തോളത്ത് കൈയിട്ട് നടന്നിരുന്ന അച്ഛൻ

തോളത്ത് കൈയിട്ട് നടന്നിരുന്ന അച്ഛൻ

സാമൂഹ്യപരിഷ്കർത്താവും കവിയും നാടകകൃത്തും നടനുമായിരുന്നു പ്രേംജിയുടെ ഓർമകൾക്ക് ഇന്ന് കാൽനൂറ്റാണ്ട്

വലിയൊരു സുഹൃത്തായിരുന്നു അച്ഛൻ. സങ്കൽപ്പിക്കാൻ കഴിയാത്ത തരത്തിലുളള സൗഹൃദം മൂപ്പരുമായി എനിക്കുണ്ടായിരുന്നു. നടക്കാൻ പോകുമ്പോൾ എന്റെ തോളത്ത് കൈയിട്ടാണ് അച്ഛൻ നടന്നിരുന്നത്. കൈയിൽ പിടിക്കാൻ സമ്മതിക്കില്ല. കൂട്ടുകാരന്റെ കൈയിൽ പിടിക്കുമോയെന്ന് ചോദിക്കും. ഞങ്ങൾ ഒരുമിച്ച് കളള് കുടിക്കുമായിരുന്നു. കള്ള് കുടിക്കുമ്പോൾ അച്ഛൻ വെളളം ചേർക്കില്ലായിരുന്നു. ഒറ്റ വലിക്ക് കുടിക്കുന്നതാണ് ശീലം. ഇങ്ങനെ കുടിക്കരുതെന്ന് ഞങ്ങൾ പറയുമ്പോൾ, കള്ള് കള്ള് കുടിക്കുന്ന പോലെ കുടിക്കണം, മുല കുടിക്കുന്നതുപോലെ ചപ്പി ചപ്പിയല്ലയെന്നായിരുന്നു അച്ഛന്റെ മറുപടി. അച്ഛൻ, ഞാൻ, ചേട്ടൻ, രണ്ട് അനിയന്മാർ, മറ്റ് രണ്ട് സുഹൃത്തുക്കൾ അടക്കമുളളവർ വൈകുവോളം ഒരുമിച്ചാണ് കളള് കുടിച്ചിരുന്നത്. ഞങ്ങളുടെ ബീഡിയും കട്ടെടുത്ത് വലിക്കുമായിരുന്നു. അന്ന് കാജ ബീഡിയാണ് വലിച്ചിരുന്നത്. അത് ഞങ്ങൾ എവിടെയാണ് വയ്ക്കുന്നതെന്ന് മൂപ്പർക്ക് അറിയാം. അത്രമാത്രം സൗഹൃദമായിരുന്നു അച്ഛനുമായി ഉണ്ടായിരുന്നത്. അതുപക്ഷേ മക്കളുമായുണ്ടാക്കാൻ എനിക്ക് സാധിച്ചിട്ടില്ല.

പ്രേംജി
പ്രേംജി

എൺപതാം വയസിലാണ് അച്ഛൻ നാഷണൽ അവാർ‍ഡ് വാങ്ങാനായി പോയത്. സാധാരണ അവാർഡിന് അർഹനായ വ്യക്തിക്ക് മാത്രമേ പ്രവേശന പാസ് ലഭിക്കുകയുളളൂ. എന്നാൽ അച്ഛന്റെ പ്രായം കണക്കിലെടുത്ത് ഒരാൾക്ക് കൂടി പാസ് കിട്ടി. അങ്ങനെ അവാർഡ് വാങ്ങാനായി അച്ഛനൊപ്പം ഞാനും പോയി. അന്ന് ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ അശോക് കുമാറിനായിരുന്നു. അശോക് കുമാറിന്റെ തൊട്ടടുത്ത് ഞാനും എന്റെ അടുത്ത് അച്ഛനുമാണ് ഇരുന്നത്. എൺപത് വയസുളള ഒരു മനുഷ്യൻ നാഷണൽ അവാർഡ് വാങ്ങാനായി എത്തിയതിൽ അശോക് കുമാറിന് വളരെ കൗതുകമായിരുന്നു. അദ്ദേഹം അച്ഛനെപ്പറ്റി എന്നോട് ചോദിച്ചറിയുകയുണ്ടായി.

അശോക് കുമാർ
അശോക് കുമാർ

അവാർഡ് വാങ്ങുന്നതിനായി അച്ഛൻ വേദിയിലേക്ക് പോയപ്പോൾ അവിടെ നിറയെ ടിവിക്കാരുടെ കേബിളുകളായിരുന്നു. കാൽ തട്ടി വീഴുമോയെന്ന് എനിക്ക് പേടിയുണ്ടായിരുന്നു. ഞാൻ കൈയിൽ പിടിച്ച് കൂടെ വരാമെന്ന് പറഞ്ഞെങ്കിലും അച്ഛൻ കൂട്ടാക്കിയിരുന്നില്ല. ഒറ്റയ്ക്ക് തന്നെ പോയി അവാർഡ് വാങ്ങി തിരികെ എത്തി. അച്ഛനെ അവിടെ ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. അച്ഛനുപിന്നാലെ, മികച്ച ഗായികയ്ക്കുള്ള അവാർഡ് സ്വീകരിച്ച കെ എസ് ചിത്ര വേദിയിൽനിന്ന് ഇറങ്ങിയശേഷം അശോക് കുമാറിന്റെ കാൽ തൊട്ട് അനു​ഗ്രഹം വാങ്ങി. എന്നാൽ അച്ഛനെ തിരിഞ്ഞുപോലും നോക്കിയില്ല. എനിക്ക് നല്ല വിഷമം തോന്നി. അവാർ‍ഡ് ദാനത്തിന് ശേഷം ' പിറവി' പ്രദർശിപ്പിച്ചു. ഇതിനുപിന്നാലെ ഓട്ടോ​ഗ്രാഫിനായി അച്ഛന് ചുറ്റും ആൾക്കാർ കൂടി. അപ്പോഴാണ് അച്ഛനെ എല്ലാവർക്കും മനസ്സിലായത്. അച്ഛൻ എന്നോട് ചോദിച്ചു, ''എന്താണ് ഈ ഓട്ടോ​ഗ്രാഫ്? ഞാൻ പറഞ്ഞു ആ പേനയെടുത്ത് അവർ കാണിച്ച് തരുന്ന കടലാസിൽ വെറുതെ ഒപ്പിട്ട് കൊടുത്താൽ മതി.'' ഒപ്പിട്ട് ഒപ്പിട്ട് അച്ഛൻ തളർന്നു. തിരികെ ഞങ്ങൾ താമസിച്ചിരുന്ന അശോക് ഹോട്ടലിൽ മടങ്ങിയെത്തിയപ്പോൾ "ഓഹ് വയ്യടോ എനിക്ക് ഒരു സ്മോൾ വേണ"മെന്നായി അച്ഛൻ. സ്മോളും അടിച്ചിട്ട് ഭക്ഷണവും കഴിച്ച് കിടന്നുറങ്ങി.

കെ എസ് ചിത്ര
കെ എസ് ചിത്ര

കവിത എഴുതലും തിരുത്തലുമായിരുന്നു അച്ഛന്റെ പ്രധാന വിനോദം, അല്ലാതെ അഭിനയമൊന്നുമല്ല. ഞാൻ നടനല്ലെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. കെ കെ രാജ, യുസഫലി കച്ചേരി, വയലാർ രാമവർമ, പി ഭാസ്കരൻ അടക്കമുളളവർ കവിത തിരുത്താൻ അച്ഛനെ കാണുന്നതിനായി വീട്ടിൽ വരുമായിരുന്നു. വായിച്ചിട്ട് എന്താ എഴുതിയിരിക്കുന്നതെന്ന് ചോദിച്ച് അവരെ ചീത്തയൊക്കെ പറയുമായിരുന്നു.

അച്ഛന് സിനിമയേക്കാൾ നാടകത്തോടായിരുന്നു കൂടുതൽ ഇഷ്ടം. നാടകത്തിനോട് ഉണ്ടായിരുന്ന ഹരം അച്ഛന് സിനിമയോട് ഉണ്ടായിരുന്നില്ല. നാടകത്തിനുളള തുടർച്ച സിനിമയക്ക് ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ് പ്രശ്നം. നാടകത്തിന്റെ റിഹേഴ്സലൊക്കെ ഞങ്ങളുടെ വീട്ടിലായിരുന്നു നടന്നിരുന്നത്. വയലാറിന്റെയും പൊൻകുന്നം ദാമോദരന്റെയും വരികളും ബാബു രാജിന്റെ സം​ഗീതവും അനശ്വരമാക്കിയ നാടകമായിരുന്നു ചെറുകാടിന്റെ നമ്മൊളൊന്ന്. ബാബുരാജ് വായിച്ചിരുന്ന ഹാർമോണിയം ഇപ്പോഴും എന്ററെ വീട്ടിലിരിപ്പുണ്ട്. അന്ന് സ്ത്രീകൾ അധികം നാടകത്തിൽ അഭിനയിച്ചിരുന്നില്ല. സ്ത്രീ വേഷം കെട്ടിയിരുന്നത് ആണുങ്ങൾ തന്നെയായിരുന്നു. സ്ത്രീയെന്ന് തോന്നിപ്പിക്കുംവിധം ചമയം ഒരുക്കിയിരുന്നത് പരിയാരംപറ്റ കുഞ്ഞുണ്ണിയേട്ടനായിരുന്നു.

'പിറവി'യിലേക്ക് ആദ്യം സുരാസുവിനെയാണ് കാസ്റ്റ് ചെയ്തിരുന്നത്. സുരാസുതന്റെയടുത്ത് ചൂടായതിന് പിന്നാലെ ഷാജി എൻ കരുണിന് ആകെ ടെൻഷനായി. സുരാസിനെ വച്ച് എങ്ങനെയാ ഒരു സിനിമ ചെയ്യുന്നതെന്ന ചിന്തയിൽ നിന്നുമാണ് അച്ഛനിലേക്ക് ആ കഥാപാത്രം എത്തുന്നത്. ഷാജി ഈ വിഷയവുമായി ബന്ധപ്പെട്ട് പവിത്രനെയാണ് കാണുന്നത്. പവിയാണ് അച്ഛനെ ഷാജിയ്ക്ക് പരിചയപ്പെടുത്തുന്നത്. അച്ഛനോട് ഏറെ സ്വാതന്ത്ര്യമുണ്ടായിരുന്ന സിനിമാക്കാരനായിരുന്നു പവിത്രൻ. അങ്ങനെ പവിയും ഷാജിയും കൂടിയാണ് 'പിറവി'യിൽ അഭിനയിപ്പിക്കുന്നതിലേക്ക് അച്ഛനെ വിളിക്കുന്നതിനായി വരുന്നത്. അഭിനയിക്കുന്നതിന് മുൻപ് സ്ക്രിപ്റ്റ് വായിക്കാൻ തരണമെന്ന് ഒരു നിബന്ധന മാത്രമാണ് അച്ഛൻ അവർക്ക് മുന്നിൽ വച്ചത്. അങ്ങനെ ഒരു മാസത്തോളം സ്ക്രിപ്റ്റ് വായിച്ചശേഷമാണ് കാസർ​ഗോഡ് ഷൂട്ട് ആരംഭിച്ചത്.

പിറവിയിൽ പ്രേംജി
പിറവിയിൽ പ്രേംജി

എൺപത്തഞ്ചാം വയസ് വരെ അച്ഛൻ തൃശൂരിലെ സെന്റ് ജോസഫ് പ്രസിൽ പ്രൂഫ് റീഡറായി ജോലി ചെയ്തു. പണിയെടുത്താൽ മരിക്കില്ലെന്നതായിരുന്നു അച്ഛന്റെ നയം. വീടിന് തൊട്ടടുത്തുളള രണ്ട് റെയിൽ പാളങ്ങൾ താണ്ടി നടന്നാണ് അച്ഛൻ ജോലിയ്ക്ക് പോയിരുന്നത്. കാഴ്ചയ്ക്ക് പ്രശ്നം വന്നപ്പോഴാണ് ജോലി അവസാനിപ്പിച്ചത്. അഞ്ച് വർഷത്തിനുശേഷം അച്ഛൻ മരിക്കുകയുമുണ്ടായി. കമ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായിരുന്ന അച്ഛൻ തൃശൂർ മംഗളോദയം പ്രസ്സിൽ പ്രൂഫ് റീഡറായാണ് ജോലിയിൽ പ്രവേശിച്ചത്. വി ടി ഭട്ടതിരിപ്പാടിന്റെ കീഴിലായിരുന്നു അച്ഛൻ ജോലി ചെയ്തിരുന്നത്. ആ കാലത്തൊക്കെ ഞായറാഴ്ചകളിൽ ജോസഫ് മുണ്ടശ്ശേരി വീട്ടിൽ വരുമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകളൊക്കെ അച്ഛനായിരുന്നു എഴുതിയിരുന്നത്. മുണ്ടേശ്ശേരി പറയുക... അച്ഛൻ എഴുതുക...മുണ്ടശ്ശേരിയുടെ കേട്ടെഴുത്തുകാരൻ ആയിരുന്നു അച്ഛൻ.

ആര്യ പ്രേംജി
ആര്യ പ്രേംജി

മുണ്ടശ്ശേരി വീട്ടിൽ വരുമ്പോൾ ഒരു ചായ പതിവാണ്. അമ്മ ചായ നൽകിക്കഴിഞ്ഞാൽ, എടോ ഒരു ചായയിലൊക്കെ അവസാനിക്കുന്നതാണോ നമ്മൾ തമ്മിലുളള ബന്ധമെന്നായിരിക്കും മുണ്ടശ്ശേരിയുടെ ചോദ്യം. മാഷ് എന്നെക്കൊണ്ട് വെറുതെ ഒന്നും പറയിപ്പിക്കണ്ട പൊക്കോയെന്ന് അടുപ്പത്ത് പുക ഊതി മുഖമൊക്കെ ചുവന്നിരിക്കുന്ന അമ്മ മറുപടിയും നൽകും. മുണ്ടശ്ശേരിയുടെ അമ്മയും എന്റെ അമ്മയും ഒരേ നാട്ടുകാരാണ്. അങ്ങനെ ഒരു ബന്ധം അവർക്കിടിയിൽ ഉണ്ടായിരുന്നു. അങ്ങനെ കുറച്ച് കാലമൊക്കെ കഴിഞ്ഞപ്പോൾ അച്ഛനും മുണ്ടശ്ശേരിക്കും അങ്ങടും ഇങ്ങടും വരാനോ പോകാനോ കഴിയാത്ത അവസ്ഥയിലായപ്പോൾ മുണ്ടശ്ശേരിയുടെ വീട്ടിലേക്ക് ഞാൻ പോകാൻ തുടങ്ങി. അച്ഛന് പിന്നാലെ മുണ്ടശ്ശേരിയുടെ കേട്ടെഴുത്തുകാരനായി ഞാനും മാറി. സി ആർ കേശവൻ വൈദൃരുടെ വിവേകോദയത്തിന്റെ എ ഡിറ്റർ ആയിരുന്നു അന്ന് മുണ്ടശ്ശേരി. വിവേകോദയം എഡിറ്റോറിയലായിരുന്നു അത്. പോകുന്ന വഴിയിൽ ഞാൻ തന്നെയാണ് അത് പോസ്റ്റും ചെയ്തിരുന്നത്.

പ്രേംജിയും ജോസഫ് മുണ്ടശ്ശേരിയും
പ്രേംജിയും ജോസഫ് മുണ്ടശ്ശേരിയും

അച്ഛന്റെ മകനായി ജനിച്ചതു കൊണ്ട് ഞാൻ വലിയ ആളായില്ലെങ്കിലും ഇത്തരത്തിലുളള വലിയ ആൾക്കാരുമായി കുറച്ചധികം ബന്ധങ്ങൾ ഉണ്ടാക്കാൻ എനിക്ക് സാധിച്ചു. വയലാർ നല്ല ഫിറ്റായിട്ടായിരിക്കും വീട്ടിൽ വരിക. ഒരിക്കൽ വീട്ടിലെത്തിയപ്പോൾ എന്റെ അനിയനും കേണലുമായിരുന്ന ഇന്ദുചൂഡൻ വീടിന് പുറത്തിരിപ്പുണ്ടായിരുന്നു. അവന് ഇത് ആരെന്ന് മനസ്സിലായില്ല. അവൻ ആരെന്ന് ചോദിച്ചു. വയലാറിന് ഭയങ്കര ദേഷ്യം തോന്നി. വയലാറിനെ അറിയാത്ത് ആരും തന്നെ ഇല്ലല്ലോ. അനിയൻ എന്നെ വന്നു വിളിച്ചു. ഞാൻ പുറത്തുവന്നപ്പോൾ വയലാർ എന്നോട് ചോദിച്ചു ഏതാ ഈ കുരങ്ങൻ എന്ന്.

വയലാർ രാമവർമ്മ
വയലാർ രാമവർമ്മ

വി ടിയുടെ കീഴിൽ ജോലി ചെയ്തിരുന്ന കാലത്ത് അദ്ദേഹം വായിക്കുകയും അച്ഛൻ കോപ്പി നോക്കുകയും ചെയ്തിരുന്നു. വിടി വായിക്കുന്ന സമയം സന്തോഷമുളള വരികളിൽ അച്ഛന്റെ മുഖത്ത് സന്തോഷം വരികയും സങ്കടമുള്ളിടത്ത് അച്ഛന്റെ കണ്ണുകൾ നിറയുകയും ചെയ്യും. അപ്പോൾ വി ടി പറയും ഇത് കോപ്പി നോക്കലാണ് ഇവിടെ അഭിനയം വേണ്ടാന്ന്. അങ്ങനെ കോപ്പി നോക്കുന്ന സമയത്തുളള അച്ഛന്റെ അഭിനയം കണ്ടുകണ്ടാണ് വിടിയുടെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലേക്ക് അച്ഛൻ എത്തുന്നത്. അന്ന് അച്ഛന് ഇരുപത് വയസായിരുന്നു. അതിൽ എൺപത് വയസുളള വിളയൂർ അച്ചൻ നമ്പൂതിരിയുടെ വേഷമാണ് അച്ഛൻ ചെയ്തിരുന്നത്.

വിടി ഭട്ടതിരിപ്പാട്
വിടി ഭട്ടതിരിപ്പാട്

ശാകുന്തളം എഴുതിയ കൈകളുടെ അനു​ഗ്രഹം ഈ ​ഗ്രന്ഥകാരന്റെ നെറുകയിലുണ്ടെന്നാണ് അച്ഛന്റെ 'ഋതുമതി' എന്ന ​ഗ്രന്ഥത്തെ കുട്ടികൃഷ്ണ മാരാർ വിശേഷിപ്പിച്ചത്. ഒരു ലിറ്റററി വർക്ക് എന്ന നിലയിൽ വിടിയുടെ അടുക്കളയിൽനിന്ന് അരങ്ങേത്തേക്കാളും എംആർബിയുടെ മരക്കുടക്കുള്ളിലെ മഹാനാരകത്തേക്കാളും മുന്നിലായിരുന്നു ഋതുമതിയുടെ സ്ഥാനം. വളരെയധികം സാമൂഹികമാറ്റത്തിന് നാന്ദിക്കുറിച്ച നാടകം കൂടിയായിരുന്നു അത്. അച്ഛന്റെ ഇല്ലത്തിനടുത്താണ് വള്ളത്തോളിന്റെ വീട്. വള്ളത്തോളിന്റെ മക്കളെ സംസ്കൃതം പഠിപ്പിക്കാനായി മാരാർ വരുമായിരുന്നു. പക്ഷേ നായരുടെ വീട്ടിൽനിന്ന് മാരാർക്ക് ഭക്ഷണം കഴിക്കാൻ കഴിയാത്ത കാലമായിരുന്നു അത്. അങ്ങനെ ഭക്ഷണം കഴിക്കാനായി മാരാർ അച്ഛന്റെ ഇല്ലത്ത് വരുമായിരുന്നു. മാരാരിൽനിന്ന് കേട്ട് പഠിച്ച തേ അച്ഛന് ഉള്ളൂ. പിന്നെ വളളത്തോൾ കലാമണ്ഡലം തുടങ്ങിയപ്പോൾ മാരാർ ചെറുതുരുത്തിയിലേക്ക് പോയി. 'ചവിട്ടിക്കുഴച്ച മണ്ണ്' എന്ന നാടകം കലാമണ്ഡലത്തിലാണ് അവതരിപ്പിച്ചത്. അന്നേരം വളളത്തോളിന്റെ അനു​ഗ്രഹം വാങ്ങാനും എനിക്കും കഴിഞ്ഞിരുന്നു.

പഠിക്കുന്ന കാര്യത്തിലൊന്നും നിർബന്ധിക്കാത്ത ഒരു മനുഷ്യനായിരുന്നു അച്ഛൻ. അന്ന് ദാരിദ്ര്യം പിടിമുറുക്കിയ കാലമായിരുന്നു. കേരളവർമയിൽനിന്ന് ബി എസ് സി സുവോളജിയിൽ ബിരുദം പാസായി നിൽക്കുന്ന സമയത്താണ് ഞാൻ എക്സ്പ്രസിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിക്കുന്നത്. എം എസ് സിയ്ക്ക് പോകാനുളള മാർക്ക് ഉണ്ടായിരുന്നെങ്കിലും വീട്ടിലെ ദാരിദ്ര്യം അതിന് അനുവദിച്ചില്ല. അങ്ങനെ അച്ഛനാണ് എക്സ്പ്രസിലെ കെ കൃഷ്ണനെ ചെന്ന് കണ്ട് ജോലി തരപ്പെടുത്തി തരുന്നച്. 75 രൂപയായിരുന്നു ആദ്യ ശമ്പളം. അതിൽ 50 രൂപ അച്ഛന് കൊടുക്കും. ഇതിനിടയിൽ എം എസ് സിയ്ക്ക് അഡ്മിഷൻ കിട്ടിയെങ്കിലും ജോലിയുളളതിനാൽ പോകാൻ കഴിഞ്ഞില്ല. പിന്നീട് പാരലലായി എം എ ഇം​ഗ്ലീഷിന് പഠിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

കെപിഎസി ലളിതയും ആര്യാ പ്രംജിയും
കെപിഎസി ലളിതയും ആര്യാ പ്രംജിയും

അമ്മ അസാമന്യപ്രാപ്തിയുളള ഒരു സ്ത്രീയായിരുന്നു. 14-ാം വയസ്സിലായിരുന്നു അമ്മയുടെ ആദ്യ വിവാ​ഹം. അമ്മയുടെ ഏട്ടത്തിയൊയിരുന്നു അദ്ദേഹം ആദ്യം വിവാഹം കഴിച്ചിരുന്നത്. അവർ മരിച്ചപ്പോഴാണ് നാൽപ്പത് വയസുളള അദ്ദേഹം അമ്മയെ കല്യാണം കഴിക്കുന്നത്. ആദ്യ വേളിയിലെ കുട്ടിയും പിന്നീട് അദ്ദേഹവും മരിച്ചതോടെ അമ്മ വിധവയായി. 14 വയസുളള അമ്മയും നാൽപ്പത് വയസുളള ഒരാളും എങ്ങനെയാണ് ജീവിച്ചതെന്ന് പിന്നീട് ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്. എന്നാൽ ചെറിയ കുട്ടികളോടുളള വാത്സല്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നാണ് അമ്മ പറഞ്ഞിരുന്നത്. എന്നാൽ പ്രധാന പ്രശ്നം രാവിലെ എഴുന്നേറ്റ് കഴിഞ്ഞാലും അദ്ദേഹം ഉണരുന്നതുവരെ മുറിയിൽ ഇരിക്കണമെന്നുളളതാണ്. ചെറിയ കുട്ടിയായതുകൊണ്ടുതന്നെ വാതിൽ തുറക്കാനുളള കരുത്ത് അമ്മയ്ക്കുണ്ടായിരുന്നില്ല.

അദ്ദേഹത്തിന്റെ മരണശേഷം കുറച്ചുകാലം വിധവയായി ജീവിച്ച അമ്മ ഇംഎംസിന്റെ അധ്യക്ഷതയിൽ നടന്ന വിധവാവിവാഹത്തിലാണ് അച്ഛനെ വിവാഹം കഴിക്കുന്നത്. നമ്പൂതിരി സമുദായത്തിൽ വിധവാവിവാഹം പൂർണമായും നിരോധിക്കപ്പെട്ട കാലമായിരുന്നു അത്. വിവാഹത്തിന് പിന്നാലെ സമുദായം ഞങ്ങൾക്ക് ഭ്രഷ്ടും കൽപ്പിച്ചു. അമ്മയുടെ ഇല്ലത്ത് ഞങ്ങൾ പോയാലും അകത്ത് പ്രവേശനമുണ്ടായിരുന്നില്ല. അവിടെ പോയാൽ പുറത്തിരുന്നാണ് ഞങ്ങൾ ഭക്ഷണം കഴിച്ചിരുന്നത്. എന്നാൽ കേരളത്തിലെ രണ്ടാമത്തെ ആ വിധവാ വിവാഹത്തിലൂടെ വലിയ മാറ്റത്തിനാണ് നാന്ദികുറിച്ചത്.

അച്ഛന്റെ മരണസമയത്ത് ഞാൻ കൂടെയുണ്ടായിരുന്നില്ല. മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് മാർ ഇവാനിയോസ് കോളേജിലേക്ക് വരുമ്പോഴാണ് മരണവിവരം അറിയുന്നത്. അമ്മ അവസാനം കാലം എനിക്കൊപ്പമുണ്ടായിരുന്നിട്ടും അമ്മയുടെ മരണസമയത്തും എനിക്ക് അരികിലുണ്ടാകാൻ സാധിക്കാതെ പോയി. തൃശ്ശൂരിൽ ഒരു കല്യാണവുമായി ബന്ധപ്പെട്ടുളള യാത്രയിലായിരിക്കുമ്പോഴാണ് അമ്മയുടെ മരണവിവരം അറിയുന്നത്. ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല അമ്മയുടെ മരണം. തോളത്ത് കൈയിട്ട് സുഹൃത്തിനെപ്പോലെ ചേർത്തുപിടിച്ചിരുന്ന അച്ഛന്റെയും കരുത്തയായ അമ്മയുടെയും മകനായി ജനിച്ചത് തന്നെയാണ് ജീവിതത്തിൽ ഏറെ അനു​ഗ്രഹമായി കാണുന്നതും.

logo
The Fourth
www.thefourthnews.in