ഫ്രാൻസ്വാ ജിലോ - പിക്കാസോയെ അതിജീവിച്ച പ്രണയിനി

ഫ്രാൻസ്വാ ജിലോ - പിക്കാസോയെ അതിജീവിച്ച പ്രണയിനി

കഴിഞ്ഞ ദിവസം അന്തരിച്ച കലാകാരിയായ ഫ്രാൻസ്വാ ജിലോ, പിക്കാസോയുടെ പങ്കാളിയായിരുന്നു.

ഫ്രാൻസ്വാ ജിലോയെ കുറിച്ച് ഓർക്കുമ്പോൾ ഒരു ചിത്രമാണ് മനസിൽ വരുന്നത്. കടൽത്തീരത്തു കൂടെ ഉലാത്തുന്ന ഫ്രാൻസ്വായ്ക്ക് പിന്നിൽ അലുക്കുകൾ വച്ച കുടപിടിച്ച് നടക്കുന്ന പിക്കാസോ. തന്റെ മകളാവാൻ പ്രായമുള്ള ഒരു യുവതിയോട് അദമ്യമായ പ്രണയവുമായി ഒപ്പം നടക്കുന്ന വിശ്വവിഖ്യാത കലാകാരൻ. സ്കെച്ചുകളായും പെയിന്റിങ്ങുകളായും അവർ നിരവധി പിക്കാസോ ചിത്രങ്ങളിൽ നിറഞ്ഞുനിന്നു. പിക്കാസോയുടെ നിഴലായി ജീവിച്ചിട്ടും കലയിൽ ആ നിഴൽ വീഴാതിരിക്കാൻ അവർ ശ്രദ്ധിച്ചു.

പിക്കാസോയുടെ പ്രണയിനിയായി വന്ന് പത്തുവർഷം പങ്കാളിയായി ജീവിച്ച്, കൊടിയ പീഡനങ്ങൾ സഹിക്ക വയ്യാതെ ആ കലാകാരന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും അദ്ദേഹം തനിക്കെതിരെ നിയമപരമായും അല്ലാതെയും നടത്തിയ എല്ലാ കടന്നാക്രമണങ്ങളെയും വിജയകരമായി അതിജീവിക്കുകയും ചെയ്ത ഫ്രാൻസ്വാ ജിലോയെ കുറിച്ച് ആദ്യമായി വായിക്കുന്നത് എൺപതുകളിൽ കോളേജ് പഠനകാലത്താണ്. ഷെൽവിയുടെ മൾബെറി ബുക്ക്സ് പിക്കാസോയെ കുറിച്ച് പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിൽ ആയിരുന്നു എന്നാണ് ഓർമ. ആ പുസ്തകത്തിൽ അവരുടെ പേര് ഫ്രാങ്കോയിസ് ഗിലോട്ട് എന്നായിരുന്നു രേഖപ്പെടുത്തിയത്.

ഫ്രാൻസ്വാ ജിലോ
ഫ്രാൻസ്വാ ജിലോ

ആരായിരുന്നു ഫ്രാൻസ്വാ ജിലോ? തന്റെ പിതാവ് പോലുമറിയാതെ വളരെ രഹസ്യമായി ചിത്രകല പഠിക്കാൻ പോയ ഒരു പെൺകുട്ടി. അക്കാലത്താണ്, ഏകദേശം 1942ൽ, അവർ ഏറെ മുതിർന്ന ഈ വിഖ്യാത ചിത്രകാരന്റെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്നത്. കൂടിക്കാഴ്ചകൾ നിരന്തരമായതോടെ ഈ യുവതി പിക്കാസോയുടെ ചിത്രങ്ങളിലും നിറയാൻ തുടങ്ങി. പ്രണയം വന്യമായി പടർന്നു. വളരെ വിചിത്രമായിരുന്നു അവരുടെ ആദ്യ കൂടിക്കാഴ്ച. ഫ്രാൻസ്വായെ ചിത്രകല പഠിപ്പിച്ച ചിത്രകാരൻ എൻഡ്രെ റോസ്‌ഡ ജർമൻ അധിനിവേശത്തിൽ നിന്ന് രക്ഷ നേടാനായി പാരീസിൽ നിന്ന് ബുഡാപെസ്റ്റിലേക്ക് ട്രെയിനിൽ യാത്ര പുറപ്പെടുമ്പോൾ ഇനി ഞാൻ എന്തുചെയ്യും എന്ന് വിഷമിച്ചു നിന്ന ആ പെൺകുട്ടിയോട് “വിഷമിക്കേണ്ട! ആർക്കറിയാം? അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിനക്ക് പിക്കാസോയെ കാണാൻ കഴിഞ്ഞാലോ!" എന്നായിരുന്നു അദ്ദേഹത്തിന്റെ സമാശ്വാസ വാക്കുകൾ. ഒരു പ്രവചനം പോലെ, അതുതന്നെ സംഭവിച്ചു. പക്ഷെ അതൊരു ശാപമായാണ് ഭവിച്ചതെന്ന് അധികം താമസിയാതെ ഫ്രാൻസ്വ തിരിച്ചറിഞ്ഞു. ഒരുനാൾ ആ യുവചിത്രകാരി പാരിസിലെ ഒരു ഭക്ഷണശാലയിൽ ഡിന്നർ കഴിച്ചിരിക്കുമ്പോൾ ഒരു മനുഷ്യൻ ഒരു പാത്രത്തിൽ ചെറിപ്പഴങ്ങളുമായി അവളുടെ അടുത്തേക്ക് കടന്നുവന്നു. ഇത്തിരി പരുക്കൻ മട്ടിലുള്ള, പ്രായമായ ആ മനുഷ്യനെ അവൾ ഇത്തിരി അത്ഭുതത്തോടെ നോക്കി. അത് പിക്കാസോ ആയിരുന്നു.

ഫ്രാൻസ്വ വീണ്ടും ഗർഭിണിയാകണം എന്ന് പിക്കാസോ ആഗ്രഹിച്ചെങ്കിലും അവർ ശക്തമായി എതിർത്തു. കുഞ്ഞുങ്ങൾ ഉണ്ടാകുക എന്നതിനപ്പുറം ഫ്രാൻസ്വയുടെ ശരീരം ക്ഷീണിച്ചുകാണുക എന്നതായിരുന്നു ലോകത്തെ അത്ഭുതപ്പെടുത്തിയ ആ കലാകാരന്റെ ലക്‌ഷ്യം എന്ന് അവർ പിന്നീട് എഴുതി

അയാളവളെ തന്റെ സ്റ്റുഡിയോ സന്ദർശിക്കാൻ ക്ഷണിക്കുകയും ആ സന്ദർശനം അവരെ അധികം വൈകാതെ പ്രണയികളാകുകയും ചെയ്തു. അടിസ്ഥാനപരമായി ഒരു കലാകാരിയായ ഫ്രാൻസ്വ ഇത്രയും മുതിർന്ന പിക്കാസോയിൽ അനുരക്തയായത് ആ കലാകാരന്റെ മഹത്വം ഒന്നുകൊണ്ട് മാത്രമായിരുന്നു. പക്ഷെ ജീവിതം അവർക്കായി കാത്തുവച്ചത് മറ്റുചിലത്. തന്റെ സമപ്രായക്കാരൊക്കെ യുദ്ധത്തിന് പോയതുകൊണ്ടുകൂടിയാണ് താൻ പിക്കാസോയിൽ അനുരക്തയായത് എന്ന് പിന്നീട അവർ പറഞ്ഞെങ്കിലും, ഒരു തരത്തിൽ പിക്കാസോയുടെ കലയോടുള്ള പ്രണയം തന്നെയാണ് അവരെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്. പാരീസിന്റെ പ്രാന്തപ്രദേശമായ ന്യൂയി-സുർ-സെനിൽ 1921 നവംബർ 26ന് ജനിച്ച ഫ്രാൻസ്വ അമ്മയിൽ നിന്ന് തന്നെയാണ് കലയുടെ ബാലപാഠങ്ങൾ പഠിക്കുന്നത്. പിതാവ് എമിൽ അഗ്രോകെമിക്കൽ വ്യവസായത്തിൽ വിജയം കൈവരിച്ച ഒരു സംരംഭകൻ ആയിരുന്നു എന്ന് മാത്രമല്ല, മകൾ കലാരംഗത്തേക്ക് തിരിയുന്നതിൽ ഒട്ടും തല്പരനുമായിരുന്നില്ല താനും. മകൾ നിയമം പഠിക്കണമെന്ന് അയാൾ നിർബന്ധം പിടിച്ചെങ്കിലും ഫ്രാൻസ്വ വഴങ്ങിയില്ല. അച്ഛനറിയാതെ അമ്മ മെഡ്‌ലിൻ മകളെ ജലച്ചായം ഉപയോഗിക്കാൻ പഠിപ്പിക്കുകയും റോസ്‌ഡയുടെ അടുത്ത് ചിത്രകലാ അഭ്യസിക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു. ചെറുപ്പത്തിൽ തന്നെ സ്വാതന്ത്രചിന്ത വളർത്തിയ മകൾ പിക്കാസോയുമായി ചങ്ങാത്തതിൽ ആയത് അറിഞ്ഞ എമിൽ മകളുമായുള്ള എല്ലാ ബന്ധങ്ങളും ഒരുപാട് കാലത്തേക്ക് വിച്ഛേദിച്ചു. പക്ഷെ അതൊന്നും ഈ യുവകലാകാരിയെ തളർത്തിയില്ല. പിതാവിന്റെ ഏകാധിപത്യത്തിൽ നിന്നും മോചനം നേടിയ അവർ കല പഠിക്കാനായി ജൂലിയൻ അക്കാദമിയിൽ ചേർന്നു. പക്ഷെ പിക്കാസോയുടെ ഏകാധിപത്യം തന്റെ പിതാവിനേക്കാൾ പതിന്മടങ്ങു ഭീകരമായിരുന്നു എന്ന് അധികം താമസിയാതെ അവർ മനസിലാക്കി.

ഫ്രാൻസ്വാ ജിലോ
ഫ്രാൻസ്വാ ജിലോ

എന്നിട്ടും അവർ പത്തുവർഷം പിടിച്ചുനിന്നു, പിക്കാസോയുടെ രണ്ട് മക്കൾക്ക് ജന്മം നൽകി. ഫ്രാൻസ്വ വീണ്ടും ഗർഭിണിയാകണം എന്ന് പിക്കാസോ ആഗ്രഹിച്ചെങ്കിലും അവർ ശക്തമായി എതിർത്തു. കുഞ്ഞുങ്ങൾ ഉണ്ടാകുക എന്നതിനപ്പുറം ഫ്രാൻസ്വയുടെ ശരീരം ക്ഷീണിച്ചുകാണുക എന്നതായിരുന്നു ലോകത്തെ അത്ഭുതപ്പെടുത്തിയ ആ കലാകാരന്റെ ലക്‌ഷ്യം എന്ന് അവർ പിന്നീട് എഴുതി. ദാമ്പത്യത്തിലെ ഈ വിള്ളൽ നിലനിൽക്കുമ്പോഴാണ് പിക്കാസോ ഒരു ഗർഭിണിയുടെ ശിൽപ്പം നിർമിക്കുന്നത്. തനിക്കത് ഇഷ്ടമായില്ലെന്ന് ഫ്രാൻസ്വ പറഞ്ഞപ്പോൾ രോഷാകുലനായ പിക്കാസോ അതിന്റെ കാലുകൾ മുറിച്ചുകളഞ്ഞു. എന്നാൽ "എനിക്ക് എന്റെ സ്വന്തം കാലുകൊണ്ട് നടക്കാൻ കഴിയും" എന്നുപറഞ്ഞാണ് അവർ ഇതിനോട് പ്രതികരിച്ചത്. താമസിയാതെ അവർ അതുതന്നെ ചെയ്തു.

1950കളുടെ തുടക്കം മുതൽ മറ്റു കലാകാരന്മാർക്കൊപ്പം ഗ്രൂപ്പ് ഷോകളിൽ പങ്കെടുത്ത ഫ്രാൻസ്വ 1952 ലാണ് തന്റെ ആദ്യത്തെ പ്രധാന സോളോ ഷോ ചെയ്യുന്നത്. എന്നാൽ ഈ ചിത്രങ്ങൾ എല്ലാം താൻ നേരത്തെ കണ്ടതാണ് എന്നുപറഞ്ഞു പിക്കാസോ അതിന്റെ ഓപ്പണിങ്ങിൽ പങ്കെടുത്തില്ല. അധികം താമസിയാതെ അവർ സ്വന്തം കാലിൽ നടക്കാൻ തുടങ്ങി. അവർ പിക്കാസോയുടെ വീടിന്റെ പടിയിറങ്ങി. കലാരംഗത്ത് തന്റെ ഇടമുണ്ടാക്കാൻ ശ്രമിച്ചു. പിക്കാസോയെ നിഷേധിച്ച കലാകാരിക്ക് പക്ഷെ അത് അത്ര എളുപ്പമായിരുന്നില്ല.

1969-ൽ കാലിഫോർണിയയിൽ വച്ച് പരിചയപ്പെട്ട ശേഷം സാൽക് വിവാഹാഭ്യർഥന നടത്തിയപ്പോൾ ഫ്രാൻസ്വ വച്ച ഉപാധി വർഷത്തിൽ ആറുമാസം ഒറ്റയ്ക്ക് ജീവിക്കാൻ അനുവദിക്കണം എന്നായിരുന്നു. അത് അദ്ദേഹം സമ്മതിച്ചു.

മോഡലുകൾ അടക്കം തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആരെയും വെറുതെ വിട്ട ചരിത്രം പിക്കാസോയ്ക്ക് ഇല്ലായിരുന്നു. ചിലർ ആത്മഹത്യ വരെ ചെയ്തു. പക്ഷെ ഫ്രാൻസ്വ ഇതിനെയെല്ലാം അതിജീവിച്ചു. അവർ പിരിഞ്ഞുപോകാൻ നേരം അവരെ പിന്തിരിപ്പിക്കാൻ പിക്കാസോ ഭീഷണിയും പരിഹാസവുമടക്കം പല തന്ത്രങ്ങളും പയറ്റിയെങ്കിലും അവർ പടിയിറങ്ങുക തന്നെ ചെയ്തു, അതും വിജയകരമായിത്തന്നെ.

അധികം താമസിയാതെ ഫ്രാൻസ്വ തന്റെ ബാല്യകാല സുഹൃത്തായ ലൂക്ക് സൈമണെ വിവാഹം കഴിച്ചെങ്കിലും ഒരു കുഞ്ഞുണ്ടായ ശേഷം 1962-ൽ വിവാഹമോചനം നേടുകയും, പോളിയോ വാക്‌സിൻ വികസിപ്പിച്ച അമേരിക്കൻ വൈറോളജിസ്റ്റ് ജോനാസ് സാൽക്കിനെ വിവാഹം കഴിക്കുകയും ചെയ്തു. 1969-ൽ കാലിഫോർണിയയിൽ വച്ച് പരിചയപ്പെട്ട ശേഷം സാൽക് വിവാഹാഭ്യർഥന നടത്തിയപ്പോൾ ഫ്രാൻസ്വ വച്ച ഉപാധി വർഷത്തിൽ ആറുമാസം ഒറ്റയ്ക്ക് ജീവിക്കാൻ അനുവദിക്കണം എന്നായിരുന്നു. അത് അദ്ദേഹം സമ്മതിച്ചു. 1995 ൽ സാൽക് മരിക്കുംവരെക്കും ആ ദാമ്പത്യബന്ധം അങ്ങനെ തന്നെ നിലനിന്നു.

'ലൈഫ് വിത്ത് പിക്കാസോ'യുടെ കവർ പേജ്
'ലൈഫ് വിത്ത് പിക്കാസോ'യുടെ കവർ പേജ്

രണ്ട് മഹത്‌വ്യക്തികളുടെ കൂടെ ഉള്ള ജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ അവരുടെ കുറിയ്ക്ക് കൊള്ളുന്ന മറുപടി ഇങ്ങനെ ആയിരുന്നു: "സിംഹങ്ങൾ സിംഹങ്ങളുമായെ ഇണചേരൂ". രണ്ടാം വിവാഹമോചനത്തിന് ശേഷമാണ് പിക്കാസോയോടൊപ്പമുള്ള തന്റെ ജീവിതം വരച്ചിട്ട 'ലൈഫ് വിത്ത് പിക്കാസോ' പുറത്തിറങ്ങുന്നത്. ഇത് ഇറങ്ങാതിരിക്കാൻ പിക്കാസോ നിയമ നടപടികൾ അടക്കം പല മാർഗങ്ങളും നോക്കിയെങ്കിലും പുസ്തകം ഇറങ്ങുക തന്നെ ചെയ്തു. പിക്കാസോ എന്ന വ്യക്തിയുടെ എല്ലാ കുഴപ്പങ്ങളും പീഡന സ്വഭാവവും തുറന്നുപറയുമ്പോഴും ആ കലാകാരന്റെ മഹത്വം അംഗീകരിക്കുന്നതാണ് ഈപുസ്തകം. തന്റെ ജീവിതത്തിൽ ആർക്കും ഇടമില്ലെന്നു പറഞ്ഞ പിക്കാസോ ഒരിക്കൽ എരിയുന്ന സിഗരറ്റ് കൊണ്ട് തന്റെ കവിളിൽ കുത്തിയതിനെ കുറിച്ച് അവർ പറയുന്നുണ്ട്. തന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയാൽ പിന്നെ അവർക്ക് ഒരു വിലാസവും ഉണ്ടാവില്ലെന്ന് പറഞ്ഞതും അവർ ചെവിക്കൊണ്ടില്ല.

ഒരു ഘട്ടത്തിൽ അവർ പിക്കാസോയെ വിശേഷിപ്പിച്ചത് ബ്ലൂബെയേർഡ് എന്നാണ്. യൂറോപ്യൻ നാടോടി കഥകളിലെ, നിരവധി സ്ത്രീകളെ വിവാഹം കഴിക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന വില്ലൻ കഥാപാത്രമാണിത്. പിക്കാസോയുടെ ജീവിതത്തിലേക്ക് കടന്നുവന്ന സ്ത്രീകളെ കുറിച്ച് പഠിക്കുകയാണെങ്കിൽ ഈ വിശേഷണം പൂർണമായും തെറ്റല്ല എന്ന് മനസിലാകും. എന്നാൽ പിക്കാസോയുമായി പിരിഞ്ഞത് ഒരു കലാകാരി എന്ന നിലയിൽ ഫ്രാൻസ്വാ ജിലോയ്ക്ക് ഏറെ ഗുണകരമാവുകയാണ് ചെയ്തത്. പല ഗാലറികളും പിക്കാസോയ്ക്ക് വേണ്ടി അവരെ കയ്യൊഴിഞ്ഞെങ്കിലും മറ്റു പലയിടത്തും അവർ ശ്രദ്ധ നേടി. മരണംവരേക്കും സജീവമായി കലാരംഗത്ത് തുടർന്നു. കഴിഞ്ഞവർഷംപോലും അവരുടെ ചിത്രങ്ങളുടെ ഒരു പ്രദർശനം ഫ്രാൻ‌സിൽ നടക്കുകയുണ്ടായി.

പിക്കാസോ വരച്ച ഫ്രാൻസ്വാ ജിലോയുടെ ചിത്രം
പിക്കാസോ വരച്ച ഫ്രാൻസ്വാ ജിലോയുടെ ചിത്രം

2012 ൽ ഗഗോസിയൻ ഗാലറി ഫ്രാൻസ്വായുടെയും പിക്കാസോയുടെയും ചിത്രങ്ങൾ ഒന്നിച്ചു പ്രദർശിപ്പിച്ചു. ഒരു കലാകാരി എന്ന നിലയിൽ ഫ്രാൻസ്വായെ പിക്കാസോയുടെ നിഴലായി കാണാൻ പലരും ശ്രമിച്ചെങ്കിലും ജൂൺ ആറിന് അന്ത്യശ്വാസം വലിക്കുംവരെക്കും സ്വന്തം അസ്തിത്വം എല്ലാ അർഥത്തിലും ഉറപ്പിച്ചു നിർത്തിയ വ്യക്തിയായിരുന്നു അവർ. അതുകൊണ്ട് തന്നെയാണ് പിക്കാസോയെ അവർ അതിജീവിച്ചതും.

logo
The Fourth
www.thefourthnews.in