വേണം പഠന രീതിയെപ്പറ്റി ഗവേഷണം; അതാവണം നവീകരണത്തിന് അടിത്തറ 

വേണം പഠന രീതിയെപ്പറ്റി ഗവേഷണം; അതാവണം നവീകരണത്തിന് അടിത്തറ 

കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തെപ്പറ്റിയുള്ള ഒരു സമഗ്ര ഗവേഷണ പ്രോജെക്ടിന് ഇന്ന് തുടക്കമാകുകയാണ്. ബോധന സമ്പ്രദായവും വിദ്യാർത്ഥികളുടെ നൈപുണ്യവും പഠിക്കുന്നതാണ് പദ്ധതി

സാക്ഷരതാ ശതമാനത്തിലും ഏതാണ്ട് സർവത്രികം തന്നെയായ ഉന്നത വിദ്യാഭ്യാസത്തിലും വിദേശ രാജ്യങ്ങളിൽ പല തൊഴിൽ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നവരുടെ എണ്ണത്തിലും കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് വഴികാട്ടിയാണ്. എന്നാൽ, കേരളത്തിലെ പ്രാഥമിക, സെക്കണ്ടറി വിദ്യാഭ്യാസ രംഗത്തെപ്പറ്റി അടുത്തെങ്ങും വിശ്വസനീയമായ ഗവേഷണ പഠനങ്ങൾ നടന്നിട്ടില്ല. അതായത്, നമ്മൾ മികച്ചതാണ് എന്ന് വസ്തുതകളും ഡാറ്റയും നിരത്തി സ്ഥാപിക്കാനുള്ള വകുപ്പൊന്നും തൽക്കാലം ലഭ്യമല്ലെന്ന് സാരം.

ഈ പോരായ്മയ്ക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ട് ഒരു സമഗ്ര വിദ്യാഭ്യാസ ഗവേഷണ പ്രോജെക്ടിന് ഇന്ന് തുടക്കമാകുകയാണ്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസും വക്കം മൗലവി ഫൌണ്ടേഷൻ ട്രസ്റ്റും ചേർന്ന് നടത്തുന്ന ഗവേഷണത്തിന്റെ ആദ്യ ഘട്ടമായി ദ്വിദിന സെമിനാറിന് ഇന്ന് സി ഡി എസിൽ തുടക്കമാകുകയാണ്. ഈ ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകുന്നത് വേൾഡ് ബാങ്ക് മുൻ എഡ്യൂക്കേഷൻ മാനേജരും ഉപദേഷ്ടാവും വക്കം മൗലവി ഫൌണ്ടേഷൻ ട്രസ്റ്റ് വൈസ് ചെയറുമായ ഡോ. സജിത ബഷീർ ആണ്. പല രാജ്യങ്ങളിലെയും വിദ്യാഭ്യാസ സമ്പ്രദായം അടുത്തുനിന്ന് കണ്ടു വിലയിരുത്തുകയും ആഫ്രിക്കൻ രാജ്യങ്ങളിൽ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള പല പദ്ധതികൾക്കും നേതൃത്വം നൽകുകയും ചെയ്തിട്ടുള്ള  സജിത സ്വാതന്ത്രമായ ഗവേഷണം വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് അനിവാര്യമാണെന്ന് വിശ്വസിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റിയും മുന്നോട്ടുവയ്ക്കുന്ന ഗവേഷണ പദ്ധതിയെയും പറ്റി സജിത ബഷീർ ‘ദ ഫോർത്തി’ നോട് സംസാരിച്ചു. 

Q

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റി സമഗ്രമായ ഗവേഷണം നടത്താൻ തീരുമാനിച്ചതിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്?

A

പ്രാഥമിക വിദ്യാഭ്യാസവും സെക്കൻഡറി വിദ്യാഭ്യാസവും വളരെ നേരത്തെ തന്നെ സാർവത്രികമാക്കിയ സംസ്ഥാനമാണ് കേരളം. അങ്ങനെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയുമായി നമ്മൾ. രാഷ്ട്രീയ, സാമൂഹിക പ്രചാരണങ്ങളിലൂടെ സമൂഹത്തിൽ ഒരു സമവായം സൃഷ്ടിച്ചും വലിയ തോതിൽ പൊതുപണം വിദ്യാഭ്യാസ രംഗത്ത് ചെലവഴിച്ചുമൊക്കെയാണ് കേരളം ഇത് സാധ്യമാക്കിയത്. എന്നാൽ, കേരളത്തിൽ വിദ്യാഭ്യാസരംഗത്തെ പറ്റി നല്ല നിലയിലെ ഗവേഷണങ്ങൾ ഒന്നുമേ നടന്നിട്ടില്ലെന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളിൽ, കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പറ്റി ഏതാനും ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷെ, ഇവയെല്ലാം വിദ്യാഭ്യാസ പുരോഗതിയെപ്പറ്റിയും അത് എങ്ങനെ കേരള മോഡൽ വികസനത്തിന്റെ ഭാഗമായെന്നതും ചർച്ച ചെയ്യുന്നവയാണ്. അതിനപ്പുറം ബോധന സമ്പ്രദായത്തെപ്പറ്റിയോ ഗണിത ശാസ്ത്രത്തിലും ഭാഷയിലുമുള്ള വിദ്യാർത്ഥികളുടെ പ്രാവീണ്യത്തെപ്പറ്റിയോ വിദ്യാഭ്യാസ നയത്തെപ്പറ്റിയോ ഒന്നും കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. 

ഇതിൽ ഒരു അപാകതയുണ്ട്. ഏറ്റവും നന്നായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളെല്ലാം ഗവേഷണ ഫലത്തിൽ നിന്ന് പുതിയ പാഠങ്ങൾ ഉൾക്കൊണ്ടു സ്വയം നവീകരിക്കുന്നവയാണ്. വിജയ മാതൃകയുള്ള രാജ്യങ്ങളായ ഫിൻലൻഡ്‌, സൗത്ത് കൊറിയ, ചൈന, സിംഗപ്പുർ, എന്നിവയൊക്കെ ഗവേഷണത്തിന് കാര്യമായ പ്രാധാന്യം നൽകുന്നുണ്ട്. ഒരു പരിധി വരെ യു എസിലും യു കെയിലും കാര്യങ്ങൾ ഇങ്ങനെയാണ്. ഫിൻലൻഡും ചൈനയും സിംഗപ്പൂരും അധ്യാപകരെ തന്നെ ഗവേഷണത്തിനായി നിയോഗിക്കുന്നു. വിദ്യാഭ്യാസ നയവും ഈ രാജ്യങ്ങളിൽ നിരന്തര ഗവേഷണത്തിന് വിധേയമാക്കപ്പെടുന്നുണ്ട്. 

കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നിലവാരത്തിൽ ചില പ്രശ്നങ്ങളുണ്ടെന്നും വിദ്യാഭ്യാസ രംഗത്തെ അസമത്വം രൂക്ഷമാണെന്നും എല്ലാപേർക്കും അറിയാം. പക്ഷെ, വീട്ടിലെ ഒരു രഹസ്യം പോലെ മറ്റുള്ളവർ ഇത് അറിയാൻ പാടില്ലെന്നാണ് നമ്മൾ കരുതുന്നത്. പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിച്ചു പോയില്ലെങ്കിൽ അത് ഉന്നത വിദ്യാഭ്യാസ രംഗത്തേയും തൊഴിൽ ക്ഷമതയെയും ഒക്കെ ബാധിക്കും. ഇതിനൊക്കെ പരിഹാരം കാലാകാലങ്ങളിൽ ബോധന സമ്പ്രദായവും വിദ്യാഭ്യാസ നയവുമൊക്കെ ഗവേഷണത്തിന് വിധേയമാക്കുക എന്നതാണ്. 

Q

മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പറ്റി നന്നായി അറിയുന്ന ഒരു വ്യക്തിയാണ് താങ്കൾ. അവയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ ഇപ്പോഴത്തെ സമ്പ്രദായം മികച്ചതാണെന്ന് പറയാൻ സാധിക്കുമോ?

A

വിദ്യാഭ്യാസ സമ്പ്രദായങ്ങളെ റേറ്റ് ചെയ്യുന്നതും റാങ്ക് ചെയ്യുന്നതും വളരെ ബുദ്ധിമുട്ടുള്ളതും പലപ്പോഴും അപകടകരമായതുമായ പ്രക്രിയയാണ്. ചരിത്രത്തോടൊപ്പം വികസിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്ക് പല മാനങ്ങളുണ്ട്. അതുകൊണ്ട്, ഏതെങ്കിലും ഒരു മാനദണ്ഡം (കുട്ടികൾ നേടുന്ന മാർക്ക് തുടങ്ങിയ) ആസ്പദമാക്കി താരതമ്യത്തിന് മുതിരുന്നത് അർത്ഥപൂർണമാവില്ല. 

വേണം പഠന രീതിയെപ്പറ്റി ഗവേഷണം; അതാവണം നവീകരണത്തിന് അടിത്തറ 
ഒരു അവിചാരിത ഉദ്‌ഘാടനം, പിന്നെ കുറെ ചോദ്യങ്ങളും

നിർഭാഗ്യവശാൽ, ഞാൻ കരുതുന്നത് ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏറ്റവും വലിയ പ്രശ്നം അസമത്വം ആണെന്നാണ്. നമ്മുടെ അഭിമാന സ്തംഭങ്ങളായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നല്ല നിലയിൽ പാസായി പല രാജ്യങ്ങളിലും ഉന്നത ഉദ്യോഗം വഹിക്കുന്ന ധാരാളം ഇന്ത്യക്കാർ ഉണ്ട്. പക്ഷെ, നല്ലൊരു ഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും ഏഴാം ക്ലാസോ എട്ടാം ക്ലാസോ പാസായാലും എഴുതാനോ വായിക്കാനോ പോലും നല്ലവണ്ണം കഴിയാത്തവർ ആയിരിക്കും. ഭൂപ്രദേശവുമായി ബന്ധപ്പെട്ട അസമത്വവും നാം കാണേണ്ടതുണ്ട്. കേരളത്തിലെ സ്ഥിതി അല്ല ബിഹാറിലും ഝാർഖണ്ഡിലും. 

കേരളത്തിൽ സാർവത്രിക വിദ്യാഭ്യാസം എന്ന ആശയം 1980 കളിൽ പൂർണമായും പ്രാവർത്തികമായ ശേഷം വിദ്യാഭ്യാസ സമ്പ്രദായത്തിൽ അസമത്വങ്ങൾ വളർന്നു വന്നു. അതുവരെ പൊതുവിദ്യാഭ്യാസ മേഖലയ്ക്കായിരുന്നു മുൻഗണന. അതായത് ഫിൻലൻഡിലെ പോലെ ആളോഹരി വിദ്യാഭ്യാസ വികസനം ഉറപ്പുവരുത്താൻ അതുവരെ നമുക്ക് കഴിഞ്ഞു. പിന്നീട് പൊതുനയത്തിൽ പ്രമുഖസ്ഥാനം ഇല്ലാതായി വിദ്യാഭ്യാസത്തിന്. അതോടെ സ്വകാര്യ വിദ്യാലയങ്ങളും സ്വകാര്യ ട്യൂഷൻ സെന്ററുകളും വളർന്നു. കുടുംബങ്ങൾക്ക് അവരുടെ സാമ്പത്തിക ശേഷി അനുസരിച്ച് പല തട്ടിലുള്ള വിദ്യാഭ്യാസ രീതികൾ തിരഞ്ഞെടുക്കാൻ കഴിയുമെന്നായി. വികസ്വര രാജ്യങ്ങളെക്കാൾ മികച്ച വിദ്യാഭ്യാസ രീതിയാണ് കേരളത്തിൽ. നമുക്ക് പത്താം ക്‌ളാസ് വരെ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ കഴിയുന്നുണ്ട്. എന്നാൽ ഇവരുടെ തുടർ പഠനത്തിനും ഭാവി ലോകത്തെ ജീവിതത്തിനും വൈവിധ്യമാർന്ന തൊഴിൽ മേഖലകളിൽ പ്രവർത്തിക്കാനും അവരെ സജ്ജമാക്കാൻ പ്രാഥമിക വിദ്യാഭ്യാസവും ശക്തമാവണം. അതിന് ഗവേഷണം കൂടിയേ തീരൂ. 

അൻപതു വർഷം മുൻപ് പരിമിത വിഭവങ്ങൾ മാത്രമുള്ള ഒരു ദരിദ്ര രാജ്യമായിരുന്നു ഫിൻലൻഡ്‌. അവിടത്തെ സർക്കാരും സമൂഹവും വിദ്യാഭ്യാസത്തെ പ്രഥമ പരിഗണനയുള്ള മേഖലയായി തീരുമാനിച്ചതോടെയാണ് മാറ്റങ്ങൾക്ക് തുടക്കമായത്. ഒൻപതു വർഷത്തെ സമഗ്ര സ്കൂൾ വിദ്യാഭ്യാസ പദ്ധതി അവർ ആവിഷ്കരിച്ചു. ഈ മാറ്റങ്ങളെ തുടർന്നുളവായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫിന്നിഷ് സർക്കാർ ആശ്രയിച്ചത് വിദ്യാഭ്യാസ ഗവേഷകരെയായിരുന്നു. ഗവേഷണവും അധ്യാപകരുടെ കഠിനാധ്വാനവുമാണ് ഫിന്നിഷ് മാതൃകയെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളിൽ മുഖ്യം. 

വേണം പഠന രീതിയെപ്പറ്റി ഗവേഷണം; അതാവണം നവീകരണത്തിന് അടിത്തറ 
സ്‌കൂള്‍, കോളേജ് പാഠ്യ പദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം: സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണമെന്ന് ഹൈക്കോടതി
Q

കേരളത്തിൽ ബിരുദ, എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. ഇതേപ്പറ്റി ശ്രദ്ധിച്ചിട്ടുണ്ടോ?

A

ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ പഠനങ്ങൾ ഒന്നും എന്റെ ശ്രദ്ധയിൽ വന്നിട്ടില്ല. ആധികാരികമായി ഉത്തരം പറയാൻ ഡാറ്റ അവശയമുണ്ട്. എങ്കിലും ചില നിഗമങ്ങൾ പങ്കുവയ്ക്കാം. ചർച്ചകളിലും സ്വാനുഭവങ്ങളിൽ നിന്നും എത്തിച്ചേർന്ന നിഗമനങ്ങളാണ്. ആവശ്യത്തിലധികം ബിരുദ, എഞ്ചിനീയറിംഗ് സീറ്റുകൾ കേരളത്തിൽ ഉണ്ടെന്നതാകാം ഒരു കാരണം. അല്ലെങ്കിൽ കേരളത്തിലെ സയൻസ്, എഞ്ചിനീയറിംഗ് വിദ്യാഭ്യാസം വേണ്ട നിലവാരം ഉള്ളതാണെന്ന് വിദ്യാർഥികൾ കരുത്തുന്നില്ലെന്നതാവാം. ആരാണ് പുറം നാടുകളിലേക്ക് പോകുന്നതെന്നതും പ്രധാനമാണ്. പണക്കാർ മാത്രമാണോ അതോ ഫീസും ചെലവും എങ്ങനെയെങ്കിലും കണ്ടെത്താൻ കഴിയുന്ന എല്ലാപേരും പോകുകയാണോ? ഞങ്ങൾ നേരിട്ട് കണ്ട ചെറുപ്പക്കാർ പലരും കേരള സമൂഹത്തിൽ വല്ലാതെ ശ്വാസം മുട്ടൽ അനുഭവിക്കുന്നതായി പറയുന്നുണ്ട്. നമ്മുടെ ചെറുപ്പക്കാരുടെ ആസ്പിരേഷൻ ലെവൽ കൂടിയിട്ടുമുണ്ട്. എന്നാൽ ഇവിടത്തെ സാമൂഹിക നിലവാരം ആ തലത്തിൽ എത്തുന്നുമില്ല. 

വേണം പഠന രീതിയെപ്പറ്റി ഗവേഷണം; അതാവണം നവീകരണത്തിന് അടിത്തറ 
നോട്ടുനിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു; അസംഘടിത മേഖല പൂർണമായി തകർന്നെന്നും പറക്കാല പ്രഭാകർ
Q

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് സർക്കാർ ഉത്തരവാദിയാണെന്ന് കരുതുന്നുണ്ടോ? 

A

വിദ്യാഭ്യാസ നിലവാരത്തിന്റെ പ്രശ്നം ഏതെങ്കിലും സർക്കാരിന്റെ പിഴവ് കൊണ്ടാണെന്ന് പറയാൻ പറ്റില്ല. കുറെക്കാലമായി ഉള്ള പ്രശ്നമാണിത്. കുറെയധികം പരിഷ്‌കാരങ്ങൾ ഈ കാലയളവിൽ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. അവയൊന്നും, പക്ഷെ, പ്രധാന പ്രശ്നങ്ങളെ സമീപിക്കുന്നേയില്ല. ഈ പ്രശ്നം പരിഹരിക്കാനായി എന്തെങ്കിലും ചെയ്യണമെന്ന അഭിപ്രായ സമന്വയം സമൂഹത്തിലും രാഷ്ട്രീയകക്ഷികൾക്ക് ഇടയിലും ഇതുവരെ ഉണ്ടായിട്ടില്ല. അത് കഴിഞ്ഞു വേണമല്ലോ എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കാൻ. നാം ഫിൻലൻഡ്‌ മോഡലിനെ പറ്റി ധാരാളം പറയുന്നുണ്ടല്ലോ. നമുക്ക് ഇപ്പോൾ വേണ്ടത് ഒരു ഫിന്നിഷ് മുഹൂർത്തമാണ്. വിദ്യാഭ്യാസമാണ് തങ്ങളുടെ ജനങ്ങളുടെ ഭാവിയെന്നു അവർ 1970-ൽ തിരിച്ചറിഞ്ഞത് പോലുള്ള ഒരു മുഹൂർത്തം. എന്നിട്ട് വ്യവസ്ഥാപിത രീതിയിലൂടെ പ്രധാന പരിഷ്‌കാരങ്ങൾ കണ്ടുപിടിക്കുക, അവ പരീക്ഷിക്കുക, ഗവേഷണവും ആസൂത്രണവും നടത്തുക, പിന്നെ പരിഷ്‌കാരങ്ങൾ കൃത്യമായി നടപ്പാക്കി വിലയിരുത്തുക. ഈ ചാക്രിക പ്രക്രിയയാണ് നമുക്ക് വേണ്ടത്. 

Related Stories

No stories found.
logo
The Fourth
www.thefourthnews.in