ വന്ന പടവും വാര്‍ത്തയും അവള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു, പത്രം അശ്വതി എടുത്തുവച്ചിട്ടുണ്ടെന്നും എംടി പറഞ്ഞു.

അത്തരത്തില്‍ പിന്നെയും ഒരനുഭവമുണ്ടായത് ജ്ഞാനപീഠം അവാഡ് പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസത്തെ പത്രവുമായി ബന്ധപ്പെട്ടാണ്. എംടിക്ക് ജ്ഞാനപീഠം എന്ന ലീഡ് വാര്‍ത്തയ്ക്കൊപ്പം ഒന്നാംപേജില്‍ ഏറ്റവും മുകളിലായി പത്രത്തിന്റെ മധ്യഭാഗംവരെ നീണ്ടതും പിന്നെ അവസാന പേജിലേക്ക് നീണ്ടതുമായ ഒരു പ്രത്യേക ഐറ്റമുണ്ടായിരുന്നു. എംടിയെക്കുറിച്ച്, എംടി സാഹിത്യത്തെക്കുറിച്ച്, ലേഖനമോ ഫീച്ചറോ എന്ന് പറയാവുന്നത്. ന്യൂസ് എഡിറ്റര്‍ സി എം അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അതിവേഗം തയ്യാറാക്കിനല്‍കിയതാണത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ദേശാഭിമാനി വാരികയില്‍ എംടിയുടെ ചെറുകഥകളെക്കുറിച്ച് കവര്‍‌സ്റ്റോറി ചെയ്തിരുന്നതിനാല്‍ എളുപ്പമായി. പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ ജ്ഞാനപീഠവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ദേശാഭിമാനിയിലെ പ്രത്യേക ഐറ്റം വളരെ നന്നായെന്ന് പറയുകയുണ്ടായി.

എംടിയും ഒഎന്‍വിയും സംഭാഷണത്തിലാണ്. ഫോട്ടോഗ്രാഫറോടൊപ്പം അവിടെയത്തിയപ്പോള്‍ ഒഎന്‍വി എംടിക്ക് എന്നെ പരിചയപ്പെടുത്തി, ബാലകൃഷ്ണന്‍, തലശ്ശേരിയിലാണ്, എന്റെ വിദ്യാര്‍ഥിയായിരുന്നു...അപ്പോള്‍ എംടി ചിരിച്ചുകൊണ്ട് പറഞ്ഞു, പരിചയപ്പെടുത്തേണ്ട, എനിക്കു മുൻപേതന്നെ അറിയാം.

വൈക്കം മുഹമ്മദ് ബഷീറിന് അന്ത്യോപചാരമര്‍പ്പിച്ച ശേഷം ഒഎന്‍വി ബേപ്പൂരില്‍നിന്ന് നേരെ കോഴിക്കോട്ട് പാരമൗണ്ട് ടവറിലേക്കാണ് പോയത്. അവിടെ എംടിയുമുണ്ട്. ബഷീറിനെക്കുറിച്ച് ഇരുവരുടെയും അനുസ്മരണക്കുറിപ്പ് സംഘടിപ്പിക്കണം. എംടിയും ഒഎന്‍വിയും സംഭാഷണത്തിലാണ്. ഫോട്ടോഗ്രാഫറോടൊപ്പം അവിടെയത്തിയപ്പോള്‍ ഒഎന്‍വി എംടിക്ക് എന്നെ പരിചയപ്പെടുത്തി, ബാലകൃഷ്ണന്‍, തലശ്ശേരിയിലാണ്, എന്റെ വിദ്യാര്‍ഥിയായിരുന്നു...അപ്പോള്‍ എംടി ചിരിച്ചുകൊണ്ട് പറഞ്ഞു, പരിചയപ്പെടുത്തേണ്ട, എനിക്കു മുൻപേതന്നെ അറിയാം.

അതില്‍പ്പിന്നെ എംടിയെ കണ്ടത് 2013-ലാണ് ദുബൈയിലെ ഒരു ഹോട്ടലില്‍വച്ച്. മാധ്യമം ദിനപത്രത്തിന്റെ രജതജൂബിലി ആഘോഷം ദുബൈയില്‍ നടക്കുന്നു. എംടിയാണ് മുഖ്യാതിഥി. സാഹിത്യ-സാംസ്‌കാരിക മേഖലയിലെ ഒട്ടേറെ പ്രമുഖര്‍ എത്തിയിട്ടുണ്ട്. അവരെല്ലാം ഒരേ ഹോട്ടലിലാണ് താമസിക്കുന്നത്. കൂട്ടത്തിൽ ഗോപിനാഥ് മുതുകാടുമുണ്ട്. മുതുകാട് വിളിച്ചു, ഇന്ന ഹോട്ടലിലുണ്ട്, വന്നാല്‍ കാണാം. എംടിയും നെടുമുടിയുമെല്ലാമുണ്ട്.. ബര്‍ദുബൈയിലെ ആ ഹോട്ടലിലേക്ക് നടക്കാനേ ദൂരമുള്ളൂ. മുതുകാട് പറഞ്ഞു. എംടിയുടെ മുറിയില്‍ വലിയ തിരക്കാണ്. പോയി നോക്കൂ, കാണാനാകുമോ എന്ന്. പറഞ്ഞതുപോലെ ആ മുറിക്കുമുമ്പില്‍ത്തന്നെ ആള്‍ക്കൂട്ടമുണ്ട്. മുറിക്കകത്ത് പറയാനുമില്ല. എംടി പാന്റാണുടുത്തിട്ടുള്ളത്. പുറത്തേക്ക് പോകാനായി എഴുന്നേറ്റ് അദ്ദേഹത്തിന് നീങ്ങാന്‍പോലുമാകുന്നില്ല. ആളുകള്‍ മാറുന്നില്ല. പാന്റ് ഇടക്കിടെ വലിച്ചു ശരിയാക്കുന്നുണ്ട്. എസി റൂമും അവിടെ തിരക്കുമാണെങ്കിലും ചുണ്ടില്‍ ബീഡി പുകഞ്ഞുകൊണ്ടേയിരിക്കുന്നു.

ഇത്രയൊക്കെ എംടിയുമായി ബന്ധപ്പെട്ട ആത്മകഥയെഴുതി പൊങ്ങച്ചം ഭാവിച്ചതാണെന്ന് തോന്നാം. നമുക്കൊരു ഭാഷ തന്ന, മഹത്തായ സാഹിത്യം നല്‍കി ധന്യതയേകിയ ആ ഔന്നത്യത്തെ വ്യക്തിപരമായി ഓര്‍ക്കാനാവുന്നതുതന്നെ ആത്മാഭിമാനമുണ്ടാക്കുകയാണല്ലോ

ഉച്ചഭക്ഷണത്തിനായി പുറത്തെവിടെയോ പോകാനുള്ള ധൃതിയിലാണെന്നുതോന്നുന്നു. കൂട്ടിക്കൊണ്ടുപോകാന്‍ ആളെത്തിയിട്ടുണ്ട്. പക്ഷേ നീങ്ങാനാകുന്നില്ല, ആരാധകരോട് അല്പം നീരസം പ്രകടിപ്പിക്കുകയാണദ്ദേഹം. എങ്ങനെയെല്ലാമോ അടുത്തെത്തി മുഖം കാണിച്ചു. ഞാന്‍ ബാലകൃഷ്ണന്‍ എന്നു പറഞ്ഞപ്പോള്‍ അറിയാം, ഇതെന്താ ഇവിടെ എന്ന ചോദ്യം.. അതിന്റെ മറുപടിയൊന്നും കേള്‍ക്കാതെ മറ്റൊന്നും പറയാതെ എംടി മുന്നോട്ടുനീങ്ങിയപ്പോള്‍ സങ്കടം, കൂടുതല്‍ സംസാരിക്കാന്‍ കഴിയാത്തതില്‍...

ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജനുവരി 31-നോ ഫെബ്രവരി ഒന്നിനോ മറ്റോ ആണ് എംടിയെ കണ്ടത്. മാതൃഭൂമിയുടെ 'ക' സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ എംടി മകള്‍ അശ്വതിക്കും അവരുടെ ഭര്‍ത്താവിനുമൊപ്പം തിരുവനന്തപുരത്തേക്ക് പോകാന്‍ കോഴിക്കോട്ടുനിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേ ഭക്ഷണത്തിനും വിശ്രമത്തിനുമായി കൂത്തുപറമ്പിലെ ഒരു ഹോട്ടലിലെത്തുന്നു. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജഗദീഷും മാതൃഭൂമി ലീഡര്‍ റൈറ്ററായ ഞാനും സ്വീകരിക്കാനായി അവിടെയെത്തിയിരുന്നു. സ്‌നേഹപൂര്‍വമായ ഒരു ചെറുചിരിയാണ് പരിചയസൂചകമായി ലഭിച്ചത്. കുറേക്കഴിഞ്ഞ് ഞങ്ങള്‍ എംടി വിശ്രമിക്കുന്ന മുറിയുടെ മുമ്പിലെത്തി. അശ്വതി പറഞ്ഞു, എന്തിനാണ് മടിക്കുന്നത്, മുറിയലേക്ക് പോയി, അച്ഛനെ കണ്ടോളൂ..ജഗദീഷ് എംടിയുടെ ഒരു പുസ്തകം കയ്യില്‍ കരുതിയിരുന്നു, അതില്‍ ഒരൊപ്പുവാങ്ങി. താന്‍ കൂടല്ലൂരിനടുത്ത് കൂടല്ലൂര്‍ പറമ്പില്‍ ഗംഗാധരന്‍ നായരുടെ മകനാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ എംടി മുഖയമുയര്‍ത്തി നോക്കി അറിയാമെന്ന് തലയാട്ടി. അപ്പോള്‍ ജഗദീഷ് പറഞ്ഞു, കുമരനെല്ലൂര്‍ സ്‌കൂളില്‍ സാറിന്റെ തൊട്ടുതാഴത്തെ ക്ലാസിലാണ് അച്ഛന്‍ പഠിച്ചത്... പറഞ്ഞുവന്നാല്‍ ബന്ധുക്കളാണെന്ന വാക്കുകള്‍ക്കും എംടി തലയാട്ടി. പിന്നീട് എന്റെ നേരെ തിരിഞ്ഞ് ഇപ്പോള്‍ മാതൃഭൂമിയിലാണല്ലേ എന്ന ചോദ്യം...

ഇത്രയൊക്കെ എംടിയുമായി ബന്ധപ്പെട്ട ആത്മകഥയെഴുതി പൊങ്ങച്ചം ഭാവിച്ചതാണെന്ന് തോന്നാം. നമുക്കൊരു ഭാഷ തന്ന, മഹത്തായ സാഹിത്യം നല്‍കി ധന്യതയേകിയ ആ ഔന്നത്യത്തെ വ്യക്തിപരമായി ഓര്‍ക്കാനാവുന്നതുതന്നെ ആത്മാഭിമാനമുണ്ടാക്കുകയാണല്ലോ... എംടിയെ സ്‌നേഹപൂര്‍വം വാസുവെന്ന് വിളിക്കുന്ന (മാടത്ത് തെക്കേപ്പാട്ട് വാസുദേവനാണല്ലോ എം.ടി....കഥകള്‍ അയച്ചാല്‍ പത്രാധിപന്മാര്‍ ഗൗനിക്കണമെങ്കില്‍ പേര് വലുതായിരിക്കണം, സൗജന്യമായി കാറ്റലോഗുകളും മറ്റും അയച്ചുകിട്ടണമെങ്കില്‍-ഒരുപാട് കത്തുവന്നാല്‍ ഗമയല്ലേ- പേര് നീളണമെന്ന് ആദ്യകാലത്ത് വിചാരമുണ്ടായതായി എംടി അനുസ്മരിച്ചിട്ടുള്ളതാണ് ) എം എന്‍ വിജയന്‍ മാഷ് എംടിയുടെ തലയെടുപ്പിനെക്കുറിച്ച്, ഒന്നിനുമുമ്പിലും പകയ്ക്കാത്ത സ്വഭാവത്തെപ്പറ്റി പറഞ്ഞ ഒരു കൊച്ചുകഥയോടെ ഇതവസാനിപ്പിക്കാം.

കോഴിക്കോട്ട് ടൗണ്‍ഹാളിലോ മറ്റേതോ ഹാളിലോ ആണ് സംഭവം. ഒരു സാഹിത്യസമ്മേളനം. നിറഞ്ഞ സദസ്സ്. എംടി പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പരിവാരസമേതനായി ഹാളിന്റെ മുന്‍നിരയിലേക്ക് കടന്നുവന്നു. വന്നയുടന്‍തന്നെ സ്‌റ്റേജിലേക്ക് നോക്കാതെ തന്റെ ചെല്ലം തുറന്ന് വിസ്തരിച്ചുമുറുക്കുകയാണ് മുണ്ടശ്ശേരി. പ്രസംഗിക്കുന്നയാളെ ഒന്നു കൊച്ചാക്കി തന്റെ പ്രൗഢി പ്രകടമാക്കലാണ് മുണ്ടശ്ശേരി മാഷുടെ ലക്ഷ്യമെന്ന് എംടിക്ക് മനസ്സിലായി. ഹാളിലെ എല്ലാവരുടെയും ശ്രദ്ധ മുണ്ടശ്ശേരിയിലും അദ്ദേഹത്തിന്റെ ചെല്ലത്തിലുമാണ്. യോഗമാകെ അലങ്കോലമാവുകയാണ്. അതാ അടുത്തനിമിഷം എംടി കീശയില്‍നിന്ന് ഒരു ബീഡിയെടുത്ത് കൊളുത്തുകയും തീപ്പെട്ടിക്കമ്പ് മുണ്ടശ്ശേരി മാഷ് ഇരുന്നതിനടുത്തേക്ക് വലിച്ചെറിയുകയുമാണ്. അതോടെ ഹാളിലാകെ അമ്പരപ്പ്, നിശ്ശബ്ദത... ഒരു പുകകൂടിയെടുത്ത് ബീഡി ചവിട്ടിക്കെടുത്തി ഒന്നും സംഭവിക്കാത്തപോലെ എംടി വീണ്ടും പ്രസംഗത്തിലേക്ക്...

എഴുത്തുമാത്രമല്ല, ഏറ്റവും മികച്ച സാഹിത്യ പ്രഭാഷകന്‍കൂടിയാണ് എംടി. സഫ്ദര്‍ ഹാശ്മി രക്തസാക്ഷിയായി ഏതാനും ആഴ്ചകള്‍ക്കുശേഷം കോഴിക്കോട്ട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച പ്രതിഷേധ-അനുസ്മരണയോഗം ഓര്‍മയിലെത്തുന്നു. മാലശ്രീ ഹാശ്മി പങ്കെടുത്ത യോഗമാണ്. സാധാരണഗതിയില്‍ പ്രസംഗത്തിന് മടിക്കുന്ന എംടി ആ യോഗത്തില്‍ ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍ എന്ന നോവലിലെ ഭാഗങ്ങളടക്കം ഉദ്ധരിച്ച് നടത്തിയ ദീര്‍ഘഭാഷണം കേട്ടവരാരും മറന്നിട്ടുണ്ടാവില്ല.

logo
The Fourth
www.thefourthnews.in