കുന്ദേരയെന്ന ധൈഷണിക വെളിച്ചം

കുന്ദേരയെന്ന ധൈഷണിക വെളിച്ചം

സമഗ്രാധിപത്യത്തിൻ്റെ നേർക്കുയർന്ന വെല്ലുവിളിയാണ് യഥാർത്ഥത്തിൽ കുന്ദേരയുടെ സാഹിത്യപ്രപഞ്ചം

ഇരുപതാം നൂറ്റാണ്ടിന്റെ വേദനകളെ സാഹിത്യത്തിലൂടെ ആവിഷ്കരിച്ച മഹാനായ എഴുത്തുകാരനാണ് ഇന്ന് അന്തരിച്ച ചെക്ക് - ഫ്രഞ്ച് നോവലിസ്റ്റ് മിലൻ കുന്ദേര. സമകാലിക ജീവിതത്തിലെ വിഷാദത്തെ, ആ വിഷാദം സൃഷ്ടിച്ച രാഷ്ട്രീയത്തെ കലാത്മകമായി ആവിഷ്കരിച്ച ഉദാത്തമായ കലാസൃഷ്ടികളാണ് കുന്ദേരുടെ നോവലുകൾ.

 മിലന്‍ കുന്ദേര
മിലന്‍ കുന്ദേര

ആദ്യ നോവലായ 'ദ് ജോക്ക് ' തൊട്ടുള്ളവയിലെല്ലാം ഈ വിഷാദവും പ്രതിഷേധവും നിഴലിച്ചുകാണാൻ കഴിയും. തുടർന്നുവന്ന 'ലൈഫ് ഈസ് എൽസ് വേർ', 'ലോഫബിൾ ലവ്സ്', 'ദ് ബുക്ക് ഓഫ് ലോഫ്റ്റർ ആൻഡ് ഫൊർഗറ്റിങ്ങ്', 'ദ് അൺ ബിയറബിൾ ലൈറ്റ്നസ് ഓഫ് ബീയ്ങ്ങ്', 'ഇമ്മോർട്ടാലിറ്റി', 'സ്ലോനസ്സ്', 'ഇഗ്നൊറൻസ്' എന്നീ നോവലുകളിലും കുന്ദേര രാഷ്ട്രീയം പറഞ്ഞു. അതിലൂടെ അദ്ദേഹം താൻ ജീവിക്കാൻ വിധിക്കപ്പെട്ട കാലത്തിൻ്റെ സ്വത്വം അടയാളപ്പെടുത്തുകയായിരുന്നു.

കുന്ദേരയെന്ന ധൈഷണിക വെളിച്ചം
അധികാരത്തിന്റെ മറവിക്കെതിരെ പോരാട്ടം നടത്തിയ, നാടുകടത്തപ്പെട്ട മിലൻ കുന്ദേര

മനുഷ്യജീവിതത്തെ അതിന്റെ സമഗ്രതയിൽ ആവിഷ്കരിക്കാൻ നോവലിനെക്കാൾ മെച്ചപ്പെട്ട മറ്റൊരു മാധ്യമമില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ആ മാധ്യമത്തിൻ്റെ മികച്ച പ്രയോക്താവ് എന്ന നിലയിലാണ് അദ്ദേഹം ഓർമ്മിക്കപ്പെടാൻ പോകുന്നതും.

യൂറോപ്പിനെ ആവാഹിച്ച രാഷ്ട്രീയഭൂതത്തെ മനസ്സിലാക്കിത്തരുന്നതിൽ അദ്ദേഹം നിർവ്വഹിച്ച പങ്ക് വളരെ വലുതാണ്. ആ രാഷ്ട്രീയ സന്ദർഭങ്ങൾ മാഞ്ഞുപോയെങ്കിലും അവയുടെ ഓർമ കുന്ദേരയുടെ രചനകളിലൂടെ കാലങ്ങളോളം നിലനിൽക്കും.

സമഗ്രാധിപത്യത്തിൻ്റെ നേർക്കുയർന്ന വെല്ലുവിളിയാണ് യഥാർത്ഥത്തിൽ കുദേരയുടെ സാഹിത്യപ്രപഞ്ചം. സോവിയറ്റ് യൂണിയൻ ചെക്ക് റിപ്പബ്ലിക്കിൽ അധിനിവേശം നടത്തിയതിൽനിന്ന് ആ സമൂഹത്തിലും അതിലെ പൗരൻ എന്ന നിലയിൽ കുന്ദേര എന്ന വ്യക്തിയിലും ഉണ്ടാക്കിയ ആഘാതങ്ങളാണ് കുന്ദേരയിലെ എഴുത്തുകാരനെ സൃഷ്ടിച്ചത്
കുന്ദേരയെന്ന ധൈഷണിക വെളിച്ചം
യാഥാര്‍ത്ഥ്യത്തിനും ആദര്‍ശത്തിനും ഇടയിലെ കുന്ദേര കഥാപാത്രങ്ങള്‍

സമഗ്രാധിപത്യത്തിൻ്റെ നേർക്കുയർന്ന വെല്ലുവിളിയാണ് യഥാർത്ഥത്തിൽ കുദേരയുടെ സാഹിത്യപ്രപഞ്ചം. സോവിയറ്റ് യൂണിയൻ ചെക്ക് റിപ്പബ്ലിക്കിൽ അധിനിവേശം നടത്തിയതിൽനിന്ന് ആ സമൂഹത്തിലും അതിലെ പൗരൻ എന്ന നിലയിൽ കുന്ദേര എന്ന വ്യക്തിയിലും ഉണ്ടാക്കിയ ആഘാതങ്ങളാണ് കുന്ദേരയിലെ എഴുത്തുകാരനെ സൃഷ്ടിച്ചത്. വ്യക്തിജീവിതത്തെ രാഷ്ട്രീയസമസ്യകളുമായി സമന്വയിപ്പിച്ച് അദ്ദേഹം രചനകൾ നടത്തി. അവയിൽ ഒട്ടേറെ അടരുകളും ആഖ്യാനതലങ്ങളും നിറഞ്ഞു. പലപ്പോഴും അവ സങ്കീർണമായ വായനാനുഭവങ്ങളായി മാറുകയും ചെയ്തു. ലോകത്തിൻ്റെ നിഗൂഢതകളെക്കുറിച്ച് ചിന്തിക്കാൻ അവ വായനക്കാരെ ശീലിപ്പിച്ചു. നമ്മുടെ ധാരണകളെ മാറ്റിമറിക്കാൻ അവയ്ക്ക് കഴിഞ്ഞു. ആത്യന്തികമായി മനുഷ്യനെ കാത്തിരിക്കുന്ന ദുർവിധിയെപ്പറ്റിയാണ് അദ്ദേഹം നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നത്. ഓർമയാണ് അധികാരത്തിനെതിരായ ആയുധം എന്ന് പ്രഖ്യപിച്ച കുന്ദേരയും ഓർമയാവുകയാണ്.

മിലൻ കുന്ദേര സൃഷ്ടിച്ച ഓർമകൾ വരുംകാലത്തും ലോകത്തെ അലോസരപ്പെടുത്തുക തന്നെ ചെയ്യും. അതിനുള്ള കരുത്ത് ആ നോവലുകൾക്കുണ്ട്
കുന്ദേരയെന്ന ധൈഷണിക വെളിച്ചം
കുന്ദേര: എഴുത്തിൻ്റെ ലാഘവത്വം!

അദ്ദേഹം സൃഷ്ടിച്ച ഓർമകൾ വരും കാലത്തും ലോകത്തെ അലോസരപ്പെടുത്തുക തന്നെ ചെയ്യും. അതിനുള്ള കരുത്ത് ആ നോവലുകൾക്കുണ്ട്. ആധുനിക സാഹിത്യത്തിലെ ഒരു പ്രഹേളികയായും മിലാൻ കുന്ദേര വിലയിരുത്തപ്പെടും. നീണ്ട പ്രവാസ ജീവിതം അദ്ദേഹത്തെ മാതൃരാജ്യത്തിൽനിന്ന് അകറ്റിയെങ്കിലും ഒരു ചെക്കോസ്ലോവാക്യൻ മനസ്സുമായാണ് അദ്ദേഹം പാരീസിൽ കഴിഞ്ഞത്. പ്രാഗ് വസന്തത്തിൻ്റെ സ്വപ്നത്തിൽനിന്നുണ്ടായ ചൂട് ആ മനസ്സിൽ അണയാതെ അവസാനം വരെ കിടന്നിരിക്കും. കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ചിന്തയെ തീപ്പിടിപ്പിച്ച ഒരു ധൈഷണിക വെളിച്ചം കൂടി കെട്ടുപോയിരിക്കുന്നു.

logo
The Fourth
www.thefourthnews.in