ഇങ്ങനേയും ഒരു മഞ്ജരി

ഇങ്ങനേയും ഒരു മഞ്ജരി

പിന്നണി ഗാനരംഗത്ത് രണ്ടു പതിറ്റാണ്ട് തികയ്ക്കുമ്പോള്‍ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിക്കുകയാണ് മഞ്ജരി

എന്റെ പുസ്തകപ്രകാശനത്തിന് വന്ന് എന്നെ കരയിച്ചയാളാണ് മഞ്ജരി. പതിനഞ്ചു വര്‍ഷം പഴക്കമുള്ള ഓര്‍മ. 'എങ്ങനെ നാം മറക്കും', 'മേരി ആവാസ് സുനോ' എന്നീ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് കോഴിക്കോട്ടെ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്നു. ഗായകന്‍ ജി വേണുഗോപാലില്‍നിന്ന് 'എങ്ങനെ നാം മറക്കും' എന്ന പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചത് മഞ്ജരി.

പരിപാടി കഴിഞ്ഞ് സംഗീതസദസ്സാണ്. പാടുന്നത് വേണുവും മഞ്ജരിയും.

ഗ്രന്ഥകര്‍ത്താവിന്റെ ആഗ്രഹപ്രകാരം പരിപാടിക്ക് മഞ്ജരി തുടക്കമിട്ടത് 'ഇരുട്ടിന്റെ ആത്മാവി'ലെ 'ഇരുകണ്ണീര്‍ തുള്ളികള്‍ ഒരു സുന്ദരിയുടെ കരിമിഴികളില്‍ വെച്ചു കണ്ടുമുട്ടീ, കണ്ടുമുട്ടീ അവര്‍ കണ്ടുമുട്ടീ കണ്ടുവന്ന സ്വപ്നത്തിന്‍ കഥ ചൊല്ലീ...' എന്ന ബാബുരാജ് - ജാനകി ടീമിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഒരു ഗാനം പാടിക്കൊണ്ട്.

ഭാസ്‌കരന്‍ മാഷിന്റെ കവിതയിലൂടെ, ബാബുക്കയുടെ ഈണത്തിലൂടെ ഇളം തൂവല്‍ പോലെ ഒഴുകുകയാണ് മഞ്ജരി. പാട്ടിന്റെ വരികളിലെ വിഷാദമാധുര്യം ഹൃദയം കൊണ്ട് ഒപ്പിയെടുത്താണ് ആലാപനം. പല്ലവിയുടെ അവസാനം 'താമരപ്പൊയ്കയിലെ അരയന്നങ്ങളെപ്പോലെ പ്രേമത്താല്‍ പരസ്പരം കൈനീട്ടുമ്പോള്‍' ആ ശബ്ദത്തില്‍ ഒരു നേര്‍ത്ത ഗദ്ഗദം വന്നു നിറഞ്ഞപോലെ.

കേട്ടിരുന്ന എന്റെയുള്ളിലും.

അതിനും മാസങ്ങള്‍ മാത്രം മുന്‍പ് ചെന്നൈയിലെ വീട്ടില്‍ യാതൊരു വാദ്യോപകരണത്തിന്റെയും പിന്തുണയില്ലാതെ ജാനകിയമ്മ ആ പാട്ടിന്റെ ആത്മാവിലൂടെ സഞ്ചരിക്കുന്നത് വീര്‍പ്പടക്കി കേട്ടിരുന്നതോര്‍മ വന്നു അപ്പോള്‍. ഒരു പാട്ട് എന്തുകൊണ്ട് അത് പാടിയ ആളുടേത് കൂടിയാകുന്നുവെന്ന തിരിച്ചറിവായിരുന്നു ആ ആലാപനം.

ഇങ്ങനേയും ഒരു മഞ്ജരി
സസ്നേഹം സുജാതയ്ക്ക്

അതിനു മുന്‍പ് അധികമാരും വേദികളില്‍ പാടിക്കേട്ടിട്ടില്ല 'ഇരുകണ്ണീര്‍ത്തുള്ളികള്‍'. ഓരോ വരിയിലും, വാക്കിലും, അക്ഷരങ്ങളില്‍ പോലും, ജാനകിയമ്മ ഒളിച്ചുവച്ച വികാരസാഗരം അതേപടി പകര്‍ത്തുക അത്ര എളുപ്പമല്ലാത്തതുകൊണ്ടാകാം. പക്ഷേ മഞ്ജരി ആ വെല്ലുവിളി ധീരമായിത്തന്നെ ഏറ്റെടുത്തു. ചരണത്തിലെ 'മരണത്തിന്‍ ഭീകര മരുഭൂവില്‍ വീണുരുണ്ടു മഴതുള്ളി പോലെയവര്‍ തകര്‍ന്നുപോയി' എന്ന അവസാന വരി നിശബ്ദമായ ഒരു വിതുമ്പലോടെ പാടിനിര്‍ത്തുമ്പോള്‍ സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദതയായിരുന്നു ഹാളില്‍.

ഇന്നും കാതിലുണ്ട് ആ നിശബ്ദത.

വ്യക്തിയെന്ന നിലയില്‍ മഞ്ജു എനിക്ക് പ്രിയങ്കരിയാകുന്നത് അസാമാന്യമായ നര്‍മബോധം കൊണ്ടുകൂടിയാണ്. എന്തിലും ഏതിലും നര്‍മത്തിന്റെ ഒരംശം കണ്ടെത്താന്‍ മാത്രമല്ല, തന്നിലേക്ക് തന്നെ നോക്കി ചിരിക്കാനും കഴിയും മഞ്ജുവിന്. രണ്ടും കലാരംഗത്ത് അന്യമായിക്കൊണ്ടിരിക്കുന്ന സിദ്ധികള്‍

ദേവരാജന്‍ മാസ്റ്റര്‍ എന്ന ഇതിഹാസതുല്യനായ സംഗീത സംവിധായകനുവേണ്ടി പാടുകയെന്നത് മഞ്ജരിയുടെ തലമുറയില്‍ അധികം പേര്‍ക്ക് ലഭിക്കാത്ത സൗഭാഗ്യം. യാദൃച്ഛികമായാണ് ആ അപൂര്‍വാവസരം മഞ്ജുവിനെ തേടിയെത്തിയത്. അതിനൊരു നിമിത്തമാകാന്‍ കഴിഞ്ഞുവെന്നത് എനിക്കും സന്തോഷമുള്ള കാര്യം.

ഇങ്ങനേയും ഒരു മഞ്ജരി
കോഴിക്കോടിൻ്റെ ഗന്ധർവ ഗായകൻ

ട്രിവാന്‍ഡ്രം ക്ലബ്ബിലെ കോട്ടേജില്‍ കേരള കൗമുദിയുടെ ആദ്യ സംഗീത സംരംഭമായ 'ഗുരുദീപം' എന്ന ആല്‍ബത്തിന്റെ കമ്പോസിങ് തിരക്കിലാണ് മാസ്റ്റര്‍. റെക്കോര്‍ഡിങ് ജോലികളുടെ ഏകോപനച്ചുമതല എനിക്ക്. ഇടക്കൊരിക്കല്‍ മാസ്റ്റര്‍ വിളിച്ചുപറയുന്നു: 'മാധുരിയമ്മക്ക് പാടാന്‍ രണ്ട് പാട്ട് ഉണ്ടായിരുന്നു. അവര്‍ക്ക് അസുഖമാണ്, വരാന്‍ കഴിയില്ല. പകരം പാടാന്‍ ഒരാളെ കണ്ടെത്തണം. പുതിയ ഏതെങ്കിലും കുട്ടികളുണ്ടെങ്കില്‍ നമുക്ക് പരീക്ഷിച്ചു നോക്കാം...'

ഒന്നല്ല രണ്ടു പേരായാലോ എന്ന് ഞാന്‍. വിരോധമില്ലെന്ന് മാസ്റ്റര്‍. അപര്‍ണ രാജീവ് എന്ന പേര് പറയേണ്ട താമസം മാസ്റ്റര്‍ ഡബിള്‍ ഓക്കേ. പ്രിയസുഹൃത്ത് ഒ എന്‍ വിയുടെ കൊച്ചുമകളെ കൊണ്ട് പാടിക്കാന്‍ ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ദേശിച്ച അടുത്ത പേരിന്റെ ഉടമയെ അത്ര പിടിയില്ല മാസ്റ്റര്‍ക്ക്: മഞ്ജരി. 'രവിമേനോന്‍ പറഞ്ഞതല്ലേ? മോശമാവില്ല എന്നാണ് എന്റെ ഒരു വിശ്വാസം. എന്തായാലും അവരുടെ പാട്ടുകള്‍ ഒന്ന് കേട്ടു നോക്കാം...'' മാസ്റ്റര്‍ പറഞ്ഞു.

ഇങ്ങനേയും ഒരു മഞ്ജരി
സുജാതയേയും ചിത്രയേയും മലയാളത്തിന് സമ്മാനിച്ച മധു

ഭാഗ്യവശാല്‍, ബാബുരാജ് - ജാനകി സഖ്യത്തിന്റെ പാട്ടുകള്‍ മഞ്ജരി സ്വന്തം ശബ്ദത്തില്‍ പാടി റെക്കോര്‍ഡ് ചെയ്ത ഒരു സിഡിയുഉണ്ട് അന്നെന്റെ കൈവശം. പിറ്റേന്ന് തന്നെ ട്രിവാന്‍ഡ്രം ക്ലബ്ബിലെ മുറിയില്‍ ചെന്ന് ആ സിഡി മാസ്റ്ററെ കേള്‍പ്പിക്കുന്നു ഞാന്‍. ഒന്നുരണ്ടു പാട്ടുകള്‍ കേള്‍ക്കേണ്ട താമസം, മാസ്റ്റര്‍ വിധിയെഴുതുന്നു: 'കൊള്ളാം, വന്ന് പാടട്ടെ.'

ബാബുരാജിന്റെയും മദന്‍മോഹന്റെയും ഈണങ്ങളും ബേഗം അക്തറിന്റെയും നൂര്‍ജഹാന്റെയും ഗുലാം അലിയുടെയും മെഹ്ദി ഹസ്സന്റെയും ചിത്രാ സിങ്ങിന്റെയുമൊക്കെ ഗസലുകളുമാണ് മഞ്ജരിയിലെ ഗായികയുടെ ഇഷ്ടമേച്ചില്‍പ്പുറങ്ങള്‍

'ഗുരുദീപ'ത്തില്‍ 'പലമതസാരവും' എന്ന ഗുരുദേവകൃതി മഞ്ജരി പാടുന്നത് അങ്ങനെയാണ്. മഞ്ജരിയുടെ ആലാപനപാടവത്തിനുള്ള ഏറ്റവും വലിയ അംഗീകാരം ദേവരാജന്‍ മാസ്റ്ററുടെ ആ 'കൊള്ളാം' തന്നെയാണെന്ന് വിശ്വസിക്കുന്നു ഞാന്‍.

പിന്നീടെത്രയോ വേദികളില്‍ മഞ്ജരിയെ കേട്ടു. ബാബുരാജിന്റെയും മദന്‍മോഹന്റെയും ഈണങ്ങളും ബേഗം അക്തറിന്റെയും നൂര്‍ജഹാന്റെയും ഗുലാം അലിയുടെയും മെഹ്ദി ഹസ്സന്റെയും ചിത്രാ സിങ്ങിന്റെയുമൊക്കെ ഗസലുകളുമാണ് മഞ്ജരിയിലെ ഗായികയുടെ ഇഷ്ടമേച്ചില്‍പ്പുറങ്ങള്‍. അവിടെ മനോധര്‍മത്തിന്റെ അനന്തവിശാലമായ ആകാശങ്ങളിലേക്ക് പറന്നുയര്‍ന്ന് നമ്മെ വിസ്മയിപ്പിക്കുന്നു ഈ ഗായിക. സിനിമയിലെ മഞ്ജരിയാകട്ടെ, തീര്‍ത്തും വ്യത്യസ്തയാണ്. അവിടെ ഒരു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റിന്റെ ഒതുക്കവും വഴക്കവും പ്രകടിപ്പിക്കുന്നു അവര്‍.

ഇങ്ങനേയും ഒരു മഞ്ജരി
ആ പാട്ടുപാടി കമുകറ കരഞ്ഞു; സുഹൃത്തിനെ കെട്ടിപ്പിടിച്ചു

മഞ്ജുവിന്റെ അച്ഛനും അമ്മയും എനിക്ക് സഹോദര തുല്യര്‍. മകളെ ഒരു ഗായികയായി വളര്‍ത്തിയതില്‍ ഇരുവരുടെയും പങ്ക് നിസ്തുലം. വ്യക്തിയെന്ന നിലയില്‍ മഞ്ജു എനിക്ക് പ്രിയങ്കരിയാകുന്നത് അസാമാന്യമായ നര്‍മബോധം കൊണ്ടുകൂടിയാണ്. എന്തിലും ഏതിലും നര്‍മത്തിന്റെ ഒരംശം കണ്ടെത്താന്‍ മാത്രമല്ല, തന്നിലേക്ക് തന്നെ നോക്കി ചിരിക്കാനും കഴിയും മഞ്ജുവിന്. രണ്ടും കലാരംഗത്ത് അന്യമായിക്കൊണ്ടിരിക്കുന്ന സിദ്ധികള്‍. ഉള്ളിലുള്ളത് വെട്ടിത്തുറന്നുപറയുന്നതാണ് മറ്റൊരു 'ദുശ്ശീലം'.

പിന്നണി ഗാനലോകത്ത് രണ്ടു പതിറ്റാണ്ട് തികക്കുമ്പോള്‍ പുതിയൊരു തൂവല്‍ കൂടി എടുത്തണിയുന്നു മഞ്ജരി. സിദ്ധാര്‍ഥ് ശിവയുടെ 'ആണ്' എന്ന സിനിമയില്‍ പ്രിയസുഹൃത്ത് വിജയരാജമല്ലികയുടെ വരികള്‍ ചിട്ടപ്പെടുത്തി പാടി സംഗീത സംവിധായികയായി മഞ്ജു അരങ്ങേറിയത് അടുത്തിടെ. ഏറെ ആഹ്ളാദം പകരുന്നു ഈ കൂട്ടായ്മ.

ആശംസകള്‍, മഞ്ജു. അഭംഗുരം തുടരട്ടെ ഈ സംഗീത യാത്ര.

logo
The Fourth
www.thefourthnews.in