ഭൂപതിവ് നിയമ ഭേദഗതി അനിവാര്യമാക്കിയ ഇടുക്കിയിലെ കർഷക ജീവിതം; നിയമത്തിന്റെ മറവില്‍ റിസോർട്ട് മാഫിയ കയ്യടക്കുമോ ഭൂമി?

ഭൂപതിവ് നിയമ ഭേദഗതി അനിവാര്യമാക്കിയ ഇടുക്കിയിലെ കർഷക ജീവിതം; നിയമത്തിന്റെ മറവില്‍ റിസോർട്ട് മാഫിയ കയ്യടക്കുമോ ഭൂമി?

ഉപജീവനത്തിനും ജീവിതത്തിനും മെച്ചപ്പെട്ട സാഹചര്യമൊരുക്കാൻ ഇത്ര വൈകേണ്ടിയിരുന്നില്ല. മലയോര കർഷകരെ ചേർത്തുപിടിച്ചെന്ന് സർക്കാർ ആശ്വസിക്കുന്നതിനപ്പുറം ഉപാധികളെന്തൊക്കെയെന്നതാണ് ഇനി അറിയാനുള്ളത്

ഇടുക്കിയില്‍ ഭൂമി കയ്യേറുന്നവന് പാർട്ടിയോ പതാകയോ ഇല്ല, അന്നും ഇന്നും...2002ല്‍ പ്രതിപക്ഷ നേതാവായിരിക്കെ, മതികെട്ടാൻ മുതല്‍ 2011ല്‍ മുഖ്യമന്ത്രിയായിരിക്കെ മൂന്നാർ വരെ കയ്യേറ്റമൊഴിപ്പിക്കാൻ സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ നടത്തിയ ശ്രമങ്ങള്‍ സമാനതകളേതുമില്ലാത്താതായിരുന്നു. എന്നാല്‍, നീണ്ടകാലത്തെ ഉദ്യമങ്ങളില്‍ വലതുകയ്യായിരുന്ന എം എം മണിയടക്കം എതിർചേരിയിലായ രാഷ്ട്രീയ തിരിച്ചടികളായിരുന്നു വി എസിന് കാത്തുവച്ചത്. എങ്ങുമെത്താതെ പോയ തീരുമാനങ്ങളില്‍ പാർട്ടിയുടെയോ ഒരു പരിധി വരെ ഇടുക്കിക്കാരുടെയോ പോലും പിൻബലം വിഎസിന് തുണയായില്ല. അതാണ്, ഭൂവിനിയോഗത്തില്‍ ഇടുക്കിയുടെ രാഷ്ട്രീയം.

എന്നാല്‍, വ്യാപക കയ്യേറ്റങ്ങള്‍ക്കപ്പുറത്ത് ഇടുക്കിയിലെ കർഷകരുടെ ജീവിതവുമായി ഇഴചേർന്നതാണ് ജില്ലയിലെ ഭൂപ്രശ്നം. അവരുടെ ആറ് പതിറ്റാണ്ട് നീണ്ട ആവശ്യമാണ് 1964ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യുന്നതോടെ നിറവേറ്റപ്പെടുന്നത്. ഭൂമിയുടെ വക മാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാൻ സർക്കാരിന് അധികാരം നല്‍കുന്ന നിയമം നിയമസഭ ഏകകണ്ഠമായാണ് അംഗീകരിച്ചിരിക്കുന്നത്. നിയമത്തിലെ നാലാം വകുപ്പിലാണ് പ്രധാന ഭേദഗതി വരുന്നത്. പട്ടയ ഭൂമിയിലെ ഇതുവരെ നിയമവിരുദ്ധമായിരുന്ന എല്ലാ നിർമാണങ്ങളും ഇതിലൂടെ സാധൂകരിക്കപ്പെടും. നിയമത്തിന്റെ ഭാഗമായുള്ള ചട്ടം രൂപീകരിക്കുന്നതോടെയാണ് സാധുത ലഭിക്കുക.

വി എസ് അച്യുതാനന്ദൻ മൂന്നാറില്‍
വി എസ് അച്യുതാനന്ദൻ മൂന്നാറില്‍

കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പതിച്ചുനല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയൊക്കെ നിയമത്തിന്റെ പരിധിയിലാകും. ജീവിതോപാധിക്കായി നടത്തിയ 1500 സ്ക്വയർ ഫീറ്റിലെ ചെറു നിർമാണങ്ങളും കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വക മാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കും. അപേക്ഷ ഫീസും ക്രമവത്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ചട്ടത്തിലുണ്ടാകും. പട്ടയ ഭൂമിയിലെ റിസോർട്ട് നിർമാണം, പാർട്ടി ഓഫീസ് നിർമാണം, വാണിജ്യ മന്ദിരങ്ങള്‍ എല്ലാമീ ആനുകൂല്യത്തിന്റെ പരിധിയിലേക്ക് വരികയാണ്.

1960ലെ ഭൂപതിവ് നിയമപ്രകാരം മറ്റ് ജില്ലകളില്‍ ഭൂമി ലഭിച്ചവർക്ക് കിട്ടിയ അവകാശം ഇടുക്കിക്കാർക്ക് ലഭിച്ചിട്ടില്ലെന്നതായിരുന്നു നിയമത്തിനെതിരായ പ്രധാന ആക്ഷേപം. ഇടുക്കിയിലെ വില്ലേജുകളില്‍ പട്ടയ ഭൂമിയില്‍ നടക്കുന്ന അനധികൃത നിർമാണം തടയാൻ സർക്കാർ 2018ല്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരായ ഹർജിയില്‍ ഹൈക്കോടതി ഇത് സംസ്ഥാനത്താകെ വ്യാപകമാക്കി. ഇതോടെ പട്ടയഭൂമിയില്‍ നിർമാണങ്ങള്‍ക്ക് പൂർണമായും വിലക്കുവന്നു. വലിയ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കുറ്റപ്പെടുത്തലുകളും ഇതോടെ സർക്കാർ പാത്രമായി. പിന്നാലെ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു. 1960ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തുകയെന്നതായിരുന്നു അതിനൊടുവിലെ തീരുമാനം.

ചട്ടഭേദഗതിക്ക് സർക്കാർ താല്‍പര്യപ്പെടുന്നില്ലേയെന്ന് കോടതി ആവർത്തിച്ച് ചോദിച്ചു. എന്നാല്‍, ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു

ഭൂപതിവ് നിയമ ഭേദഗതി അനിവാര്യമാക്കിയ ഇടുക്കിയിലെ കർഷക ജീവിതം; നിയമത്തിന്റെ മറവില്‍ റിസോർട്ട് മാഫിയ കയ്യടക്കുമോ ഭൂമി?
ഇടുക്കിയിലെ ഭൂപ്രശ്നത്തിന് പരിഹാരമാകും; ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍, ബില്‍ അടുത്ത സഭാ സമ്മേളനത്തില്‍

തുടങ്ങിയത് മൂന്നാറില്‍

മൂന്നാറിലെ റവന്യു ഭൂമി കയ്യേറ്റവും അനധികൃത നിർമാണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന 2010ല്‍ ഹൈക്കോടതിയിലെത്തിയതോടെയാണ് ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ സങ്കീർണമാകുന്നത്. മൂന്നാറിൽ കെട്ടിട നിർമാണ അനുമതിക്കായി അപേക്ഷിക്കുമ്പോൾ റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം കൂടി വേണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍, പിന്നാലെയുള്ള സർക്കാർ നിലപാട് വീണ്ടും പ്രതിഷേധത്തിലെത്തിച്ചു. മൂന്നാറില്‍ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ആനവിലാസം വില്ലേജും 40 കിലോമീറ്ററോളം അകലെയുള്ള ശാന്തൻപാറ വില്ലേജും ഉള്‍പ്പെടെ എട്ട് വില്ലേജുകള്‍ മൂന്നാർ പ്രദേശത്തുള്‍പ്പെടുമെന്ന തീരുമാനം ചില്ലറയൊന്നുമല്ല വിമർശനത്തിനിടയാക്കിയത്. ഇവിടങ്ങളിലെ സാധാരണക്കാരായ മനുഷ്യർ കെട്ടിട നിർമാണ അനുമതിക്ക് ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നു.

അതിജീവന പോരാട്ട വേദി ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി സർക്കാരിന്റെ വിശദീകരണം തേടി. പിന്നാലെ, ഭൂവിനിയോഗ ചട്ടം ഇടുക്കിക്ക് പുറമെ സംസ്ഥാനത്തൊട്ടാകെ ബാധകമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചട്ടഭേദഗതിക്ക് സർക്കാർ താല്‍പര്യപ്പെടുന്നില്ലേയെന്ന് കോടതി ആവർത്തിച്ച് ചോദിച്ചു. എന്നാല്‍, ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. അവിടുന്നും തിരിച്ചടി നേരിട്ടതോടെ ഭൂപതിവ് നിയമഭേദഗതിക്ക് സർക്കാർ നിർബന്ധിതരാകുകയായിരുന്നു.

ഒരു കുടുംബത്തിന് ഒരേക്കർ ഭൂമി. ലഭിക്കുന്ന പട്ടയങ്ങള്‍ 12 വർഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നും ചട്ടം പറയുന്നു

എന്തായിരുന്നു നിയമം?

1960ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച 1964ലെ ചട്ടപ്രകാരമാണ് കുടിയേറ്റ കർഷകന് കൈവശഭൂമി പതിച്ചുനല്‍കുന്നത്. പട്ടയമായി പതിച്ചുനല്‍കിയ ഭൂമിയില്‍ കൃഷിയും വീട് വയ്ക്കുന്നതും മാത്രമാണ് അനുവദിക്കപ്പെട്ടിരുന്നത്. ഒരു കുടുംബത്തിന് ഒരേക്കർ ഭൂമി. ലഭിക്കുന്ന പട്ടയങ്ങള്‍ 12 വർഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നും ചട്ടം പറയുന്നു. ഒരു ലക്ഷം രൂപയിലധികം വരുമാനമുള്ളവർക്ക് പട്ടയം ലഭിക്കുകയുമില്ല. 1993ലൊരു ഭേദഗതി കൊണ്ടുവന്നു. അതുപ്രകാരം, ചെറിയ നിർമിതികള്‍ക്ക് അനുമതി ലഭിച്ചു. എന്നാല്‍ കാലാകാലങ്ങളായി പട്ടയഭൂമികളില്‍ എല്ലാവിധ നിർമാണങ്ങളും ചട്ടം ലംഘിച്ച് നടന്നുവന്നു.

വിദ്യാലയങ്ങള്‍, ആശുപത്രികള്‍, പാർട്ടി ഓഫീസുകള്‍, റിസോർട്ടുകള്‍, ആരാധനാലയങ്ങളൊക്കെ ഈ ഗണത്തില്‍പെടും. 2018ല്‍ പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതിനനുസരിച്ച് നിർമാണങ്ങള്‍ക്ക് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയെങ്കിലും അതൊടുവില്‍ സർവകക്ഷിയോഗം വിളിച്ച് നിയമഭേദഗതി വേണമെന്ന തീരുമാനത്തിലാണെത്തിച്ചത്.

ശാന്തൻപാറയില്‍ നിർമാണത്തിലിരിക്കുന്ന പാർട്ടി ഓഫീസ്
ശാന്തൻപാറയില്‍ നിർമാണത്തിലിരിക്കുന്ന പാർട്ടി ഓഫീസ്

പാർട്ടി ഓഫീസുകള്‍ക്ക് തടയിട്ട ഹൈക്കോടതി വിധി

ഇടുക്കി മൂന്നാര്‍ മേഖലയില്‍ കെട്ടിട നിര്‍മാണ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിര്‍മിക്കുന്ന സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് ഓഗസ്റ്റ് 22നാണ്. എന്‍ഒസിയില്ലാതെ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് റവന്യൂ വകുപ്പ് നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കി തടഞ്ഞിരുന്നു. ഇത് ലംഘിച്ചും നിർമാണം തുടർന്നതോടെയാണ് കോടതി ഇടപെട്ടത്. ശാന്തന്‍പാറ, ബൈസണ്‍വാലി, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലെ സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്ക്കാനായിരുന്നു ഉത്തരവ്. ഇതില്‍ ശാന്തന്‍പാറയിലേത് ഏരിയ കമ്മിറ്റി ഓഫീസാണ്.

സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ പേരിലുള്ള 8 സെന്റ് വസ്തുവിലാണ് കെട്ടിടം നിർമിക്കുന്നത്. ഈ സ്ഥലത്തുണ്ടായിരുന്ന 50 വർഷം പഴക്കമുള്ള കെട്ടിടം അപകട നിലയിലായതിനാൽ പുനർനിർമിക്കുകയാണ് ചെയ്തതെന്നും നിയമം ലംഘിച്ചിട്ടില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വാദം. നിയമംലംഘിച്ചാണ് നിർമാണമെന്ന് ആരോപിച്ച് രംഗത്തുവന്നത് കോൺഗ്രസായിരുന്നു. എന്നാല്‍, അതേ കോൺഗ്രസും ഉള്‍പ്പെടെ കക്ഷി ഭേദമന്യേയാണ് ഇന്ന് ഭൂപതിവ് നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കിയത്.

അർഹതപ്പെട്ടവരെ അവഗണിച്ചുള്ള ഭൂവിനിയോഗവും പാർട്ടി ഓഫീസ്, റിസോർട്ടുകള്‍ അങ്ങനെയങ്ങനെ വ്യാപകമായ കയ്യേറ്റങ്ങളും കൂട്ടത്തോടെയുള്ള പട്ടയ കൈമാറ്റവും നിയമത്തിന്റെ പിൻബലത്തോടെ സാധ്യമാകുമോയെന്നതാണ് ആശങ്ക

പതിറ്റാണ്ടുകള്‍ക്ക് മുൻപ് കൊണ്ടുവന്ന നിയമത്തിന്റെ പേരിൽ പട്ടയ ഭൂമിയിൽ 1500 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള നിർമാണം നടത്തിയിട്ടുള്ള സാധാരണക്കാർക്ക് ആശ്വാസകരമാണ് ഭേദഗതി എന്നതില്‍ തർക്കമില്ല. ഉപജീവനത്തിനും ജീവിതത്തിനും മെച്ചപ്പെട്ട സാഹചര്യമൊരുക്കാൻ ഇത്ര വൈകേണ്ടിയിരുന്നില്ല എന്നും വിലയിരുത്താം. ചട്ടം രൂപീകരിക്കുന്നതോടെയാണ് നിയമത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് വ്യക്തമാകുക. മലയോര കർഷകരെ ചേർത്തുപിടിച്ചെന്ന് സർക്കാർ ആശ്വസിക്കുന്നതിനപ്പുറം ഉപാധികളെന്തൊക്കെയെന്നതാണ് ഇനി അറിയാനുള്ളത്. അർഹതപ്പെട്ടവരെ അവഗണിച്ചുള്ള ഭൂവിനിയോഗവും റിസോർട്ടുകള്‍, പാർട്ടി ഓഫീസ് അങ്ങനെയങ്ങനെ വ്യാപകമായ കയ്യേറ്റങ്ങളും കൂട്ടത്തോടെയുള്ള പട്ടയ കൈമാറ്റവും നിയമത്തിന്റെ പിൻബലത്തോടെ സാധ്യമാകുമോയെന്നതാണ് ആശങ്ക.

logo
The Fourth
www.thefourthnews.in